Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഏപ്രില്‍ 2 | വ്യാഴം
1201 | മീനം 19 | അത്തം

◾  ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നതടക്കം വമ്പന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പു പ്രകടന പത്രികകള്‍ പുറത്തിറക്കി. എല്‍ഡിഎഫിന്റേത് കോഴിക്കോടു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളിലായി 60 ഇന പരിപാടികളാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലുള്ളത്. യുഡിഎഫ് പ്രകടനപത്രിക കൊച്ചിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് പുറത്തിറക്കിയത്.

◾  സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുമെന്നും യുഡിഎഫ് പ്രകടനപത്രിക. ഇതര വാഗ്ദാനങ്ങള്‍:  എല്ലാം കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കന്‍ അഞ്ചു രൂപയുടെ പലിശ രഹിത വായ്പ, ഇന്ദിരാ കാന്റീന്‍ പദ്ധതി, റബര്‍ താങ്ങുവില 300 രൂപയാക്കും, ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമാക്കും, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു പ്രത്യേക വകുപ്പ്, ശബരിമല ആചാര സംരക്ഷണത്തിനു നിയമം.

◾  കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി നല്‍കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ,  ഈ അധ്യയന വര്‍ഷം 60,000 പേര്‍ക്ക് ജോലി, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ, വ്യവസായ മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കോടി നിക്ഷേപം, അതിവേഗ തെക്ക് വടക്ക് റെയില്‍പാത, ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകള്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ എന്നിവയാണു വാഗ്ദാനങ്ങള്‍.

◾  പാചകവാതക വിതരണം തടസപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.

◾  ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കി. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) സമയത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരാണ് ഇതു ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മാള്‍ഡയിലെ കാലിയചക്കിലാണു സംഭവം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ, പൊലീസും അര്‍ദ്ധസൈനിക വിഭാഗവും എത്തിയാണ് മോചിപ്പിച്ചത്.

◾  കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ പിഴശിക്ഷ. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സര്‍ക്കാരാണ് ഏറ്റവും വലിയ വ്യവഹാരിയെന്ന് സുപ്രീം കോടതി. സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍ പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തിയത്.

◾  ക്രൈസ്തവര്‍ ദേവാലയങ്ങളില്‍ പെസഹാ വ്യാഴം ആചരിച്ചു. ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മയുമായി ദേവലായങ്ങളില്‍ നടന്ന പാദക്ഷാളന ശുശ്രൂഷയില്‍ വിശ്വാസികള്‍ പങ്കെടുത്തു. വത്തിക്കാനില്‍ ലെയോ മാര്‍പാപ്പ പാദക്ഷാളന കര്‍മം നിര്‍വഹിച്ചു. അന്ത്യത്താഴ സ്മരണ പുതുക്കി ഇന്നു രാത്രി വീടുകളില്‍ അപ്പം മുറിച്ചു പങ്കുവയ്ക്കും. യേശുവിന്റെ കുരിശു മരണത്തെ അനുസ്മരിക്കുന്ന ദുഃഖവെള്ളി നാളെ.  

◾  തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്ര വിമാനത്താവള റണ്‍വേയിലൂടെ കടന്നു പോകുന്നതിനാല്‍ ഇന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിറുത്തിവയ്ക്കും. വൈകുന്നേരം 4.45 മുതല്‍ രാത്രി ഒമ്പതു വരെയാണു വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക.

◾  പാലക്കാട് വടക്കന്തറയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്താന്‍ യുഡിഎഫ് ആഹ്വാനം. രമേഷ് പിഷാരടി ജയിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണു ഭയന്നുപോയ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി  വേണുഗോപാല്‍.

◾  ബിജെപി മറ്റു പലയിടത്തും കാണിച്ചതിന്റെ ഒരു സാമ്പിളാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിയെ തടഞ്ഞുകൊണ്ടു കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു.

