Trending

ഭക്ഷ്യവിഷബാധ: കാസർകോട് ഷവർമ കഴിച്ച പെൺകുട്ടി മരിച്ചു;കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

കാസറഗോഡ് : ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവര്‍മ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ദേവനന്ദ (17) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദേവനന്ദ ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ഭക്ഷ്യവിഷബാധയാണ് മരണകാരണം.

കാസര്‍കോട്ട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപേര്‍ ചികിത്സ തേടുകയുംചെയ്ത സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.       

വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് കൂൾബാർ നാട്ടുകാർ എറിഞ്ഞുതകർത്തു. കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണന്‍ - പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. ഇതേ കൂൾബാറിൽ നിന്നും ഷവർമ കഴിച്ച 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Previous Post Next Post
3/TECH/col-right