2026 | ഏപ്രില്‍ 27, തിങ്കള്‍
1201 | മേടം 14, പൂരം
◾ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. രാത്രി 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. ലോഡ് കൂടുന്നതിനനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏര്‍പ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കെഎസ്ഇബി.
◾ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകണമെങ്കില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം തീരണമെന്നും ഒപ്പം സംസ്ഥാനത്ത് മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
◾ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ രമേശ് ചെന്നിത്തലയെക്കുറിച്ച് ഇംഗ്ലീഷ് ദിനപത്രത്തില്‍ ഫീച്ചര്‍ പരസ്യം. അങ്ങനെയൊരു പരസ്യം കണ്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്കാണ് വിലക്ക് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾ മുഖ്യമന്ത്രിക്കസേരയ്ക്കായി നേതാക്കളുടെ പോരിനെ തൃശൂര്‍ പൂരം വെടിക്കെട്ടിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാല്‍ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടായി കണ്ടാല്‍ മതിയെന്നാണു മുരളീധരന്റെ പ്രതികരണം. ഒരാഴ്ച കഴിയുമ്പോ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി രാകേഷാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി.
◾ തൃശൂര്‍ പൂരത്തിനു പരിസമാപ്തി. ദേവതമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. രാവിലെ ആരംഭിച്ച പകല്‍പൂരം ഉച്ചയോടെ വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്തു സമാപിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ 17 നാണു പൂരം.
◾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പാമ്പുകടിയേറ്റ് നിരവധി പേര്‍ ചികില്‍സ തേടി. ചെറായി ബീച്ചിലെ റിസോര്‍ട്ടിന്റെ പുല്‍ത്തകിടിയില്‍ കോയമ്പത്തൂര്‍ സ്വദേശി ശര്‍മിള(38), കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിലില്‍ ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലി(36), പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍(22) എന്നിവര്‍ക്ക് പാമ്പുകടിയേറ്റു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും പെരുമ്പാമ്പിനെ പിടികൂടി. കണ്ണൂര്‍ കക്കാട് ഫ്ളാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.
◾ തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
◾ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിനു പരിക്കേറ്റത് ആയുധംകൊണ്ട് ആക്രമിച്ചതിനാലാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മന്ത്രിയെ കണ്ടപ്പോള്‍ വളരെ അവശയായിരുന്നു. ആശുപത്രിയില്‍ ഡോക്ടറെ കാണണമെന്ന് ഉപദേശിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
◾ കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനായ മാത്യു അച്ചാടന്‍ അന്തരിച്ചു. 57 വയസായിരുന്നു. ചാലക്കുടിക്കടുത്ത് പരിയാരം സ്വദേശിയും ഓട്ടോ ഡ്രൈവറും ചുമട്ടു തൊഴിലാളിയുമായിരുന്ന മാത്യുവിന് 10 വര്‍ഷം മുമ്പാണ് ഹൃദയം മാറ്റിവച്ചത്.
◾ ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയില്‍ അമ്മയുടേയും മകന്റേയും മൃതദേഹം. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ കുറച്ചു നാളായി കാണാതായിരുന്ന മേരിക്കുട്ടി മാത്യു, മകന്‍ റെജി എന്നിവരുടെ മൃതദേഹങ്ങളാണെന്നു സംശയിക്കുന്നു. ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്നു പൊലീസ്.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം നല്‍കി ദളിത് സംഘടനകള്‍. 52 ദളിത് സംഘടനകളാണ് ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത്. നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്ന് അവര്‍ അറിയിച്ചു.
◾ സംസ്ഥാനത്ത് ഇന്നു മുതല്‍ വേനല്‍മഴയ്ക്കു സാധ്യത. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാം. മഴ മുന്നറിയിപ്പിനിടെയും സംസ്ഥാനത്ത് ഇന്ന് താപനില മുന്നറിയിപ്പുമുണ്ട്.
◾ പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ വെച്ചിരിക്കുന്നത് ഒരേ ഹാളില്‍ ആണെന്നും ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.
◾ ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 55 ലക്ഷം കൂടി നല്‍കി . എന്നാല്‍ ഏഴു കോടിയും കിട്ടണമെന്ന നിലപാടിലാണ് ഊരാളുങ്കല്‍ സൊസൈറ്റി.
