Trending

സായാഹ്ന വാർത്തകൾ

◾ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് ഇ ഡി സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. ലൈഫ് മിഷന്‍ കേസില്‍ 2023ലാണ് ഇ ഡി സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് സമന്‍സിന് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരുന്നത്. അതേസമയം, വിഷയത്തില്‍ ഇ ഡിയുടെ തുടര്‍ നടപടി ഉണ്ടായില്ലെന്നാണ് വിവരം.

◾ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയ വിവരം രഹസ്യമാക്കി വെച്ചതില്‍ ദുരൂഹതയുണ്ടെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ഇ.ഡി.യും സി.പി.എമ്മും ഈ വിവരം പൂഴ്ത്തിവെച്ചത് നിരവധി സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന എംആര്‍ അജിത് കുമാര്‍ പോയി കണ്ടത് എന്ന ആരോപണവുമായി വി.ഡി. സതീശന്‍. മകന് നോട്ടീസ് നല്‍കിയത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുഖ്യമന്ത്രിയും എന്തുകൊണ്ട് രണ്ടു വര്‍ഷം മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു.

◾ ഒന്നും മറക്കാനില്ലെന്നും എല്ലാ സത്യവും പുറത്തുവരട്ടെയെന്നും ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഒരാളെയും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡില്ലെന്നും നടപടികള്‍ അടുത്ത യോഗത്തില്‍ ആലോചിക്കുമെന്നും നടപടി മുരാരി ബാബുവില്‍ മാത്രം ഒതുങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. പെന്‍ഷന്‍ ഉള്‍പ്പെടെ തടയുന്നത് ആലോചിക്കുമെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി കള്ളനാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

◾ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. മോഷണം പോയ സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ അളവില്‍ ദേവസ്വം വിജിലന്‍സ് സംശയം രേഖപ്പെടുത്തി. വിജിലന്‍സിന്റെ റിപ്പോര്‍ട്ടും മൊഴികളും അനുസരിച്ച്, സ്വര്‍ണം ഉരുക്കി കിട്ടിയത് 989 ഗ്രാം ആണെന്ന കണക്ക് നല്‍കിയത് സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനമാണ്. എന്നാല്‍, ഇതിലും കൂടുതല്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിജിലന്‍സിന്റെ നീക്കം. ഈ പശ്ചാത്തലത്തില്‍, സ്വര്‍ണ്ണപ്പാളിയുടെ ശാസ്ത്രീയ പരിശോധന ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പമ്പയിലോ കേസെടുക്കും. ദേവസ്വം കമ്മീഷണര്‍ സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കുക. കവര്‍ച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തും. ഉണ്ണികൃഷ്ണന്‍പോറ്റിയും സഹായികളും 9 ഉദ്യോഗസ്ഥരും പ്രതികളാകും.

◾ വടകര എംപി ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഷാഫിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. മുന്‍ ദേശീയ കോഡിനേറ്റര്‍ വിനീത് തോമസാണ് പരാതി നല്‍കിയത്.

◾ പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഇന്നലെയുണ്ടായ വിശദീകരണം. പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം 'ഷോ' മാത്രമാണെന്നും ചില ഇടതു നേതാക്കള്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇടതുസമൂഹമാധ്യമ ഹാന്‍ഡിലുകളിലും ഷാഫി നടത്തുന്നത് 'നാടക'മാണെന്ന് ആക്ഷേപം ഉയര്‍ത്തിയിരുന്നു.

◾ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

◾ പേരാമ്പ്രയില്‍ യു.ഡി.എഫ്. പ്രകടനത്തിനിടെ ഷാഫി പറമ്പില്‍ എം.പിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും സി.പി.എം ഗൂഢാലോചന നടത്തിയതാണെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഷാഫി പറമ്പില്‍ എംപിക്ക് ജനങ്ങള്‍ക്കിടയിലുള്ള ജനസമ്മതി സിപിഎമ്മിനെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ഈ ആക്രമണമെന്നും കൂടാതെ, സര്‍ക്കാരിനെതിരെയുള്ള സ്വര്‍ണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

◾ പേരാമ്പ്ര സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എംപിയെ സന്ദര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ റൂറല്‍ എസ്പി ബൈജുവിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ബൈജു റൂറല്‍ എസ്പിയുടെ പണി ചെയ്താല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. റൂറല്‍ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടിയാണ് ഷാഫിയെ മര്‍ദ്ദിച്ചതെന്നും രാഹുല്‍ ആരോപിച്ചു.