◾  സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ്. ലൈംഗിക അതിക്രമം നടന്ന കാരവന്‍ പൊലീസ് കണ്ടെത്തി. കാരവനില്‍ സിസിടിവി ഇല്ല. കാരവന്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

◾  വനിത ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബീന റഷീദ് രാജിവച്ചു. പാര്‍ട്ടി വിടില്ല. വനിത ലീഗിന് പാര്‍ട്ടിയില്‍ കടുത്ത അവഗണയാണ്. സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്തില്ല. നൂര്‍ബീന പറഞ്ഞു.

◾  പയ്യന്നൂരില്‍ സിപിഎം വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐ ഡി നിര്‍മ്മാണം്. ജി സുധാകരനെ പരിഹസിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്നും കെ സി വേണുഗോപാല്‍.

◾  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തില്‍ പിരിച്ച മുഴുവന്‍ പണത്തിന്റേയും കണക്ക് പുറത്തു വിട്ട് സിപിഎം. പാര്‍ട്ടി സ്വരൂപിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

◾  അര്‍ജന്റീന ഫുട്ബോള്‍ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അവര്‍ കേരളത്തെ വഞ്ചിച്ചു. അര്‍ജന്റീന ടീമിനെതിരെ കേസ് കൊടുക്കും. ജയിക്കുന്ന മണ്ഡലം തേടിയല്ല തിരൂരില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾  കോഴിക്കോട് ജില്ലയില്‍ വീണ്ടും പക്ഷിപ്പനി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കിണാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെയും കോഴികളെയും മറ്റും തുറന്നുവിടുകയോ മാറ്റി പാര്‍പ്പിക്കുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

◾  സമവായത്തിലൂടെ മാത്രമേ എഫ്സിആര്‍എ ബില്‍ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുമെന്നും എല്ലാ വിഭാഗങ്ങളുടെയും സമ്മതപ്രകാരമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നും അദ്ദേഹം  പറഞ്ഞു.

◾  എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കൊല്ലത്ത് കന്റോണ്‍മെന്റ് മൈതാനത്ത് യുഡിഎഫ് സമ്മേളനത്തില്‍ പ്രസംഗിക്കും.

◾  മലപ്പുറം ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളന്റിയര്‍മാര്‍ക്ക്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു തീരുമാനമെടുത്തത്.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മാലം തികയാതെ പ്രസവിച്ച നവജാത ശിശുവിന്റെ മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

◾  കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കണിയാപുരത്ത് വീടിനു തീയിട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍-അമീന ദമ്പതികളുടെ വീടിനു തീയിട്ടതിന് അമീനയുടെ സഹോദരീ പുത്രന്‍ ഫൈസലിനെയാണു പിടികൂടിയത്.

◾  നൂറ്റിപത്തോളം മോഷണ കേസുകളിലെ പ്രതിയായ മധ്യവയസ്‌കനെ പൊലീസ് പിടികൂടി. മലപ്പുറം വഴിക്കടവ് പുവത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്ബറിനെയാണ് (56) കാളികാവ് പൊലിസ് പിടികൂടിയത്. കാളികാവ് അമ്പലക്കുന്നിലെ വീട് കുത്തിപ്പൊളിച്ച് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതി കഴിഞ്ഞ തവണ കൂട്ടുപ്രതികളോടൊപ്പം നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു.

◾  പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി. യുദ്ധംമൂലം വിലവര്‍ധന തടയാനുള്ള ഈ ഇളവ് ജൂണ്‍ 30 വരെ തുടരും.

◾  വിമാന യാത്രാനിരക്ക് വര്‍ധിപ്പിച്ചു. ഇന്‍ഡിഗോ ആഭ്യന്തര യാത്രകള്‍ക്ക് 500 കിലോമീറ്ററില്‍ താഴെ കുറഞ്ഞത് 275 രൂപയും 2000 കിലോമീറ്ററിന് മുകളില്‍ 950 രൂപയും കൂട്ടി. വിദേശ യാത്രകള്‍ക്ക് കാര്യമായ വര്‍ധനയുണ്ട്. ചെറിയ യാത്രകള്‍ക്ക് 2500 രൂപ വര്‍ധിച്ചു. ഗള്‍ഫിലേക്ക് 5000 രൂപയും യൂറോപ്പിലേക്ക് 10,000 രൂപയുമാണ് കൂട്ടിയത്.

