Trending

അമ്മയുടെ മോൾ, ആലത്തൂരിന്റെ പെങ്ങളൂട്ടി

കോഴിക്കോട് : ഓണത്തിന് അടുത്തവീട്ടിലെ കുട്ടികൾ പുത്തനുടുപ്പിട്ടത് കണ്ടപ്പോൾ അതുപോലൊന്ന് വേണമെന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട് എന്റെ മകൾ. വാശിയായിരുന്നില്ല അത്; ഒരാഗ്രഹം മാത്രം. സാധിച്ചുകൊടുക്കാൻ നിവൃത്തിയില്ലെന്ന് അറിഞ്ഞപ്പോൾ അവളുടെ കുഞ്ഞുമനസ്സ് അതുൾക്കൊണ്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടാനായി അവൾക്ക് ആലത്തൂരുകാർ സമ്മാനിച്ചത് അറുപതോളം വസ്ത്രങ്ങളാണ്. അവൾ നൽകിയ സ്നേഹം അവരും തിരിച്ചുനൽകി - ആലത്തൂരിൽനിന്ന് വൻഭൂരിപക്ഷത്തിൽ ജയിച്ച രമ്യാ ഹരിദാസിന്റെ അമ്മ രാധ കുറ്റിക്കാട്ടൂരിലെ പണിപൂർത്തിയാകാത്ത വീട്ടിലിരുന്ന് പറഞ്ഞു.


ഫലമറിഞ്ഞപ്പോൾ സന്തോഷം പങ്കിടാൻ പാർട്ടിപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തി. ആരവങ്ങളും ആളും ഒഴിഞ്ഞ വീട്ടിൽ രാധയും അനുജൻ രജിലും മാത്രമാണുള്ളത്. മൂന്നാംവയസ്സിൽ മുത്തച്ഛന്റെ കൈപിടിച്ച് കോൺഗ്രസ് പരിപാടികൾക്ക് പോയിത്തുടങ്ങിയ പെൺകുട്ടിയാണ് ആലത്തൂരിന്റെ സ്നേഹത്തിനൊപ്പം ഇന്ത്യൻ പാർലമെന്റിലേക്ക് നടന്നുകയറിയിരിക്കുന്നത്.

ആർക്കൊക്കെ നന്ദിപറയണമെന്ന് അറിയില്ല. ഇന്നലെവരെ മഹിളാ കോൺഗ്രസ് പ്രവർത്തകയും വീട്ടമ്മയുമായിരുന്ന ഞാനിപ്പോൾ എം.പി.യുടെ അമ്മയായി. അവളുടെ വിജയത്തിൽ വലിയ സന്തോഷമുണ്ട്. ഇപ്പോൾ തന്നെ പലരും തമാശയായി ചോദിക്കുന്നുണ്ട് എം.പി.യുടെ അമ്മയായില്ലെ, ഇനി കാറിലൊക്കെയായിരിക്കില്ലേ യാത്രയെന്ന്. പക്ഷേ, എനിക്കൊന്നേ പറയാനുള്ളൂ... അങ്ങനെയായാൽ ഞങ്ങൾ ഞങ്ങളല്ലാതാകും. രമ്യയെ ആലത്തൂരുകാർ പെങ്ങളൂട്ടി, അനിയത്തിക്കുട്ടി എന്നൊക്കെ വിളിക്കുന്നതുകേട്ടപ്പോൾ എനിക്ക് അസൂയതോന്നി. അവരുടെ സ്നേഹം അത്രയധികമായിരുന്നു. ആ സ്നേഹത്തിന് പകരമായി അവൾ മികച്ചപ്രവർത്തനം കാഴ്ചവെക്കുമെന്ന് എനിക്കുറപ്പുണ്ട് -അവർ പറഞ്ഞു.

ചേച്ചി പാട്ടുംപാടി ജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അങ്കണവാടിമുതലേ പാട്ടും നൃത്തവും ഒപ്പമുണ്ടായിരുന്നു. ചേച്ചിക്ക് മുഴുനീള പ്രസംഗം പണ്ടേ ഇഷ്ടമല്ല. കേൾവിക്കാരുടെ വിരസതമാറ്റാനാണ് പാട്ടുപാടിത്തുടങ്ങിയത്. ഇത് എതിർകക്ഷികൾ പ്രചാരണത്തിനായി ഉപയോഗിച്ചപ്പോൾ ഗുണമുണ്ടായത് ചേച്ചിക്കുതന്നെയാണ് -അനുജൻ രജിൽ പറഞ്ഞു.

രമ്യയുടെ മുറിനിറയെ നിർധനരായ വിദ്യാർഥികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന സ്കൂൾബാഗടക്കമുള്ള പഠനോപകരണങ്ങളാണ്. എല്ലാവർഷവും നൽകുന്ന പതിവ് തിരഞ്ഞെടുപ്പ് ചൂടിനിടയിലും അവർ മറന്നില്ല. ആലത്തൂരിൽനിന്നെത്തി ഒരുദിവസം ഇത് അർഹരായ കുട്ടികൾക്ക് കൈമാറാനാണ് പദ്ധതി.
Previous Post Next Post
3/TECH/col-right