◾ പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 692 പേര്‍ക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്.

◾ ആഘോഷമായി ഫ്ലാഗ് ഓഫ് കഴിഞ്ഞിട്ടും നിരത്തിലിറങ്ങാതെ എംവിഡിയുടെ പുതിയ വാഹനങ്ങള്‍. ഓഫീസുകള്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ പട്ടികയില്‍ ഗതാഗതമന്ത്രിയുടെ ഓഫീസ് മാറ്റം നിര്‍ദേശിച്ചതാണ് കാരണം. ഇന്നലെ 52 പുതിയ വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. രണ്ടുതവണയാണ് എംവിഡിയുടെ പുതിയ വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായുള്ള പരിപാടി നടന്നത്.

◾ കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ രണ്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊച്ചി വാട്ടര്‍ മെട്രോ ലോക ശ്രദ്ധ ആകര്‍ഷിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാഷ്ട്രങ്ങള്‍ വാട്ടര്‍ മെട്രോ നടപ്പിലാക്കാന്‍ കേരളത്തെ സമീപിച്ചുവെന്നും പ്രാദേശിക വികസനത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ വലിയ സംഭാവന നല്‍കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നമ്മുടെ നാട്ടില്‍ ഒരു കാലത്തും നടക്കില്ല, ഇങ്ങനെയായിപ്പോയി ഈ നാട് എന്ന് പൊതുജനങ്ങള്‍ കരുതിയ പല വികസന പദ്ധതികളും നടപ്പിലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു..

◾ വിദ്യാര്‍ത്ഥിനിക്കെതിരെ കെഎസ്ആര്‍ടിസി ബസ്സില്‍ അതിക്രമം നടത്തിയ ബസ് കണ്ടക്ടര്‍ പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി കോയമ്പത്തൂരില്‍ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് സംഭവം. രാത്രി ഏഴരയോടെയാണ് സംഭവം. കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

◾ പത്തനംതിട്ടയില്‍ 61കാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പൊലീസ് കണ്ടെത്തി. ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. ഇത് തീര്‍ക്കാനായി ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്തുവെന്നും പൊലീസ് കണ്ടെത്തി.

◾ പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

◾ കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരം ഉണ്ടാകാന്‍ കൊല്ലുന്ന പന്നിയെ തിന്നാന്‍ അനുവദിച്ചാല്‍ മതിയെന്ന് മന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി പാലമേല്‍ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.  കേന്ദ്ര നിയമം അതിന് അനുവദിക്കുന്നില്ലെന്നും കൊന്ന് തിന്നാന്‍ അനുവദിച്ചാല്‍ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരമാകുമെന്നും പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ എന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

◾ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനാപുരം, ഇടത്തറ സ്വദേശി ഷെമീറി(36)നെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചിതറ, വളവുപച്ച സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കിളിമാനൂരിലെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നും വിദേശത്ത് പോയ തന്നെ പിന്നാലെയെത്തി ശല്യം ചെയ്തെന്നുമുള്ള പരാതിയിലാണ് നടപടി.

◾ തലശ്ശേരി ഹുസ്സന്‍മൊട്ടയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഷാജി (60)ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

◾ കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകന്‍ ലെനന്‍ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

◾ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഉരുക്കിയതും ചുരുണ്ടിയതും തേടിയുള്ള അന്വേഷണമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനസര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒന്നുംചെയ്യുന്നില്ലെന്ന് മാത്രമല്ല, അടിച്ചുമാറ്റല്‍ ഒരുവശത്തുകൂടി യഥേഷ്ടം നടക്കുന്നുണ്ടെന്നും പാലക്കാട് നഗരസഭയിലെ ആറ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.

◾ തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകന്‍ രാജേഷാണ് കൊലയാളി. നിരവധി കേസുകളില്‍ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

◾ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്ളടക്കം പോസ്റ്റ് ചെയ്തതിനും ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിനും 55കാരനെ യുഎപിഎ ചുമത്തി കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഡബ താലൂക്കിലെ രാമകുഞ്ച സ്വദേശിയായ സയ്യിദ് ഇബ്രാഹിം തങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനം ഉണ്ടായിരുന്നിട്ടും, പ്രതി സംഘടനയെ പ്രോത്സാഹിപ്പിക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തുവെന്നും തുടര്‍ന്ന് മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

◾ രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിച്ചെന്നും ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിക്കാന്‍ കാരണം പ്രത്യുല്‍പാദന നിരക്ക് വര്‍ധിച്ചതല്ലെന്നും നുഴഞ്ഞുകയറ്റമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ദൈനിക് ജാഗരണ്‍ സംഘടിപ്പിച്ച 'നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം' എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

◾ മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. തൃത്താലൂര്‍ സ്വദേശി എസ് വിനോദ് കുമാര്‍ (35) ആണ് മക്കളെ കൊലപ്പെടുത്തിയത്.

