2025 | സെപ്റ്റംബർ 18 | വ്യാഴം
1201 | കന്നി 2 | പൂയം
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട്് കൊള്ളക്കാരെ ഗ്യാനേഷ്‌കുമാര്‍ സംരക്ഷിക്കുന്നുവെന്നാണ് രാഹുല്‍ ഉയര്‍ത്തുന്ന ആരോപണം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണെന്നും വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം ആരോപിച്ചു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ വീണ്ടും വിമര്‍ശനമുന്നയിച്ചത്. ഇത് ഹൈഡ്രജന്‍ ബോംബല്ലെന്നും ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
◾ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേള്‍ക്കാതെ ഓണ്‍ലൈനായി രാഹുല്‍ഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഓണ്‍ലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ലെന്നും വോട്ടറിനെ കേള്‍ക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂര്‍ത്തീകരിക്കാനുമാകില്ലെന്നും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണെന്നും അന്ന് ചില ക്രമക്കേടുകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷന്‍ വ്യക്തമാക്കി.
◾ കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തെ ഉദാഹരിച്ചാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് ഇക്കുറി ആരോപണമുന്നയിച്ചത്. മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉള്ളില്‍ നിന്ന് ഞങ്ങള്‍ക്ക് സഹായം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും.കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജയസാധ്യതയുള്ള ബൂത്തുകളെയാണ് ഈ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് രാഹുല്‍ ഗാന്ധിആരോപിച്ചു . വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ ഉപയോഗിച്ച സെല്‍ഫോണ്‍ നമ്പറുകള്‍ പങ്കുവെച്ച രാഹുല്‍ ഗാന്ധി, അവ കര്‍ണാടകയില്‍ നിന്നുള്ളതല്ലെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണെന്നും പറഞ്ഞു.
◾ മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. അന്നത്തെ സര്‍ക്കാര്‍ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തതെന്നും കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടിയുണ്ടായതെന്നും അത് അനിവാര്യമായിരുന്നെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സഭയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാന്‍ ഇല്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
◾ മുത്തങ്ങയില്‍ നേരിട്ടത് കൊടിയമര്‍ദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അര്‍ഹതയില്ലെന്നും സികെ ജാനു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായ പീഡനത്തിന് വിധേയമായെന്ന് സികെ ജാനു പറഞ്ഞു. വേദന അങ്ങനെ തന്നെ നിലനില്‍ക്കും. വൈകിയ വേളയില്‍ ആണെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്. അവിടെ സമരം ചെയ്ത എല്ലാവര്‍ക്കും ഭൂമിയാണ് നല്‍കേണ്ടത്. മാപ്പ് പറയുന്നതിനേക്കാള്‍ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയില്‍ 283 പേര്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനം ആയെങ്കിലും ആ പ്ലോട്ട് പോലും ഇതുവരെ കണ്ടെത്തി നല്‍കിയിട്ടില്ലെന്നും സികെ ജാനു പറഞ്ഞു.
◾ മുത്തങ്ങ പൊലീസ് നടപടി വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. റണ്ണിംഗ് കമന്ററിക്കില്ലെന്നും പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നും അത് ക്ലോസ്ഡ് ചാപ്റ്ററാണെന്നും എകെ ആന്റണി വ്യക്തമാക്കി. തന്റെ വാര്‍ത്താസമ്മേളനം പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്നും അപ്രിയ സത്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തുറന്നുപറയാനും പറയാതിരിക്കാനും സാധ്യതയുണ്ടെന്നും ഇനിയും മറ്റു വിഷയങ്ങളില്‍ മാധ്യമങ്ങളെ കാണുമെന്നും എകെ ആന്റണി പറഞ്ഞു.
