Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 20 ,ശനി 
1201 | മിഥുനം 6, മകം

◾ പൊതുറോഡുകളില്‍ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. തടസമില്ലാതെ നടക്കാന്‍ പൗരന് മൗലികാവകാശമുണ്ട്. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകള്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

◾ സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരെയും എംപിമാരെയും അണിനിരത്തി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തൂഫാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ലഹരിക്കെതിരെ കൂടുതല്‍ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടികാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് രമേശ് ചെന്നിത്തല പറഞ്ഞു.

◾ കോഴിക്കോട് മാവൂരില്‍ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂര്‍ പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.



◾ തന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും നിപ ഫലം വന്നപ്പോഴേ ആരോഗ്യ മന്ത്രിയെ അറിയിച്ചെന്നും ആരോഗ്യ വകുപ്പു ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടതിനെതിരേ ട്രൈബ്യൂണല്‍ ഉത്തരവു സമ്പാദിച്ച ഡോ കെ ജെ റീന. ശബരിമലയില്‍ ഡോക്ടര്‍മാരെ കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ഉദ്ദേശമില്ല. ഡോ റീന പറഞ്ഞു. ഡയറക്ടറുടെ ഓഫീസില്‍ ഇന്നും ഡോ റീന ജോലിക്കെത്തിയെങ്കിലും ഡോ. മീനാക്ഷിതന്നെയാണ് കസേരയിലുള്ളത്.

◾ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആസ്ഥാനത്ത് കസേരകളി തുടരുന്നത്തിനിടെ ഡയറക്ടര്‍ ഡോ. വി മീനാക്ഷി ദീര്‍ഘാവധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഭരണം തുടങ്ങി. പനിക്കാല അടിയന്തിര സാഹചര്യത്തിലാണ് നിര്‍ദ്ദേശം. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ആശുപത്രികള്‍ സന്ദര്‍ശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

◾ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം. വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. 2014 ല്‍ വയനാട് യൂണിയന് 10 ലക്ഷം രൂപ നല്‍കിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം. വെള്ളാപ്പള്ളി നടേശന്‍, എം എന്‍ സോമന്‍, വയനാട് എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.

◾ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബജറ്റ് യോഗമാണ് അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്. ട്രഷററായി എന്‍ വി അയ്യപ്പന്‍ പിള്ളയും തുടരും.

◾ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്ത്. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞതിനാലാണു പുറത്തായതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. അംഗത്വം പുതുക്കി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എന്‍എസ്എസ് പുതുക്കി നല്‍കിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേര്‍ക്കും അംഗത്വം പുതുക്കി നല്‍കി. മുമ്പ് ഗണേഷ് അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടിരുന്നു.

◾ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. നേരത്തെ അങ്കമാലിയില്‍നിന്ന് കുണ്ടന്നൂര്‍ വരെ നിജപ്പെടുത്തിയിരുന്ന പദ്ധതിയാണ് ഇപ്പോള്‍ അരൂരിലേക്കു നീട്ടിയത്. പുതിയ ദേശീയപാത നിര്‍മ്മാണത്തിനായി 3എ നോട്ടിഫിക്കേഷന്‍ ഉടന്‍ പുറപ്പെടുവിക്കും. ബെന്നി ബഹ്നാന്‍ എംപി അറിയിച്ചു.

◾ കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചു നീക്കി. സിവില്‍ പൊലിസ് ഓഫിസര്‍മാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മുറിച്ചു നീക്കിയത്. ഒരാളുടെ കാല്‍മുട്ടിനു താഴെ വച്ചും മറ്റൊരാളുടെ കാല്‍പാദവുമാണ് മുറിച്ചുനീക്കിയത്.

◾ കണ്ണൂര്‍ പെരിങ്ങോമില്‍ സിപിഎം പ്രവര്‍ത്തകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹരീഷ് നെല്ലൂര്‍ ആണ് പിടിയിലായത്.

◾ കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേരളത്തിലായതുകൊണ്ടാണ് ജീവനോടെ ഇരിക്കുന്നതെന്നും മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കിയിരുന്നു.

