Trending

എളേറ്റിൽ KSEB സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം MLA ക്ക്‌ കൈമാറി.

എളേറ്റിൽ: എളേറ്റിൽ പ്രദേശത്തിന്റെ ദീർഘകാല ആവശ്യമായ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എളേറ്റിൽ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കൊടുവള്ളി മണ്ഡലം എം.എൽ.എ പി.കെ. ഫിറോസിന് നിവേദനം സമർപ്പിച്ചു.

നിലവിൽ വൈദ്യുതി സംബന്ധമായ വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കും പ്രദേശവാസികൾക്കും വ്യാപാരികൾക്കും ദൂരെയുള്ള ഓഫീസുകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് എളേറ്റിൽ കേന്ദ്രീകരിച്ച് പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടത്. ഇതിലൂടെ പ്രദേശത്തെ ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കൂടുതൽ കാര്യക്ഷമമായ സേവനം ലഭ്യമാക്കാൻ കഴിയുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

എളേറ്റിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.സി. മൊയിൻകുട്ടി, ജനറൽ സെക്രട്ടറി കരാട്ട് അബ്ദുറഹിമാൻ, സീനിയർ വൈസ് പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, ട്രഷറർ മുരളി, കാദർ ഹാജി, സെക്രട്ടറി നജീബ് വട്ടോളി എന്നിവർ ചേർന്നാണ് എം.എൽ.എയ്ക്ക് നിവേദനം കൈമാറിയത്.

പ്രദേശത്തിന്റെ വികസനത്തിന് ഏറെ പ്രാധാന്യമുള്ള ഈ ആവശ്യം ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right