◾ നിയമസഭയില്‍ ഇന്നും അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സഭയില്‍ അടിയന്തര ചര്‍ച്ച നടക്കുന്നത്. സംസ്ഥാനത്ത് അതിരൂക്ഷയമായ വിലക്കയറ്റമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
◾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോ മന്ത്രി പരിഹസിച്ചുവെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. വെളിച്ചെണ്ണ വിലക്കയറ്റം അതിരൂക്ഷമാണ്. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. സപ്ലെയ്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്. 420 കോടി ആവശ്യപ്പെട്ടതില്‍ പകുതി പോലും അനുവദിച്ചിട്ടില്ല. ശരിക്കും സിപിഐക്കാര്‍ അവതരിപ്പിക്കേണ്ട പ്രമേയം ആണിതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
◾ പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് എന്‍എച്ച്എഐ കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
◾ സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. എംഎല്‍എക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേഷിന്റെ പ്രതികരണം. എന്നാല്‍, ആരോപണങ്ങള്‍ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുമെന്നും വിധി വരട്ടെയെന്ന് പറയാന്‍ രാഹുലിന്റെ വിഷയത്തില്‍ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു.
◾ ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നതെന്ന് സുരേഷ് ഗോപി തിരസ്‌കരിച്ച ആനന്ദവല്ലി. തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോള്‍ കരുവന്നൂരിലെ പണം വാങ്ങി നല്‍കുമെന്ന് പറഞ്ഞിരുന്നുവെന്നും അതു പ്രതീക്ഷിച്ചാണ് അവിടെ ചെന്നതെന്നും മറുപടി കേട്ടപ്പോള്‍ വലിയ സങ്കടമായെന്നും ആനന്ദവല്ലി പറഞ്ഞു. ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് സഹകരണ സംഘത്തില്‍ നിന്ന് കിട്ടാനുള്ളതെന്നും ചികിത്സാ ചെലവിന് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും സഹകരണ സംഘക്കാര്‍ പറ്റിച്ച പണമാണെന്നും ആനന്ദവല്ലി പറഞ്ഞു.
◾ കൊല്ലത്ത് ഊരിത്തെറിക്കാറായ ടയറുമായി സ്‌കൂള്‍ ബസിന്റെ അപകട യാത്ര. കൊട്ടാരക്കര കലയപുരത്താണ് സംഭവം. ഏനാത്ത് മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ബസാണ് അപകടകരമായ രീതിയില്‍ ഓടിയത്. സ്‌കൂള്‍ ബസിന്റെ മുന്നിലത്തെ ടയര്‍ മീറ്ററുകളോളം ഉരഞ്ഞ് നീങ്ങി. ബസില്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. സംഭവം മോട്ടോര്‍ വാഹന വകുപ്പ് സേഫ്റ്റി വോളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.
◾ തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് ചികിത്സക്കു ശേഷം ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്നു ആനന്ദ്. ഇന്ന് രാവിലെ ബാത്ത് റൂമിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വര്‍ണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് കോര്‍ട്ടേഴ്സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍ ആയിഷ(41)യാണ് മാഹി പോലീസിന്റെ പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം.
◾ പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വന്‍ തോതില്‍ സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പൊലീസ് പിടിയില്‍. അരപ്പാറ സ്വദേശിയായ നാസര്‍ (48) ആണ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 13നാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു സ്ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടിയത്.
◾ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ ഉയരുന്നതോടെ കുട്ടികളുമായി അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സംസ്ഥാനത്ത് വര്‍ധനവ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മാത്രം ഗാര്‍ഹിക പീഡനം നേരിട്ട 19 സ്ത്രീകള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പറക്കമുറ്റാത്ത ഒന്‍പതു മക്കളും ഇല്ലാതായി. വിദ്യാഭ്യാസ വികസന സൂചികയില്‍ കേരളത്തിലെ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ഗാര്‍ഹിക അതിക്രമം തടയുന്നതില്‍ ഘടകമല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്.
