Trending

കപ്പലില്‍നിന്ന് അപകടകരമായ കാര്‍ഗോ കടലില്‍ വീണതായി അറിയിപ്പ് ;കേരളതീരത്ത് അടിഞ്ഞാൽ തൊടരുത്.

തിരുവനന്തപുരം:കേരള തീരത്തിന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്തടിഞ്ഞാൽ പൊതുജനങ്ങൾ ഇതിന് അടുത്തേക്ക് പോവുകയോ തൊടുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. അറബിക്കടലിൽ ഒരു കപ്പലിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ വീണതായി കോസ്റ്റ് ഗാർഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (KSDMA) വിവരം കൈമാറി.


6 മുതൽ എട്ടുവരെ കണ്ടെയ്നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യത.

ഈ കാർഗോ തീരത്തടിഞ്ഞാൽ പൊലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ ഉടൻ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്. കോസ്റ്റ് ഗാർഡാണ് ഇതു സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് വിവരം കൈമാറിയത്.

കണ്ടയ്നറുകളിലെന്താണെന്നത് സംബന്ധിച്ച് കോസ്റ്റ് ഗോർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്തടിഞ്ഞാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ ആരംഭിച്ചു.

ഏത് കപ്പലിൽ നിന്നാണ് ഇവ വീണതെന്നതിൽ വ്യക്തതയില്ല. കണ്ടെയ്നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗോർഡ് പുറപ്പെട്ടിട്ടുണ്ട്. തീരദേശ പൊലീസിന് ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

കൊച്ചിക്ക് സമീപം ചരക്കുകപ്പൽ മറിഞ്ഞു;
അപകടത്തിൽപ്പെട്ട ജീവനക്കാരെ രക്ഷിക്കാൻ ശ്രമം തുടരുന്നു.

കൊച്ചി: അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം. കപ്പലിൽ നിന്നു കാർ​ഗോകൾ കടലിൽ വീണു. അപകടകരമായ വസ്തുക്കളടങ്ങിയ കാർ​ഗോകൾ കടലിൽ ഒഴുകുന്നതായാണ് വിവരം. വിഴിഞ്ഞത്തു നിന്ന് കൊച്ചിക്കു പോയ എംഎസ്‍സി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

കൊച്ചിയിൽ നിന്നു 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ശേഷിക്കുന്ന 15 ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 

മറൈൻ ​ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് ​കാർ​ഗോയിലുണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ​​ഗ്യാസ് ഓയിലാണ് കടലിൽ പതിച്ചത്. സൾഫർ 367.1 മെട്രിക്ക് ടൺ ആണ് കടലിൽ വീണത് എന്നും റിപ്പോർട്ടുകളുണ്ട്.
Previous Post Next Post
3/TECH/col-right