Trending

സായാഹ്ന വാർത്തകൾ

  • 2025 | ജൂലൈ 5 | ശനി 
  • 1200 | മിഥുനം 21 | ചോതി


കേരള വാർത്തകൾ


  • ആരോഗ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകുന്നു: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് എല്ലാ ജില്ലകളിലെയും ഡിഎംഒ ഓഫീസുകളിലേക്ക് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധങ്ങൾ.

  • സംസ്ഥാനത്ത് മരുന്ന് വിതരണം പ്രതിസന്ധിയിൽ - വി.ഡി. സതീശൻ: സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ആരോഗ്യമേഖല ആകെ സ്തംഭിച്ചുവെന്നും അഴിമതിയെല്ലാം പുറത്തുകൊണ്ടുവരുമെന്നും ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ മരണസംഖ്യയടക്കം സർക്കാർ ഒളിച്ചുവെച്ചുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

  • വീണാ ജോർജ് കഴിവുകെട്ട മന്ത്രി - രമേശ് ചെന്നിത്തല: വീണാ ജോർജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യരംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നു എന്നും കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണത് പോലെ സർക്കാരും ഇടിഞ്ഞു വീഴുമെന്നും ചെന്നിത്തല പറഞ്ഞു.

  • കോട്ടയം മെഡിക്കൽ കോളേജ് അപകടം; ജുഡീഷ്യൽ അന്വേഷണം വേണം - ചാണ്ടി ഉമ്മൻ: കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ലാ കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്തെത്തി. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഹോസ്പിറ്റൽ കമ്മിറ്റി ചെയർമാൻ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ലെന്നും ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • ആരോഗ്യമന്ത്രി വീണ ജോർജിന് പിന്തുണയുമായി പി.കെ. ശ്രീമതി: ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി രംഗത്തെത്തി. സിസ്റ്റത്തിൽ പ്രശ്നങ്ങളുണ്ടെന്ന് വീണ പറഞ്ഞത് സത്യമാണെന്നും വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. ആരോഗ്യ വകുപ്പിൽ എഞ്ചിനിയറിങ് വിഭാഗം കൂടി വേണമെന്നും ശത്രുക്കൾക്ക് പോലും ആരോഗ്യരംഗം മോശമാണെന്ന് പറയാൻ കഴിയില്ലെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.

  • മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി: മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്രതിരിച്ചു. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചത്. മയോ ക്ലിനിക്കിൽ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പതിവുപോലെ ആർക്കും പകരം ചുമതല നൽകിയിട്ടില്ല.

  • മുഖ്യമന്ത്രിയുടെ വിദേശയാത്ര ജനങ്ങളോടുള്ള വെല്ലുവിളി - കെ. സുരേന്ദ്രൻ: ചികിത്സയ്ക്കായി സാധാരണക്കാരായ രോഗികളും അവരുടെ കുടുംബാംഗങ്ങളും നെട്ടോട്ടമോടുന്ന സമയത്ത് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഇത്രയും നാണംകെട്ട മുഖ്യമന്ത്രി വേറെയില്ലെന്നും പാവപ്പെട്ടവർ മാത്രമല്ല, പണക്കാരും സർക്കാർ ആശുപത്രിയിൽ പോകുന്നു എന്ന് പ്രസംഗിച്ച മുഖ്യമന്ത്രി 48 മണിക്കൂറിൽ തന്നെ അമേരിക്കയിലേക്ക് പോയെന്നും സുരേന്ദ്രൻ പരിഹസിച്ചു.

  • വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ വിമർശനവുമായി വി.ഡി. സതീശൻ: സൂംബ വിവാദത്തിൽ ഒരു അധ്യാപകന് അഭിപ്രായം പറയാൻ കഴിയില്ലേയെന്നും അഭിപ്രായം പറഞ്ഞതിന് അധ്യാപകനെ സസ്പെൻഡ് ചെയ്തത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • കേരള സർവകലാശാലയിൽ വിസിക്കെതിരെ പ്രതിഷേധം: കേരള സർവകലാശാലയിൽ വിസിക്കെതിരെ വീണ്ടും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം. വിവിധ സെഷനുകളിൽ പരിശോധനക്ക് എത്തിയ വിസി സിസ തോമസിനെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തടഞ്ഞു. അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ പടം വെച്ച് സെനറ്റ് ഹാളിൽ നടന്ന സെമിനാറിൽ ഗവർണർ പങ്കെടുത്തതും തുടർന്നുണ്ടായ സംഘർഷത്തിനും പിന്നാലെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരുന്നു.