◾ സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുണ്ടെന്ന് സിപിഎം നേതാവ് നാസര്‍ കൊളായി. കാക്കനാടന്‍ എഴുതിയ 'കുടജാദ്രിയിലെ സംഗീതം'' എന്ന പൂര്‍ണ്ണ പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് നദ്വി ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറി എന്ന പരാമര്‍ശമുള്ളതെന്ന് നാസര്‍ കൊളായി പറഞ്ഞു. പുസ്തകത്തില്‍ നിന്ന് പരാമര്‍ശമുള്ള ഭാഗം വായിച്ചുകൊണ്ടാണ് നാസര്‍ കൊളായിയുടെ പരാമര്‍ശം.
◾ മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ ശബരിമല ദ്വാരപാലക പാളിയിലെ തൂക്ക വ്യത്യാസത്തില്‍ അന്വേഷണം നടത്തി വ്യക്തത ഉണ്ടാകട്ടെയെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കും. ദ്വാരപാലക ശില്‍പ്പത്തിന്റെ കോപ്പര്‍ പാളികളാണ് ദേവസ്വം കൈമാറിയത്. അറ്റകുറ്റപ്പണികള്‍ നടത്തി സ്വര്‍ണം പൊതിയണം എന്നായിരുന്നു ആവശ്യം. മെയിന്റനന്‍സ് വര്‍ക്ക് നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും. ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു. അരക്ക് നീക്കം ചെയ്യുകയും പോളിഷ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണം പൂശുന്നതിനു മുന്‍പാണ് ഇത് ചെയ്തത്. ഹൈക്കോടതി പറഞ്ഞ തൂക്കക്കുറവ് ചിലപ്പോള്‍ അങ്ങനെ സംഭവിച്ചതാകാമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
◾ ആഗോള അയ്യപ്പ സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഫണ്ട് സ്പോണ്‍സര്‍ഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ബാധ്യത വരില്ലെന്നും അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ച് പൊതുനയം രൂപവത്കരിക്കാന്‍ സംഗമവേദി മാറുമെന്ന് മന്ത്രി പറഞ്ഞു.
◾ ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, കോഴിക്കോട് ജില്ല അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഭയില്‍ പരോക്ഷമായി പരിഹസിച്ച് എംഎല്‍എ വി ജോയ്. കാട്ടില്‍ മാന്‍ കൂട്ടങ്ങള്‍ ഉണ്ട്. അത് ഉപദ്രവകാരികള്‍ അല്ല. എന്നാല്‍, നാട്ടില്‍ ചില മാന്‍ കൂട്ടങ്ങള്‍ ഉണ്ട്. അത് അപകടകാരികളാണെന്നും വി ജോയ് പറഞ്ഞു. സ്വന്തം അച്ഛനേക്കാള്‍ പ്രായമുള്ള ആളുകളെയും ഈ മാന്‍ കൂട്ടം അഭിസംബോധന ചെയ്യുന്നത് എടോ എന്നാണെന്നും അദ്ദേഹം പറഞ്ഞു.
◾ സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 5 ശതമാനം 18 ശതമാനം എന്നിങ്ങനെ രണ്ട് ലളിതമായ നികുതി നിരക്കുകള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക. ഇതിലൂടെ ബിസ്‌കറ്റ്, സോപ്പ്, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, 5 രൂപയുടെ ബിസ്‌കറ്റ്, 10 രൂപയുടെ സോപ്പ്, 20 രൂപയുടെ ടൂത്ത്‌പേസ്റ്റ് തുടങ്ങിയ ചെറിയ പായ്ക്കറ്റുകളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ക്ക് പദ്ധതിയില്ലെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
◾ മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാനുള്ള വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിളിച്ചുപറയാനുള്ള മുഴുവന്‍സമയ കോള്‍ സെന്റര്‍ -'സിറ്റിസണ്‍ കണക്ട് സെന്റര്‍' തുടങ്ങാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം..മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ സംസാരിച്ചില്ലെങ്കിലും ഇവിടെ വരുന്ന വിഷയങ്ങള്‍ എല്ലാം നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍വരുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
◾ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ കേരളത്തിലെ മുഴുവന്‍ സാനിറ്ററി മാലിന്യവും സംസ്‌കരിക്കാനാവുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, പാലക്കാട്, വര്‍ക്കല നഗരസഭകള്‍, എളവള്ളി, കൊരട്ടി ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സാനിറ്ററി മാലിന്യ സംസ്‌കരണത്തിനായി ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി നാല് റീജണല്‍ പ്ലാന്റുകള്‍കൂടി വരുമെന്നും വി.കെ. പ്രശാന്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടിനല്‍കി.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമത്തിന് താത്കാലിക പരിഹാരത്തിന് സാധ്യത. ഇന്നലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിതരണക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഭാഗികമായി കുടിശ്ശിക തീര്‍ക്കാമെന്നും മുഴുവന്‍ തുകയും ഉടന്‍ നല്‍കാമെന്നും ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് അറിയിച്ചതോടെ, ഉപകരണ വിതരണം പുനഃസ്ഥാപിക്കുന്നത് ആലോചിക്കാമെന്ന് കരാറുകാര്‍ മറുപടി നല്‍കി.