◾ മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് വിമര്‍ശനം. ഇന്‍കം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് അനുമതിതേടി രണ്ടുതവണ എന്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍, രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്നും ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

◾ തൂഫാന്‍ വാരിയറായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്നുവെന്നും, സര്‍ക്കാരിന്റെ പദ്ധതിയെ അഭിനന്ദിക്കുന്നുവെന്നും കാന്തപുരം മുസ്ലിയാര്‍ പറഞ്ഞു.

◾ ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോഴിക്കോട് കുറ്റ്യാടിയില്‍ ആള്‍ക്കൂട്ട വിചാരണ നടന്ന വിഷയം പരിശോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

◾ സംസ്ഥാനത്തെ സമ്പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുള്ള ആമുഖ പ്രഭാഷണമാണു വി.ഡി. സതീശന്റെ ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

◾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയ തീരുമാനത്തിനെതിരെ മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടില്‍ മുഴുവന്‍ ഒഴുക്കാനാണ് യുഡിഎഫിന്റെ പദ്ധതി. സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് നികുതി കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

◾ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറയില്‍ രണ്ടു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. 2006ലും 2015 ലും കല്ലറയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു. ഇതില്‍ 2015 ല്‍ സംസ്‌കരിച്ച മൃതദേഹ അവശിഷ്ടമാകാം കണ്ടതെന്നാണ് പൊലീസിന്റെ നിഗമനം.

◾ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ 'ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ്. അന്വേഷണ ഏജന്‍സി അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്‍പ് കൃത്യമായ സിമുലേറ്റര്‍ പരിശോധനകള്‍ നടത്തണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം.

◾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ ജന്തര്‍ മന്തര്‍ വിട്ടുപോകില്ലെന്ന് ക്രോക്ക്റോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ്. പ്രതിഷേധത്തിന് പൊലീസ് സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. പുതിയ ജെന്‍സി പ്രതിഷേധ രീതികള്‍ പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എന്‍ടിഎ. ഔദ്യോഗിക സന്ദേശങ്ങള്‍ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എന്‍ടിഎ അറിയിച്ചു.

◾ കൊല്‍ക്കത്ത വിമാനത്താവളത്തിനു പുറത്ത് വന്‍ സംഘര്‍ഷം. ഡല്‍ഹിയില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി മടങ്ങിയെത്തിയപ്പോഴായിരുന്നു തൃണമൂല്‍പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.  

◾ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ ഒന്‍പത് ലോക്‌സഭാ എംപിമാരില്‍ ആറുപേരും പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് വിമതപക്ഷത്തേക്കു കൂറുമാറി.

◾ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയുടെ സ്വര്‍ണം കുരങ്ങു മോഷ്ടിച്ചെന്നു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയ പോലീസ് കോടതിയുടെ ശാസന ലഭിച്ചതോടെ പോലീസുകാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ചു കേസെടുത്തു. യുപിയിലെ ലഖിംപൂര്‍ ഖേരിയിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം. മരിച്ചയാളുടെ ബന്ധുക്കള്‍ സ്വര്‍ണം തിരികെ ചോദിച്ച് കോടതിയെ സമീപിച്ചപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചത്.

◾ ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ 'ഞാനാണ് ബോസ്' എന്നു പറഞ്ഞത് തമാശയ്ക്കായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാധ്യമമായ ആക്സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വിശദീകരണം.

◾ ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുയോഗത്തില്‍ ഇസ്രായേല്‍ പ്രതിനിധിയും യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയും തമ്മില്‍ വാക്കേറ്റം. ഇസ്രായേലിന്റെ ആക്രമണത്തെച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്.

◾ ലോകകപ്പ് ഫുട്ബോളില്‍ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെടുത്തി. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളുടെയും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളിന്റെയും മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലില്‍ കുഞ്ഞന്മാരായ ഹെയ്തിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും പിറന്നു.

