2026 | ജൂണ്‍ 17 , ബുധന്‍
1201 | മിഥുനം 3, പുണര്‍തം
◾ ലോകകപ്പ് ഫുട്ബോളിന് ആവേശമായി നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന തുടങ്ങിയത് മെസ്സിയുടെ ഹാട്രിക്കോടെ. ഗ്രൂപ്പ് ജെ യില്‍ നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന തോല്‍പ്പിച്ചത്. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ അള്‍ജീരിയക്കെതിരെ തന്റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയാണ് മെസി 2026 ലോകകപ്പിലെ ആദ്യ ഹാട്രിക് തികച്ചത്. ഈ ഗോള്‍ നേട്ടത്തോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പവും മെസിയെത്തി. 16 ഗോളുകളാണ് ഇരുവരുടെയും പേരിലുള്ളത്. അള്‍ജീരിയുമായുള്ള മത്സരത്തിന് ഇറങ്ങിയപ്പോള്‍ തന്നെ ആറ് ലോകകപ്പില്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസി തന്റെ സ്വന്തം പേരിലാക്കിയിരുന്നു.
◾ പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി എം ശ്രീയില്‍ തുടരാന്‍ നിര്‍ബന്ധിതരായി എന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവന്‍കുട്ടി വിശദീകരിച്ചു.
◾ പിഎം ശ്രീയില്‍ തീരുമാനമെടുക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എന്‍ ഷംസുദീന്‍, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക.
*Amrutveni DandroQit*
കഠിനമായ താരനെ ഫലപ്രദമായി പ്രതിരോധിക്കാനും സ്‌കാല്‍പ്പിന്റെ ആരോഗ്യം വീണ്ടെടുക്കാനും ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ് Amrutveni DandroQit . തലയിലെ താരന്‍, ചൊറിച്ചില്‍, ചുവന്ന പാടുകള്‍ എന്നിവയെ നിയന്ത്രിക്കുവാനും, ശിരോചര്‍മ്മത്തിലെ കുരുക്കള്‍, നിരന്തരമായ dryness എന്നിവയെ ശമിപ്പിക്കുവാനും ഊന്നല്‍ കൊടുത്തുകൊണ്ടാണ് Amrutveni DandroQit രൂപപ്പെടുത്തിയിരിക്കുന്നത്. ഈര്‍പ്പത്തിന്റെയും സെബത്തിന്റെയും (എണ്ണമയം) അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നതിലൂടെ, DandroQit താരന്റെ മൂലകാരണങ്ങളെ തന്നെ ഇല്ലാതാക്കുന്നു. ഇതിന്റെ നൂതനമായ ഫോര്‍മുലേഷന്‍ scalp scaling കുറയ്ക്കുകയും, താരന്‍ നിയന്ത്രിക്കുകയും, സ്‌കാല്‍പ്പിനെ പോഷിപ്പിച്ചു കൂടുതല്‍ ആരോഗ്യമുള്ളതുമാക്കി മാറ്റുവാന്‍ സഹായിക്കുന്നവിധം ബയോടെക്‌നോളജിയിലൂടെ വികസിപ്പിച്ചെടുത്തതാണ്.
◾ ഓര്‍ഡിനറി ബസ്സുകള്‍ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. പ്രിയദര്‍ശിനി പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് എട്ടാം തീയതി 7.5 ലക്ഷം സ്ത്രീകള്‍ യാത്രചെയ്ത സ്ഥാനത്ത് പതിനാറാം തീയതി ആയപ്പോഴേക്കും ഈ എണ്ണം 11.84 ലക്ഷമായി കുതിച്ചുയര്‍ന്നുവെന്നും സ്ത്രീകള്‍ ആവേശത്തോടെ ഈ പദ്ധതി ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
◾ ഐപിഎസ് തലപ്പത്ത് മാറ്റങ്ങളുമായി ഉത്തരവിറങ്ങി. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാകും. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി കെ കാര്‍ത്തിക്കിനെയും തൃശൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെയും നിയമിച്ചു. തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസിനെയും നിയമിച്ചു.
