കോഴിക്കോട് : മാനാഞ്ചിറ - മലാപ്പറമ്പ് 4 വരിപ്പാത 'സീറോ പാർക്കിങ്' മേഖലയാക്കി മാറ്റുന്നു. 80 ശതമാനത്തോളം നിർമാണം പൂർത്തിയായ മലാപ്പറമ്പ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് പൊലീസ് നടപടി തുടങ്ങി.
മലാപ്പറമ്പ് ജംക്‌ഷൻ മുതൽ സിവിൽ സ്റ്റേഷനു സമീപം പാറമ്മൽ സ്റ്റോപ് വരെ ഒരു കിലോമീറ്റർ റോഡിൽ പാർക്കിങ് നിരോധന മേഖലയാക്കി മാറ്റി. ട്രാഫിക് പൊലീസ് റോഡ് അരികിൽ താൽക്കാലികമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
ഈ മേഖലയിൽ ഇരുചക്ര വാഹനം ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്താൽ 1,250 രൂപയാണ് പിഴ. നാലുവരി പാതയിൽ മറ്റിടങ്ങളിൽ ഡ്രൈവർ ഇല്ലാതെ വാഹനം പാർക്ക് ചെയ്താൽ 250 രൂപയാണ് പിഴ.
ഇന്നലെ രാവിലെ 11 മുതൽ ട്രാഫിക് പൊലീസ് നടപടി തുടങ്ങി. ട്രാഫിക് ഇൻസ്പെക്ടർ കെ.അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ റോഡിൽ ഡ്രൈവറില്ലാതെ നിർത്തിയിട്ടു പോയ കാറുകൾക്ക് പിഴ ചുമത്തി സ്റ്റിക്കർ പതിച്ചു. ട്രാഫിക് എൻഫോഴ്സ്മെന്റ് ഓഫിസ് കൗണ്ടറിലോ ട്രാഫിക് സ്‌റ്റേഷനിലോ പിഴ അടയ്ക്കാം. ഓൺലൈനായും അടയ്ക്കാം.
ഇരു ചക്രവാഹനങ്ങളുടെ ഫോട്ടോ എടുത്ത് ഉടമയുടെ മൊബൈൽ ഫോണിലേക്കാണ് പിഴ സന്ദേശം അയയ്ക്കുന്നത്. 4 വരിപ്പാത ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെ റോഡരികിൽ പാർക്കിങ്ങും ഗതാഗതക്കുരുക്കുമാണ്.
സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശത്തെ തുടർന്നാണ് സീറോ പാർക്കിങ് മേഖലയാക്കി മാറ്റുന്നതെന്ന് ട്രാഫിക് ഇൻസ്പെക്ടർ പറഞ്ഞു.