◾ വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് ആദ്യം നിര്‍മ്മിച്ച 51 വീടുകളില്‍ ഇന്ന് ഗൃഹപ്രവേശന ചടങ്ങ്. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ പങ്കെടുക്കും.
◾ വന്യജീവി പാമ്പുകടി സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങള്‍ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികള്‍ എന്നാണ് ദീപികയുടെ മുഖപ്രസംഗം. മേയ് നാലിനെങ്കിലും ഒരു സൂര്യനുദിക്കുമോ എന്നു ചോദിച്ചിട്ടുമുണ്ട്.
◾ ആലപ്പുഴയില്‍ നിരോധത പുകയില ഉത്പന്നങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പുറത്താക്കിയ എ ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു.
◾ ജോലി വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന്‍ മുന്‍കൂര്‍ ജാമ്യത്തിനു കേരള ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പു നിലനില്‍ക്കില്ലെന്ന് പ്രശോഭ് ഹര്‍ജിയില്‍ വാദിക്കുന്നു.
◾ മൂന്നാറില്‍ മൂന്നു മാസത്തിനിടെ 18 പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു കര്‍ഷകര്‍. മാടുകളെ വളര്‍ത്താനാകാത്ത വിധത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചിരിക്കുകയാണെന്നും ക്ഷീര കര്‍ഷകര്‍.
◾ കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലേക്ക്. പട്ടികവര്‍ഗ കമ്മീഷന്‍്റെ നിര്‍ദ്ദേശപ്രകാരം കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറയുന്നു.
◾ ആം ആദ്മി പാര്‍ട്ടിയില്‍നിന്നു ബിജെപിയിലേക്കു കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ അപേക്ഷ രാജ്യസഭ സെക്രട്ടേറിയറ്റ് തള്ളി. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണു ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം. എംഎല്‍മാരെ പിടിച്ചു നിര്‍ത്താന്‍ പഞ്ചാബിലെയും ഡല്‍ഹിയിലെയും എംഎല്‍എമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
◾ പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പോലീസ് നടത്തിയ സ്പെഷ്യല്‍ ബോംബ് ഡ്രൈവില്‍ നൂറുകണക്കിന് നാടന്‍ ബോംബുകള്‍ പിടിച്ചെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നടക്കം ബോംബുകള്‍ കണ്ടെത്തിയതോടെ പ്രശ്നബാധിത മേഖലകളില്‍ സുരക്ഷ ശക്തമാക്കി.
◾ ചൂടിനെ ചെറുക്കാന്‍ കീശയില്‍ ഒരു സവാള കരുതിയാല്‍ മതിയെന്ന വിചിത്രമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. തന്റെ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ല. പകരം പണ്ടുകാലം മുതലേ ഉള്ളി ശീലമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
◾ തമിഴ്നാട്ടില്‍ യുവതിയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ യുവതിയുടെ അച്ഛന്‍ വെട്ടിക്കൊന്നു. തഞ്ചാവൂരിലെ മേലകാലക്കുടിയിലാണ് അധ്യാപികയായ കാവ്യയെ(26) വെട്ടിക്കൊന്ന കേസിലെ പ്രതി അജിത് കുമാര്‍(29) ആണ് കൊല്ലപ്പെട്ടത്. കാവ്യയുടെ അച്ഛന്‍ പുണ്യമൂര്‍ത്തിയും (53) കൂട്ടാളികളും പോലീസില്‍ കീഴടങ്ങി.
◾ ഉത്തര്‍പ്രദേശിലെ ജിമ്മിലെ പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ 3 പേര്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അമര്‍ദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്.
◾ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായിരുന്നു ഈ സന്ദര്‍ശനം.
◾ പാക്കിസ്ഥാനിലെ ലഷ്‌കറെ ത്വയ്ബ ഭീകര സംഘടനയുടെ കമാന്‍ഡര്‍ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചു കൊന്നു.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ് ട്രംപിന്റെ നാടകമാണെന്ന് ഇറാന്‍. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള ആനിമേഷനിലൂടെ ട്രംപിനേയും സുരക്ഷാ വീഴ്ചകളെയും പരിഹസിച്ച് ഇറാന്‍ പുറത്തിറക്കിയ ആനിമേഷന്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
◾ വരും ദിവസങ്ങളില്‍ യുഎഇയില്‍ താപനില ഗണ്യമായി വര്‍ധിക്കുമെന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ചൂട് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.
