2025 നവംബർ 10 തിങ്കൾ
1201 തുലാം 24 പുണർതം
1447 ജ : അവ്വൽ 19
◾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ എല്ലാ മതങ്ങളില്‍ നിന്നുള്ളവര്‍ക്കും ആര്‍എസ്എസില്‍ ചേരാമെന്നും എന്നാല്‍ മതപരമായ വേര്‍തിരിവ് മാറ്റിവെച്ച് ഏകീകൃത ഹിന്ദു സമൂഹത്തിലെ അംഗങ്ങളായി ചേരണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ശാഖകളില്‍ പങ്കെടുക്കുന്ന ആരോടും ആര്‍എസ്എസ് ജാതിയോ മതമോ ചോദിക്കാറില്ലെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ശാഖയില്‍ വന്നാല്‍ അവരോടാരോടും ഞങ്ങള്‍ മതം ചോദിക്കില്ലെന്നും അവരെല്ലാം ഭാരതാംബയുടെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആര്‍എസ്എസ് പിന്തുണക്കുന്നില്ലെന്നും ദേശീയ താത്പര്യം അനുസരിച്ചുള്ള നയങ്ങളെയാണ് പിന്തുണക്കുന്നതെന്നും വോട്ട് രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ആര്‍എസ്എസ് പങ്കെടുക്കുന്നില്ലെന്നും സമൂഹത്തെ ഒന്നിപ്പിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയം സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും അതിനാലാണ് ആര്‍എസ്എസ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന പ്രഭാഷണ പരമ്പരയിലാണ് മോഹന്‍ ഭാഗവത് നയം വ്യക്തമാക്കിയത്.
◾ ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തുമെന്ന് നിയുക്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കുമെന്നും അവരവരുടെ ജോലികള്‍ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കുമെന്നും തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്നും ജയകുമാര്‍ പറഞ്ഞു.
◾ എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
◾ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും കുട്ടികള്‍ ഗണഗീതം പാടിയതില്‍ തെറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ലെന്നും ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം എന്നും പറഞ്ഞു.
◾ എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സംഗീതം ആസ്വദിക്കാനുള്ളതാണെന്നും തീവ്രവാദ ഗാനമൊന്നും അല്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുട്ടികളുടെ പാട്ട് ആഘോഷത്തിന്റെ ഭാഗമാണെന്നും അതിന്റെ പേരില്‍ വിവാദമുണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾ കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതില്‍ വിമര്‍ശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ സുധാകരന്‍ പങ്കെടുത്ത പരിപാടിയിലാണ് ശിവഗിരി മഠാധിപതിയുടെ വിമര്‍ശനം. ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്. എന്നാല്‍, ദേശീയ അധ്യക്ഷനേക്കാള്‍ ആരോഗ്യം സുധാകരനുണ്ടെന്നും സ്വാമി സച്ചിദാനന്ദ വിമര്‍ശിച്ചു.
◾ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. അണുബാധയെ തുടര്‍ന്നായിരുന്നു മരണമെന്നാണ് ആരോപണം. ആരോഗ്യവതിയായി ആശുപത്രിയില്‍ എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നും ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മരണത്തിനു പിന്നാലെ മരിച്ചശിവപ്രിയയുടെ രണ്ടുകുട്ടികളുമായി കുടുംബം ആശുപത്രിക്ക് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
◾ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
◾ ആരോഗ്യ മേഖലയെ ആളക്കൊല്ലി സംവിധാനമാക്കിയെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വേണുവും ശിവപ്രിയയും ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ രക്തസാക്ഷികളാണെന്നും രണ്ടു കുടുബങ്ങള്‍ക്കും സര്‍ക്കാര്‍ നീതി ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊല്ലം സ്വദേശി വേണു മരിച്ചതില്‍ ചികിത്സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തല്‍. കേസ് ഷീറ്റില്‍ പോരായ്മകള്‍ ഇല്ലെന്നും ചികിത്സ പ്രോട്ടോക്കോള്‍ പാലിച്ചതായും ആണ് രേഖകള്‍. ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി.അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.
◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുന്‍ കായിക താരവും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും.
◾ തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്. 20 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും എന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ബിഡിജെഎസ് വിമര്‍ശനം.
◾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇന്നലെ രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താരയുടെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും മുകേഷ് അംബാനി ഉറപ്പ് നല്‍കി.
