2026 | ജനുവരി 03 | ശനി | 1201 | ധനു 18 | തിരുവാതിര | 1447 റജബ് 14
*◼️അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം*
വിവാദ എഐ ഇമേജ് എഡിറ്റുകളിൽ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങൾ എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കുപയോഗിച്ച് മോശം രീതിയിൽ എഡിറ്റ് ചെയ്യുന്നത് വ്യാപകമായിരുന്നു. ലൈംഗീക ചുവയുള്ള രീതിയിൽ കുട്ടികളുടെയടക്കം ചിത്രങ്ങൾ എഐ എഡിറ്റ് ചെയ്തിട്ടും അത് നിയന്ത്രിക്കാനോ നീക്കം ചെയ്യാൻ എക്സ് ഒരു ശ്രമം നടത്തിയിരുന്നില്ല. എഐ ദുരുപയോഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര നീക്കം. എഴുപത്തിരണ്ട് മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
*◼️55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്*
നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 9N-AMF, ATR 72-500 നമ്പർ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ട്രാക്കറുകൾ പറയുന്നു. കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു.
*◼️വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി; 'പല വേഷത്തിൽ അവർ വരും, ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരും'*
വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നു. പല വേഷത്തിൽ അവർ വരും ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതക്കെതിരെ കർക്കശനിലപാടാണ് കേരളം എടുക്കുന്നത്. ഇത്തരം ആളുകളെ സഹായിക്കുന്നവർ നാടിൻ്റെ ഭാവിയാണ് തകർക്കുന്നത് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃത്താല മണ്ഡലത്തിലെ ചാലിശേരിയിൽ നടക്കുന്ന കുടുംബശ്രീ സരസ് മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനവും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പരാമർശിച്ചു.
*◼️`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്*
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്. മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേതെന്ന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തെളിയിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി വയനാട്ടില്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി പദം മുസ്ലീംലീഗ് ആവശ്യപ്പെടുമെന്ന ചർച്ച ഇടതുപക്ഷമാണ് ഉണ്ടാക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യ ഘട്ട വീടുകള്‍ ഫെബ്രുവരി 28ന് കൈമാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
*◼️തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം; പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍, 'മുമ്പേ മുന്നറിയിപ്പ് നല്‍കിയത്, ജനം മാറ്റം ആഗ്രഹിച്ചു'*
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. 2024 ൽ മത്സരിക്കുമ്പോൾ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകൾ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂര്‍ പറയുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു. സർക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു. അതിന് അവർ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂർ പാതി ബിജെപിക്കാരൻ എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയോടും തരൂർ പ്രതികരിച്ചു. എത്രയോ തവണ കേട്ട കാര്യമാണിത്. താൻ എഴുതുന്നത് പൂർണമായി വായിക്കണം എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.
*◼️വര്‍ഗീയ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി*
വര്‍ഗീയ പരാമര്‍ശങ്ങളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്. നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സുനന്ദ് പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ് എസ് സുനന്ദ്.
*◼️ഇൻഡോർ മലിനജല ദുരന്തം: നടപടിയുമായി മധ്യപ്രദേശ് സർക്കാർ; അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്ന് രാഹുൽ ഗാന്ധി*
ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡിഷണൽ കമ്മീഷണർ, സൂപ്രണ്ടിങ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെയും നിയമിച്ചു. ഇൻഡോറിൽ മലിന ജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ മരണം 10 ആയി. പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ.ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, വിഷമാണെന്നും അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്നും രാഹുൽ പ്രതികരിച്ചു.
*◼️'കൂട്ടത്തോടെ ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും'; നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർക്ക് സീറ്റ് കൊടുക്കേണ്ടെന്ന് കോൺഗ്രസിൽ വികാരം*
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കാൻ സാധ്യത കുറവ്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എംപിമാർ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുതിർന്ന നേതാവ് പി.ജെ.കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്തമാസം തുടങ്ങുന്ന യുഡിഎഫ് ജാഥയ്ക്ക് മുമ്പ് അൻപത് സ്ഥാനാർത്ഥികളെ കോൺഗ്രസ് നിശ്ചയിച്ചേക്കും. വയനാട് ക്യാമ്പിൽ ഇതിൻ്റെ രൂപരേഖയാകും.