  • സി.പി.എം. വയനാട്ടിൽ പൊട്ടിത്തെറി: വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ സി.പി.എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറി. ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സി.പി.എം. ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. എ.വി. ജയനെതിരായ നടപടി കടുത്ത വിഭാഗീയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.

  • മഹാരാഷ്ട്രയിൽ ഹിന്ദി നിർബന്ധമാക്കുന്നതിനെതിരെ താക്കറെ സഹോദരങ്ങൾ: മഹാരാഷ്ട്ര സർക്കാരിന്റെ സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയും കൈകോർത്തു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് മറാത്ത രാഷ്ട്രീയത്തിലെ അതികായന്മാരായ ഇരുവരും വേദി പങ്കിട്ടത്.

  • കർണാടക മുഖ്യമന്ത്രിക്കെതിരെ എഎസ്പി രാജി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻ.വി. ബരാമണി കഴിഞ്ഞ മാസം രാജി നൽകിയത്. സ്വമേധയാ വിരമിക്കൽ അപേക്ഷയിൽ കർണാടക സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

  • വ്യാപാര കരാറിൽ മോദി ട്രംപിന്റെ ഭീഷണിക്ക് വഴങ്ങുന്നു - രാഹുൽ ഗാന്ധി: വ്യാപാര കരാറിൽ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധി. ട്രംപിന്റെ സമയപരിധിക്ക് മോദി കീഴടങ്ങുമെന്ന് ഉറപ്പാണെന്ന് രാഹുൽ ആരോപിച്ചു. എന്നാൽ പിയൂഷ് ഗോയലിന്റേത് വെറും വാചകമടി മാത്രമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

  • അമേരിക്കയിൽ വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ട്രംപ് ഒപ്പുവെച്ചു: വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ബിൽ നിയമമായി. നികുതി ഇളവുകൾ, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വർധിപ്പിക്കൽ, ക്ലീൻ എനർജി ഫണ്ടിംഗ് വെട്ടിക്കുറയ്ക്കൽ, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡിലെ വെട്ടിക്കുറക്കലുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബിൽ.


ആരോഗ്യ വാർത്തകൾ


  • കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകും: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകിയേക്കും. അപകടമുണ്ടായ ബ്ലോക്കിലെ ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയകളാണ് മുടങ്ങിയിരിക്കുന്നത്. ഈ ബ്ലോക്കിൽ 10 ഓപ്പറേഷൻ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ചയോടെ പുതിയ ബ്ലോക്കിൽ ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നത്.

  • കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റൽ അപകടാവസ്ഥയിൽ - ചാണ്ടി ഉമ്മൻ: കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടം സന്ദർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഹോസ്റ്റലിലെ ശുചിമുറികൾ വൃത്തിഹീനമാണെന്നും പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സർക്കാർ സംരക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

  • നിപ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്: പാലക്കാടും മലപ്പുറത്തും നിപ രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശമാക്കി ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

  • പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവായ 10 വയസ്സുള്ള കുട്ടിക്കും പനി ബാധിച്ചതോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകല്ലിലെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ നാട്ടുകാരുടെ പരാതിയും ഉയർന്നിട്ടുണ്ട്. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

  • ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ: തുടർനടപടികൾ ഉടൻ: ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപ്പോർട്ടിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും. ഇന്നലെ വൈകിട്ടോടെ അഡീഷണൽ ചീഫ് സെക്രട്ടറി മുഖേന റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. മെഡിക്കൽ കോളേജുകളിൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കുന്ന നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ അടക്കം റിപ്പോർട്ടിൽ നിർദേശങ്ങളായുണ്ട്.

  • ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം): ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും: ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമായ കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് എ അഥവാ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയിൽ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടർന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തിൽകൂടിയും രക്തത്തിലെ ഘടകങ്ങളിൽകൂടിയുമാണ്. ദീർഘകാല കരൾ രോഗമുണ്ടാക്കുന്നതിൽ പ്രധാന കാരണമാണ് ഹെപ്പറ്റൈറ്റിസ് -സി വൈറസ്. ഈ രോഗമുണ്ടാകുന്ന നല്ലൊരു പങ്ക് ആളുകളിലും ലിവർ സീറോസിസും കരളിലെ അർബുദബാധയുമുണ്ടാകുന്നു. അമിത ക്ഷീണം, ഓക്കാനവും ഛർദിയും, അടിവയറു വേദന, പനി, വിശപ്പില്ലായ്മ, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. അതുപോലെ ഉന്മേഷക്കുറവും മലമൂത്രങ്ങൾക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും സന്ധിവേദനയും വരണ്ട ചർമ്മവുമൊക്കെ രോഗ ലക്ഷണങ്ങളാണ്. വ്യക്തിശുചിത്വമാണ് മഞ്ഞപ്പിത്തം വരാതെ നോക്കാൻ ചെയ്യേണ്ടത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കുക. ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ശീതളപാനീയങ്ങൾ വാങ്ങിക്കുടിക്കാതിരിക്കുക. റെഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാൻ ശ്രമിക്കുക. കുത്തിവെപ്പുകൾക്കായി പുതിയ, അണുവിമുക്തമായ സൂചികൾ ഉപയോഗിക്കുക.


മറ്റ് പ്രാദേശിക വാർത്തകൾ


  • സ്കൂൾ കലോത്സവം തൃശ്ശൂരിലും കായികമേള തിരുവനന്തപുരത്തും: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിലും കായിക മേള തിരുവനന്തപുരത്തും നടക്കും. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള 'സ്കൂൾ ഒളിമ്പിക്സ്' എന്ന പേരിലാണ് തിരുവനന്തപുരത്ത് നടക്കുക. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.

  • കൊച്ചിയിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം; പോലീസ് വിശദീകരണം: കൊച്ചി ഇടപ്പള്ളി പോണേക്കരയിൽ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന പരാതിയിൽ പോലീസ് വിശദീകരണവുമായി രംഗത്ത്. ഇന്നലെ വൈകുന്നേരം തൊട്ടടുത്തുള്ള വീട്ടിൽ ട്യൂഷനു പോകുമ്പോൾ കാറിൽ എത്തിയ സംഘം മിഠായികൾ നീട്ടുകയും കൈയിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചുവെന്നായിരുന്നു കുട്ടികൾ പറഞ്ഞത്. എന്നാൽ, ഉണ്ടായത് തട്ടിക്കൊണ്ടുപോകൽ ശ്രമം അല്ലെന്നും കുട്ടികൾ തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പോലീസ് നൽകുന്ന വിവരം. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാൻ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

  • കയ്പമംഗലം ജ്വല്ലറി കുത്തിത്തുറന്നു: കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറി കുത്തിത്തുറന്ന നിലയിൽ. ചുമർ തുരന്നാണ് മോഷണ ശ്രമം. മൂന്നുപീടിക സെന്ററിൽ പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറിലാണ് സംഭവം. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കടയുടമ പറഞ്ഞു. ഒരു വർഷം മുമ്പ് സമാന രീതിയിൽ ഇതേ ജ്വല്ലറിയിൽ മോഷണം നടന്നിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

  • പടയപ്പ വീണ്ടും ജനവാസ മേഖലയിൽ: പടയപ്പ എന്ന കാട്ടാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ് ഇന്നലെ രാത്രി കാട്ടാന എത്തിയത്. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്.

  • മാനന്തവാടി മെഡിക്കൽ കോളേജ് കെട്ടിടങ്ങൾ അപകടാവസ്ഥയിൽ: മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. കോളേജിന്റെ പഴയ കെട്ടിടങ്ങളാണ് അപകടക്കെണിയായി മാറുന്നത്. മെഡിക്കൽ കോളേജിലെ പഴയ പേവാർഡും സൂപ്രണ്ടിന്റെ കാര്യാലയവുമടക്കം അപകടാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


ദേശീയ, അന്താരാഷ്ട്ര വാർത്തകൾ


  • മലേഷ്യയിൽ ഐ.എസ്. ഘടകം തകർത്തു: മലേഷ്യയിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം തകർത്തെന്ന് മലേഷ്യൻ പോലീസ്. ഐ.എസിലേക്ക് ബംഗ്ലാദേശി പ്രവാസി സമൂഹത്തിൽ നിന്നാണ് അംഗങ്ങളെ സോഷ്യൽ മീഡിയ വഴിയും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള മെസഞ്ചർ ആപ്ലിക്കേഷനുകൾ വഴിയും റിക്രൂട്ട് ചെയ്തിരുന്നതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പറഞ്ഞു.