◾ മധുരയില്‍ നിന്ന് 76 യാത്രക്കാരുമായി ചെന്നൈക്ക് പോയ ഇന്റിഗോ വിമാനത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് വിന്റ് ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിനാല്‍ യാത്രക്കാര്‍ സുരക്ഷിതരാണ്. ചെന്നൈയില്‍ നിന്ന് മധുരയിലേക്കുള്ള വിമാനത്തിന്റെ സര്‍വീസ് ഈ തകരാറിനെ തുടര്‍ന്ന് റദ്ദാക്കി.

◾ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സല്‍മാന്‍ ഇദ്രീസ് ഖാന്‍ (30), പ്രമോദ് ഛബ്ബന്‍ കാംബ്ലെ (28), ദര്‍ശിത് മോഹന്‍ റാവുത്ത് (32) എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്ന് എത്തിയ അബ്ദുള്‍ ബാഖി എന്ന യാത്രക്കാരന്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്.

◾ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ഫോര്‍മുല പ്രഖാപിക്കാന്‍ എന്‍ഡിഎ. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ വ്യക്തമാക്കി. ചിരാഗ് പാസ്വാനെയും അനുനയിപ്പിച്ചെന്ന് ബിജെപി അറിയിച്ചു. 26 സീറ്റ് വരെ ചിരാഗിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. മോദിയുള്ളിടത്തോളം തനിക്ക് ഭയമില്ലെന്നാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം.

◾ ആവര്‍ത്തിച്ചുള്ള വൈദ്യുത തകരാറുകള്‍ ചൂണ്ടിക്കാട്ടി എല്ലാ എയര്‍ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളും ഉടന്‍ നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരപു റാം മോഹന്‍ നായിഡുവിന് കത്തെഴുതി. ഇന്നത്തെ വിയന്ന-ദില്ലി വിമാനം ഓട്ടോപൈലറ്റ്, സിസ്റ്റം തകരാറുകളെ തുടര്‍ന്ന് ദുബായിലേക്ക് തിരിച്ചുവിട്ടതിനെ തുടര്‍ന്ന് പ്രത്യേക ഡിജിസിഎ ഓഡിറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.

◾ താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖിയുടെ വാര്‍ത്താസമ്മേളനത്തിന് വിളിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍. അഫ്ഗാന്‍ മന്ത്രിയുടെ ദില്ലിയിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവം ഞെട്ടിക്കുന്ന നടപടിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ പി ചിദംബരം പ്രതികരിച്ചു. പ്രതിഷേധിച്ച് പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകണമായിരുന്നുവെന്നും ചിദംബരം പറഞ്ഞു.

◾ പാക് പോലീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 7 പോലീസുകാരും 6 തീവ്രവാദികളും കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്ന് ആറ് പൊലീസുകാര്‍ കൂടി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

◾ അമേരിക്കന്‍ സൈന്യത്തിന്റെ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 18 പേരെ കാണാതായി. ടെന്നസിയിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൈന്യത്തിന്റെ ആയുധപ്പുരയിലാണ് സ്ഫോടനമുണ്ടായത്. യുഎസ് സൈന്യത്തിനായുള്ള സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന എട്ട് കെട്ടിടങ്ങളുള്ള അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസിലാണ് സ്ഫോടനം. 15 മൈലുകള്‍ വരെ ദൂരത്തില്‍ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി സ്ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ വളരെ ദൂരേക്ക് തെറിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യ നില അസാധാരണമെന്ന് വൈറ്റ് ഹൗസ്. ട്രംപിന്റെ ഹൃദയാരോ?ഗ്യം അസാധാരണമാണെന്ന് കണ്ടെത്തിയതായി യുഎസ് പ്രസിഡന്റിന്റെ ഡോക്ടര്‍ അറിയിച്ചു. ട്രംപിന്റെ കാര്‍ഡിയാക് പ്രായം യഥാര്‍ഥ പ്രായത്തേക്കാള്‍ 14 വയസ്സ് കുറവാണെന്ന്  ഡോക്ടറുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വൈറ്റ് ഹൗസ് അറിയിച്ചു.