◾ ലോകകപ്പില്‍ പരാഗ്വെയോട് എതിരില്ലാത്ത ഒരു ഗോളിനു തോറ്റതോടെ തുര്‍ക്കി പുറത്തായി. പത്തു പേരായി ചുരുങ്ങിയിട്ടും പരാഗ്വേ ശക്തമായ പ്രതിരോധത്തിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ വിജയത്തോടെ പരാഗ്വേ നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

◾ ലോകകപ്പില്‍ അര്‍ജന്റീനയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു പരാജയപ്പെട്ട മത്സരത്തിലെ റഫറിയിങ്ങിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അല്‍ജീരിയ ഫിഫയക്കു പരാതി നല്‍കി. ആദ്യ പകുതിയില്‍ ഫൗള്‍ ചെയ്ത ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്ന് അവര്‍ പറയുന്നു.

◾ 30,000 കോടി രൂപ മൂല്യമുള്ള പ്രാരംഭ ഓഹരി വില്പനയുമായി എന്‍എസ്ഇ എത്തുമ്പോള്‍ വന്‍ നേട്ടം സ്വന്തമാക്കാന്‍ എസ്ബിഐ. തൊണ്ണൂറുകളിലെ നിക്ഷേപത്തിലൂടെ നേടിയ ഓഹരികള്‍ വില്‍ക്കുന്നതിലൂടെയാണ് എസ്ബിഐക്ക് ഇത്രയും തുക ലഭിക്കുക. 80 പൈസയ്ക്കാണ് ഇവര്‍ ഓഹരികള്‍ വാങ്ങിയത്. അതായത് 2,56,775 ശതമാനം നേട്ടം. 1.98 കോടി രൂപയാണ് അന്ന് നിക്ഷേപിച്ചത്. ന്യൂ ഇന്ത്യ അഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി 32 പൈസയ്ക്ക് വാങ്ങിയ ഓഹരിയിലൂടെ 6,422 മടങ്ങ് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് 46 പൈസ നിരക്കില്‍ വാങ്ങിയ 1.1 കോടി ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 4,467 മടങ്ങ് നേട്ടമുണ്ടാക്കും. ടെമാസെകക്കിന് 33 മടങ്ങ് നേട്ടം ലഭിച്ചേക്കും. മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് 31 മടങ്ങ് ലാഭം പ്രതീക്ഷിക്കുന്നു. എന്‍എസ്ഇയിലെ ഏറ്റവും വലിയ ഓഹരിയുടമയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വില്പനയില്‍ പങ്കാളിയാകുന്നില്ല. കൈവശമുള്ള 11 ശതമാനം ഓഹരികളും നിലനിര്‍ത്താനാണ് തീരുമാനം. നിലവിലെ കണക്കുകള്‍ പ്രകാരം എന്‍എസ്ഇയുടെ ഏകദേശ വിപണി മൂല്യം അഞ്ചുലക്ഷം കോടി രൂപയാണ്.

◾ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2026 പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നൊവേഷനില്‍ ബംഗളൂരു ഏഷ്യയില്‍ രണ്ടാം സ്ഥാനം കൈവരിച്ചു. മികച്ച പ്രകടനം, ഗവേഷണം എന്നിവയുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യ 10 നഗരങ്ങളുടെ പട്ടികയിലും ബംഗളൂരു ഇടം നേടി. ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സൂചികയില്‍ 15-ാം സ്ഥാനത്താണ് ബംഗളൂരു. 152.8 ബില്യണ്‍ യു.എസ് ഡോളറിന്റെ ഇക്കോസിസ്റ്റം മൂല്യമാണ് നഗരത്തിനുള്ളത്. ഇന്ത്യയിലെ മൊത്തത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങിന്റെ ഏകദേശം 58 ശതമാനവും കര്‍ണാടകയിലേക്കാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തില്‍ ഏഷ്യയില്‍ മുമ്പന്തിയില്‍ ബീജിങ്ങ് ആണ്. രണ്ടാം സ്ഥാനം ബംഗളൂരു. 2021-2025 കാലയളവില്‍ മാത്രം വെഞ്ച്വര്‍ ഫണ്ടിങ്ങിലൂടെ 39 ബില്യണ്‍ യു.എസ് ഡോളര്‍ സ്വന്തമാക്കാന്‍ ബംഗളൂരുവിന് സാധിച്ചു. 2025-ലെ റിപ്പോര്‍ട്ടില്‍ ഗവേഷണ മികവില്‍ ലോകത്ത് ആദ്യ 30-ല്‍ ആയിരുന്ന ബംഗളൂരു. പേറ്റന്റ്, ഗവേഷണം എന്നിവയിലൂടെ ആദ്യ 10-ലേക്ക് ഉയര്‍ന്നു.

