സാങ്കേതിക വിദ്യകളെ വൈകൃതമായി ഉപയോഗിക്കുന്ന ‘പെർവർട്ടഡ് ഇന്റലിജൻസ്’ മറ്റു ചില രാജ്യങ്ങളിൽ വ്യാപകമാണെങ്കിലും ഇന്ത്യയിൽ അടുത്തകാലത്താണ് കൂടിയത്. രാജ്യത്ത് നടന്ന പല ഓൺലൈൻ തട്ടിപ്പുകൾക്കുപിന്നിലും നൈജീരിയൻ പൗരന്മാരടക്കം പിടിയിലായിരുന്നു.
ഡിജിറ്റൽ പണക്കൈമാറ്റം വ്യാപകമായതോടെ സൈബർ കുറ്റകൃത്യങ്ങളും വർധിച്ചു. വിവരവും വിദ്യാഭ്യാസവുമുള്ള ഉന്നതർ വരെ തട്ടിപ്പുകളുടെ ഇരകളായി. പലരും അഭിമാനം കാത്തുസൂക്ഷിക്കാൻ, തട്ടിപ്പിൽ അകപ്പെട്ടത് മറച്ചുവെച്ചു. പുറത്തുവരുന്ന കേസുകളേക്കാൾ അധികമാണ് സൈബർ തട്ടിപ്പിന് ഇരകളാകുന്നതെന്ന് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നു. ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള നിരവധി സംഘങ്ങൾ സൈബർ തട്ടിപ്പ് രംഗത്ത് സജീവമാണ്.
പണം തട്ടിയെടുത്തശേഷം മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുന്നതിലൂടെ തട്ടിപ്പുകാർ സുരക്ഷിതരാകും. ഇതാണ് വിദ്യാർഥികളെ വലവീശി തട്ടിപ്പിന് ഇരയാക്കുന്നതിന് പിന്നിലുള്ളവരുടെ താൽപര്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി വ്യാപകമാകുന്നതോടെ ഇത്തരം തട്ടിപ്പുകളുടെ വ്യാപ്തിയും വർധിക്കും.
ഡിജിറ്റൽ പണക്കൈമാറ്റം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ സൈബർ ഇടത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അതിജാഗ്രത ആവശ്യമായ തലത്തിലാണ് സൈബർ തട്ടിപ്പുകളുടെ വ്യാപ്തി.
കടപ്പാട്:ഹാഷിം എളമരം - മാധ്യമം