*🟨കോട്ടയത്ത് യുവാവും യുവതിയും മരിച്ച നിലയിൽ കണ്ടെത്തി; വീട്ടുകാർ വിവാഹത്തെ എതിർത്തെന്ന് ആത്മഹത്യാക്കുറിപ്പ്*
കോട്ടയം: യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വാരിശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാർ (23) എന്നിവരാണ് മരിച്ചത്.
ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റൽ ഹോട്ടലിൽ 202-ാം മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നമതക്കാരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാർ വിവാഹത്തെ എതിർത്തതാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് പറയുന്നു.
ഇന്നലെ വൈകീട്ടാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തിരുന്നു. തിരച്ചിലിനിടെയാണ് ഹോട്ടലിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടപടികൾക്ക് ശേഷം ഇരുവരെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
*🟨കൈക്കൂലി കേസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ*
ആലപ്പുഴ: ചേർത്തലയിൽ കൈക്കൂലിപ്പണം വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിലായി. ചേർത്തല മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ കെ.ജി. ബിജുവാണ് പിടിയിലായത്.
ഡ്രൈവിംഗ് സ്കൂൾ ഏജന്റായ വ്യക്തിയിൽനിന്ന് 5600 രൂപ കൈപ്പറ്റിയപ്പോഴായിരുന്നു സംഭവം. മറഞ്ഞുനിൽക്കുകയായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഉടൻ ബിജുവിനെ തടഞ്ഞുവച്ച് നിയമപരമായ പരിശോധന നടത്തി. കൈക്കൂലി പണം കൈപ്പറ്റിയെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലെടുത്തു.
വൈദ്യപരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പേലീസ് അറിയിച്ചു. ആലപ്പുഴയിൽ നിന്നുള്ള വിജിലൻസ് സംഘം ബിജുവിനെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
*🟨ശബരിമല സ്വര്‍ണക്കൊള്ള;മുന്‍ എക്സിക്യൂട്ടീവ് ഓഫീസറും ജാമ്യഹർജി നല്കി*
കൊല്ലം: പ്രത്യേക അന്വേഷണസംഘം കുറ്റപത്ര നടപടികള്‍ വൈകിക്കുന്നതോടെ സ്വാഭാവിക ജാമ്യം തേടി കൂടുതല്‍ പ്രതികള്‍ കോടതിയിലേക്ക്. റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്കുമാര്‍ ഇന്നലെ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചു.
തിങ്കളാഴ്ച സുധീഷ്കുമാറിന്റെ ജാമ്യഹർജി പരിഗണിക്കും. രണ്ടു കേസുകളിലും അറസ്റ്റിലായി റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞതു കാട്ടിയാണ് ഇന്നലെ ഹർജി നല്‍കിയത്.
ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനു പിന്നാലെ അറസ്റ്റിലായ ആളാണ് സുധീഷ്കുമാര്‍. സ്വര്‍ണപ്പാളികള്‍ കടത്തുമ്പോള്‍ സുധീഷ് കുമാറായിരുന്നു ശബരിമലയില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍.
പ്രത്യേക അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിച്ചു നല്‍കാനാണ് സാധ്യത. ഇതോടെ സുധീഷ്കുമാറും ജയില്‍മോചിതനാകും. സ്വാഭാവിക ജാമ്യം കിട്ടി മുരാരി ബാബുവും തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് എസ്. ശ്രീകുമാറും കഴിഞ്ഞ ദിവസം ജാമ്യം കിട്ടി പുറത്തുവന്നിരുന്നു.
ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണന് പോറ്റി, കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിയുന്നത്.
ഉണ്ണിക്കൃഷ്ണന് പോറ്റി രണ്ടാം കേസില്‍ അറസ്റ്റിലായിട്ട് തിങ്കളാഴ്ച 90 ദിവസമാകും. അന്നുതന്നെ സ്വാഭാവിക ജാമ്യത്തിന് ഹർജി നല്‍കാനാണു തീരുമാനം. ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍. വാസുവിനും ഫെബ്രുവരി 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിനും സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള കാലാവധി അടുത്ത ആഴ്ചയോടെയാകും.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം നല്കുന്നതു വൈകിക്കുക മാത്രമല്ല ഇതിനു മുന്നോടിയായുള്ള പ്രോസിക്യൂഷന് അനുമതി പോലും അന്വേഷണസംഘം തേടുന്നില്ല. അറസ്റ്റിലായ 12 പേരില്‍ ഒന്‍പതു പേരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ എന്ന വിഭാഗത്തില്‍ വരുന്നതിനാല്‍ കുറ്റപത്രം നല്കാന് സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി വേണം. ഇതു തേടാനുള്ള അപേക്ഷ പോലും ഇതുവരെ നല്‍കിയിട്ടില്ല.
