Trending

സായാഹ്ന വാർത്തകൾ.

2025 | സെപ്റ്റംബർ 2 | ചൊവ്വ 
1201 | ചിങ്ങം 17 |  മൂലം 

◾ ബിഹാറില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തന്റെ മരിച്ചുപോയ അമ്മയെ വരെ അവര്‍ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ നമ്മുടെ ലോകമാണെന്നും അമ്മ നമ്മുടെ അഭിമാനമാണെന്നും പറഞ്ഞ മോദി ഈ അധിക്ഷേപങ്ങള്‍ എന്റെ അമ്മയെ മാത്രം അപമാനിക്കുന്നതല്ലെന്നും ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും അപമാനിക്കുന്നതാണെന്നും ആരോപിച്ചു. ബിഹാറിലെ ഓരോ അമ്മയും ഇത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ എത്രമാത്രം വേദനിച്ചു എന്നും എന്റെ ഹൃദയത്തിലുള്ള അതേ വേദന ബിഹാറിലെ ജനങ്ങള്‍ക്കുമുണ്ടെന്ന് എനിക്കറിയാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വോട്ട് കൊള്ളക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും നയിച്ച വോട്ടര്‍ അധികാര്‍ യാത്ര ബിഹാറിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചിരുന്നു. യാത്രക്കിടയില്‍ ഒരു പ്രാദേശിക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മക്കുമെതിരെ നടത്തിയ പരാമര്‍ശമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ബിജെപ ഉയര്‍ത്തിയത്.

◾ ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച നേതാവാകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയത്തില്‍ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് തടയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിജയം സത്യത്തിന്റേതാണെന്നും കുറുക്കുവഴികള്‍ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കാമെന്നും പക്ഷേ, ദീര്‍ഘകാല വിശ്വാസ്യതയെ അത് ദുര്‍ബലപ്പെടുത്തുന്നുവെന്നും ഗഡ്ഗരി പറഞ്ഞു.

◾ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്ന് ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. വിസിയെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് കഴിഞ്ഞ മാസം 18ന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍, ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സലറായ തനിക്ക് നേരിട്ട് കൈമാറണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

◾ കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായം. മിനി കാപ്പന് രജിസ്ട്രാര്‍ ഇന്‍ചാര്‍ജിന്റെ ചുമതല നല്‍കിയ തീരുമാനം സിന്‍ഡിക്കേറ്റ് റദ്ദാക്കി. ഡോ. രശ്മിക്ക് പകരം ചുമതല നല്‍കും.  ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. താല്‍കാലിക രജിസ്ട്രാര്‍ മിനി കാപ്പന്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ ഇടത് അംഗങ്ങള്‍ പ്രതിഷേധിച്ചു. തര്‍ക്കത്തിനൊടുവിലാണ് മിനി കാപ്പനെ മാറ്റാന്‍ തീരുമാനിച്ചത്.


◾ സംസ്ഥാനത്തെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം അതിവേഗത്തില്‍. 58.69% ഫയലുകളാണ് രണ്ട് മാസം കൊണ്ട് തീര്‍പ്പാക്കിയത്. സെക്രട്ടേറിയറ്റിലെ 51.82 % ഫയലും തീര്‍പ്പാക്കി. പ്രവാസീകാര്യ വകുപ്പാണ് സെക്രട്ടേറിയറ്റില്‍ കൂടുതല്‍ ഫയല്‍ തീര്‍പ്പാക്കിയത്. 82.81% ഫയലുകളാണ് പ്രവാസി കാര്യ വകുപ്പില്‍ തീര്‍പ്പാക്കിയത്. രണ്ട് മാസം കൊണ്ട് ലക്ഷ്യമിട്ടത് 60% ഫയല്‍ തീര്‍പ്പാക്കാനാണ്. ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് അദാലത്ത് നടന്നത്.