◾ തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചി ഇ ഡി ഓഫീസില്‍ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.
◾ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിലൂടെ തിരഞ്ഞെടുപ്പില്‍ വിഷം കലര്‍ത്താന്‍ സിപിഎം ശ്രമിച്ചുവെന്ന് ഷാഫി പറമ്പില്‍ എം.പി. ഇപ്പോള്‍ പ്രചരിപ്പിച്ചവരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇനി നിര്‍മാതാക്കളിലേക്ക് എത്തണമെന്നും അത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്വമാണെന്നും ഷാഫി പറഞ്ഞു.
◾ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അന്വേഷണത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വലിയ സംഭവമായി കൊണ്ടുനടക്കരുതെന്നും എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു
◾ എസ്എഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരൊയ പരാതിയില്‍ തത്ക്കാലം സംഘടന നടപടിയില്ല. തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് എസ്എഫ്ഐ ഫ്രാക്ഷന്‍ യോഗത്തില്‍ തീരുമാനം. പരാതിക്കാരിയെ അനുനയിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം.
◾ റേഷന്‍ ഗോഡൗണുകളിലും റേഷന്‍ കടകളിലും ഇന്നലെ നടന്ന റെയ്ഡില്‍ നാല് ലൈസന്‍സികളെ വിജിലന്‍സ് സംഘം പിടികൂടി. 'ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ' എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.
◾ നടി അന്‍സിബ ഹസന്‍ ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ കൊച്ചി എസിപി തുടര്‍ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അന്‍സിബയുടെ പരാതി.
◾ നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ് ഹൈക്കോടതി മറുപടി തേടിയത്. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
◾ പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി. മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടില്‍ എത്തിയത്.
◾ പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്.
◾ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് എന്‍ ടി എ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
◾ ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമേകുന്ന വന്‍കിട ഗതാഗത വികസന പദ്ധതി വരുന്നൂ. രണ്ട് എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ അല്‍ താവുന്‍ റോഡിനടിയിലൂടെ അത്യാധുനിക രീതിയിലുള്ള ഇരട്ട ഭൂഗര്‍ഭ തുരങ്കം നിര്‍മ്മിക്കാനാണ് പദ്ധതി.
◾ ജി 7 ഉച്ചകോടിക്കിടെ മോദി-ട്രംപ് നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം കാണുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം. ഇന്നലത്തെ കണ്ടുമുട്ടല്‍ ഹസ്തദാനത്തില്‍ മാത്രം ഒതുങ്ങിയത് ശ്രദ്ധേയമായിരുന്നു. യുഎസ് നാവികര്‍ക്കെതിരായ ആക്രമണവും താരിഫ് തര്‍ക്കവും ചര്‍ച്ചയായേക്കും.
◾ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തില്‍ ആഭ്യന്തര കലഹം രൂക്ഷം. പാര്‍ട്ടിയുടെ ചില ലോക്സഭാ എംപിമാരെ ഫോണില്‍ ബന്ധപ്പെടാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സാധിക്കുന്നില്ലെന്നും ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നുമാണ് റിപ്പോര്‍ട്ട്.
◾ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെയും മഹാരാഷ്ട്രയില്‍ ഉദ്ധവ് സേനയിലെയും പിളര്‍പ്പിന് ശേഷം ബിജെപി ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയെ നോട്ടമിടുന്നുവെന്ന് സൂചനകള്‍. ഉത്തര്‍പ്രദേശ് മന്ത്രിയും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭറാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയില്‍ വലിയ പിളര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നിരവധി എസ്പി നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും ഓംപ്രകാശ് അവകാശപ്പെട്ടു.