◾ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'പ്ലൂട്ടോ'യിലെ ആദ്യ വീഡിയോ ഗാനം 'യുഎഫ്ഒ മോഡ്' റിലീസ് ചെയ്തു. അര്‍ക്കാഡോ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ഗാനം കൂടിയാണിത്. യുവതലമുറയെ ഹരം കൊള്ളിക്കുന്ന വെസ്റ്റേണ്‍ ബീറ്റുകളും വേറിട്ട വരികളും കോര്‍ത്തിണക്കിയാണ് 'യുഎഫ്ഒ മോഡ്' ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദ് ആണ്. അല്‍ത്താഫ് സലീം അന്യഗ്രഹ ജീവിയായി എത്തുമ്പോള്‍ നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്‌ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

◾ തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസ്' ലെ വില്ലന്‍ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടര്‍ ഗ്ലിംസ് വീഡിയോ പുറത്ത്. വിക്രം മാലിക് എന്ന് പേരുള്ള നെഗറ്റീവ് ക്യാരക്ടര്‍ ആയാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. 'കില്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാഘവ് ജൂയാല്‍. 2026 ഓഗസ്റ്റ് 21 ന് ചിത്രം ആഗോള റിലീസായി എത്തും. സ്‌റ്റൈലിഷ് വില്ലനായാണ് രാഘവ് ജൂയലിനെ ഗ്ലിമ്പ്‌സ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്തില്‍ ഒട്ടേറെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ ലുക്കില്‍, നായകനായ നാനിയുടെ ജഡാല്‍ എന്ന കഥാപാത്രത്തെ തേടിയെത്തുന്ന വിക്രം മാലിക് എന്ന കഥാപാത്രത്തെ സ്‌റ്റൈലിഷ് എന്‍ട്രി ആണ് ഗ്ലിമ്പ്‌സ് വീഡിയോയുടെ ഹൈലൈറ്റ്. ബോളിവുഡ് താരം രാഘവ് ജൂയാല്‍, സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

◾ കേരളത്തിലെ പാര്‍ട്ടിയെ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു എന്നതാണ് വാസ്തവം. ഇത് പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രയോഗത്തില്‍ ഒരു സാധാരണ തെരഞ്ഞെടുപ്പ് പാര്‍ട്ടിയുമായി മാറിയിട്ട് കാലമേറെയായി. ചങ്ങാത്ത മുതലാളിത്തം എന്നാല്‍ എന്തെന്ന് ആര്‍ക്കെങ്കിലും പ്രായോഗികമായി പഠിക്കണമെങ്കില്‍ അത് കേരളത്തിലെ ചില പാര്‍ട്ടി നേതാക്കളെ പരിശോധിച്ചാല്‍ വലിയ ഗവേഷണപ്രബന്ധം തന്നെ തയ്യാറാക്കാന്‍ സാധിക്കും. ഉന്നതനേതൃത്വം തന്നെ ഇങ്ങനെ രൂപപ്പെട്ടു വരുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാ രീതി കൈമോശം വന്ന ഒരു സാധാരണ പാര്‍ട്ടി ആയ തുകൊണ്ടാണ്. സംഘടനയ്ക്കകത്ത് നിര്‍ബന്ധമായും ഉണ്ടാകേണ്ട വിമര്‍ശനവും സ്വയംവിമര്‍ശനവും വേണ്ട പരിഹാരവും ആവശ്യമായ നിലയില്‍ നടക്കാത്തത് കൊണ്ടാണ് ഇതൊരു സാധാരണ പാര്‍ട്ടിയായി മാറിയത്. 'നേതൃത്വത്തെ അണികള്‍ തിരുത്തണം'. വി കുഞ്ഞികൃഷ്ണന്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 100 രൂപ.