◾ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവാര്‍ഡ് ജേതാവായ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നല്‍കിയിട്ടുണ്ടെന്നും തന്നോടുള്ള ബഹുമാനാര്‍ത്ഥം താനിത് അര്‍ഹിക്കുന്നത് കൊണ്ടാണ് സമാധാന നോബേല്‍ സ്വീകരിക്കുന്നതെന്ന് മരിയ കൊറിന മചാഡോ തന്നെ വിളിച്ച് പറഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

◾ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ കളി അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുതെന്നും അങ്ങനെ ചെയ്താല്‍, ബ്രിട്ടീഷുകാരോടോ അല്ലെങ്കില്‍ അമേരിക്കക്കാരോടോ ചോദിച്ചാല്‍, അഫ്ഗാനിസ്ഥാനുമായി അത്തരം കളികള്‍ കളിക്കുന്നത് നല്ലതല്ലെന്ന് അവര്‍ വിശദീകരിക്കുമെന്നും ഞങ്ങള്‍ക്ക് നയതന്ത്ര പാത വേണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

◾ ചൈനയ്ക്ക് മേല്‍ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയര്‍ കയറ്റുമതികളിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലൂടെയാണ് ചൈനയ്ക്ക് മേല്‍ അധിക നികുതി ചുമത്തിയ കാര്യം ട്രംപ് വ്യക്തമാക്കിയത്. കയറ്റുമതിക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ചൈനീസ് തീരുമാനത്തിനെതിരെയാണ് യുഎസിന്റെ തീരുവ ചുമത്തല്‍.

◾ അമേരിക്കയില്‍ ധനപ്രതിസന്ധിയെ തുടര്‍ന്നുള്ള ഷട്ട്ഡൗണ്‍ പത്താംദിവസത്തിലെത്തിയതിന് പിന്നാലെ ഫെഡറല്‍ ജീവനക്കാരെ ഔദ്യോഗികമായി പിരിച്ചുവിടാന്‍ ആരംഭിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. റിഡക്ഷന്‍ ഇന്‍ ഫോഴ്‌സ് ആരംഭിച്ചതായി ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസല്‍ വോട്ട് സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.

◾ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ചിന് 518 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ ഇരട്ട സെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന യശസ്വി ജയ്സ്വാള്‍ 175 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്‍ 129 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിതീഷ് കുമാര്‍ റെഡ്ഡി 43 ഉം ധ്രുവ് ജുറേല്‍ 44 റണ്‍സെടുത്ത് പുറത്തായി.

◾ ടാറ്റാ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍ ഐപിഒയുടെ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ, ഓഹരി വിപണിയിലെ ലിസ്റ്റിംഗ് പ്രതീക്ഷകളിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം സൂചനകള്‍ അനുസരിച്ച് ടാറ്റാ ക്യാപിറ്റല്‍ ഐപിഒ ലിസ്റ്റിംഗ് ദിവസം വലിയ മുന്നേറ്റത്തിന് സാധ്യതയില്ലെങ്കിലും, സ്ഥിരതയാര്‍ന്ന തുടക്കമായിരിക്കും നല്‍കുക എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഐപിഒയുടെ ഉയര്‍ന്ന വിലയായ 326 രൂപയെ അപേക്ഷിച്ച്, ഗ്രേ മാര്‍ക്കറ്റില്‍ ഓഹരികള്‍ 5 രൂപ മുതല്‍ 7 രൂപ വരെ പ്രീമിയത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് ഏകദേശം 1.5% മുതല്‍ 2.15% വരെ ലിസ്റ്റിംഗ് നേട്ടം മാത്രമാണ് സൂചിപ്പിക്കുന്നത്. വിപണിയില്‍ നിന്ന് 15,511 കോടി രൂപയാണ് ഐപിഒ സമാഹരിക്കുന്നത്. ഒക്ടോബര്‍ 13-നാണ് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാന്‍ സാധ്യത. ടാറ്റാ ക്യാപിറ്റല്‍ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് നിക്ഷേപകര്‍ക്ക് ബിഎസ്ഇയുടെയും എന്‍എസ്ഇയുടെയും വെബ്സൈറ്റുകള്‍ വഴിയും ഐപിഒ രജിസ്ട്രാറുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയും ഓണ്‍ലൈനായി പരിശോധിക്കാം.