  • ദുബായിൽ വൺ ബില്യൺ മീൽസ് ക്യാമ്പയിൻ വിജയകരം: ദുബായ് ഭരണാധികാരി തുടക്കമിട്ട വൺ ബില്യൺ മീൽസ് ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. 65 രാജ്യങ്ങളിലാണ് 100 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.

  • തമിഴ്നാട്ടിൽ വിദ്യാർത്ഥി മർദനമേറ്റ് കൊല്ലപ്പെട്ടു: തമിഴ്നാട്ടിൽ പ്ലസ്ടു വിദ്യാർത്ഥി മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് സഹപാഠികൾ അറസ്റ്റിൽ. ആദിത്യൻ എന്ന 17 വയസ്സുകാരനെ സഹപാഠികൾ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. സ്കൂളിലെ വിദ്യാർത്ഥിനിയുമായി സംസാരിച്ചതിന് മറ്റുചില വിദ്യാർത്ഥികൾ ആദിത്യനെ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

  • കർണാടകയിൽ അഞ്ച് കടുവകളെ വിഷം നൽകി കൊന്നു; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: മാലെ മഹാദേശ്വര കുന്നുകളിൽ അഞ്ച് കടുവകളെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ നടപടികളുമായി സംസ്ഥാന സർക്കാർ. കൃത്യവിലോപം ആരോപിച്ച് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

  • മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു: അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. പാകിസ്ഥാനിൽ 25 വർഷത്തെ മൈക്രോസോഫ്റ്റിന്റെ സാന്നിധ്യമാണ് ഇതോടെ അവസാനിക്കുന്നത്.

  • നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ വൻ തട്ടിപ്പ് - സിബിഐ: നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് നടന്നത് വൻ അഴിമതിയെന്ന് സിബിഐ. ആരോഗ്യ മന്ത്രാലയം, എൻഎംസിയിലെ ഉന്നതർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തു. ഇതുവരെ എട്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

  • അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം. 20 ലധികം പേരെ കാണാതായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെയും കാണാതായിട്ടുണ്ട്.

  • യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം മധ്യ യൂറോപ്പിലെ മറ്റൊരു ഉഷ്ണതരംഗവുമായി സംയോജിച്ച് തീവ്രമായ ഉഷ്ണതരംഗമായി മാറിയെന്നാണ് റിപ്പോർട്ട്.


കായികം


  • മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ ഹസിൻ ജഹാൻ. കഴിഞ്ഞ ഏഴു വർഷത്തെ നിയമ പോരാട്ടത്തിനിടെ തന്നെ ഉപദ്രവിക്കാനും അപകീർത്തിപ്പെടുത്താനും ഷമി ക്രിമിനലുകൾക്ക് പണം നൽകിയെന്ന് ഹസിൻ ജഹാൻ ആരോപിച്ചു.


സാമ്പത്തികം


  • സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകൾ: സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകൾ. പലിശ നിരക്കുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴയീടാക്കുന്നത് ബാങ്കുകൾ ഒഴിവാക്കുന്നത്. കാനറാ ബാങ്കാണ് മിനിമം ബാലൻസ് നിബന്ധന ആദ്യം ഒഴിവാക്കിയത്. പഞ്ചാബ് നാഷണൽ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ജൂലായ് ഒന്നുമുതൽ ഇത് നടപ്പാക്കിയതായി അറിയിച്ചു. പിന്നാലെ ഇന്ത്യൻ ബാങ്കും തീരുമാനവുമായി രംഗത്തെത്തി. ജൂലായ് ഏഴുമുതലാണ് ഇന്ത്യൻ ബാങ്ക് ഇത് നടപ്പാക്കുന്നത്.