◾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ കുവൈറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. വ്യോമപാത വീണ്ടും തുറന്നതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു.
◾ ഇന്ത്യ-ന്യൂസീലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തിലായതോടെ ഇന്ത്യയില്‍ നിന്നു കയറ്റിയയ്ക്കുന്ന എല്ലാ ഉല്‍പന്നങ്ങളും (8,284 ഇനങ്ങള്‍) തീരുവരഹിതമായി. കരാര്‍ പ്രാബല്യത്തിലായ ആദ്യ ദിവസം മുതല്‍ തന്നെ ന്യൂസീലന്‍ഡില്‍ നിന്നുള്ള 30% ഉല്‍പന്നങ്ങള്‍ക്കും തീരുവ പൂര്‍ണമായും ഒഴിവാകും. മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ന്യൂസീലന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടം ഘട്ടമായി 9.06 ശതമാനമാകും. ഇന്ത്യയിലെ കര്‍ഷകരുടെയും വ്യവസായങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിനായി ക്ഷീര ഉല്‍പന്നങ്ങള്‍, സവാള, പഞ്ചസാര, സുനന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യ എണ്ണ, റബര്‍ തുടങ്ങിയവയ്ക്ക് ഇന്ത്യ ഇളവു നല്‍കിയിട്ടില്ല. കരാര്‍ പ്രാബല്യത്തിലായതോടെ അടുത്ത 15 വര്‍ഷത്തിനിടയില്‍ ന്യൂസിലന്‍ഡില്‍ നിന്ന് 2,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ഇന്ത്യയിലെത്തും.
◾ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. 'നോട്ടിഫിക്കേഷന്‍ ബബിള്‍സ്' എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഈ ഫീച്ചറിലൂടെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് ഇടയില്‍ പോലും ചാറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോമായ വാബീറ്റാ ഇന്‍ഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, പുതിയ സംവിധാനം സ്‌ക്രീനില്‍ ഫ്‌ലോട്ടിങ് ഐക്കണുകളായി ചാറ്റുകള്‍ പ്രദര്‍ശിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ഒരു ബബിളില്‍ ടാപ്പ് ചെയ്താല്‍, ആപ്പ് പൂര്‍ണ്ണമായും തുറക്കാതെ തന്നെ ചെറിയ ചാറ്റ് വിന്‍ഡോയില്‍ നിന്ന് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയും. ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ 'ചാറ്റ് ഹെഡ്‌സ്' സംവിധാനത്തോട് സമാനമായ ഫീച്ചറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
◾ ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പിന്നണിയിലും വമ്പന്മാരുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്തു വിട്ടിരിക്കുകയാണ്. മനുഷ്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം മമ്മൂട്ടിയുടെ ശബ്ദത്തിലാണെന്നതാണ് രസകരമായ വസ്തുത. മമ്മൂട്ടിയ്‌ക്കൊപ്പം പാട്ട് പാടിയിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സുഷിന്‍ ശ്യാം ആണ് സംഗീതം. വിനായക് ശശികുമാരാണ് വരികളെഴുതിയിരിക്കുന്നത്. പേട്രിയറ്റ് മെയ് 1 ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍, ഗേസ് ആന്റണി, രേവതി, രാജീവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
◾ മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ജിതിന്‍ കെ ജോസ്- ജയസൂര്യ ചിത്രം 'മായന്‍' മോഷന്‍ പോസ്റ്ററെത്തി. റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്ക് വെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. മലയാള സാഹിത്യത്തിലുള്‍പ്പെടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലര്‍ ആയ ഒരു വിഷയമാണ് 'കറുത്തച്ചനൂട്ട്' എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വര്‍ധിപ്പിക്കുന്നുണ്ട്. ജയസൂര്യ, നൈല ഉഷ എന്നിവര്‍ക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും സുപ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കളങ്കാവല്‍ ടീമിലെ പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
◾ ഹ്യുണ്ടേയ് ഇന്ത്യ വെന്യു നൈറ്റ് എഡിഷന്‍ പുറത്തിറക്കി. പുതിയ സ്പെഷ്യല്‍ എഡിഷന്റെ വില 9.70 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. കാഴ്ചയില്‍, വെന്യു നൈറ്റ് എഡിഷന്‍ ബ്ലാക്ക് ഗ്രില്ല്, സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെ ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയര്‍ ഘടകങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നു. മാറ്റ് ബ്ലാക്ക് ഹ്യുണ്ടേയ് ലോഗോകള്‍, റെഡ് ബ്രേക്ക് ക്യാലിപ്പറുകള്‍, എക്‌സ്‌ക്ലൂസീവ് നൈറ്റ് ബാഡ്ജിങ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഹ്യുണ്ടേയ് ഹേസല്‍ ബ്ലൂ മാറ്റ്, മിസ്റ്റിക് സഫയര്‍ മാറ്റ് എന്നീ പുതിയ കളര്‍ ഓപ്ഷനുകളും ഇതോടൊപ്പം അവതരിപ്പിച്ചു. 1.2 ലീറ്റര്‍ പെട്രോള്‍, 1.0 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ ഡിസിടി, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് വെന്യു നൈറ്റ് എഡിഷന്‍ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.