◾ പാലക്കാട് കല്ലിംഗല്‍ ജംഗ്ഷനില്‍ കാട്ടുപന്നി കുറുകെ ചാടി കാര്‍ മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന വിവരം വരുന്നുണ്ടെന്നും അതുപോലെ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് അപകടം എന്നും പറയുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വന്യജീവി ആക്രമണം മൂലമാണ് അപകടം ഉണ്ടായതെങ്കില്‍, നല്‍കേണ്ട സഹായങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കും എന്നും മന്ത്രി പറഞ്ഞു.
◾ തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സഹയാത്രികന്‍ പലതവണ കടന്നുപിടിച്ചതോടെ യുവതി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.പ്രതിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
◾ കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുവനിരയുമായി കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. 21 വയസുള്ള രണ്ട് വനിതകള്‍ അടക്കം ഒമ്പത് സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാറാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. നിയമ വിദ്യാര്‍ത്ഥിനികളായ കെ.എസ്. ആര്‍ച്ച, ജയലക്ഷ്മി എന്നിവരാണ് 21കാരായ സ്ഥാനാര്‍ത്ഥികള്‍.
◾ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്‍ അസീസ് അസീസിനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു.
◾ ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭക്കും പങ്കുണ്ടെന്നും മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
◾ കേരള യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള (68) അന്തരിച്ചു. ഇന്നലെ രാവിലെ 9 മണിയോടെ ആയിരുന്നു അന്ത്യം. ഇന്ന് കേരള യൂണിവേഴ്സിറ്റിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഇന്ന് നടക്കും.
◾ കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ട് കാരിയേജ് ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്.
◾ കുറ്റ്യാടിയില്‍ അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം. അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് ഒരു സംഘമാളുകള്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തില്‍ പേരാമ്പ്ര സ്വദേശിയായ ഫെമിനക്ക് പരിക്കേറ്റു. അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
◾ ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ആരോപണവുമായി കുടുംബം. കൊല്ലം സ്വദേശി രേഷ്മയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് ബന്ധുക്കള്‍ പറയുന്നു. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം.
◾ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ പലസ്ഥലങ്ങളിലും പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ തടയുന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗുണ്ടായിസം നടത്തുന്നവരെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും അക്രമികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി നമസ്തേ കേരളത്തില്‍ പറഞ്ഞു. ഊബറും ഓലയുമെല്ലാം സംസ്ഥാനത്ത് നിയമവിരുദ്ധമായാണ് ഓടുന്നത് എന്ന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഇതിലും മന്ത്രി വ്യക്തത വരുത്തി.
◾ സര്‍ക്കാരിനെതിരായ വിമര്‍ശനം അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്നും നേരിട്ട് നല്‍കുന്നതാണ് നല്ലതെന്നും പോസ്റ്റ് ചെയ്ത എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെന്നും ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണെന്നും വിധിയില്‍ കോടതി വ്യക്തമാക്കി.
◾ ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലില്‍ വീട് നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈവിട്ടെന്ന് പരാതി. ദുരന്തബാധിതര്‍ക്ക് താല്‍ക്കാലികമായി താമസത്തിന് അനുവദിച്ച കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ദുരന്തബാധിതര്‍ക്ക് അനുവദിച്ച ധനസഹായവും ഇതുവരെ നല്‍കിയിട്ടില്ല എന്നാണ് പരാതി.
◾ കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗം മേധാവിക്കെതിരെ കേസ്. വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവും, ഗവേഷകനുമായ വിപിന്‍ വിജയന്‍ നല്‍കിയ പരാതിയിലാണ് കേസ്. എസ് സി| എസ് എസ് ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസീസില്‍ ഒപ്പിടുകയും ചെയ്തില്ലെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി.