◾ ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.  മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പേരാണ് വര്‍ഗീയതയെന്നും ഇത്തരം വര്‍ഗീയവാദികള്‍ക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നും അന്നുണ്ടായതിനെപ്പറ്റി ഒരു കാര്യവും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണമോയെന്നതില്‍ യുഡിഎഫ് ഇന്ന് തീരുമാനം എടുക്കും. മുന്നണി നേതക്കാളുടെ യോഗം വൈകിട്ട് ഏഴരയ്ക്ക് ഓണ്‍ലൈനായി ചേരും. സംഗമവുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

◾ വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം എന്ന പുസ്തകത്തിനെഴുതിയ ആമുഖ കുറിപ്പില്‍  വിഎസിനെ സിപിഎം നേതാക്കള്‍ തിരിച്ചറിയുന്നത് വിയോഗത്തിന് ശേഷമെന്ന് തുറന്നടിച്ച് പിരപ്പന്‍കോട് മുരളി. വിഎസിനെ പുറകില്‍ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയില്‍ നെഞ്ചുവിരിച്ച് നിന്നെന്നും അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങള്‍ തുറപ്പിച്ചുവെന്നും വിയോഗ ശേഷം വില തിരിച്ചറിഞ്ഞെങ്കിലും വിഎസിനെ കുറിച്ച് മറ്റാരും എഴുതരുതെന്നാണ് പാര്‍ട്ടി കര്‍ദ്ദിനാള്‍മാര്‍ ഇപ്പോള്‍ കല്‍പ്പിക്കുന്നെന്നും പിരപ്പന്‍കോട് മുരളി പരിഹസിക്കുന്നു.

https://chat.whatsapp.com/KMUHDtz707kHmwqTZ68nkq?mode=ac_t

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ എ ഗ്രൂപ്പ് ഉന്നയിച്ച വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം. രാഹുലിനെതിരായ നടപടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം വിശദീകരിച്ചു. രാഹുലിനെതിരായ നടപടിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് 'എ' ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

◾ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല. കോണ്‍ഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ എം മുനീറാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിക്കാരി നേരിട്ട് പരാതി നല്‍കാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

◾ കാസര്‍കോട് - പെര്‍ള അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പാസില്ലാതെയും പെര്‍മിറ്റ് ഇല്ലാതെയും അമിതഭാരം കയറ്റി വന്ന ലോറികള്‍കളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയ ശേഷം വാഹനത്തിലെ ലോഡിന്റെ ഭാരവും രേഖകളും പരിശോധിക്കാതെ വാഹനം ചെക്ക് പോസ്റ്റ് വഴി കടത്തിവിടുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു

◾ 71-ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ രണ്ടാം സ്ഥാനത്തേക്കുള്ള ഫല പ്രഖ്യാപനം തടഞ്ഞതില്‍ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാമത് എത്തിയത്. ഫിനിഷിങ് ഒരു സെക്കന്റില്‍ താഴെ വ്യത്യാസത്തിലാണ്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് പുന്നമട ബോട്ട് ക്ലബ് പ്രതികരിച്ചു. പുന്നമട ബോട്ട് ക്ലബ് അനധികൃതമായി ഇതര സംസ്ഥാനത്തെ തുഴച്ചിലുകാരെ തിരുകി കയറ്റിയെന്ന് പരാതി ലഭിച്ചിരുന്നു.

◾ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയില്‍ എത്തിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ സിപിഎം പ്രവര്‍ത്തകനായ മാത്യു കൊല്ലപ്പിള്ളി, തൊടുപുഴ സ്വദേശികളായ ടോണി, ഷിയാസ്, അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സംഘത്തെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.

◾ എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതില്‍ തിരുവല്ല പൊലീസിന്റെ വിചിത്ര നടപടി. പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു. ആഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടമുണ്ടായത്. പൊലീസ് ആസ്ഥാനത്തെ എഐജി വി. ജി. വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് എംസി റോഡില്‍ തിരുവല്ല കുറ്റൂരില്‍ വെച്ച് കാല്‍നടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങി പരിക്കേറ്റയാള്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുക്കുകയായിരുന്നു.

