നാദാപുരം: തുണേരി പഞ്ചായത്തില്‍ കോവിഡ് സമൂഹ വ്യാപനമെന്നു സംശയം. കഴിഞ്ഞ ദിവസം റാപ്പിഡ് അന്റിജൻ ടെസ്റ്റ് നടത്തിയതിന്റെ ഫലമാണ് ആരോഗ്യ വകുപ്പിനെയും പ്രദേശവാസികളെയും ആശങ്കയിലാക്കിയിരിക്കുന്നത്.തുണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ അന്‍പതോളം ആളുകളുടെ പരിശോധന ഫലം പോസിറ്റീവാണെന്നാണ് സൂചന. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു കോവിഡ് സ്ഥിരികരിച്ചതായി പഞ്ചായത്ത് സെക്രട്ടറിക്ക് ഡെപ്യുട്ടി ഡയറക്ടറുടെ നല്‍കിയ ഉത്തരവില്‍ പറയുന്നു. 
പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരുടെയും ലിസ്റ്റ് പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണമെന്നും ചൊവ്വാഴ്ച മുഴുവന്‍ ജീവനക്കാരുടെയും പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസ് അടച്ചിട്ട് അണു നശീകരണം നടത്തണം. ബുധനാഴ്ച മുതല്‍ നെഗറ്റീവുള്ള ജീവനക്കാരെ മാത്രം ജോലിക്ക് നിയോഗിച്ച് ഓഫീസിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

ഒരു മരണ വീട്ടില്‍ നിന്നാണ് രോഗ വ്യാപനം ഉണ്ടായതെന്നാണ് സംശയം.ഇവിടെ ഉണ്ടായിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കും ഒരു ജീവനക്കാരിക്കും പോസിറ്റീവ് ആയതായും സൂചനയുണ്ട്.