കോടഞ്ചേരി : ഇരുവഞ്ഞിപ്പുഴയിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടു. രാപകൽഭേദമില്ലാതെ നൂറുകണക്കിനുപേർ ഒരാഴ്ചയായി തുടരുന്ന തിരച്ചിലിന് പ്രധാന വെല്ലുവിളി പ്രതികൂലകാലാവസ്ഥയാണ്.
ദേശീയ ദുരന്തനിവാരണസേനയും നേവിയുടെ മുങ്ങൽവിദഗ്ധരും ഉൾപ്പെടുന്ന സംഘങ്ങൾക്ക് പുഴയിലെ കുത്തൊഴുക്കുമൂലം കയങ്ങളിലും കല്ലുകൾക്കിടയിലും തിരച്ചിൽ നടത്താൻ കഴിയുന്നില്ല. സ്വകാര്യ വൈദ്യുതിപദ്ധതിയുടെ സമീപമുള്ള ചെക്ഡാമിന് പരിസരത്ത് ഞായറാഴ്ച നാവികസേനയുടെ മുങ്ങൽവിദഗ്ധസംഘം തിരച്ചിൽ നടത്തി.
പുഴയുടെ ഒഴുക്കുകുറഞ്ഞ ഭാഗങ്ങളിൽ തിരുവമ്പാടിവരെ രക്ഷാപ്രവർത്തകർ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽനടത്തി. തിരച്ചിൽ ഇന്നും തുടരും.തിങ്കളാഴ്ച വൈകുന്നേരമാണ് മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക് (17) പുഴയിൽ ഒഴുക്കിൽപ്പെട്ടത്.
ദേശീയ ദുരന്തനിവാരണസേനയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായ കൂടിയാലോചനകൾ ഇന്ന് നടത്തുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു.
പതങ്കയം അപകടം: അവലോകന യോഗം ചേർന്നു.
കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, തഹസിൽദാർ സി.സുബൈർ, എൻ.ഡി.ആർ.എഫ് വിംഗ് കമാൻഡർ ബാബു സെബാസ്റ്റ്യൻ, പോലീസ്, ഫയർ ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ നാളെ മുതലുള്ള തിരച്ചിലിന് താഴെ പറയും പ്രകാരമുള്ള ക്രമീകരണമേർപ്പെടുത്തി.
12/07 / 2022 ചൊവ്വ: എസ്.കെ.എസ്.എസ്.എഫ്.
13/07/2022 ബുധൻ:വൈറ്റ് ഗാർഡ്
14/07/2022 വ്യാഴം: കർമ്മ ഓമശ്ശേരി
15/07/2022 വെള്ളി: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരള.
16/07/2022 ശനി:അമീൻ റെസ്ക്യു
17/07/2022 ഞായർ:
എൻ്റെ മുക്കം സന്നദ്ധ സേന
തുടർന്നുള്ള ദിവസങ്ങളിൽ സാന്ത്വനം ഓമശ്ശേരി, രാഹുൽ ബ്രിഗേഡ്, ടാസ്ക് ഫോഴ്സ്, പുനർജ്ജനി ആനക്കാംപൊയിൽ.
കാലാവസ്ഥ അനുകൂലമാകുന്ന പക്ഷം അതത് സമയങ്ങളിൽ മാറ്റം വരുത്താനും തീരുമാനമായി.അതേ സമയം കഴിഞ്ഞ തിങ്കളാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശിക്ക് വേണ്ടിയുള്ള സംയുക്ത തിരച്ചിൽ ഇന്നും തുടരുന്നു.
Tags:
THAMARASSERY