2026 | ഏപ്രില്‍ 23, വ്യാഴം
1201 | മേടം 10, പുണര്‍തം
◾ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താന്‍ ധാരണയായി. സാധാരണ ഒരു മണിക്കൂര്‍ നേരമുള്ള കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനിച്ചു. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകള്‍ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂര്‍ കളക്ടറേറ്റില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
◾ സംയുക്ത പരിശോധനയില്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന ഭാഗത്ത് നിന്ന് നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തിയെന്ന് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവ സമയത്ത് 37 പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തില്‍ പുരയുടെ ചുറ്റിനും വയലില്‍ ഓരോ കൈ അകലത്തില്‍ പൊലീസിന്റെ മാസ്സ് സെര്‍ച്ച്. അസ്വാഭാവികമായി കാണുന്നത് എല്ലാം കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
◾ മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരില്‍ ഒരാളുടെ നില മെച്ചപ്പെട്ടു. ബേണ്‍സ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
◾ പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ലൈസന്‍സില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചെന്ന തഹസില്‍ദാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
◾ പാറമേക്കാവ് വെടിക്കെട്ട് ലൈസന്‍സിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി. കേസെടുത്തത് പൂരം തകര്‍ക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
◾ മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ നിന്നും ലഭിച്ച മനുഷ്യ ശരീരഭാഗങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ക്ക് സമാനമായ രീതിയിലെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍.
◾ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് നിലവില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
◾ കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണര്‍ പണിക്കിടെയാണ് സനല്‍ കുഴഞ്ഞുവീണത്.
◾ മലപ്പുറം വണ്ടൂരില്‍ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോണിനാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യാതപമേറ്റത്.
◾ പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്. വീഴ്ച വരുത്തിയ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടി വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
◾ വീഡിയോയും ഡോക്യൂമെന്ററിയും പുസ്തകങ്ങളുമായി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍. രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകന്‍ വീഡിയോ രംഗത്തെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്ററി ഷൂട്ട് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയില്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം അനവസരത്തിലാണെന്ന് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ലീഗിന് അഭിപ്രായം ഉണ്ടെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും യോഗത്തില്‍ പറഞ്ഞു.
◾ എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെ അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവന്‍ ആകണം അടുത്ത മുഖ്യമന്ത്രിയെന്നും ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയില്‍ നിന്ന് ശരീരത്തില്‍ പതിച്ചവനുമാകണം മുഖ്യമന്ത്രിയെന്നും അജയ് തറയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക.
◾ പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തില്‍ യേശുദേവന്റെ സ്തുതിയും ഒക്കെ ചെയ്തെന്നിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം നന്ദഗോവിന്ദം ഭജന്‍സിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തെത്തിയിരുന്നു.
◾ എച്ച്ആര്‍ഡിഎസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണന് പോക്സോ കേസില്‍ ദില്ലി സാകേത് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ ഏഴാം തീയ്യതി വരെയാണ് അജി കൃഷ്ണന് പരിരക്ഷ നല്‍കിയത്.
◾ ചികിത്സയ്ക്കാന്‍ പണമില്ലാതെ വലഞ്ഞ് ബ്രഹ്‌മഗിരി ഡവലപ്മെന്റ് സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയ കുടുംബം. 41 ലക്ഷത്തിന്റെ നിക്ഷേപമുള്ള പുല്‍പ്പള്ളി സ്വദേശി റോയ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തരമായി പണം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
◾ തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷലാണ് മരിച്ചത്.
◾ തമിഴ്നാട്ടില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. 234 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ആകെ 4023 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടര്‍മാര്‍ ആണ് ആകെയുള്ളത്. സൂപ്പര്‍ താരം അജിത്താണ് തമിഴ്നാട്ടില്‍ ആദ്യം വോട്ട് ചെയ്ത വ്യക്തി.
◾ തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം നേതാവ് വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പോളിങ് രാത്രി 8 മണി വരെ ആക്കണം, ബസ് സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കണം, ബൂത്തുകളില്‍ മേല്‍നോട്ടത്തിനായി ഒരു ഓഫീസറെ നിയമിക്കണം എന്നീ ആവശ്യങ്ങളാണ് കത്തിലുള്ളത്.