◾ കൊച്ചി തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഗ്രൗണ്ടിലെ പാര്‍ക്കില്‍ യുവാവ് അപകടത്തില്‍പെട്ട ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയെന്ന് കണ്ടെത്തല്‍. ഇരിപ്പിടത്തില്‍ നിന്ന് വീഴാതെ തടഞ്ഞുനിര്‍ത്താനുള്ള ക്രോസ് ബാര്‍ ഇല്ലായിരുന്നു. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ചികിത്സയില്‍ തുടരുകയാണ്. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

◾ മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജമെന്ന് കോടതി. ഇടുക്കി മൂന്നാർ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വര്‍ഷത്തിന് ശേഷം തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. അതേസമയം ഒരു അധ്യാപകനും ഇനി ഇങ്ങനെ സംഭവിക്കരുതെന്ന്  അധ്യാപകന്‍ ആനന്ദ് വിശ്വനാഥന്‍ പറഞ്ഞു. 2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്.

◾ പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയില്‍ ആദിവാസിയെ ആറു ദിവസത്തോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മര്‍ദ്ദിച്ച കേസില്‍ മുഖ്യ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം. വെസ്റ്റേണ്‍ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി പ്രവര്‍ത്തകര്‍ ഇന്ന് മുതലമടയില്‍ പ്രതിഷേധ ധര്‍ണ നടത്തും.

◾ തിരുവല്ലയില്‍ നിന്ന് കാണാതായ റീനയുടെയും പെണ്‍കുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എങ്ങോട്ട് പോയി എന്നതില്‍ വ്യക്തതയില്ല. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി തൃശ്ശൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തിന് പൊലീസിന് വ്യക്തതയില്ല. അതേസമയം, റീനയുടെ ഭര്‍ത്താവ് ജീവനൊടുക്കിയതില്‍ പൊലീസിനെതിരെ കുടുംബം ഉടന്‍ എസ്പിക്ക് പരാതി നല്‍കും.

◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. 65കാരനായ രവിയാണ് മകന്റെ മര്‍ദനത്തില്‍ മരിച്ചത്. കുറ്റിച്ചലില്‍ ഇന്നലെ രാത്രിയാണ് സംഭവം. തുടര്‍ന്ന് മകന്‍ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് പിതാവിന്റെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഡ്രൈവറാണ് നിഷാദ്.

◾ ശക്തമായ മഴയെ തുടര്‍ന്ന് ദില്ലിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചു. യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതിതീവ്ര മഴയായതിനാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

◾ ഇന്ത്യ ചൈന നയതന്ത്ര ചര്‍ച്ചകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് അത്യന്താപേക്ഷിതമായ ഒരു നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് ഇന്ത്യയെ സഹായിക്കുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

◾ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെന്‍ഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനില്‍ കുമാറിനെതിരെ നടപടിയെടുക്കാനുമാണ് നിര്‍ദ്ദേശം. ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി.

◾ യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ദീപക് മിത്തലിനെ നിയമിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒഎസ്ഡിയാണ് ദീപക് മിത്തല്‍. വൈകാതെ ദീപക് മിത്തല്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കും.

◾ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനുമുള്ള സാധ്യത കണക്കിലെടുത്ത് ചാര്‍ ധാം യാത്രയും ഹേമകുണ്ഡ് സാഹിബ് യാത്രയും സെപ്റ്റംബര്‍ 5 വരെ മാറ്റിവച്ചു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.

◾ കശ്മീരിലെ ബുഡ്ഗാമിലെ ഇച്ച്കൂട്ടില്‍ 35 വര്‍ഷത്തിന് ശേഷം ശാരദ ഭവാനി ക്ഷേത്രം വീണ്ടും തുറന്ന് കശ്മീരി പണ്ഡിറ്റുകള്‍. 1990ല്‍ കശ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്തതിന് ശേഷം നശിച്ച ക്ഷേത്രം, ഇപ്പോള്‍ പ്രാദേശിക സമൂഹങ്ങളുടെ പിന്തുണയോടെ പുനര്‍നിര്‍മ്മിക്കുകയാണ്. ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത ശിവലിംഗം പുനഃസ്ഥാപിച്ചു.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13-ന് മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ബൈറാബി-സൈറാങ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറാം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിസോറാമിലെ ഐസ്വാളില്‍ നിന്ന് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്ന് മിസോറാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

