ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകാന്‍ തുടങ്ങിയതോടെ ഡിസംബര്‍ 27 ന് രാജ്യത്തുടനീളമുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. കൊവിഡ് നേരിടാന്‍ ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുക എന്നതാണ് മോക്ക് ഡ്രില്‍ വഴി ലക്ഷ്യമിടുന്നത്.
അതത് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കണം ആരോഗ്യ വകുപ്പ് മോക്ക് ഡ്രില്‍ നടത്തേണ്ടത്. സംസ്ഥാനങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ സി യു, വെന്റിലേറ്റര്‍, ഓക്സിജന്‍ തുടങ്ങിയവയുടെ ലഭ്യത മോക്ക് ഡ്രില്ലിലൂടെ പരിശോധിക്കും. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
കൊവിഡ് സാഹചര്യം നേരിടാന്‍ വേണ്ട ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങി ഉറപ്പാക്കാനും ആര്‍ ടി പി സി ആര്‍, ആര്‍ എ ടി കിറ്റുകളുടെ ടെസ്റ്റിംഗ് ശേഷിയും ലഭ്യതയും വര്‍ദ്ധിപ്പിക്കുക, ടെസ്റ്റിംഗ് ഉപകരണങ്ങളുടെയും റിയാക്ടറുകളുടെയും ലഭ്യത എന്നിവയും മോക്ക് ഡ്രില്ലില്‍ ശ്രദ്ധ ചെലുത്തും. ഇന്ത്യയിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡിന്റെ വ്യാപനം വര്‍ധിച്ചിട്ടുണ്ട്.
സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി അതത് ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ മജിസ്ട്രേറ്റുകളുടെയും മാര്‍ഗനിര്‍ദേശപ്രകാരം മോക്ക് ഡ്രില്‍ നടത്താമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ ചൈന ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞിരുന്നു.
ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. എത്തിച്ചേരുമ്പോള്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആവുകയോ ചെയ്താല്‍ അവരെ ക്വാറന്റൈനില്‍ ആക്കും.
കേന്ദ്രവും സംസ്ഥാനങ്ങളും മുന്‍കാലങ്ങളില്‍ ചെയ്തത് പോലെ പുതിയ സാഹചര്യത്തേയും ഒന്നിച്ച് നിന്ന് നേരിടണം എന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. അതേസമയം നേരത്തെ രാജ്യത്ത് കൊവിഡിന്റെ ചൈനീസ് വകഭേദമായ ഒമിക്രോണ്‍ ബി എഫ് 7 സ്ഥിരീകരിച്ചിരുന്നു.
Tags:
INDIA