◾  ബംഗാളില്‍ ആം ജനത ഉന്നയന്‍ പാര്‍ട്ടിയും (എജെയുപി) അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീനും (എഐഎംഐഎം) തമ്മില്‍ സഖ്യമായി. ഹുമയൂണ്‍ കബീറിന്റെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇരു പാര്‍ട്ടികളും സഖ്യത്തിലെത്തിയത്.

◾  വിവാഹത്തിനു മദ്യം വിളമ്പാത്തതിനു കൂട്ടത്തല്ല്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ അയല്‍വാസികളാണ് വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചത്. എട്ടു പേരെ പോലീസ് കസറ്റഡിയിലെടുത്തു.

◾  2024 ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 ലക്ഷം വോട്ടുകള്‍ അര്‍ദ്ധരാത്രിക്കു ശേഷം രേഖപ്പെടുത്തിയെന്ന് ആരോപണം. സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പരകല പ്രഭാകറാണ് ഇന്ത്യ ടുഡേയില്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ആകെ വോട്ടിന്റെ 4.16 ശതമാനം രാത്രി 11.45നും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് പോള്‍ ചെയ്തതെന്നാണ് ആരോപണം.

◾  പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തില്‍ സംസ്ഥാനത്തെ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു.

◾  തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി ലാല്‍ഗുഡിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസ്. തിരുച്ചിറപ്പള്ളി ലാല്‍ഗുഡിയില്‍ സ്വന്തം പാര്‍ട്ടിയായ ഇന്ത്യ ജനനായക പുലികള്‍ കക്ഷിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം.

◾  എവറസ്റ്റ് കൊടുമുടിയില്‍ വിനോദസഞ്ചാരികളെ ബോധപൂര്‍വ്വം അസുഖബാധിതരാക്കി ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. വളരെ രഹസ്യമായി സഞ്ചാരികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് വന്‍ തുകയുടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള അവസരം സൃഷ്ടിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ ആരോപണം. ആരോപണത്തില്‍ ട്രെക്കിംഗ് കമ്പനി ഉടമകള്‍ അടക്കം 32 പേര്‍ക്കെതിരെ നേപ്പാള്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

◾  ഏപ്രില്‍ 9-ന് നടക്കുന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ പണ വിതരണം തടയാന്‍ ഡ്രോണ്‍ നിരീക്ഷണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വിഭാഗം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളില്‍ നിന്നായി 66,000 രൂപയിലധികം പിടിച്ചെടുത്തു. ഡ്രോണ്‍ വഴി ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്ളയിംഗ് സ്‌ക്വാഡ് ആണ് പണം പിടിച്ചെടുത്തത്.

◾  പതിമൂന്നുകാരിയായ മകളെ മന്ത്രവാദത്തിന്റെ പേരില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ അമ്മയും മന്ത്രവാദിനിയും സഹായിയും അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള കുസുംബ ഗ്രാമത്തിലാണ് പൈശാചിക കൃത്യം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

◾  ബെംഗളൂരുവില്‍ ടെക്കി ദമ്പതികള്‍ ജീവനൊടുക്കിയത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലം ജോലി നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് അടുത്തിടെ താമസം മാറിയ 32കാരനായ ഭാനു ചന്ദര്‍ റെഡ്ഡി, ഭാര്യ ബീബി ഷാസിയ സിറാജ് എന്നിവരാണ് ജീവനൊടുക്കിയത്.

◾  തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരു ധാരണയുമില്ലെന്നും കടുത്ത പ്രത്യാക്രമണത്തിനു ശേഷിയുണ്ടെന്നും ഇറാന്‍ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങളെ ഇറാന്‍ സൈനിക വക്താവ് തള്ളിക്കളഞ്ഞു. അമേരിക്കയും ഇസ്രായേലും പൂര്‍ണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

◾  കനേഡിയന്‍-അമേരിക്കന്‍ എഴുത്തുകാരിയും വിവര്‍ത്തകയും ഇന്ത്യന്‍ വംശജയുമായ പത്മ വിശ്വനാഥന്‍ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ബ്രസീലിയന്‍ എഴുത്തുകാരി അന പൗല മായയുടെ 'ഓണ്‍ എര്‍ത്ത് ആസ് ഇറ്റ് ഈസ് ബനീത്' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് പത്മയെ ഷോര്‍ട് ലിസ്റ്റില്‍ എത്തിച്ചത്.