◾ ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കവാസാക്കി പുതിയ 2026 കവാസാക്കി നിന്‍ജ 500 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഈ സ്പോര്‍ട്സ് ബൈക്കിന്റെ എക്സ്-ഷോറൂം വില 5.76 ലക്ഷം രൂപ ആണ്. പുതിയ അപ്‌ഡേറ്റോടെ, ബൈക്ക് ഇപ്പോള്‍ ഇ20 ഇന്ധനക്ഷമതയുള്ളതാണ്. കമ്പനി ഈ ബൈക്ക് അതിന്റെ ജനപ്രിയ ലൈം ഗ്രീന്‍ കളര്‍ ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ, കവാസാക്കി നിന്‍ജ 500 ഇന്ത്യയില്‍ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും 2026 മോഡല്‍ പുറത്തിറക്കിയുകൊണ്ട് കമ്പനി ഈ ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമമിട്ടു. പുതിയ നിന്‍ജ 500-ലും അതേ 451 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ ഏകദേശം 45 കുതിരശക്തിയും 42.6 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 2026 കാവസാക്കി നിന്‍ജ 500 ന് മുമ്പത്തേതിനേക്കാള്‍ 10,000 രൂപ വില വര്‍ദ്ധിച്ചു. ഈ ബൈക്ക് ഇന്ത്യയില്‍ കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്നു എന്നതാണ്. അതിനാല്‍ അതിന്റെ വില അല്‍പ്പം കൂടും.

◾ ഡാര്‍ക്ക് ചോക്ലേറ്റിന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്ലാവനോയ്ഡുകള്‍ എന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനും മോശം കൊളസ്ട്രോള്‍ ഓക്സിഡേഷന്‍ കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകള്‍ കോശങ്ങള്‍ക്ക് നാശം വരുത്താം. ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റിഓക്സിഡന്റുകള്‍ ഈ നാശത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ഇതുവഴി വാര്‍ദ്ധക്യലക്ഷണങ്ങള്‍ വൈകിപ്പിക്കാനും ചില രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തി, ശ്രദ്ധ, പഠനശേഷി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കാം. പരീക്ഷാ സമയത്തോ മാനസികമായി കൂടുതല്‍ ശ്രദ്ധ ആവശ്യമായ ജോലികളിലോ ചെറിയ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിക്കുന്നത് ഗുണം ചെയ്യാം. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുമ്പോള്‍ ശരീരത്തില്‍ സെറോട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഫീല്‍ ഗുഡ് ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിക്കുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സിനെ സന്തോഷകരമാക്കാനും സഹായിക്കുന്നു. ദിവസവും 20 മുതല്‍ 30 ഗ്രാം വരെ ഡാര്‍ക്ക് ചോക്ലേറ്റ് മതിയാകും. അതിലധികം കഴിച്ചാല്‍ കലോറി കൂടുതലായി ലഭിക്കുകയും ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യും. 70 ശതമാനമോ അതിലധികമോ കൊക്കോ ഉള്ളത് തിരഞ്ഞെടുക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.33, പൗണ്ട് - 124.96, യൂറോ - 108.06, സ്വിസ് ഫ്രാങ്ക് - 116.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.12, ബഹറിന്‍ ദിനാര്‍ - 250.43, കുവൈത്ത് ദിനാര്‍ -306.62, ഒമാനി റിയാല്‍ - 245.56, സൗദി റിയാല്‍ - 25.15, യു.എ.ഇ ദിര്‍ഹം - 25.69, ഖത്തര്‍ റിയാല്‍ - 25.94, കനേഡിയന്‍ ഡോളര്‍ - 66.54.
Previous Post Next Post
3/TECH/col-right