ദില്ലി: രാജ്യത്തെ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് 10 രൂപയും കുറയും.
ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ദില്ലിയിൽ നിലവില്‍ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപ, ചെന്നൈയിൽ പെട്രോൾ വില 102.59 രൂപ. കേരളത്തില്‍ ഏഴ് ദിവസം തുടർച്ചയായി ഇന്ധന വില വർധിച്ചു. ഇന്നത്തെ പെട്രോൾ, ഡീസൽ വില ഇന്നലത്തേതിന് സമാനമാണ്.
കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ. സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്.
കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചു.ഇതേ കാലത്ത് ക്രൂഡ് ഓയിൽ വില ഇരട്ടിയായി. ഒക്ടോബറിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ബാരലിന് ശരാശരി 40.66 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് വില, കഴിഞ്ഞമാസം 86 ഡോളറിലെത്തി. ജനുവരിയിൽ 54.79 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില. ഇന്ധന ഉൽപ്പാദകരിലെ ആഗോള ഭീമനായ സൗദി അരാംകോ 158 ശതമാനം ലാഭവർധന നേടി.
Tags:
INDIA