◾ സമസ്തയുടെ നൂറാം വാര്‍ഷിക പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്ന കാര്യം താന്‍ സംസാരിച്ചെന്ന ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദീഖിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
◾ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹവും ശ്രീകോവിലിന്റെ ഭാഗങ്ങളും പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പുനരുദ്ധാരണം ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
◾ ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നത് വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി. വായ്പയെടുത്തയാള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിന് അര്‍ഹതയുണ്ടെങ്കിലും പദ്ധതിയില്‍ പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ആനുകൂല്യത്തിന് നിക്ഷിപ്ത അവകാശമില്ലെന്നും തന്യ എനര്‍ജി എന്റര്‍പ്രൈസസും എസ്ബിഐയും തമ്മിലുള്ള കേസില്‍ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
◾ അധ്യാപികയുടെ അടിയേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ തലയോട്ടിയില്‍ പരിക്ക് സംഭവിച്ചതായി പരാതി. ടീച്ചര്‍ ബാഗ് ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിച്ചതിനെ തുടര്‍ന്നാണ് പരിക്ക് പറ്റിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ബാഗില്‍ സ്റ്റീല്‍ ചോറ്റുപാത്രമുണ്ടായിരുന്നു. ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാത്വിക നാഗശ്രീക്കാണ് (11) പരിക്കേറ്റത്. ഹിന്ദി അധ്യാപികയായ സലീമ ബാഷയ്ക്കെതിരെയാണ് പരാതി.
◾ ധര്‍മ്മസ്ഥലയില്‍ വീണ്ടും വന്‍ വഴിത്തിരിവ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കപ്പെട്ട ശേഷവും പ്രദേശത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നുവെന്നതാണ് അമ്പരപ്പിക്കുന്നത്. ഇന്നലെ മാത്രം സ്ഥലത്ത് നിന്ന് അഞ്ച് തലയോട്ടികള്‍ കണ്ടെത്തിയെന്നാണ് എസ്ഐടി സ്ഥിരീകരിച്ചത്. ബങ്കലെഗുഡെ വനമേഖലയില്‍ നിന്ന് അസ്ഥി കഷണങ്ങളും ലഭിച്ചു. തലയോട്ടിയും അസ്ഥിക്കഷണങ്ങളും വിശദ പരിശോധനയ്ക്ക് അയക്കും. വനമേഖലയിലെ തെരച്ചില്‍ ഇന്നും തുടരുമെന്നും എസ്ഐടി അറിയിച്ചു.
◾ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിലെ കേടുപാടുകള്‍ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. സുപ്രീം കോടതിയുടെ ഈ പരാമര്‍ശം അഭിഭാഷകരടക്കമുള്ള ചിലരെ പ്രകോപിപ്പിച്ചു. വിഗ്രഹം പുനഃസ്ഥാപിക്കണമെന്നുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഈ വിഷയം പുരാവസ്തു ഗവേഷണ വകുപ്പിന്റെ അധികാരപരിധിയിലുള്ളതാണെന്നും, 'ഇതിനായി മഹാവിഷ്ണുവിനോട് തന്നെ പ്രാര്‍ത്ഥിക്കൂ' എന്നുമാണ് കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്.