◾ ലെസ്ബിയന്‍ പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ. മൂന്നു കുട്ടികളുടെ മാതാവും തൊട്ടയല്‍പക്കത്ത് താമസിക്കുന്ന 22-കാരിയും തമ്മിലുള്ള ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവിന്റെ സംശയങ്ങളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്.ചെന്നൈയിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നാതി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഭാരതി, സുമിത്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
◾ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ 1990-ലെ രഥയാത്രയെ ന്യായീകരിച്ച് ശശി തരൂര്‍. അദ്വാനിയുടെ നീണ്ട വര്‍ഷത്തെ സേവനത്തെ, എത്ര പ്രധാനപ്പെട്ടതാണെങ്കിലും, ഒരു സംഭവത്തിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്നാണ് തരൂരിന്റ അഭിപ്രായം. എന്നാല്‍ തരൂര്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും കോണ്‍ഗ്രസ് അതില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്നുവെന്നും ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമെന്ന നിലയില്‍ അദ്ദേഹം അത് തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകതയായ ജനാധിപത്യവും ഉദാരതയുമാണ് കാണിക്കുന്നതെന്നും പവന്‍ രേഖ എക്‌സില്‍ കുറിച്ചു.
◾ മധ്യപ്രദേശിലെ പഞ്ച്മറിയില്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കുള്ള പരിശീലന ക്യാമ്പിന് വൈകിയെത്തിയ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച് ക്യാമ്പ് മേധാവി സച്ചിന്‍ റാവു. ക്യാമ്പിന് വൈകി വരുന്നവര്‍ ശിക്ഷ നേരിടേണ്ടി വരുമെന്ന തന്റെ മുന്‍ നിര്‍ദേശം സച്ചിന്‍ റാവു ഓര്‍മ്മിപ്പിച്ചതോടെ രാഹുല്‍ ഗാന്ധി ക്യാമ്പിലെത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ വെച്ച് പത്ത് തവണ പുഷ് അപ്പ് എടുത്തു. പ്രതിനിധികള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. പരിശീലന ക്യാമ്പില്‍ സമയനിഷ്ഠ പാലിച്ച് പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷ നടപ്പാക്കിയത്.
◾ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ബിഹാര്‍ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിനായി നാളെ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ ഇരു മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 160 ലധികം സീറ്റുകള്‍ നേടി എന്‍ ഡി എ വമ്പന്‍ വിജയം നേടി അധികാരത്തില്‍ തുടരുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
◾ വോട്ട് കൊള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലുള്ള ചോദ്യങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസ്. ബിഹാര്‍ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ്, മൂന്നാം തീയതി ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് 4 പ്രത്യേക ട്രെയിനുകള്‍ എന്തിന് പോയെന്ന ചോദ്യമാണ് കപില്‍ സിബല്‍ ഉയര്‍ത്തുന്നത്. ഈ ദിവസങ്ങളില്‍ 6000 പേരുമായി പോയ 4 സ്പെഷ്യല്‍ ട്രെയിനുകളിലുണ്ടായിരുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരാണോ അതോ എന്തെങ്കിലും പ്ലാന്‍ഡ് ഓപ്പറേഷനാണോ എന്നും കപില്‍ സിബല്‍ ചോദിച്ചു.
◾ 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയുടെ സ്വത്ത് ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കി. മെഹുല്‍ ചോക്‌സിയുമായി ബന്ധപ്പെട്ട 'ഗീതാഞ്ജലി ജെംസ് ലിമിറ്റഡി'ന്റെ ഉടമസ്ഥതയിലുള്ള 46 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ ലേലംചെയ്യാനാണ് മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്.
◾ മധ്യപ്രദേശിലെ ഷിയോപൂരില്‍ കുട്ടികള്‍ക്ക് നിലത്ത് പേപ്പറിട്ട് ഭക്ഷണം വിളമ്പിയ സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ ബിജെപി. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ റാംനിവാസ് റാവത്ത് സ്‌കൂളിലെത്തുകയും കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇന്നലെ സ്‌കൂളില്‍ അധികൃതര്‍ സ്റ്റീല്‍ പ്ലേറ്റ് എത്തിച്ചിരുന്നു. കുറ്റക്കാരെ എല്ലാവരെയും സസ്പെന്‍ഡ് ചെയ്തെന്നും ശക്തമായ നടപടി ഉറപ്പാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
◾ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 1 മുതല്‍ 19 വരെ നടക്കും. അവധി ദിനങ്ങള്‍ ഒഴിവാക്കിയാല്‍ 15 ദിവസം മാത്രമാണ് സഭ സമ്മേളിക്കുന്നത്. സഭാ സമ്മേളനത്തിന്റെ കാലാവധി വെട്ടിചുരുക്കിയതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷം. വഴിപാട് സമ്മേളനമെന്നും, കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനും 'പാര്‍ലമെന്റോഫോബിയ' എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിഹാസം.