◾  പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ സമ്മാന്‍ ക്യാപിറ്റലിനെ (എന്‍ബിഎഫ്സി) ഏറ്റെടുത്ത് അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്‌സി). ആദ്യഘട്ടത്തില്‍ 5,652 കോടി രൂപയുടെ നിക്ഷേപമാണ് ഐഎച്ച്‌സി നടത്തിയത്. മുന്‍ഗണനാ ഓഹരികള്‍, വാറന്റുകള്‍ ഉള്‍പ്പെടെ 41.5 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തമാണ് ഐഎച്ച്‌സി നേടിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ 3,198 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ സമ്മാന്‍ ക്യാപിറ്റലിന്റെ 63.3 ശതമാനം ഓഹരികളും ഐഎച്ച്‌സി കരസ്ഥമാക്കും. ആഗോളതലത്തില്‍ 22.4 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന, ഐഎച്ച്‌സിയുടെ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ ജുഡാന്‍ ഫിനാന്‍ഷ്യലിന് കീഴിലാകും സമ്മാന്‍ ക്യാപിറ്റല്‍ പ്രവര്‍ത്തിക്കുക. 2029ഓടെ ഇന്ത്യയിലുടനീളം 1500 ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്. നിലവില്‍ 220 ശാഖകളാണ് സമ്മാന്‍ ക്യാപിറ്റലിനുള്ളത്.

◾  പ്ലേ സ്റ്റോറിലെ അംഗീകൃത നിക്ഷേപ ആപ്പുകള്‍ക്ക് 'വെരിഫൈഡ് ലേബല്‍' നല്‍കാന്‍ തീരുമാനിച്ച് ഗൂഗിള്‍. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് യഥാര്‍ത്ഥ വ്യാപാര പ്ലാറ്റ്‌ഫോമുകള്‍ തിരിച്ചറിയുന്നതിനും തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഈ നീക്കം സഹായകരമാകും. ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ക്കും ഇടനിലക്കാര്‍ക്കും മാത്രമാണ് ഈ വെരിഫൈഡ് ബാഡ്ജ് ലഭിക്കുക. നിലവില്‍ ഇന്ത്യയിലെ ഏകദേശം 600 സാമ്പത്തിക സേവന ആപ്പുകള്‍ക്ക് ഈ വെരിഫൈഡ് ലേബല്‍ ലഭിച്ചിട്ടുണ്ട്. വാട്സാപ്പ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയ വഴിയോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഇന്‍വെസ്റ്റ്‌മെന്റ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. സംശയമുണ്ടെങ്കില്‍ സെബിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി ആ ബ്രോക്കറുടെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്.

◾  ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രം 'വരവ്' മെയ് 1ന് തിയേറ്ററുകളിലെത്തും. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്‍ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് 'വരവ്'. ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്സണ്‍, ഫീനിക്സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍, തപസി മാസ്റ്റര്‍, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിങ്ങനെ 8 മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു. വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, വീണ നായര്‍, കോട്ടയം രമേശ്, ശ്രീജിത്ത് രവി, ശര്‍മ്മ, ചാലി പാലാ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എ.കെ. സാജനാണ് തിരക്കഥ.

◾  നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യിലെ രാമന്റെ ലുക്ക് പുറത്തുവിട്ടു. രണ്‍ബീര്‍ കപൂര്‍ ആണ് രാമനായെത്തുന്നത്. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചാണ് രാമന്റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നാണ് രാമായണം. രണ്‍ബീറിനൊപ്പം യഷും ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സായ് പല്ലവി (സീത), സണ്ണി ഡിയോള്‍ (ഹനുമാന്‍), രവി ദുബെ (ലക്ഷ്മണന്‍) എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീധര്‍ രാഘവന്‍ ആണ്. ഓസ്‌കര്‍ ജേതാക്കളായ ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‌മാനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടര്‍മാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവര്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങും.