◾ പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയില്‍ തന്ത്രപ്രധാന സൈനിക കരാര്‍ ഒപ്പു വച്ചത് പഠിക്കുമെന്ന് ഇന്ത്യ. മേഖലയുടെ സ്ഥിരതയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കും. രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികള്‍ക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമെന്നും ഇന്ത്യ വ്യക്തമാക്കി. . ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പാകിസ്ഥാന്‍- സൗദി കരാര്‍. ഇന്ത്യയുമായുള്ള ബന്ധത്തെ കരാര്‍ ബാധിക്കില്ലെന്ന് സൗദി പ്രതികരിച്ചു.
◾ ഒക്ടോബര്‍ രണ്ടിന് സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
◾ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ യുഎസ് കാപ്പിറ്റോളിന് പുറത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വര്‍ണപ്രതിമ ഉയര്‍ത്തി. ബിറ്റ്കോയിന്‍ കയ്യിലേന്തി നില്‍ക്കുന്ന ട്രംപിന്റെ ഭീമാകാരന്‍ പ്രതിമയാണ് ഉയര്‍ത്തിയത്. ക്രിപ്‌റ്റോകറന്‍സി നിക്ഷേപകരാണ് പ്രതിമ സ്ഥാപിക്കാന്‍ പണം മുടക്കിയതെന്നാണ് വിവരം. ക്രിപ്റ്റോ കറന്‍സി വിഷയത്തിലെ ട്രംപിന്റെ നിലപാടാണ് പ്രതിമ സ്ഥാപിക്കാനുള്ള പ്രചോദനമെന്നാണ് വിലയിരുത്തല്‍. പിന്നാലെ ഇത് സംബന്ധിച്ച് വിവാദവും പൊട്ടിപ്പുറപ്പെട്ടു.
◾ പ്രശസ്ത അവതാരകന്‍ ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിര്‍ത്തലാക്കി എബിസി നെറ്റ്വര്‍ക്ക്. ചാര്‍ളി കിര്‍ക്ക് വധത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. വൈറ്റ് ഹൗസിന്റെ സമ്മര്‍ദവും നടപടിക്ക് പിന്നിലുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം മാഗാ ഗ്യാംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു തിങ്കളാഴ്ച തന്റെ പരിപാടിയില്‍ കിമ്മല്‍ ആരോപിച്ചത്.
◾ ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള 23 രാജ്യങ്ങളെ നിരോധിത മരുന്നുകളുടെ ഉത്പന്നത്തിലും വിതരണത്തിലും മുന്‍പന്തിയിലുള്ള രാജ്യങ്ങളായി പട്ടികപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിയമവിരുദ്ധ ലഹരിമരുന്നുകളും അവയുടെ നിര്‍മ്മാണത്തിനാവശ്യമായ രാസവസ്തുക്കളും നിര്‍മ്മിക്കുകയും കടത്തുകയും ചെയ്യുന്നതിലൂടെ ഈ രാജ്യങ്ങള്‍ അമേരിക്കയുടെയും അവിടുത്തെ പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്ന് ട്രംപ് പറഞ്ഞു.
◾ ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസംകേന്ദ്രമാക്കാനുള്ള ചുവടുവെപ്പിന്റെ ഭാഗമായി ദ്വീപിലെ അഗത്തിയില്‍ ആദ്യമായി കസ്റ്റംസ് സ്റ്റേഷന്‍ വരുന്നു. തിങ്കളാഴ്ച കസ്റ്റംസ് സ്റ്റേഷന്റെ പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്കും കപ്പലുകള്‍ക്കും ലക്ഷദ്വീപിലേക്ക് നേരിട്ട് എത്താന്‍ കഴിയും.