◾ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇന്ന് പതിനാറു ജില്ലകളിലെ 152 മണ്ഡലങ്ങളില്‍ പോളിങ്ങ് പുരോഗമിക്കുന്നു. ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് 29 ന് നടക്കും.
◾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ജനങ്ങളെ വഞ്ചിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജി വെക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. പ്രധാനമന്ത്രിക്കെതിരായ 'തീവ്രവാദി' പരാമര്‍ശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഖര്‍ഗെയ്ക്ക് നോട്ടീസ് നല്‍കിയത്.
◾ തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. ലെബനീസ് മാധ്യമപ്രവര്‍ത്തക അമല്‍ ഖലീല്‍ ആണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകയ്ക്കും പരിക്കേറ്റു. തെക്കന്‍ ലബനനിലെ അല്‍-തൈരി എന്ന സ്ഥലത്ത് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഇരുവരും.
◾ സൗദി അറേബ്യയില്‍ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു യമന്‍ സ്വദേശിയുടെയും, മൂന്ന് എത്യോപ്യന്‍ പൗരന്മാരുടെയും ശിക്ഷയാണ് നടപ്പിലാക്കിയത്.
◾ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വര്‍ധനയുണ്ടാകുമെന്ന പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ യാതൊരു നീക്കവും സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
◾ അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നേപ്പാളിലെ രണ്ട് മന്ത്രിമാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ രാജിവച്ചു. അതിര്‍ത്തിയിലെ ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മന്ത്രിമാരുടെ ഈ പിന്മാറ്റം.
◾ ഇസ്രയേല്‍-ലെബനോണ്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് വാഷിങ്ടണില്‍ നടക്കും. വെടിനിര്‍ത്തല്‍ ഒരു മാസം നീട്ടാന്‍ ലെബനോണ്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 10 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍.
◾ വംശീയമായ ഉള്ളടക്കമുള്ള കത്ത് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റേഡിയോ അവതാരകന്‍ മൈക്കല്‍ സാവേജ് എഴുതിയ ഈ കത്തില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ 'ഭൂമിയിലെ നരകം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള ആളുകള്‍ അമേരിക്കയില്‍ വന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിലൂടെ അവര്‍ക്ക് ഉടനടി അമേരിക്കന്‍ പൗരത്വം ലഭിക്കുന്നുവെന്നും പിന്നീട് അവരുടെ കുടുംബത്തെ മുഴുവന്‍ ഈ 'നരകകുഴികളില്‍' നിന്നും അമേരിക്കയിലേക്ക് കൊണ്ടുവരികയുമാണെന്നാണ് കത്തിലെ ആരോപണം.
◾ അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടരുന്നതിനാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ്. അമേരിക്കയുടെ നാവിക ഉപരോധം ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഗാലിബഫ് കുറ്റപ്പെടുത്തി.
◾ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. കൂടിക്കാഴ്ച സമാധാന കരാറുകള്‍ അന്തിമമാക്കുന്ന സമയത്തായിരിക്കുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
◾ സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ താഴ്ന്ന് 14,075 രൂപയായി. ഒരു പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 90 രൂപ താഴ്ന്ന് 11,565 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 9,005 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ താഴ്ന്ന് 5,810 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന വിപണിയില്‍ വെള്ളി വിലയില്‍ ഇടിവ് തുടരുകയാണ്. ഇന്ന് ഒരു ഗ്രാമിന് 5 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതുക്കിയ വിപണി വില 260 രൂപയയായി. ഇതുപ്രകാരം 10 ഗ്രാം വെള്ളിക്ക് 2,600 രൂപയും 100 ഗ്രാം വെള്ളിക്ക് 26,000 രൂപയും ഒരു കിലോഗ്രാമിന് 2,60,000 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിക്ക് 265 രൂപയായിരുന്നു വില.