◾ നോക്കിയ ബ്രാന്‍ഡഡ് ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ എച്ച്എംഡി ഇന്ത്യയില്‍ ഹൈബ്രിഡ് ഫോണ്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫോണ്‍ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടച്ച് 4ജി എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട്ഫോണുകളുടെയും ഫീച്ചര്‍ ഫോണുകളുടെയും ലോകത്ത് നിന്ന് സമതുലിതമായ അനുഭവം ടച്ച് 4ജി നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 320ഃ240 പിക്സല്‍ റെസല്യൂഷനുള്ള 3.2 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. വീഡിയോ കോളുകള്‍ക്കുള്ള പിന്തുണയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്പ്രസ് ചാറ്റ് ആപ്പും ഫോണിലുണ്ട്. വീഡിയോ കോളുകള്‍ക്ക് പുറമേ, മറ്റേതൊരു മെസേജിങ് പ്ലാറ്റ്ഫോമിനെയും പോലെ മെസേജിങും ഗ്രൂപ്പ് ചാറ്റുകളും ആപ്പ് പിന്തുണയ്ക്കുന്നു. 0.3-മെഗാപിക്‌സല്‍ സെല്‍ഫി കാമറയും രണ്ടു മെഗാപിക്‌സല്‍ പിന്‍ കാമറയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. വില 3,999 രൂപയാണ്.

◾ 'രാവണപ്രഭു' റീ-റിലീസ് ചെയ്ത തിയേറ്ററുകളിലൊക്കെ ഉത്സവത്തിന്റെ പ്രതീതിയാണ്. വന്‍ സ്വീകരണാണ് രാവണപ്രഭുവിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസം കേരളത്തില്‍ നിന്ന് മാത്രമായി നേടിയത് 70 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മംഗലശ്ശേരി നീലകണ്ഠനായും മകന്‍ എംഎന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ തകര്‍ത്താടിയ ചിത്രമാണ് രാവണപ്രഭു. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രം വീണ്ടുമെത്തിക്കുന്നത് മാറ്റ്‌നി നൗ ആണ്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ മാറി ഡയലോഗുകളും പാട്ടുകളുമെല്ലാം തീയേറ്ററില്‍ വന്‍ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അതേസമയം കാര്‍ത്തികേയന്റെ രണ്ടാം വരവിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ആടുതോമ. രാവണപ്രഭു ആദ്യ ദിനം നേടിയത് 70 ലക്ഷമാണെങ്കില്‍ ആദ്യ ദിവസം ഏറ്റവും കളക്ഷന്‍ നേടിയ റീ-റിലീസിന്റെ റെക്കോര്‍ഡ് സ്ഫടികത്തിനാണ്. 77 ലക്ഷമാണ് സ്ഫടികം നേടിയത്. 2023 ല്‍ റീ-റിലീസ് നേടിയ ചിത്രം നാല് കോടിയോളം നേടുകയും ചെയ്തിരുന്നു.

◾ ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന 'സ്റ്റോം' എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചില്‍പ്പുറം തേടുന്നത്. മുംബൈയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്‌സ് ലുണേലും സ്വാതി ദാസും അജിത്പാല്‍ സിങും ചേര്‍ന്നാണ് സീരീസ് എഴുതിയിരിക്കുന്നത്. പാര്‍വതിയ്‌ക്കൊപ്പം അലയ എഫ്, ശ്രിഷ്ടി ശ്രീവാത്സവ, സബ അസാദ്, റമ ശര്‍മ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ത്രില്ലറായാണ് സീരീസ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ സീരീസ് പ്രേക്ഷകരിലേക്ക് എത്തും. പാര്‍വതിയുടെ ആദ്യ വെബ് സീരീസായിരിക്കും സ്റ്റോം.