◾ കുവൈത്തില്‍ വന്‍ രാഷ്ട്രീയ- ചലനങ്ങള്‍ സൃഷ്ടിച്ച 'മന്ത്രാലയ ഫണ്ട് ധൂര്‍ത്ത്' കേസുകളില്‍ മുന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായിരുന്ന ശൈഖ് തലാല്‍ അല്‍ ഖാലിദിന് മൂന്ന് വര്‍ഷം കഠിനതടവ്.
◾ അമേരിക്കയുമായുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താന്‍ ഇറാന്‍ മുതിര്‍ന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്.
◾ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ-യില്‍ നടന്ന മത്സരത്തില്‍ ജോര്‍ദാനെ ഒന്നിനെതിരേ മൂന്ന്‌ഗോളുകള്‍ക്ക് തകര്‍ത്ത് ഓസ്ട്രിയ. ഓസ്ട്രിയയാണ് ആദ്യം ലീഡ് ചെയ്തതെങ്കിലും രണ്ടാംപകുതിയുടെ തുടക്കത്തില്‍ ജോര്‍ദാന്‍ ഒപ്പമെത്തി. എന്നാല്‍, 76-ാം മിനിറ്റില്‍ ജോര്‍ദാന്‍ താരത്തിന്റെ സെല്‍ഫ് ഗോളിലൂടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. ഒടുക്കം ഇന്‍ജുറിടൈമില്‍നേടിയ പെനാല്‍റ്റി ഗോളില്‍ജോര്‍ദാന്‍ ജയം ഉറപ്പിക്കുകയായിരുന്നു.
◾ ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ ഇറാഖിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് നോര്‍വെ. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട ഗോളുമായി തിളങ്ങിയ എര്‍ലിങ് ഹാളണ്ടിന്റെ മികവിലാണ് നോര്‍വെ ഇറാഖിനെ കീഴടക്കിയത്.
◾ ലോക സാമ്പത്തിക ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയൊരു നേട്ടത്തിന് സാക്ഷ്യം വഹിച്ച് ജൂണ്‍ 15. ബ്ലൂംബെര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സ് പ്രകാരം, ലോകത്തെ ഏറ്റവും വലിയ 500 സമ്പന്നര്‍ക്ക് ഈ ഒറ്റദിവസം കൊണ്ട് മാത്രം ലഭിച്ചത് ഏകദേശം 336 ബില്യണ്‍ ഡോളറാണ്( 32.48 ലക്ഷം കോടി). ഇതോടെ ഇവരുടെ ആകെ ആസ്തി 13.3 ട്രില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് നിലയിലെത്തി. അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയില്‍ എത്തിയതോടെ ആഗോള വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇതിന് കാരണമായത്. മസ്‌കിന്റെ ആസ്തിയില്‍ 164 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ആകെ ആസ്തി 1.27 ട്രില്യണ്‍ ഡോളറായി. സ്പേസ് എക്സിന്റെ വിപണി മൂല്യം ഒറ്റദിവസം കൊണ്ട് 20 ശതമാനം ഉയര്‍ന്നു. വാള്‍സ്ട്രീറ്റിലും ഇത് പ്രതിഫലിച്ചു. എസ് ആന്‍ഡ് പി 500 സൂചിക 1.7 ശതമാനവും നാസ്ഡാക് 100 സൂചിക 3.1 ശതമാനവും നേട്ടമുണ്ടാക്കി. ഡോ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 499 അതിസമ്പന്നരുടെ ആകെ നേട്ടത്തിന് തുല്യമാണ് ഇലോണ്‍ മസ്‌കിന് ഈ ഒറ്റദിവസം കൊണ്ട് ലഭിച്ച വര്‍ധനവ്.