◾  വൈല്‍ഡ് ബെറി നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ഏകദേശം 54.90 ലക്ഷം മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. അത്യാധുനിക ഫീച്ചറുകളാണ് പുതിയ മിനി കണ്‍ട്രിമാന്‍ ഇയുടെ അകത്തളത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിറ്റി ഡ്രൈവുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് വളരെ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കും. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമീ വേഗത്തിലേക്കു കുതിക്കും. 66.4 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 462 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാം.

◾  വേട്ടക്കാരന്‍ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവന്‍ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട. രാത്രിയുടെ നിശ്ശബ്ദതയില്‍, നഗരം ഉറങ്ങുമ്പോള്‍ അവന്‍ ഉണരുന്നു. അവന്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങള്‍ക്ക് അരികില്‍ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങള്‍ക്കും പിന്നില്‍ നിഗൂഢമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരു മനോരോഗിയുടെ ഭ്രാന്തന്‍ചിന്തകള്‍ക്കപ്പുറം ഈ കൊലയാളി എന്തിനെയാവും ലക്ഷ്യം വെക്കുന്നത്? ഇത്തവണ അക്ബര്‍ നേരിടുന്നത് ഒരു സാധാരണ കൊലയാളിയെയല്ല! എന്തായിരിക്കും ചോര മണക്കുന്ന ഈ വേട്ടയുടെ അവസാനം? ഈ 'തിമിംഗല വേട്ട'യില്‍ ആരാണ് ഒടുവില്‍ ബാക്കിയാവുക? 'തിമിംഗല വേട്ട'. അനുരാഗ് ഗോപിനാഥ്. ഗ്രീന്‍ ബുക്സ്. വില 179 രൂപ.

◾  ഭക്ഷണരീതിയില്‍ ഒമ്പതു മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനാകുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കുലേഷന്‍ ജേര്‍ണലിലാണ് ഭക്ഷണരീതിയിലെ ഈ മാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കലോറി ഉപഭോഗവും ശാരീരിക വ്യായാമവും സന്തുലിതമായിരിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം മുഴുധാന്യങ്ങള്‍ തിരഞ്ഞെടുക്കുക. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, നട്സ്, സീഡ്സ് എന്നിങ്ങനെ ആരോഗ്യകരമായ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തുക. പൂരിത കൊഴുപ്പുകള്‍ക്ക് പകരം അപൂരിത കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക. പഞ്ചസാരയുടെ അളവ് കുറയ്ക്കുക, പ്രത്യേകിച്ച് പഞ്ചസാര പാനീയങ്ങള്‍. സോഡിയത്തിന്റെ അളവും അമിതമായ ഉപ്പും കുറയ്ക്കുക. മദ്യപാനം തുടങ്ങാതിരിക്കുക, നേരത്തേ മദ്യപിക്കുന്നവരാണെങ്കില്‍ പരിമിതപ്പെടുത്തുക. കഠിനമായ ഡയറ്റുകള്‍ ശാരീരികമായും മാനസികമായും ക്ഷീണമുണ്ടാക്കും. എളുപ്പത്തില്‍ പാലിക്കാവുന്ന ഒമ്പതു മാര്‍ഗങ്ങളാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദേശിക്കുന്നത്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, ഉയര്‍ന്ന പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവ കുറച്ചു ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

*വിനിമയ നിരക്ക്*
ഡോളര്‍ - 92.76, പൗണ്ട് - 122.57, യൂറോ - 107.03, സ്വിസ് ഫ്രാങ്ക് - 116.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 63.85, ബഹറിന്‍ ദിനാര്‍ - 245.61, കുവൈത്ത് ദിനാര്‍ -299.80, ഒമാനി റിയാല്‍ - 241.12, സൗദി റിയാല്‍ - 24.70, യു.എ.ഇ ദിര്‍ഹം - 25.23, ഖത്തര്‍ റിയാല്‍ - 25.42, കനേഡിയന്‍ ഡോളര്‍ - 66.74.
Previous Post Next Post
3/TECH/col-right