◾ ഇന്ത്യയിലെ എംപിവി വിഭാഗത്തില്‍ മാരുതി സുസുക്കി എര്‍ട്ടിഗ വീണ്ടും തങ്ങളുടെ ആധിപത്യം തെളിയിച്ചിരിക്കുന്നു. 2025 സെപ്റ്റംബറില്‍ കമ്പനി 12,115 യൂണിറ്റ് എര്‍ട്ടിഗ വിറ്റഴിച്ചു, ഇത് രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ എംപിവിയായി മാറി. സിഎന്‍ജി, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. 103 ബിഎച്പി കരുത്തും 136.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഗസീരീസ് ഡ്യുവല്‍ ജെറ്റ് എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്തേകുന്നത്. പെട്രോള്‍ വേരിയന്റിന് ഏകദേശം 20.5 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമതയുണ്ട്. അതേസമയം സിഎന്‍ജി വേരിയന്റിന് ഏകദേശം 26.1 കിലോമീറ്റര്‍/കിലോഗ്രാം ഇന്ധനക്ഷമതയുണ്ട്. അതായത് ഇന്ധനക്ഷമതയുടെ കാര്യത്തിലും എര്‍ട്ടിഗ അതിന്റെ വിഭാഗത്തില്‍ മുന്നിലാണ്. സുരക്ഷാ സവിശേഷതകളില്‍ നാല് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ എര്‍ട്ടിഗയുടെ വില 8.80 ലക്ഷം രൂപ മുതല്‍ 12.94 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

◾ ജീവിതത്തിന്റെ ചൂണ്ടക്കൊളുത്തില്‍ കുരുക്കപ്പെട്ട് പിടയുന്ന ഒരുപിടി മനുഷ്യരുടെ വേദനകളും വിഹ്വലതകളും സ്‌നേഹത്തിനുവേണ്ടിയുള്ള അദമ്യമായ ദാഹവുമാണ് ഈ സമാഹാരത്തിലെ ചൂണ്ടക്കാരി മുതല്‍ ജാരചിന്തകള്‍വരെയുള്ള പതിന്നാല് കഥകളിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്നത്. സാഹിത്യത്തിനുവേണ്ടി അടിച്ചു പതംവരുത്താതെ എറിച്ചും തഴച്ചും നില്‍ക്കുന്ന ഇതിലെ പച്ചയായ ഭാഷ ഈ കഥകള്‍ക്ക് അത്രമേല്‍ ജൈവികമായ സ്വഭാവം നല്‍കുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഇരുണ്ട ലോകത്തെയാണ് ഈ കഥകളിലൂടെ കാണിച്ചുതരുന്നത്. 'ചൂണ്ടക്കാരി'. റീന പി. ജി. ഡിസി ബുക്സ്. വില 198 രൂപ.

◾ രാത്രി ചുവന്ന എല്‍ഇഡി ബള്‍ബുകളും ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചുവന്ന ലൈറ്റുകള്‍ക്ക് കൂടുതല്‍ തരംഗദൈര്‍ഘ്യമുണ്ട് അതേസമയം, മെലാറ്റോണിന്റെ ഉല്‍പാദനത്തെ ബാധിക്കുകയുമില്ല. രാത്രി ചുവന്ന എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വിശ്രമിക്കാനുള്ള സമയമാണെന്ന് തലച്ചോറിനെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് കിടപ്പുമുറിയില്‍ ശാന്തവും ഉറക്കത്തിന് അനുകൂലവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇനി രാത്രി ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത്, പുറത്തു നിന്നുള്ള സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നുള്ള വെളിച്ചം, പുലര്‍ച്ചെ വരുന്ന സൂര്യപ്രകാശം തുടങ്ങിയ ബാഹ്യ പ്രകാശ സ്രോതസ്സുകളെ തടയുന്നതിന് ഇത്തരം ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ഫലപ്രദമാണ്. ഇരുട്ടിന്റെ സാന്നിധ്യം കൊണ്ട്, തലച്ചോര്‍ മെലാറ്റോണിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും മെച്ചപ്പെട്ട ഉറക്കം നല്‍കുകയും ചെയ്യുന്നു. മുറി ഇരുട്ടായി സൂക്ഷിക്കുന്നതിലൂടെ, ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ശരീരത്തെ സ്ഥിരമായ ഒരു സര്‍ക്കാഡിയന്‍ താളം നിലനിര്‍ത്താന്‍ സഹായിക്കുന്നു, ഇത് ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു. ഇത് മാനസികാവസ്ഥ, ശ്രദ്ധ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയില്‍ സ്വാധീനം ചെലുത്തുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.72, പൗണ്ട് - 118.54, യൂറോ - 102.72, സ്വിസ് ഫ്രാങ്ക് - 110.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.15, ബഹറിന്‍ ദിനാര്‍ - 235.53, കുവൈത്ത് ദിനാര്‍ -290.80, ഒമാനി റിയാല്‍ - 230.74, സൗദി റിയാല്‍ - 23.65, യു.എ.ഇ ദിര്‍ഹം - 24.17, ഖത്തര്‍ റിയാല്‍ - 24.35, കനേഡിയന്‍ ഡോളര്‍ - 63.12.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right