*◼️ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'*
വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം നടത്തുന്ന പ്രക്ഷോഭകർക്ക് നേരെ ആക്രമിക്കുകയോ വെടിവെയ്പ്പ് നടത്തുകയോ ചെയ്താൽ ഇടപെടുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. ഇറാനിൽ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോഴാണ് ഇറാൻ ഭരണകൂടത്തിന് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ വെടിവെച്ചാൽ അവരെ രക്ഷിക്കാൻ അമേരിക്ക എത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയത്. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇറാനിൽ 7 പേർ കൊല്ലപ്പെട്ടന്ന വാർത്തകൾക്ക് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.
*◼️ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്*
കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതയുടെ മതിലിടിഞ്ഞു വീണു. അപ്പ്രോച്ച് റോഡിന്റെ ഇന്റർലോക്ക് കോൺക്രീറ്റ് സ്ലാബ് ആണ് തകർന്നത്. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ആണ് അപകടം. സർവീസ് റോഡിൽ അപകടം നടന്ന സമയത്ത് വാഹനങ്ങളും ആളുകളും ഇല്ലാത്തത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. സുരക്ഷ ഉറപ്പാക്കാതെ നിർമാണം തുടരാൻ അനുവദിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. നിർമാണ കമ്പനിക്ക് എതിരെ പ്രതിഷേധവുമായി സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്.
*◼️ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ*
ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി. അന്വേഷണവുമായി താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നാണ് എൻ വാസുവിന്റെ വാദം. ആ സാഹചര്യത്തിൽ തന്നെ കൂടുതൽ നാള്‍ കസ്റ്റഡിയിൽ വെയ്ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാസുവിന്റെ വാദം. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മറ്റൊരു പ്രതിയായ ജയശ്രീയും സുപ്രീം കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷയുമായി സമീപിച്ചിരുന്നു. ആരോഗ്യനിലയടക്കം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സുപ്രീം കോടതിയിലെത്തിയത്. സുപ്രീം കോടതി ജാമ്യാപേക്ഷ അംഗീകരിക്കുകയും ചെയ്തിരുന്നു.
*◼️രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ല; രാഹുലിന്റെ അതൃപ്തിക്ക് പിന്നാലെ തിരുത്തുമായി പി ജെ കുര്യൻ*
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. മറ്റ് ആരെങ്കിലും പാലക്കാട് നിന്നാൽ ജയിക്കുമോ എന്ന് ചോദിച്ചതിന് ജയിക്കും എന്ന മറുപടി മാത്രം ആണ് നൽകിയത് എന്നുമാണ് പി ജെ കുര്യൻ്റെ വിശദീകരണം. സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ കുര്യനെ നേരിട്ട് രാഹുൽ അതൃപ്തി അറിയിച്ചിരുന്നു.
*◼️രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്*
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇതേ കേസിൽ ഒന്നാംപ്രതി രാഹുലിൻ്റ ജാമ്യം കോടതി നേരത്തെ തള്ളിയതാണെന്നും ഈ സാഹചര്യത്തിൽ ജോബിക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഗുളികയെ കുറിച്ച് മറ്റൊന്നും അറിയില്ലെന്നും നിരപരാധിയാണെന്നുമാണ് പ്രതിഭാഗം വാദം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പറയുക. രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ച്, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നാണ് കേസ്.
*◼️മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും*
മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികള്‍. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന ആൻറണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. 10 വർഷം മുതൽ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
*◼️വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'*
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വിഎസ് സനോജും പറഞ്ഞു. മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താന്നുള്ള സംഘപരിവാർ - ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്. അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല. ഏത് തരം വർഗ്ഗീയ രാഷ്ട്രീയത്തെയും തുറന്നെതിർക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകൾക്കും അഭിപ്രായ ഭിന്നതകൾക്കുമുള്ള മറുപടി വർഗ്ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്. വെള്ളാപ്പള്ളി നടേശൻ ഇത്തരം പ്രസ്ഥാവനകൾ തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
*◼️വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി*
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ പരാതി നൽകി യൂത്ത് ലീഗ്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയാണ് വെള്ളാപ്പള്ളി നടേശനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്.
*◼️വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്*
പാലക്കാട് ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. നിലവില്‍ സുരേഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റാണ് സുരേഷ്.
*◼️പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; സംഭവം പത്തനംതിട്ടയിൽ*
പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ. 13കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതിക്കാണ് സിഐ ജാമ്യം നിന്നത്. സൈബർ സെൽ സിഐ ആയ സുനിൽ കൃഷ്ണനാണ് ജാമ്യം നിന്നത്. കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിയായിരുന്നു പോക്സോ കേസ് പ്രതി. സുനിൽ കൃഷ്ണന്റെ അയൽവാസിയാണ് പ്രതി. എന്നാൽ, വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
Tags:
KERALA