ഇനി അപേക്ഷ നല്കിയാല് തന്നെ അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ അംഗീകാരമാകാന് സമയമെടുക്കും. സര്‍ക്കാര്‍ അനുമതി ലഭിച്ചാലേ കുറ്റപത്രം നല്കാന് കഴിയൂ. അതിനുള്ളില്‍ പ്രതികളെല്ലാം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങും.
അതിനിടെ, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങിയതോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍ക്കു കേസില്‍ ഹാജരാകാന്‍ നിയമതടസമുണ്ട്. ഇതും വരും ദിവസങ്ങളില്‍ എസ്ഐടിക്ക് വെല്ലുവിളിയായേക്കും.
*🟨ഡിജിറ്റൽ റീസർവേയ്ക്ക് ഉപകരണങ്ങൾ വാങ്ങൽ;അന്വേഷണത്തിന് ഇഡി വരുന്നു*
തൃശൂർ: സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേയ്ക്കു 343 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു നൽകിയ പരാതി തുടർനടപടികൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറി.
റവന്യു വകുപ്പിനു കീഴിൽ സംസ്ഥാനത്തെ 1,666 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്താൻ 339.44 കോടിക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും മുന്‍പു വാങ്ങിയ ഉപകരണങ്ങൾ ഉപയോഗശൂന്യമാക്കിയെന്നും 3,000 ജീവനക്കാരെ മാനദണ്ഡങ്ങളില്ലാതെ നിയമിച്ചെന്നും 800 കോടിയുടെ ധൂർത്ത് നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സിബിഐക്കു പരാതി നൽകിയിരുന്നു.
സിബിഐ കൊച്ചി യൂണിറ്റ് പരാതി വിജിലൻസ് ഡയറക്ടർക്കു കൈമാറി. ഉപകരണങ്ങൾ വാങ്ങിയതിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നും പരസ്യം നൽകാതെയാണു ടെൻഡർ ക്ഷണിച്ചതെന്നും കണ്ടെത്തി. തുടരന്വേഷണം നടത്താൻ തയറാകാത്തതിനെത്തുടർന്ന് മുഖ്യമന്ത്രിക്കും പിന്നീടു പ്രധാനമന്ത്രിക്കും പരാതി നൽകുകയായിരുന്നു. ഇത് ഇഡി ഡയറക്ടർക്കു കൈമാറി.
ഉപകരണങ്ങൾ വാങ്ങാൻ 168 കോടിയായിരുന്നു എസ്റ്റിമേറ്റ്. ടെൻഡർ പരസ്യപ്പെടുത്തിയശേഷം 343.13 കോടിയായി ഉയർത്തി. ടെൻഡർ പരസ്യത്തിൽ വീഴ്ചയുണ്ടായതോടെ സ്റ്റോർ പർച്ചേസ് മാനുവലിൽ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കി. പ്രീ ബിഡ് മീറ്റിംഗിൽ 12 കന്പനികൾ പങ്കെടുത്തിരുന്നു. ഇതിൽ രണ്ടു കന്പനികൾ ഒഴികെ മറ്റുള്ളവ വിട്ടുനിന്നതു സംശയം ജനിപ്പിക്കുന്നെന്നു വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യ എസ്റ്റിമേറ്റില്‍ 1.7 കോടി രൂപയ്ക്കു ടാബ്ലറ്റുകൾ വാങ്ങേണ്ടിയിരുന്നെങ്കിൽ പിന്നീടത് 47.94 കോടിയായി വർധിപ്പിച്ചു. 28 ഇരട്ടിയോളം വർധനയുണ്ടായി.