◾ ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ. ഇനി മുതല്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ക്കായി മണിക്കൂറുകളോളം സ്‌ക്രോള്‍ ചെയ്ത് സമയം കളയേണ്ടതില്ല. പ്ലാറ്റ്‌ഫോമിലെ പൊതുവായ ചര്‍ച്ചകളെല്ലാം വായിച്ചു മനസ്സിലാക്കിയ ഒരു സുഹൃത്തിനോട് ചോദിക്കുന്നതുപോലെ ലളിതമായ ഭാഷയില്‍ എ.ഐയോട് കാര്യങ്ങള്‍ ചോദിച്ചറിയാം. കായിക പ്രേമികള്‍ക്ക് പ്രിയപ്പെട്ട ടീമിന്റെ ജേഴ്സി ഡിജിറ്റലായി ധരിക്കാനുള്ള 'വെയര്‍ ഇറ്റ്' ഫീച്ചറും ഇതിലുണ്ട്. മാത്രമല്ല, ഗാലറിയിലെ ചിത്രങ്ങളും വീഡിയോകളും തനിയെ മികച്ച കൊളാഷുകളായും ട്രാന്‍സിഷന്‍ ഇഫക്റ്റുകളുള്ള വീഡിയോകളായും മാറ്റാനുമുള്ള സ്മാര്‍ട്ട് കൊളാഷ് & മോണ്ടേജ് ഫീച്ചര്‍ കാമറ റോള്‍ ഷെയറിങ്ങിന് സഹായിക്കും. പ്രൊഫൈല്‍ ചിത്രങ്ങള്‍ എ.ഐ ഉപയോഗിച്ച് കൂടുതല്‍ ആകര്‍ഷകമാക്കാനും അനിമേഷന്‍ രൂപത്തിലാക്കാനുമുള്ള എ.ഐ പ്രൊഫൈല്‍ പിക്ചര്‍ റീസ്റ്റൈല്‍ ഫീച്ചറും ഇതിലുണ്ട്. മാര്‍ക്കറ്റ് പ്ലേസില്‍ വരുന്ന ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് വില്‍പനക്കാര്‍ക്ക് വേണ്ടി തനിയെ മറുപടി നല്‍കുന്ന ഓട്ടോമേറ്റഡ് എ.ഐ അസിസ്റ്റന്റ്, ക്രിയേറ്റര്‍മാര്‍ക്കുള്ള പ്രത്യേക എ.ഐ ടൂളുകള്‍ എന്നിവയും സജീവമായി.
◾ 'മമ്മി' സിനിമകളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച ഹോളിവുഡ് താരം അര്‍ണോള്‍ഡ് വോസ്ലൂ വിജയ് ദേവരകൊണ്ടയുടെ വില്ലനാകുന്നു. രാഹുല്‍ സന്‍ക്രിത്യാന്‍ സംവിധാനം ചെയ്യുന്ന പീരിഡ് ആക്ഷന്‍ ത്രില്ലര്‍ 'രണബാലി'യിലാണ് അര്‍ണോള്‍ഡ് പ്രധാന വേഷത്തിലെത്തുന്നത്. ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. 'ടാക്സിവാല' എന്ന ചിത്രത്തിനുശേഷം രാഹുലും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 1854-നും 1878-നും ഇടയില്‍, ബ്രിട്ടിഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയില്‍ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ ചരിത്ര സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ, ചെറുത്തുനില്‍പ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 11ന് തിയറ്ററുകളിലെത്തും.
◾ മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ടോപ്പ് ലിസ്റ്റിലുള്ള മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലന്‍- ദി ബോയ്' ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിനു ലഭിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ബാലന്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി തിയേറ്ററുകളിലെത്തും. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ ആകര്‍ഷക ഘടകമാണ്. സംവിധായകന്‍ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലന്‍ ദ ബോയ്ക്കുണ്ട്.