◾ ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളില്‍ ഒരാളായ ഭാരതി എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ ഉയര്‍ത്തി. ജനപ്രിയമായിരുന്ന 84 ദിവസത്തെ പ്ലാന്‍ പരിഷ്‌കരിച്ചു. മുമ്പ്, ഈ പ്ലാന്‍ 859 ന് ലഭ്യമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിന്റെ വില 899 ആയി വര്‍ദ്ധിപ്പിച്ചു. കൂടാതെ, കമ്പനി 799 പ്ലാനും നീക്കം ചെയ്തു. ഉപയോക്താക്കള്‍ക്ക് ഇപ്പോഴും പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ ലഭിക്കുന്നു. എന്നാല്‍ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമായി തുടരും. ദീര്‍ഘകാല പ്ലാനുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്നവരെ, പ്രത്യേകിച്ച് എല്ലാ മാസവും റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കാത്തവരെയും 2-3 മാസ പ്ലാനുകളെ ആശ്രയിക്കുന്നവരെയും ഈ മാറ്റം ഏറ്റവും ബാധിക്കും. ഓരോ തവണയും കുറച്ചുകൂടി ചെലവഴിക്കേണ്ടിവരും.
◾ ഇന്ത്യന്‍ ഫുട്‌ബോള്‍ സൃഷ്ടിച്ച എക്കാലത്തേയും മികച്ച ഫോര്‍വേഡുകളില്‍ ഒരാളായ ഐ.എം വിജയന്റെ ഐതിഹാസിക ജീവിതകഥ വെള്ളിത്തിരയിലേക്ക്. പകര്‍ത്തുന്നത് പ്രമുഖ സംവിധായകന്‍ ഒമര്‍ ലുലുവാണ്. ഏപ്രില്‍ 26-ന് പൂരം നാളില്‍ തൃശൂരില്‍ വെച്ചാണ് പടത്തിന്റെ ഔദ്യോഗിക ലോഞ്ചിങ്. കന്നഡയിലെ പ്രമുഖ നിര്‍മ്മാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് പടം നിര്‍മ്മിക്കുന്നത്. കന്നഡയിലും മലയാളത്തിലും ഉള്‍പ്പടെ വിവിധ ഭാഷകളില്‍ വരുന്ന ചിത്രത്തില്‍ വിജയനായി വേഷമിടുന്നത് ആരെന്നത് രഹസ്യമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും 26-ന് ഉണ്ടാകും. വിജയന്റെ സംഭവബഹുലമായ ജീവിത കഥ ഭാഷയ്ക്കും പ്രാദേശികതയ്ക്കുമെല്ലാം അതീതമാണെന്ന് അണിയറപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഒരു ബഹുഭാഷാ താരനിരയെ പ്രതീക്ഷിക്കാം സിനിമയില്‍.
◾ മമ്മൂട്ടി നായകനായെത്തിയ 'കളങ്കാവലി'നുശേഷം ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'മായന്‍: ചാപ്റ്റന്‍ വണ്‍'. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ചിത്രം ഡാര്‍ക് ത്രില്ലറാകും. സിനിമയുടെ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തു. അദൃശ്യശക്തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ വേഷമിടുന്നു. അടുത്ത മാസം ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ ആരംഭിക്കും. യൂറോപ്യന്‍ രാജ്യങ്ങളും ലൊക്കേഷനാകും. റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയസൂര്യ, നൈല ഉഷ എന്നിവര്‍ക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും സുപ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കളങ്കാവല്‍ ടീമിലെ പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
◾ 'അടിപൊളി ഏപ്രില്‍ ബെനഫിറ്റ്‌സ്' എന്ന പേരില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളുമായി ഇഞ്ചിയോണ്‍ കിയ. പുത്തന്‍ സെല്‍റ്റോസ് ഉള്‍പ്പെടെയുള്ള കിയയുടെ ജനപ്രിയ മോഡലുകള്‍ക്ക് 2 ലക്ഷം രൂപ വരെ നീളുന്ന ബെനഫിറ്റുകള്‍ ഈ സീസണില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സെല്‍റ്റോസ്, കാരന്‍സ് ക്ലാവിസ് ഇവി, സോണറ്റ്, സിറോസ്, തുടങ്ങി കിയയുടെ എല്ലാ മോഡലുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ ലഭിക്കും. ആധുനിക ഫീച്ചറുകളും മികച്ച സുരക്ഷയും ഒത്തിണങ്ങിയ കിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ഉള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഏപ്രില്‍ 28 വരെ ഈ ബെനഫിറ്റുകള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാണ്. അതോടൊപ്പം ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ സെല്‍റ്റോസിന്റെ സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് കിയ.