◾ കെയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്ന് 3,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണവള കാണാതെ പോയി. കാണാതെപോയ ഫറവോയുടെ ഈ സ്വര്‍ണവളയ്ക്ക് വേണ്ടി ഈജിപ്തില്‍ ഇപ്പോള്‍ രാജ്യവ്യാപകമായി തിരച്ചില്‍ നടക്കുകയാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്തിലെ ടൂറിസം, പുരാവസ്തു മന്ത്രാലയം പറയുന്നത്, റീസ്റ്റോറേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഈ സ്വര്‍ണവള കാണാതായത് എന്നാണ്.
◾ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയ്ക്കെതിരേ കളിക്കാനിറങ്ങിയതെന്ന് പാകിസ്താന്‍ക്രിക്കറ്റ് ബോര്‍ഡ്. പാക് നായകനോടും ടീം മാനേജറോടും പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞെന്ന് പാകിസ്താന്‍ പ്രസ്താവനയില്‍ അറിയിച്ചു.
◾ മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജയും ആര്‍ പി സിംഗും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക്. സ്ഥാനമൊഴിയുന്ന എസ് ശരത്തിനും സുബ്രതോ ബാനര്‍ജിക്കും പകരം ഓജയും ആര്‍ പി സിംഗും സെലക്ഷന്‍ കമ്മിറ്റിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍താരം പ്രവീണ്‍ കുമാര്‍, കേരള കോച്ച് അമയ് ഖുറേസിയ തുടങ്ങിയവര്‍ അപേക്ഷകരായി ഉണ്ടെങ്കിലും ഓജയ്ക്കും ആര്‍ പി സിംഗിനുമാണ് സാധ്യത കൂടുതല്‍.
◾ ലോകസമ്പന്നരുടെ ഫോബ്‌സ് റിയല്‍ടൈം പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. ഫോബ്‌സിന്റെ കണക്കുപ്രകാരം7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് (ഏകദേശം 58,100 കോടി രൂപ) എം. എ യൂസഫലിക്കുള്ളത്. പട്ടികയില്‍ 547-ാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞയാഴ്ച (സെപ്റ്റംബര്‍ 10) യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് മലയാളി സമ്പന്നരില്‍ ഒന്നാമത് എത്തിയിരുന്നു. അന്ന് ജോയ് ആലൂക്കാസിന്റെ ആസ്തി 6.4 ബില്യണ്‍ ഡോളറും എം.എ യൂസഫലിയുടെ ആസ്തി 5.3 ബില്യണ്‍ ഡോളറുമായിരുന്നു. നിലവില്‍ ജോയ് ആലൂക്കാസിന്റെ റിയല്‍ ടൈം ആസ്തി 5.3 ബില്യണ്‍ ഡോളറാണ്. 2024ല്‍ ലിസ്റ്റ് ചെയ്ത ലുലുവിന്റെ റീറ്റെയ്‌ലിന്റെ വരുമാനങ്ങളും ആസ്തികളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വരെ ഫോബ്‌സ് കണക്കാക്കിയിരുന്നത്. ഇപ്പോള്‍ ലുലുവിന്റെ ബാക്കി രാജ്യങ്ങളിലെ ആസ്തിയും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയതോടെയാണ് യൂസഫലിയുടെ ആസ്തി 7 ബില്യണ്‍ ഡോളറിലെത്തിയത്. സമാനമായ അപ്‌ഡേഷനുകള്‍ പല കമ്പനികളിലും വരുന്നത് ഉടമകളുടെ ആസ്തിയില്‍ പ്രതിഫലിക്കും.
◾ ലോകത്ത് ജിമെയില്‍ ഉപയോഗിക്കുന്ന 180 കോടി ആളുകള്‍ക്കും ഗൂഗിള്‍ പുതിയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. എഐ പ്രോംപ്റ്റിലേക്ക് അപകടകാരികളായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്നാണ് ഗൂഗൂഗിളിന്റെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ടെക് വിദഗ്ധര്‍ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്വേഡുകള്‍ വെളിപ്പെടുത്താന്‍ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാന്‍ഡുകളോടുകൂടിയ ഇ- മെയിലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്.
