താമരശ്ശേരി: നാലുദിവസം മുമ്പാണ് താമരശ്ശേരിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന വാവാട് സ്വദേശിയായ വ്യാപാരി മുഹമ്മദ് യാസീനിന് ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റത്. കാരാടിയ്ക്കും ഓടക്കുന്നിനും ഇടയിലെ വട്ടക്കുണ്ട് പാലത്തിനുസമീപം റോഡിലെ വീതികുറഞ്ഞ് ആഴംകൂടി നിലകൊണ്ട ഗർത്തം രാത്രി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല.
ഗർത്തത്തിൽ ചക്രം കുടുങ്ങി ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയും റോഡിലേക്ക് തെറിച്ചുവീണ് യാസീനിന്റെ കൈയ്ക്കും നെറ്റിക്കുമെല്ലാം പരിക്കേൽക്കുകയുമായിരുന്നു. രണ്ടുദിവസത്തിനുശേഷം അതുവഴി സ്കൂട്ടറിൽ കടന്നുപോയ ഒരു വീട്ടമ്മയും നിരത്തിലെ അതേ കുഴിയിൽവീണ് അപകടത്തിൽപ്പെട്ടു. ഭാഗ്യംകൊണ്ടാണ് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
പറഞ്ഞുവരുന്നത് ഏതെങ്കിലും പഞ്ചായത്ത് റോഡിന്റെയോ സംസ്ഥാനപാതയുടെയോ കാര്യമല്ല. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന കോഴിക്കോട്- കൊല്ലഗൽ ദേശീയപാത ഭാഗത്തിന്റെ അവസ്ഥയെക്കുറിച്ചാണ്. കാലവർഷത്തിനുമുമ്പ് ദേശീയപാതയിൽ പലയിടത്തും നവീകരണം നടന്നിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് ഇപ്പോൾ അതിൽ ചിലയിടങ്ങളിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിൽ മലപുറം മുതൽ കൊടുവള്ളി വരെയുള്ള ഭാഗത്ത് ചിലയിടങ്ങളിലാണ് റോഡിൽ അപകടഭീഷണിയുള്ള ചതിക്കുഴികളുള്ളത്.
എണ്ണവും വിസ്താരവും ചെറുതാണെങ്കിലും അല്പം ആഴത്തിൽ കിടങ്ങുകൾക്ക് സമാനമായി നിലകൊള്ളുകയാണ് ഇതിൽ ചിലത്. വലിയ വാഹനങ്ങൾക്ക് കാര്യമായ പ്രയാസം സൃഷ്ടിക്കുന്നില്ലെങ്കിലും ഇരുചക്ര വാഹനയാത്രികർക്ക് വലിയ ഭീഷണിയാവുന്നുണ്ട് ഇത്തരം ഗർത്തങ്ങൾ. ഇടുങ്ങിയ കുഴികളിൽ ചക്രങ്ങൾ ചാടുമ്പോൾ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിയുന്ന അവസ്ഥയാണ്. അപകടത്തിൽപ്പെടുന്നവരിൽ പലരും തലനാരിഴയ്ക്കാണ് വലിയ പരിക്കേൽക്കാതെയും പിന്നാലെ വരുന്ന വാഹനങ്ങൾക്ക് അടിയിൽപ്പെടാതെയും രക്ഷപ്പെടുന്നത്.
മലയോരത്ത് മഴ ഇടതടവില്ലാതെ പെയ്യുന്ന സാഹചര്യം കൂടിയുള്ളതോടെ വെള്ളം നിറഞ്ഞുകിടക്കുന്ന ഗർത്തങ്ങൾ തിരിച്ചറിയാതെ അവയിൽ ചാടിയുള്ള അപകടങ്ങളും പുതുമയല്ല. വട്ടക്കുണ്ട് പാലത്തിനുസമീപം ഫെയ്‌മസ് ബേക്കറിക്കും വേവ്‌സ് ബ്യൂട്ടി സലൂണിനും മുൻവശം റോഡിൽ ഗർത്തം രൂപപ്പെട്ടിട്ട് നാളുകളേറെയായി. പൊതുമരാമത്ത് അധികൃതരെ ബന്ധപ്പെട്ടിട്ടും കുഴി നികത്താൻ നടപടിയായില്ലെന്നാണ് ആക്ഷേപം.
പുല്ലാഞ്ഞിമേട് ബസ് സ്റ്റോപ്പിനും കരുവൻകാവ് അയ്യപ്പക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്ത് ദേശീയപാതയിലും ഇത്തരത്തിൽ ചെറുകിടങ്ങിന് സമാനമായ കുഴികളുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലെ ഗർത്തങ്ങളുടെ അത്ര ആഴമില്ലെങ്കിലും കാരാടി, പരപ്പൻപൊയിൽ അങ്ങാടി, താഴെ പരപ്പൻപൊയിൽ, ആലിൻചുവട്, വാവാട്, ഇരുമോത്ത് എന്നിവിടങ്ങളിലെല്ലാം റോഡിൽ നിലകൊള്ളുന്ന ഗർത്തങ്ങളും അപകടഭീഷണി സൃഷ്ടിക്കുന്നവയാണ്.
അടിവാരം അങ്ങാടിയിൽനിന്ന് ചുരംപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും നവീകരണം നടക്കുന്ന ചുരംപാതയിലും മഴപെയ്ത് തുടങ്ങിയതിന് തൊട്ടുപിന്നാലെ കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് നവീകരിച്ചതു കൊണ്ട് വലിയ കാര്യമില്ലെന്ന പതിവ് പല്ലവിയോടെ കരാറുകാരെക്കൊണ്ട് ക്വാറിവെയ്സ്റ്റ് മാത്രം നിക്ഷേപിപ്പിച്ച് പേരിന് കുഴികൾ നികത്തുന്ന സ്ഥിതിയാണ് ഇപ്പോഴും കണ്ടുവരുന്നത്. ഇത്തരം ‘കണ്ണിൽ പൊടിയിടൽ’ അവസാനിപ്പിച്ച് ടാർ അടർന്ന ഭാഗങ്ങളിലും ഗർത്തങ്ങൾ രൂപപ്പെട്ടയിടങ്ങളിലുമെല്ലാം ശാസ്ത്രീയമായി കുഴികൾ നികത്തി റീ ടാർ ചെയ്യണമെന്നതാണ് വാഹന യാത്രികരുടെയും നാട്ടുകാരുടെയും പക്ഷം.
കടപ്പാട്
Tags:
THAMARASSERY