ആദ്യ എസ്റ്റിമേറ്റിൽ ആർടികെ മെഷീൻ ഒരു യൂണിറ്റിന് 11 ലക്ഷം വച്ച് 1000 എണ്ണം വാങ്ങാൻ 110 കോടിയാണ് തീരുമാനിച്ചത്. യൂണിറ്റ് ഒന്നിന് 14.32 ലക്ഷം വച്ച് 143 കോടിയായി ഉയർത്തി. 56 കോടിക്കു വാങ്ങാനിരുന്ന ഇടിഎസ് മെഷീനുകളുടെ വില പിന്നീട് 98.25 കോടിയായി. 289.5 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയത് ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഉപകരണങ്ങൾ വൻതോതിൽ കേടായത് ഗുണനിലവാരം സംബന്ധിച്ച സംശയമുണ്ടാക്കുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
*🟨സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; ശനിയാഴ്ച സത്യപ്രതിജ്ഞ; സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി*
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട എൻ.സി.പി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സ്ഥാനമേൽക്കും. മന്ത്രിസഭയിൽ കായിക, എക്സൈസ് വകുപ്പുകളുടെ ചുമതല സുനേത്ര വഹിക്കുമ്പോൾ, അജിത് കുമാർ കൈകാര്യം ചെയ്ത സുപ്രധാന വകുപ്പായ ധനകാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുക്കും. പവാർ കുടുംബവും, എൻ.സി.പി നേതൃത്വവും തമ്മിൽ നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാറിന്റെ ഭാര്യയെ ഏൽപിക്കാൻ തീരുമാനമായത്. ശനിയാഴ്ച ഉച്ചക്ക് ചേരുന്ന എൻ.സി.പി നിയമസഭാ കക്ഷി യോഗത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജഗൻ ഭുജ്ബൽ അറിയിച്ചു. 63കാരിയായ സുനേത്ര സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായാവും സ്ഥാനമേൽക്കുന്നത്. വൈകുന്നേരം അഞ്ചിന് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.പാർട്ടിക്കുള്ളിലും പവാർ കുടുംബത്തിലും ഇക്കാര്യത്തിൽ ഏകാഭിപ്രായമാണെന്നും, കൂടുതൽ നേതാക്കളും സുനേത്ര പവാർ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യമുന്നയിച്ചതായും ജഗൻ ബുജ്ബൽ പറഞ്ഞു. ഇക്കാര്യം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. നിലവിൽ രാജ്യസഭാ അംഗമാണ് സുനേത്ര പവാർ. സംസ്ഥാന മന്ത്രിസഭയിൽ അംഗമാവുന്നതോടെ, ആറ് മാസത്തിനുള്ളിൽ നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെടണം. അജിത് പവാറിന്റെ മണ്ഡലമായ ബരാമതിയിൽ തന്നെ മത്സരിച്ച് സഭയിലെത്താനായിരിക്കും സുനേത്രയുടെ ശ്രമം.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി എൻ.പി.പി ശരദ് പവാർ വിഭാഗത്തിലെ സുപ്രിയ സുലെക്കെതിരെ ബരാമതി മണ്ഡലത്തിൽ മത്സരിച്ച സുനേത്ര 1.5 ലക്ഷം വോട്ടിന് തോൽവി വഴങ്ങിയിരുന്നു. തുടർന്നാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. പുണെ ജില്ലാപരിഷത് തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്നും ബരാമതിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം അപകടത്തിൽപെട്ടത്. അംഗരക്ഷകരും വിമാന ജീവനക്കാരും ഉൾപ്പെടെ ആറു പേർ സംഭവത്തിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവിന് കണ്ണീരിൽ കുതിർന്ന വേദനയിലാണ് ജനം യാത്രയാക്കിയത്.
*🟨യു.ഡി.എഫ് തെരഞ്ഞെടുപ്പ് കാമ്പയിൻ മുൻനിരയിൽ ശശി തരൂരുണ്ടാവും; 140 മണ്ഡലങ്ങളിലും പ്രചാരകനാകും -വി.ഡി സതീശൻ*
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണത്തിന്റെ മുൻനിരയിൽ തന്നെ ശശി തരൂർ ഉണ്ടായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശശി തരൂരുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ കൂടികാഴ്ചക്കു പിന്നാലെ തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
*🟨ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം’; സുപ്രീംകോടതി*
ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി. പൊതുതാൽപര്യ ഹർജിയിലാണ് വിധി.
ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉൽപ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ബി.
പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജയ താക്കൂർ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് വിധി. ആർത്തവാരോഗ്യത്തിലെ കേന്ദ്രനയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.“ആർത്തവ ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിൻ്റെയും ആരോഗ്യത്തിനുള്ള അവകാശത്തിൻ്റെയും ഭാഗമാണ്.