◾ 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യിലെ 'ക്വീന്‍ ഓഫ് ദ നൈറ്റ്' എന്ന ഗാനം പുറത്ത്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. ജേക്സ് ബിജോയ് ഈണം നല്‍കിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. ഇംഗ്ലിഷില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വിഡിയോ ഉള്‍പ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പാന്‍ ഇന്ത്യന്‍ വിജയമാണ് നേടുന്നത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍, ടൊവീനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്.
◾ മുഹ്സിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവീനോയുടെ നായികയായി നസ്രിയ എത്തുന്നു. മുഹ്സിനും സക്കരിയയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലേക്ക് കാസ്റ്റിങ് കോള്‍ നടത്തുന്ന വിവരം മുഹ്സിന്‍ പരാരി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഹ്സിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ടൊവീനോയെ നായകനാക്കി മുഹ്സിന്‍ പരാരി ഒരുക്കുന്ന'തന്ത വൈബ് ഹൈബ്രിഡ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ വര്‍ഷമാദ്യം പുറത്തുവിട്ടിരുന്നു. ഈ ചിത്രം തന്നെയാണോ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് എന്ന് വ്യക്തമല്ല. 'കെഎല്‍ 10 പത്ത്' എന്ന ചിത്രമാണ് മുഹ്സിന്‍ പരാരി ആദ്യമായി സംവിധാനം ചെയ്തത്. നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാരി പുതിയ സിനിമയുമായി എത്തുന്നത്. സംവിധാനത്തിന് പുറമെ തിരക്കഥാകൃത്തായും ഗാനരചയിതാവായും പ്രശസ്തനാണ് മുഹ്സിന്‍ പരാരി. ഏറ്റവുമൊടുവിലായി ഇറങ്ങിയ 'ലോക'യിലെ 'തനി ലോക മുറക്കാരി' എന്ന ഗാനത്തിന് വലിയ കയ്യടിയാണ് മുഹ്സിന് ലഭിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയത് മുഹ്സിന്‍ പരാരിയാണ്.
◾ ഹോണ്ട ആദ്യത്തെ സ്പോര്‍ട്സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഡബ്ളിയുഎന്‍ 7 എന്ന് പേരിട്ടിരിക്കുന്ന ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പനയ്‌ക്കെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 130 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചാണ് ഹോണ്ട അവകാശപ്പെടുന്നത്. കൂടാതെ 30 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ടോപ്പ്-അപ്പ് ചാര്‍ജ് കൈവരിക്കാനും കഴിയും. 6 കെവിഎ ചാര്‍ജറിന്റെ സഹായത്തോടെ, മോട്ടോര്‍സൈക്കിളിന് മൂന്ന് മണിക്കൂറിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് ഫുള്‍ ചാര്‍ജ് കൈവരിക്കാന്‍ കഴിയും. പവര്‍ട്രെയിനിന്റെ കാര്യത്തില്‍, ഇതിന് 18 കിലോവാട്ട് ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ ലഭിക്കുന്നു, ഇത് 600 സിസി ഐസിഇ മോട്ടോര്‍സൈക്കിളിന്റെ പവര്‍ നല്‍കാന്‍ പര്യാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്റഗ്രേറ്റഡ് റോഡ്‌സിങ്ക് കണക്റ്റിവിറ്റിയുള്ള 5.0 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഹോണ്ട ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹോണ്ട ഡബ്ളിയുഎന്‍7 ആദ്യം യുകെയില്‍ 12,999 ഡോളറിന് (ഏകദേശം 15.5 ലക്ഷം) വില്‍പ്പനയ്‌ക്കെത്തും, തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ലോഞ്ച് ചെയ്യും.