◾ എന്‍ ഡി എയുമായുള്ള സഖ്യത്തില്‍ നിന്നും പിന്‍മാറാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍. എന്‍ഡിഎയുടെ ഭാഗമാണെന്ന നിലപാട് ആവര്‍ത്തിച്ചിരുന്ന ദിനകരന്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് നിലപാടില്‍ മാറ്റം വരുത്തിയത്. ഡിസംബറില്‍ മാത്രമേ മുന്നണി ബന്ധം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

◾ ചൈനയിലേക്ക് സംരക്ഷിത ട്രെയിനില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ യാത്ര. ബീജിംഗില്‍ നാളെ നടക്കുന്ന ചൈനയുടെ വിക്ടറി ഡേ പരേഡിന് സാക്ഷിയാകാനാണ് കനത്ത സുരക്ഷയില്‍ കിം ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍ങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാകും കിം ജോംഗ് ഉന്‍ ആദ്യത്തെ ബഹുമുഖ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുക.

◾ തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതല്‍ അടുപ്പം അമേരിക്കയോടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ഷാങ്ഹായി ഉച്ചകോടിയിലെ സൗഹൃദ കാഴ്ച 'പ്രകടനാത്മകം' എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. അതേസമയം, നികുതികള്‍ കുറയ്ക്കാം എന്ന് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്റെ അവകാശവാദം തെറ്റെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

◾https://dailynewslive.in/  ഗാസയെ അമേരിക്കയുടെ മേല്‍നോട്ടത്തില്‍ പുനസൃഷ്ടിക്കാനെന്ന രീതിയില്‍ അവതരിപ്പിച്ച ഗാസ റിവിയേരയുടെ വിവരങ്ങള്‍ പുറത്തായതിനു പിന്നാലെ വന്‍ വിമര്‍ശനം. ലക്ഷക്കണക്കിന് ആളുകളെ തുടച്ച് നീക്കിയാണ് ഗാസയില്‍ യുദ്ധ ശേഷം പുത്തന്‍ നഗരമാക്കാനുള്ള പദ്ധതിയിടുന്നതെന്നാണ് വിമര്‍ശനം. ഞായറാഴ്ചയാണ് 38 പേജുകള്‍ വരുന്ന ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ നിര്‍മ്മിതമായ ഗാസ റിവിയേരയുടെ വിവരങ്ങള്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്ത് വിട്ടത്.  

◾ സംസ്ഥാനത്ത് റെക്കോഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് പുതിയ റെക്കോഡ് തൊട്ടു. ഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയും എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,985 രൂപയായി. 14 കാരറ്റിന് 6,215 രൂപയും ഒമ്പത് കാരറ്റിന് 4,010 രൂപയുമാണ് ഇന്നത്തെ വില. ഓണക്കാലത്ത് തന്നെ പവന്‍ വില 80,000 കടക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കച്ചവടക്കാരും ആഭരണ പ്രേമികളും. രാജ്യാന്തര വില ഇന്ന് ആദ്യമായി 3,500 ഡോളര്‍ മറികടന്ന് ഔണ്‍സിന് 3,508.54ലെത്തി റെക്കോഡിട്ടു. പിന്നീട് വില അഞ്ച് ഡോളറോളം താഴ്‌ന്നെങ്കിലും മുന്നേറ്റ സാധ്യതയാണ് പ്രവചിക്കുന്നത്. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും യു.എസില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വര്‍ണത്തില്‍ വിലക്കുതിപ്പുണ്ടാക്കുന്നത്. ഒരു മാസത്തിനിടയില്‍ സ്വര്‍ണ വിലയില്‍ 3,480 രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്.

◾ സ്ട്രീമിങ് ആപ്പിലെ പാട്ടുകളോ വിഡിയോയോ പങ്കുവെക്കണമെങ്കില്‍ മുമ്പ് മറ്റ് പല സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളെയും ആശ്രയിക്കണമായിരുന്നു. ഇതിനൊരു പരിഹാരവുമായി മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ എത്തിയിരിക്കുകയാണ്. ഇനി സംഗീതം, പോഡ്കാസ്റ്റുകള്‍, ഓഡിയോബുക്കുകള്‍ എന്നിവ ഷെയര്‍ ചെയ്യാനും മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാനും സാധിക്കും. ഇതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് കമ്പനി.  മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും ഇത് വഴി സാധിക്കും. സ്‌പോട്ടിഫൈയിലെ മെസേജസ് ഐക്കണ്‍ ടാപ്പ് ചെയ്ത് പാട്ടുകള്‍ പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കാം. ഒപ്പം ഒരു കുറിപ്പും വെക്കാം. മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം. പ്രീമിയം ഉപഭോക്താക്കള്‍ക്കും, സൗജന്യ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഈ ഫീച്ചര്‍ ലഭിക്കും. തുടക്കത്തില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ നല്‍കിയിരിക്കുന്നത്.

