Trending

ഓഫീസര്‍മാരടക്കം 20 ജീവനക്കാര്‍ മാത്രമേ ഓഫീസില്‍ ഉണ്ടാകാവൂയെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം

ന്യൂഡൽഹി:സെക്രട്ടി, ജോയിന്റ് സെക്രട്ടറി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ കേന്ദ്രസർക്കാർ ജീവനക്കാർക്കിടയിൽ വ്യാപകമായ തോതിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഓഫീസ് പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖയുമായി കേന്ദ്ര പേഴ്സണൽ മന്ത്രാലയം. ഓഫീസർമാർ അടക്കം 20 ജീവനക്കാർ മാത്രമേ ഓഫീസിൽ ഉണ്ടാകാൻ പാടുള്ളുവെന്നാണ് പുതിയ നിർദ്ദേശം. മറ്റ് ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

പനിയോ, ചുമയോ ഉള്ള ജീവനക്കാർ ഓഫീസിലേക്ക് വരരുത്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ള ജീവനക്കാരും ഓഫീസുകളിൽ എത്തരുത്. ഫേസ് മാസ്കുകൾ, ഫേസ് ഷീൽഡുകൾ എന്നിവ ജീവനക്കാർ ധരിക്കണം. മാസ്കുകൾ സംബന്ധിച്ച പ്രോട്ടോകോൾ ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഉപയോഗിച്ച മാസ്കുകളും ഗ്ലൗസുകളും മഞ്ഞ നിറത്തിലുള്ള ഡസ്റ്റ് ബിന്നിൽ മാത്രമേ ഉപേക്ഷിക്കാവൂവെന്നും നിർദ്ദേശമുണ്ട്. ജീവനക്കാർ തമ്മിൽ ഉള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾ പോലും പരമാവധി ഒഴിവാക്കണം. ടെലിഫോണിലൂടെയും, വീഡിയോ കോൺഫെറെൻസിലൂടെയും ആകണം ചർച്ചകൾ. 

ഓഫീസിന് ഉള്ളിൽ ഇരിക്കുമ്പോഴും നടക്കുമ്പോഴും രണ്ട് ജീവനക്കാർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം എന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫീസുകളിൽ ജാനാലകൾ പരമാവധി തുറന്ന് ഇടണം എന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right