Trending

നീറ്റ് മാതൃകാ പരീക്ഷ സംഘടിപ്പിച്ച് പി.കെ ഫിറോസ് എം.എൽ.എ.

കൊടുവള്ളി: ജൂൺ 21-ന് നടക്കുന്ന റീ-നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൊടുവള്ളി നിയോജക മണ്ഡലത്തിൽ വിപുലമായ മാതൃകാ പരീക്ഷ സംഘടിപ്പിച്ച് എം.എൽ.എ പി.കെ ഫിറോസ്. 'കമോൺ കൊടുവള്ളി' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

റീ-നീറ്റ് പരീക്ഷയെ മുന്നിൽക്കണ്ട് വിദ്യാർത്ഥികൾക്ക് പരീക്ഷാ സാഹചര്യങ്ങൾ പരിചയപ്പെടുത്തുകയും സമയനിയന്ത്രണത്തിലും ചോദ്യപേപ്പർ വിശകലനത്തിലും കൂടുതൽ മികവ് കൈവരിക്കാൻ അവസരമൊരുക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചത്. ദേശീയതല പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പരീക്ഷാഭീതി കുറയ്ക്കുന്നതിനും ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.കെ ഫിറോസ് എം.എൽ.എ പറഞ്ഞു.

ഈ വർഷം നീറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ, അതിനെ മറികടന്ന് മികച്ച തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടാൻ വിദ്യാർത്ഥികൾക്ക് പ്രചോദനവും മാർഗനിർദേശവും നൽകുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. യഥാർത്ഥ നീറ്റ് പരീക്ഷയുടെ മാതൃകയിൽ തയ്യാറാക്കിയ ചോദ്യപേപ്പറാണ് പരീക്ഷയ്ക്കായി ഉപയോഗിച്ചത്. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ആവശ്യമായ അക്കാദമിക് മാർഗനിർദേശങ്ങളും സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.
Previous Post Next Post
3/TECH/col-right