◾ കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോക'യിലെ പഴയ റീമിക്സ് ഗാനമാണ് മലയാളികളുടെ മനം കവരുന്നത്. കല്യാണിയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിനു പ്രചോദനമായത് 2023 ല്‍ ഡിജെ ശങ്കര്‍ റീമിക്സ് ചെയ്ത 'കിളിയെ കിളിയെ' എന്ന റീമിക്സ് ഗാനമാണ്. പുറത്തിറങ്ങിയ സമയത്തു തന്നെ ഒരു കോടിയോളം കാഴ്ച്ചക്കാരെ യൂട്യൂബില്‍ സ്വന്തമാക്കിയ ഗാനത്തിനു 'ലോക'യുടെ റിലീസിനു ശേഷം കാഴ്ചക്കാര്‍ ഏറുകയാണ്.  'ലോക' കണ്ടതിനു ശേഷം പാട്ട് കേള്‍ക്കാന്‍ വന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സ്. 'കല്യാണി വെള്ള വസ്ത്രം ധരിച്ച് വരുമ്പോള്‍ ഈ പാട്ട് കേള്‍ക്കുന്നത് വേറെ വൈബാണെ'ന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 1983 ല്‍ പുറത്തിറങ്ങിയ 'ആ രാത്രി' എന്ന സിനിമയിലെ ഗാനമാണ് 'കിളിയെ കിളിയെ'. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയാണ്. എസ്.ജാനകി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

◾ ചുരുങ്ങിയ സമയംകൊണ്ട്. ഒരു തെലുങ്ക് ഗാനം ട്രെന്‍ഡായി മാറിയിരിക്കുകയാണ്. മദീന്‍ എസ്.കെ ഈണം പകര്‍ന്ന് മമിദി മൗനിക എഴുതി ആലപിച്ച 'ദാരിപോണ്ടോത്തുണ്ട്' എന്ന ഡിജെ ഗാനമാണത്. ഇടക്കാലത്ത് യൂട്യൂബിലും സോഷ്യല്‍ മീഡിയാ റീലുകളിലും ഇടംപിടിച്ച തെലുങ്ക് നാടന്‍പാട്ട് റീമിക്സുകളുടെ അതേ പാതയില്‍ത്തന്നെയാണ് 'ദാരിപോണ്ടോത്തുണ്ട്' എന്ന ഗാനവും എത്തിയത്. മൂന്നുമാസം മുന്‍പ് ട്രീ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്. പതിയെപ്പതിയെ ഗാനം കത്തിപ്പടരാന്‍ തുടങ്ങി. ഗാനത്തിലെ നായിക ധരിച്ചിരിക്കുന്ന വേഷവും ഹൂക്ക് സ്റ്റെപ്പുകളുമെല്ലാം ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഭരിക്കാന്‍ തുടങ്ങി. ഗാനത്തിന്റെ പൂര്‍ണരൂപം എന്താണെന്ന് അന്വേഷിച്ച് യൂട്യൂബിലേക്ക് ആളുകളെത്തിയതോടെ പാട്ടിന്റെ റേഞ്ച് തന്നെ മാറി. മൂന്നുമാസംകൊണ്ട് ഏഴുകോടിയിലേറെ പേരാണ് ഗാനം യൂട്യൂബില്‍ മാത്രം കണ്ടത്. നേരത്തേ തെലുങ്ക് ഗാനങ്ങളായ ഓ പിലഗ വെങ്കടേഷ്, റാനു ബോംബെ കി റാനു എന്നീ ഗാനങ്ങളും മലയാളി സംഗീത പ്രേമികള്‍ക്കിടയില്‍ തരംഗമായിരുന്നു.
Previous Post Next Post
3/TECH/col-right