◾ ഇറ്റാലിയന്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ സൂപ്പര്‍ കാര്‍ മോഡലായ 296 ജിടിബി സ്വന്തമാക്കി ബോളിവുഡ് താരം രണ്‍വീര്‍ സിങ്. മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് ഫെരാരിയുടെ 296 ജിടിബി 5.40 കോടി രൂപയാണ് ഈ സ്പോര്‍ട്സ് കാറിന്റെ എക്സ്ഷോറൂം വില. രണ്‍വീറിന്റെ ഫെരാരിയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടെ 6.30 കോടി രൂപയാണ് ഈ വാഹനത്തിനായത്. നീണ്ട നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷന്‍ സ്പോര്‍ട്സ് കാറാണ് 296 ജിടിബി. 2022-ലാണ് ഫെരാരി 296 ജി.ടി.ബി. ഫെരാരി പുറത്തിറക്കിയത്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയിലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഇവ രണ്ടും കൂടി 819 ബി.എച്ച്.പി. പവറും 740 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വേഗരാജാവ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഈ വാഹനം കേവലം 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 330 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
◾ നെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവല്‍ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടര്‍ന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങള്‍ക്കൊടുവില്‍ താരി എന്ന പെണ്‍കുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവര്‍ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറര്‍ ത്രില്ലറാണ് ഈ നോവല്‍. 'താരി'. അര്‍ജുന്‍ തുങ്ക. ഡിസി ബുക്സ്. വില 266 രൂപ.
◾ രുചിയോടൊപ്പം പ്രോട്ടീനും ഫൈബറും വൈറ്റമിനുകളും ധാതുക്കളും തുങ്ങിയ പോഷകങ്ങളും അടങ്ങിയതാണ് കടലമാവ്. കടലമാവില്‍ സസ്യാധിഷ്ഠിത പ്രോട്ടീന്‍ ധാരാളമുണ്ട്. പേശികളുടെ നിര്‍മാണത്തിന് ഇത് സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും ശരീരത്തിലെ കേടുപാടുകള്‍ പരിഹരിക്കാനും ശരീരവളര്‍ച്ചയ്ക്കും ഇത് സഹായകമാണ്. കടലമാവിലടങ്ങിയ നാരുകള്‍ മലബന്ധം അകറ്റുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ബവല്‍ മൂവ്മെന്റ് സുഗമമാക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കടലമാവ് സഹായിക്കും. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ കടലമാവിലുണ്ട്. ഇത് രക്തസമ്മര്‍ദത്തിന്റെ തോത് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. കടലമാവിലടങ്ങിയ നാരുകള്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായകമാണ്. ഭക്ഷണമായി മാത്രമല്ല ചര്‍മസംരക്ഷണത്തിനും കടലമാവ് ഉപയോഗിക്കുന്നു. കടലമാവിലടങ്ങിയ പോഷകങ്ങളും അതിന്റെ ക്ലെന്‍സിങ്ങ് ഗുണങ്ങളും ചര്‍മത്തിന്റെ ടെക്സ്ചര്‍ മെച്ചപ്പെടുത്താനും അമിതമായ എണ്ണമയം നീക്കാനും സഹായിക്കും. പ്രഭാതഭക്ഷണമായും ലഘുഭക്ഷണമായും കഴിക്കാവുന്ന പ്രോട്ടീന്‍ റിച്ച് ആയ ഒന്നാണിത്. കാര്‍ബ്സ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളമടങ്ങിയതുമായ ഒരു ആരോഗ്യഭക്ഷണമാണിത്. സൂപ്പ്, ചില കറികള്‍, ഗ്രേവികള്‍ ഇവയ്ക്ക് കൊഴുപ്പ് കൂട്ടാന്‍ കോണ്‍ഫ്ലോറിനും മൈദയ്ക്കും പകരം കടലമാവ് ചേര്‍ക്കുന്നത് ആരോഗ്യത്തോടൊപ്പം പോഷണവും നല്‍കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.32, പൗണ്ട് - 126.57, യൂറോ - 109.49, സ്വിസ് ഫ്രാങ്ക് - 119.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.63, ബഹറിന്‍ ദിനാര്‍ - 250.14, കുവൈത്ത് ദിനാര്‍ -306.50, ഒമാനി റിയാല്‍ - 245.33, സൗദി റിയാല്‍ - 25.14, യു.എ.ഇ ദിര്‍ഹം - 25.84, ഖത്തര്‍ റിയാല്‍ - 25.91, കനേഡിയന്‍ ഡോളര്‍ - 67.40.
Tags:
KERALA