  • ഇന്നത്തെ വിനിമയ നിരക്ക്:

    • ഡോളർ - 85.50

    • പൗണ്ട് - 116.81

    • യൂറോ - 100.52

    • സ്വിസ് ഫ്രാങ്ക് - 107.51

    • ഓസ്ട്രേലിയൻ ഡോളർ - 56.96

    • ബഹറിൻ ദിനാർ - 226.83

    • കുവൈത്ത് ദിനാർ - 280.07

    • ഒമാനി റിയാൽ - 222.37

    • സൗദി റിയാൽ - 22.80

    • യു.എ.ഇ. ദിർഹം - 23.27

    • ഖത്തർ റിയാൽ - 23.40

    • കനേഡിയൻ ഡോളർ - 62.75


ടെക്നോളജി


  • സാംസങ്ങിന്റെ പുതിയ രണ്ട് ഫോണുകൾ ഒരാഴ്ചക്കകം ഇന്ത്യൻ വിപണിയിൽ: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ പുതിയ രണ്ടു മോഡൽ ഫോണുകൾ ഒരാഴ്ചയ്ക്കകം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഗാലക്സി ഇസഡ് ഫോൾഡ് 7, ഗാലക്സി ഫ്‌ലിപ്പ് 7 എന്നി പേരുകളിലാണ് ഫോണുകൾ. രണ്ട് ഫോണുകളുടെയും പ്രീ-ഓർഡറുകൾ ഇതിനകം ആരംഭിച്ചു. ഗാലക്സി അൺപാക്ക്ഡ് 2025 ഇവന്റിലാണ് പുതിയ മോഡലുകൾ അവതരിപ്പിക്കുക.


വിനോദം


  • ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന 'സാഹസ'ത്തിലെ ആദ്യ ഗാനം പുറത്ത്: ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിലെ ആദ്യ ഗാനം പുറത്ത്. ബിബിൻ അശോക് ഈണം നൽകിയ 'ഓണം മൂഡ്' എന്ന ഗാനം ആലപിച്ചത് ഫെജോ, വരികൾ രചിച്ചത് വിനായക് ശശികുമാർ. ഓണം സീസണിൽ ചിത്രം തിയറ്ററുകളിലെത്തും.

  • ദിലീപിന്റെ 'ഭഭബ' ടീസർ റിലീസ് ചെയ്തു: ദിലീപ് നായകനാകുന്ന മാസ് കോമഡി ചിത്രം 'ഭഭബ'യുടെ ടീസർ റിലീസ് ചെയ്തു. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ പ്രതീക്ഷയുയർത്തുന്ന ടീസറാണ് പുറത്തുവന്നത്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ടെന്ന സൂചനയും ടീസർ നൽകുന്നു.


ഓട്ടോമൊബൈൽ


  • ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കുറച്ചു: മിഡ് സൈസ് സെഡാൻ സിറ്റി ഹൈബ്രിഡിന്റെ വില 96,000 രൂപ വരെ കുറച്ച് ഹോണ്ട. ഒറ്റ മോഡലിൽ മാത്രം (ഇസഡ്എക്സ്) ലഭിക്കുന്ന സിറ്റി ഹൈബ്രിഡിന്റെ വില 20.85 ലക്ഷത്തിൽ നിന്ന് 19.89 ലക്ഷമാക്കിയാണ് കുറച്ചത്.


പുസ്തകം


  • നോവൽ 'ഘാന്ദ്രുക്' പുറത്തിറങ്ങി: വിജയകരമായ ജീവിതം അന്വേഷിച്ച് പുറപ്പെടുന്ന ഇക്കാലത്തെ യുവമനസ്സുകളിലെ വൈരുദ്ധ്യങ്ങളും സംഘർഷവും സംത്രാസവും മുന്പത്തേതിൽനിന്ന് വ്യത്യസ്തവും രൂക്ഷവുമാകുന്നതിനെക്കുറിച്ചുള്ള നോവൽ 'ഘാന്ദ്രുക്' പുറത്തിറങ്ങി. സതീഷ് ചപ്പരികെയാണ് നോവലിന്റെ രചയിതാവ്. വിവർത്തനം - സുധാകരൻ രാമന്തളി. ഡിഡി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന് 405 രൂപയാണ് വില.


Previous Post Next Post
3/TECH/col-right