◾ യുദ്ധങ്ങളിലും വംശഹത്യകളിലും കൊല്ലപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നവരോട്, മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന യാത്രാപുസ്തകം. മരിച്ചവരെ അടക്കിയ ശ്മശാനങ്ങളും ബുള്ളറ്റുതുളകള്‍ വീണ കെട്ടിടങ്ങളും സംസാരിക്കുന്ന ഭാഷ തേടുകയാണ് ഈ താളുകള്‍. ചരിത്രത്തില്‍നിന്ന് മനുഷ്യരാശി സമാധാന ജീവിതത്തിനുവേണ്ടി ഒന്നും ശേഖരിക്കുന്നില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു. കുഞ്ഞുങ്ങളായിട്ടും എന്തിന് ഞങ്ങളെ കൊല്ലന്നുവെന്ന് മുതിര്‍ന്നവര്‍ എന്നു കരുതുന്നവരോട് കുട്ടികള്‍ ചോദിക്കുന്നു. ഗ്രീസ്, ക്രൊയേഷ്യ, ബോസ്‌നിയ, മോണ്ടിനെഗ്രോ, സെര്‍ബിയ എന്നീ രാജ്യങ്ങളിലൂടെയുള്ള ഈ യാത്രാപുസ്തകം ഹിംസയുടെ പാതാളങ്ങളില്‍, സമാധാനത്തിന്റെ സ്വപ്നങ്ങളില്‍ അലയുന്നു. 'ബാള്‍ക്കന്‍ മുറിവുകള്‍'. വി. മുസഫര്‍ അഹമ്മദ്. ഡിസി ബുക്‌സ്. വില 380 രൂപ.
◾ കാപ്പി ഒരു ഇന്‍സ്റ്റന്‍ഡ് എനര്‍ജി ബൂസ്റ്റര്‍ ആണെങ്കിലും പലര്‍ക്കും ഈ പറഞ്ഞ ഗുണങ്ങള്‍ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. കാപ്പിയില്‍ അടങ്ങിയ കഫീന്‍ ക്ഷീണം അകറ്റാനും ഉന്മേഷത്തോടെ ഉണര്‍ന്നിരിക്കാനും സഹായിക്കും. എന്നാല്‍ ഇത് മാത്രമല്ല, കരളിനും കാപ്പി ഔഷധമാണെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. കാപ്പിയിലെ ആന്റിഓക്‌സിഡന്റുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രവര്‍ത്തനം സുഖമമാക്കാനും സഹായിക്കുമത്രെ. കാപ്പിയെന്നാല്‍ പലര്‍ക്കും പാലിലേക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന് ഈ കൂട്ട് അത്ര നന്നല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തില്‍ കാപ്പിപ്പൊടിയിട്ട് തിളപ്പിച്ചെടുക്കുന്ന കട്ടന്‍കാപ്പിയിലാണ് മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ളത്. അതിലേക്ക് പാലോ പഞ്ചസാരയോ ചേര്‍ക്കാന്‍ ആരോഗ്യഗുണം കിട്ടണമെന്നില്ല. ദിവസവും രണ്ടോ മൂന്നോ കപ്പ് കട്ടന്‍കാപ്പി കുടിക്കുന്നത് ഉന്മേഷത്തിനും കരളിന്റെ ആരോഗ്യം കാക്കാനും മികച്ചതാണ്. രാവിലെ ഉറക്കം ഉണര്‍ന്ന ഉടന്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കാം. ഉണര്‍ന്ന ശേഷം കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം കാപ്പി കുടിക്കാം. ഇത് ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവില്‍ ഉയരാതെ തടയും. കൂടാതെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കുന്ന ശീലവും ഒഴിവാക്കാം. ഇത് നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.08, പൗണ്ട് - 126.86, യൂറോ - 110.10, സ്വിസ് ഫ്രാങ്ക് - 119.92, ഓസ്ട്രേലിയന്‍ ഡോളര്‍ - 67.31, ബഹറിന്‍ ദിനാര്‍ - 249.38, കുവൈത്ത് ദിനാര്‍ -305.88, ഒമാനി റിയാല്‍ - 244.67, സൗദി റിയാല്‍ - 25.08, യു.എ.ഇ ദിര്‍ഹം - 25.54, ഖത്തര്‍ റിയാല്‍ - 25.71, കനേഡിയന്‍ ഡോളര്‍ - 68.85.
Tags:
KERALA