കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്-എയ്ഡഡ് സ്കൂൾ മേലധികാരികളുടെ യോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. നിയോജകമണ്ഡലത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പ്രധാനാധ്യാപകരും വിദ്യാഭ്യാസ രംഗത്തെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
പുതിയ അധ്യയന വർഷത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട് അധ്യാപകർ നേരിടുന്ന വിവിധ ആശങ്കകൾ പരിഹരിക്കുന്നതിനും സ്കൂളുകളുടെ വികസന സാധ്യതകളും ആവശ്യങ്ങളും വിലയിരുത്തുന്നതിനുമായി പി.കെ. ഫിറോസ് എം.എൽ.എ സംഘടിപ്പിച്ചതായിരുന്നു യോഗം.
അധ്യാപകരുടെ കഴിവും നേതൃശേഷിയും വർധിപ്പിക്കുന്നതിനായി വിവിധ ശാക്തീകരണ പദ്ധതികൾ നിയോജകമണ്ഡലതലത്തിൽ ആവിഷ്കരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികളുടെ അക്കാദമിക് മികവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വിദ്യാഭ്യാസ മേഖലയിൽ സമഗ്ര ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി എം.എൽ.എയുടെ സ്നേഹസമ്മാനം ജൂൺ 1 ന് വിതരണം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും കരിയർ ഗൈഡൻസ് പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ജൂൺ 6 ന് പ്രത്യേക പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
യോഗത്തിൽ വിവിധ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം, പഠനാന്തരീക്ഷം മെച്ചപ്പെടുത്തൽ, വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതികൾ എന്നിവയും ചർച്ചയായി.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.സി ഉസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Tags:
KODUVALLY