◾ ജപ്പാനിലെ വടക്കന്‍ തീരപ്രദേശമായ ഇവാതെ മേഖലയില്‍ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം ഇന്നലെ വൈകുന്നേരം 5 മണിക്കാണ് ഉണ്ടായത്. സമുദ്രത്തിനടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾ സുഡാനില്‍ നടന്ന കൂട്ടക്കൊലകളുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സുഡാനീസ് സൈന്യവുമായുള്ള രണ്ടര വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ അല്‍-ഫാഷിര്‍ ഗരം പിടിച്ചെടുത്ത ആര്‍എസ്എഫ് സായുധ സംഘം നൂറുകണക്കിനാളുകളെ ആണ് കൂട്ടത്തോടെ വകവരുത്തിയത്. ഒട്ടേറെ സാധാരണക്കാരെ ആര്‍എസ്എഫ് സംഘം വളയുകയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയും പിന്നീട് വാഹനങ്ങള്‍ ഉപയോഗിച്ച് ചതച്ചരയ്ക്കുകയും ചെയ്തുവെന്ന് ഒരു ദൃക്‌സാക്ഷി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
◾ അതിര്‍ത്തി തര്‍ക്കം പരിഹരിയ്ക്കാന്‍ ഇസ്താംബുളില്‍ നടന്ന പാക്-അഫ്ഗാന്‍ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനെതിരെ താലിബാന്‍ രംഗത്ത്. അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭരണകൂടം ഉണ്ടായത് പാക് സൈന്യത്തിന് ദഹിക്കുന്നില്ലെന്ന് താലിബാന്‍ കുറ്റപ്പെടുത്തി. ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നും, ഈ നിലപാടാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമായതെന്നും താലിബാന്‍ വക്താക്കള്‍ ആരോപിച്ചു.
◾ പാകിസ്ഥാനില്‍ ഭരണഘടനാ ഭേദഗതിയിലൂടെ കരസേനാ മേധാവി അസിം മുനീറിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. അസിം മുനീര്‍ എല്ലാ സേനകളുടെയും തലവനാകും. പാകിസ്ഥാന്റെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയാകാന്‍ ജനറല്‍ അസിം മുനീറിന് വഴിയൊരുക്കുകയാണ് പാകിസ്ഥാന്‍. മൂന്ന് സേനകള്‍ക്കിടയിലും ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
◾ ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്നതിനായി പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ കീഴില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
◾ ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റുചെയ്തു. ഡോ. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഇവരെ, കഴിഞ്ഞ ഒരുവര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് എടിഎസ് അറിയിച്ചു.
◾ ഒരു ദശാബ്ദത്തിലേറെ മുമ്പ് ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികന്‍ ലെഫ്റ്റനന്റ് ഹദര്‍ ഗോള്‍ഡിന്റേതാണെന്ന് ഹമാസ് അവകാശപ്പെടുന്ന മൃതദേഹം ഇസ്രായേലിന് ലഭിച്ചതായി ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ഞായറാഴ്ച അറിയിച്ചത്. 2014-ല്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ അവസാന ദിവസങ്ങളിലാണ് ഗോള്‍ഡിന്‍ കൊല്ലപ്പെട്ടത്, അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഗാസയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
◾ പൊലീസ് പിടിക്കാതിരിക്കാന്‍ അമിതവേഗതയില്‍ പാഞ്ഞ കാര്‍ ബാറിലേക്ക് ഇടിച്ചുകയറി അമേരിക്കയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഫ്ലോറിഡയിലെ ടാമ്പ നഗരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദത്തെ തുടര്‍ന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടര്‍ണസും രാജിവച്ചു. 20 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി വിടുന്നത്. ബിബിസി ഡയറക്ടര്‍ ബോര്‍ഡ് ഇരുവരുടെയും രാജി തീരുമാനം അംഗീകരിച്ചു. 2021 ജനുവരിയിലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ട്രംപിന്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങളിലെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒന്നാക്കി കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരുടെയും രാജി.