പെൺകുട്ടികൾക്ക് ആരോഗ്യകരമായ ജീവിതത്തിനും ആർത്തവ ആരോഗ്യത്തിനും അവകാശമുണ്ട്” സുപ്രീം കോടതി പറഞ്ഞു. ആറാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകാനും എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്കൂളുകളുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
*🟨പിതാവ് ഫോൺ വാങ്ങിവെച്ചതിൽ പരിഭവം; വീട്ടിൽ നിന്നിറങ്ങി ആറാം ക്ലാസുകാരി; നാടിനെ ആശങ്കയിലാഴ്ത്തി മണിക്കൂറുകൾ; ഒടുവിൽ കണ്ടെത്തി, കോഴിക്കോട്ട് നിന്ന്..*
*വള്ളിക്കുന്ന് അത്താണിക്കലിൽ നിന്ന് ഇന്ന് ഉച്ചയോടെ കാണാതായ 11 വയസ്സുകാരി ശ്രീലക്ഷ്മിയെ കണ്ടെത്തി. കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാൻഡിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.*
*അത്താണിക്കൽ എൽ.പി സ്റ്റോപ്പിന് സമീപം താമസിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി, പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിലുള്ള പ്രകോപനം മൂലമാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.വീട്ടിൽ നിന്നിറങ്ങിയ കുട്ടി ആദ്യം കോട്ടക്കടവ് പ്രബോധിനിയിലെ ബന്ധുവീട്ടിലെത്തുകയും അവിടെ നിന്ന് കാൽനടയായി കോഴിക്കോട്ടേക്ക് പോവുകയുമായിരുന്നു.*
*കുട്ടിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് കോഴിക്കോട്ട് വെച്ച് കുട്ടിയെ കണ്ടെത്തുന്നത്.*
*വിവരമറിഞ്ഞതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസും ബന്ധുക്കളും കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് നാടും വീട്ടുകാരും.*
*🟨ലോക കേരള സഭ: കേരളമൊരു വികസിത രാജ്യം!*
തിരുവനന്തപുരം: വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ ശങ്കരനാരായണന് തമ്പി ഹാളില്‍ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശത്ത് ഗവേഷണത്തിനും ജോലിക്കുമായി പോയവരുടെ സഹായം തേടി, അവരുടെ വൈദഗ്ധ്യം ആഭ്യന്തര ഉത്പാദന മേഖലയില്‍ വിനിയോഗിക്കുന്ന ചൈനയുടെ പദ്ധതി ലോകപ്രശസ്തമാണ്. ഇതിന് സമാനമായ നിര്‍ദേശങ്ങള്‍ ലോക കേരള സഭയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഭാവിയില്‍ കേരളത്തിലും ഇത്തരം പ്രവാസി പ്രോജക്ടുകള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഠനസംബന്ധമായ സമഗ്ര ഓണ്‍ലൈന്‍ സംവിധാനം സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക കേരള സഭ സമീപനരേഖ മുഖ്യമന്ത്രി സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍, എയര്‍പോര്‍ട്ട് ഹെൽപ് ഡെസ്ക്, ഷെര്‍പ്പ പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ പ്രമുഖരായ എം.എ. യൂസഫ് അലി, രവി പിള്ള തുടങ്ങിയര്‍ പങ്കെടുത്തു.
*ചര്‍ച്ചയില്‍ 11 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍*
തിരുവനന്തപുരം: അഞ്ചാം ലോക കേരള സഭയുടെ വിഷയാടിസ്ഥാനത്തിലുള്ള ചര്‍ച്ചയില്‍ 11 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. പ്രവാസി ഭരണ നിര്‍വഹണം-നവീകരണ സാധ്യതകളും പരിഷ്കാരങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു.
പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നതിന് ഒരു പ്രവാസി അപേക്ഷ സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കുന്നതിന് നിലവില്‍ എട്ടുമാസം വരെ കാലതാമസമെടുക്കുന്ന സാഹചര്യമാണുള്ളതെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം. ജാബിര്‍ പറഞ്ഞു.
അമേരിക്കന്‍ മലയാളികളുടെ മാതാപിതാക്കളുടെ സുരക്ഷിതത്വവും സ്വത്തിന്റെ സംരക്ഷണവും സംബന്ധിച്ച ആശങ്കകള്‍ അമേരിക്കയില്‍നിന്നുള്ള അനീഷ് പങ്കുവച്ചു. വീട് താത്കാലികമായി വാടകയ്ക്ക് നല്കിയവര് പിന്നീട് വീട് സ്വന്തമാക്കുന്ന കേസുകള്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുകയാണെന്നു സൈബിരിയയില്നിന്നും പ്രതിനിധിയായി എത്തിയ സുബിന് പറഞ്ഞു.
ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് പോലുള്ള പ്രധാന രേഖകളിലെ തെറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെല്ലാം പ്രവാസി ഭരണ നിര്‍വഹണം-നവീകരണ സാധ്യതകളും പരിഷ്കാരങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ചയായി. ധനകാര്യ കമ്മീഷന് ചെയര്മാന് ഡോ.കെ.എന്‍. ഹരിലാല്‍ മോഡറേറ്റര്‍ ആയിരുന്ന ചര്‍ച്ചയില്‍ നോര്‍ക്ക സെക്രട്ടറി ടി.വി. അനുപമ പങ്കെടുത്തു.
ശുഭദിനം.
Tags:
KERALA