◾ സ്വയം ജീവിക്കാന്‍ മറന്നവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തുന്ന മനോഹരമായ സെല്‍ഫ് ഹെല്‍പ്പ് പുസ്തകം. സന്തോഷത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച് വലിയ കാര്യങ്ങളില്‍ മാത്രം അല്ല ചെറിയ കാര്യങ്ങളില്‍പോലും സന്തോഷം കണ്ടെത്തണമെന്ന് എഴുത്തുകാരിയായ അശ്വതി സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി വളരെ ലളിതമായ ഭാഷയില്‍ നമ്മോട് സംസാരിക്കുന്നു. 'സന്തോഷത്തിന്റെ സമവാക്യങ്ങള്‍'. അശ്വതി ശ്രീകാന്ത്. ഡിസി ബുക്സ്. വില 248 രൂപ.
◾ വേനല്‍ക്കാലമാണെങ്കിലും ചില ആളുകള്‍ സംഭാരം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും സോഡിയവും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. സന്ധിവേദന ഉള്ളവര്‍ക്കും മോരുംവെള്ളം അത്ര നല്ലതല്ല. ഇത് സന്ധികളിലെ വീക്കം വര്‍ധിപ്പിക്കാന്‍ കാരണമായേക്കാം. യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്കും മോര് അമിതമാകുന്നത് ദോഷകരമാണ്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍, ജലദോഷം, ചുമ, സൈനസൈറ്റിസ് എന്നിവയുള്ളവര്‍ സംഭാരം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. മോരിന് സ്വാഭാവികമായും ശരീരം തണുപ്പിക്കാനുള്ള കഴിവുണ്ട്. ആയുര്‍വേദ പ്രകാരം ഇത് കഫം വര്‍ധിപ്പിക്കാന്‍ കാരണമാകും. രാത്രിയില്‍ മോര് കഴിക്കുന്നത് ഇത്തരം ആളുകളില്‍ അലര്‍ജിയും കഫശല്യവും കൂട്ടാന്‍ സാധ്യതയുണ്ട്. തീവ്രമായ ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് മോര് കുടിക്കുന്നത് വയറിളക്കം, ഗ്യാസ്, വയറുവേദന എന്നിവയുണ്ടാക്കാന്‍ കാരണമാകും. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവരും ഹൃദ്രോഗികളും മോരില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് ശ്രദ്ധിക്കണം. ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്ക് ഇത് സ്ട്രോക്ക് പോലുള്ള അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ ഉപ്പ് കുറച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വെറും വയറ്റില്‍ അമിതമായി പുളിയുള്ള മോര് കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമായേക്കാം. പകല്‍ സമയത്ത് ഉച്ചഭക്ഷണത്തിന് ഒപ്പം മോര് കുടിക്കുന്നതാണ് ഏറ്റവും നല്ലത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.23, പൗണ്ട് - 127.59, യൂറോ - 110.55, സ്വിസ് ഫ്രാങ്ക് - 120.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.54, ബഹറിന്‍ ദിനാര്‍ - 249.79, കുവൈത്ത് ദിനാര്‍ -306.14, ഒമാനി റിയാല്‍ - 245.08, സൗദി റിയാല്‍ - 25.12, യു.എ.ഇ ദിര്‍ഹം - 25.65, ഖത്തര്‍ റിയാല്‍ - 25.89, കനേഡിയന്‍ ഡോളര്‍ - 69.02.
Tags:
KERALA