◾ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ടൊര്‍ണാഡോയില്‍ തെക്കന്‍ ബ്രസീലില്‍ 6 പേര്‍ കൊല്ലപ്പെട്ടു. 750 തിലേറെ പേര്‍ക്കാണ് അസാധാരണ ശക്തിയോടെ വീശിയടിച്ച ടൊര്‍ണാഡോയില്‍ പരിക്കേറ്റത്. ചരിത്രത്തില്‍ ഏറ്റവുമധികം നാശ നഷ്ടമുണ്ടാക്കിയ ടൊര്‍ണാഡോയെന്നാണ് പരാന ഗവര്‍ണര്‍ രതിനോ ജൂനിയര്‍ കൊടുങ്കാറ്റിനെ വിശേഷിപ്പിച്ചത്. വ്യവസായ മേഖലയിലേയും ജനവാസ മേഖലയിലെ കെട്ടിടങ്ങളും ടൊര്‍ണാഡോയില്‍ തകര്‍ന്നു. വലിയ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്ന് വീണ് സമീപത്തെ ചെറിയ കെട്ടിടങ്ങളും തകര്‍ന്നു. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ചത്തെ ഓഹരി വിപണിയില്‍ ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 88,635 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 722 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റി 229 പോയിന്റും താഴ്ന്നു. ഭാരതി എയര്‍ടെലിന്റെ മാത്രം വിപണി മൂല്യത്തില്‍ 30,506 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 11,41,048 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്. ടിസിഎസ് 23,680 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 12,253 കോടി, റിലയന്‍സ് 11,164 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 7,303 കോടി, ഇന്‍ഫോസിസ് 2,139 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 18,469 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐ 17,492 കോടി, ബജാജ് ഫിനാന്‍സ് 14,965 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ഇത്തവണയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.
◾ മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ നായകാനായി എത്തുന്ന 'അതിഭീകര കാമുകന്‍' നവംബര്‍ 14ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അര്‍ജുന്‍ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വര്‍ഷം കഴിഞ്ഞ് കോളേജില്‍ പഠിക്കാന്‍ ചേരുന്നതും തുടര്‍ന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തില്‍ മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു പ്രണയവും അതോടൊപ്പം രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രം. അശ്വിന്‍, കാര്‍ത്തിക്, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.
◾ ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ദ്. അദ്ദേഹത്തിന്റെ മൂന്നാം ചിത്രം 'സംഘര്‍ഷഘടന' മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ ചിത്രമായിരുന്നു. 2024 ല്‍ ആ വര്‍ഷത്തെ കേരളം രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ്സ് പ്രഖ്യാപിച്ചിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെ നവംബര്‍ 14 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. വിഷ്ണു അഗസ്ത്യയും സനൂപ് പടവീടനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. രാഹുല്‍ രാജഗോപാല്‍. ഷിന്‍സ് ഷാം, കൃഷ്ണന്‍, മഹി, മേഘ, മൃദുല മുരളി തുടങ്ങിയവരും ചിത്രത്തില്‍ മാറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
◾ 2025 നവംബറില്‍ ഫോക്‌സ്വാഗണ്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്കായി ആവേശകരമായ ഓഫറുകള്‍ അവതരിപ്പിച്ചു . കമ്പനിയുടെ പ്രീമിയം എസ്യുവിയായ ഫോക്‌സ്വാഗണ്‍ ടിഗ്വാനും ടൈഗണ്‍, വിര്‍ടസ് എന്നിവയ്ക്കും ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ടിഗ്വാന്‍ ആര്‍ ലൈന്‍ വാങ്ങാന്‍ കമ്പനി മൂന്ന് ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രണ്ട് ലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്. ലോയല്‍റ്റി ബോണസുകളില്‍ 50,000 രൂപ കിഴിവ് ഉള്‍പ്പെടുന്നു. എക്സ്ചേഞ്ച് ബോണസുകള്‍ അല്ലെങ്കില്‍ സ്‌ക്രാപ്പേജ് 50,000 അല്ലെങ്കില്‍ 20,000 രൂപ ഓഫറുകള്‍ നല്‍കുന്നു. ടിഗ്വാന്‍ ആര്‍ ലൈനിന് ഇന്ത്യയില്‍ ഏകദേശം 49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്. ടൈഗണ്‍ 1.0 ടിഎസ്‌ഐയില്‍ രണ്ട് ലക്ഷം വരെയുള്ള മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. ഫോക്‌സ്വാഗന്റെ വിര്‍ടസിന് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച്, ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ കാറില്‍ 1.50 ലക്ഷം രൂപ വരെ ലാഭിക്കാം.