◾ സര്‍വചരാചരങ്ങളും ദൈവങ്ങളും തമ്മാമ്മില്‍ മിണ്ടുകയും പറയുകയും സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന കീഴാളലോകത്തിന്റെ കഥ പറയുകയാണിവിടെ. നമ്പോലനും മുഹാമിയും ചിത്തനും ചെമ്മരത്തിയും മാരിപ്പെങ്ങളും ഉറുവാടനും സുന്ദരിയും അപ്പുണ്ണിയും കോരപ്പുണ്ണിയും ഇട്ടപ്പനും നെട്ടപ്പനും പര്‍ജീത്തും സീരാമച്ചനും ഗീതമ്പട്ട്യാരും കണിയാനും പ്രഭാകരച്ചനും തൈരുച്ചനും കരിങ്കാളിയും മൂക്കാഞ്ചാത്തനും മാടനും മറുതയും മലവായിയും മുത്തപ്പനും കണ്ണന്‍ മീനുകളും പുളാനുകളും ചീളക്കടുക്കളും ആമകളും നായ്ക്കളും തെങ്ങുകളും പൂക്കൈതകളും കാറ്റും തോടും നക്ഷത്രങ്ങളും തമ്മിലുള്ള പായാരങ്ങളിലൂടെ പടര്‍ന്നേറുന്ന നോവല്‍. 'കരിങ്കാളിച്ചാത്തന്‍'. മനോഹരന്‍ വി. പേരകം. എച്ച് & സി ബുക്സ്. വില 120 രൂപ.
◾ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ പവര്‍ഹൗസ് ആണ് നട്‌സ്. നട്‌സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ശരീരഭാരം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇവയുടെ ആരോഗ്യഗുണങ്ങള്‍ പരമാവധി ലഭ്യമാക്കാന്‍, ഓരോ തരം നട്സ് കഴിക്കുന്നതിനും പ്രത്യേക സമയക്രമം പാലിക്കേണ്ടതുണ്ട്. ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് വളരെ മികച്ചതാണ്. രാവിലെ കുതിര്‍ത്ത ബദാം കഴിക്കുന്നത് അവയില്‍ അടങ്ങിയ വിറ്റാമിന്‍ ഇ, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും സഹായിക്കും. വാല്‍നട്ട് വൈകുന്നേരം കഴിക്കുന്നതാണ് നല്ലത്. കാരണം അതില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയ്ക്കൊപ്പം ഒമേഗ -3 ഉം മെലറ്റോണിനും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും സഹായിക്കും. പിസ്തയിലെ പ്രോട്ടീനും നാരുകളും ഊര്‍ജ്ജ നില സ്ഥിരപ്പെടുത്താനും ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും സഹായിക്കും. ഉച്ചകഴിഞ്ഞുള്ള സമയത്ത് പിസ്ത കഴിക്കുന്നതാണ് നല്ലത്. ഇത് ശരീരഭാരം കുറയ്ക്കല്‍, കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ സഹായിക്കും. ഭക്ഷണത്തിനൊപ്പം കശുവണ്ടി ചേര്‍ത്ത് കഴിക്കാം. ഇതില്‍ അടങ്ങിയ സിങ്കും ഇരുമ്പും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഊര്‍ജ്ജ നിലയും മെച്ചപ്പെടുത്തും. വളരെ സുലഭമായി കിട്ടുന്ന പോഷകസമൃദ്ധമായ ഒന്നാണ് നിലക്കടല. കൊഴുപ്പും കലോറിയും കൂടുതലാണെങ്കിലും, കൂടുതല്‍ നേരം വയറു നിറയുന്നത് നിലനിര്‍ത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ നിലക്കടല സഹായിക്കും. നിലക്കടല കഴിക്കാന്‍ സമയക്രമം ഇല്ല, എപ്പോള്‍ വേണമെങ്കിലും നിലക്കടല കഴിക്കാം.
◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 88.12, പൗണ്ട് - 120.12, യൂറോ - 104.20, സ്വിസ് ഫ്രാങ്ക് - 111.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.51, ബഹറിന്‍ ദിനാര്‍ - 233.69, കുവൈത്ത് ദിനാര്‍ -288.91, ഒമാനി റിയാല്‍ - 229.17, സൗദി റിയാല്‍ - 23.49, യു.എ.ഇ ദിര്‍ഹം - 23.94, ഖത്തര്‍ റിയാല്‍ - 24.20, കനേഡിയന്‍ ഡോളര്‍ - 63.94.
Tags:
KERALA