◾ ആരോഗ്യവും അഴകും തികഞ്ഞൊരു കുഞ്ഞ്. അതെല്ലാ മനുഷ്യരു ടെയും ഒരു സ്വപ്നമാണ്. പണ്ടൊക്കെ പ്രസവം അങ്ങ് സംഭവിക്കുകയായിരുന്നു. അതിലെ തെറ്റും ശരികളും ഒന്നും അറിയാതെതന്നെ. എന്നാല്‍ ഇന്നുവേണ്ടത്, ഇതിനു പുറകിലെ ശാസ്ത്രവും ശരിയും തെറ്റും എല്ലാം അറിഞ്ഞു പെരുമാറുന്ന ഒരു തലമുറയെയാണ്. അതിനുള്ള ശ്രമമാണ് ഈ പുസ്തകം. കൗമാരക്കാര്‍ മുതല്‍ സ്വന്തം കുഞ്ഞിനെ ലാളിക്കാന്‍ കൊതിക്കുന്ന അച്ഛനമ്മമാര്‍ക്കും മുത്തശ്ശി- മുത്തശ്ശന്മാര്‍ക്കും വരെ അറിയേണ്ട കാര്യങ്ങള്‍ ലളിതമായി എന്നാല്‍ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. 'കുട്ടിക്കാര്യം കുട്ടിക്കളിയല്ല'. ഡോ. സൗമ്യ സരിന്‍. ഡിസി ലൈഫ്. വില 266 രൂപ.
◾ പുതിയതായി ഒരാളെ പരിചയപ്പെടുമ്പോള്‍ നാം പലപ്പോഴും കൈനീട്ടി അവര്‍ക്ക് ഹസ്തദാനം നല്‍കാറുണ്ട്. ഇത് സൗഹൃദങ്ങള്‍ പുതുക്കാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സഹായിക്കും. എന്നാല്‍ ചുമ്മാ കേറി കൈ കൊടുക്കുന്നതിന് മുന്‍പ് ചില രോഗ സാധ്യതകള്‍ കൂടിയാണ് നല്‍കുകയോ വാങ്ങുകയോ ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട്. ഇനി പറയുന്ന അഞ്ച് രോഗങ്ങള്‍ ഹസ്തദാനം വഴി പടരാവുന്നതാണ്. ജലദോഷമുള്ളപ്പോള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകള്‍കൊണ്ട് തടയുന്നത് രോഗാണുക്കള്‍ കൈകളില്‍ എത്താനും ഹസ്തദാനം നല്‍കുമ്പോള്‍ ഇത് മറ്റുള്ളവരിലേക്ക് പെട്ടെന്ന് പകരാനും കാരണമാകും. വെറുതെ മൂക്ക് തിരുമ്മിയാല്‍ കൂടി ഇത്തരം അണുക്കള്‍ കൈകളിലെത്താം. ഉയര്‍ന്ന തോതിലുള്ള പനി, ശരീരവേദന, കുളിര്‍, ക്ഷീണം, നിരന്തരമായ ചുമ എന്നിവയാണ് ഇന്‍ഫ്‌ളുവന്‍സയുടെ ലക്ഷണങ്ങള്‍. ഇന്‍ഫ്ലുവന്‍സ ബാധിതരുടെ കൈകളിലും രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹസ്തദാനത്തിലൂടെ ഇന്‍ഫ്ലുവന്‍സ പകരാന്‍ കാരണമായേക്കാം. കണ്ണ് ദീനം അഥവാ കണ്‍ജക്ടീവിറ്റിസ് കൈകളിലൂടെ മറ്റുള്ളവരിലേക്ക് എളുപ്പം പടരാം. രോഗികള്‍ കണ്ണില്‍ സ്പര്‍ശിച്ച ശേഷം മറ്റൊരാളെ തൊടുമ്പോള്‍ അവരിലേക്ക് ഇതിന്റെ അണുക്കള്‍ പടരുന്നു. ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുള്ള ചില ചര്‍മത്തിലെ അണുബാധകളും ഹസ്തദാനത്തിലൂടെ പകരാറുണ്ട്. ചര്‍മത്തിലെ ചെറിയ ചുവപ്പ്, കുരുക്കള്‍,ചൊറിച്ചില്‍ എന്നിങ്ങനെയാണ് ഈ അണുബാധയ്ക്ക് തുടക്കമാകുക. പിന്നീട് പലയിടത്തേക്കും പടരാനും വേദനയും നീരുമൊക്കെ ഉണ്ടാക്കാനും ഇത്തരം അണുബാധകള്‍ക്ക് സാധിക്കും. ഇ-കോളി, സാല്‍മണെല്ല പോലുള്ള ഗുരുതര ബാക്ടീരിയകളും കൈകള്‍ വഴി പടരാം. വയറിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാക്കുന്നു. ഈ ബാക്ടീരിയ പുരണ്ട കൈ ഉപയോഗിച്ച് പ്രതലങ്ങളിലും വാതില്‍പ്പിടിയിലും മറ്റും രോഗി സ്പര്‍ശിച്ചാല്‍ അവിടെ നിന്ന് ഇതില്‍ തൊടുന്ന മറ്റുള്ളവരിലേക്ക് ബാക്ടീരിയ പകരാം. അതിസാരം, വയര്‍ വേദന, ഓക്കാനം, നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും ഈ ബാക്ടീരിയ ഉണ്ടാക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു പരുന്ത് ഒരു ചത്ത എലിയെ കൊത്തിയെടുത്തുകൊണ്ട് പറന്നുപോവുകയായിരുന്നു. പെട്ടെന്ന് എവിടെനിന്നോ വന്ന മറ്റു ചില പരുന്തുകള്‍ അതിനെ വട്ടമിട്ടു പറക്കുവാനും ആക്രമിക്കുവാനും തുടങ്ങി. അവ അതിനെ കൊക്കുകൊണ്ട് കൊത്തിക്കൊണ്ടേയിരുന്നു. കൊത്തുകൊണ്ട് അതിന്റെ ശരീരത്തില്‍നിന്നും ചോരയൊലിക്കാന്‍ തുടങ്ങി. ആ ആക്രമണം അപ്രതീക്ഷിതമായതിനാല്‍ പെട്ടെന്ന്, ഒരുനിമിഷത്തേക്ക് ആ പരുന്ത് പരിഭ്രമിച്ചു. എന്നാലത് എലിയെ വിട്ടുകൊടുത്തില്ല. പക്ഷേ ആ പരിഭ്രമത്തിനിടയില്‍ അറിയാതെ എലി അതിന്റെ പിടിയില്‍നിന്നും വഴുതി താഴേക്ക് വീണു. എലി താഴേക്ക് വീണതും വട്ടമിട്ടു പറന്നുകൊണ്ടിരുന്ന മറ്റ് പരുന്തുകളെല്ലാം അതിനെ ഉപേക്ഷിച്ച് എലിയുടെ പിറകേ പാഞ്ഞു. അവിചാരിതമായി ലോട്ടറി അടിക്കുന്നവര്‍ക്കും ആവശ്യത്തിലേറെ സാമ്പാദിക്കുന്നവര്‍ക്കും ഒക്കെ വന്നുചേരുന്ന ദുരന്തം ഇതുപോലെതന്നെയാണ്. കൂടുതല്‍ ധനം നമ്മുടെ കൈയ്യില്‍ വന്നുചേരുമ്പോള്‍ അതിന് ആവശ്യക്കാര്‍ ധാരാളമുണ്ടാവും. അവര്‍ നിരന്തരം ശല്യം ചെയ്തുകൊണ്ടേയിരിക്കും. ഒടുവില്‍ ആവശ്യം കഴിഞ്ഞ് നമ്മെ ഉപേക്ഷിച്ച് പോവുകയും ചെയ്യും. കാരണം അവര്‍ക്കാവശ്യം നമ്മളെയല്ല, നമ്മുടെ സമ്പത്തിനെയാണ്. ആവശ്യത്തിന് ധനവും സമ്പാദ്യവുമൊക്കെ വേണ്ടതുതന്നെ. കയ്യില്‍ കിട്ടിയത് നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനാവുന്നില്ലെങ്കില്‍ അവകൊണ്ട് എന്ത് പ്രയോജനം? അതുകൊണ്ട് ജീവിച്ചിരിക്കുന്ന കാലത്ത് നമുക്ക് നമ്മുടെ സന്തോഷത്തിനു മുന്‍ഗണന കൊടുക്കാന്‍ ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA