2026 | നവംബര്‍ 25 | ബുധന്‍
1202 | വൃശ്ചികം 9, രോഹിണി
◾ സ്വര്‍ണവില കൂടുതല്‍ തകര്‍ച്ചയിലേക്ക്. കേരളത്തില്‍ രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു കൂടുതല്‍ താഴ്ന്നു. കേരളത്തില്‍ ഉച്ചയ്ക്കു സ്വര്‍ണവില ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി. 960 രൂപ കുറഞ്ഞ് 90,400 രൂപയാണ് പവന്‍വില. ഇതോടെ ഇന്ന് രണ്ടുതവണയായി ഗ്രാമിന് 415 രൂപയും പവന് 3320 രൂപയും കുറഞ്ഞു. രാജ്യാന്തര സ്വര്‍ണവില നേരിട്ട ഇടിവും രൂപയുടെ മുന്നേറ്റവും സ്വര്‍ണവില വന്‍തോതില്‍ കുറയാന്‍ വഴിയൊരുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ എല്‍.പി.എസ്.ടി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളില്‍ നാലും അംഗീകരിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. അതേസമയം വിദ്യാര്‍ത്ഥി, അധ്യാപക അനുപാതം കുറയ്ക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്നും 1:25 അനുപാതം ആക്കിയാലും തസ്തിക കൂടുന്ന സാഹചര്യമല്ലെന്നും ഇല്ലാത്ത തസ്തികയില്‍ എങ്ങനെ നിയമിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം സമരക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ യുഎഇയിലെ റാസല്‍ഖൈമയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചമലയാളികളുടെ എണ്ണം മൂന്നായി. കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞ മലയാളികള്‍. ഇവരടക്കം ആറ് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മരിച്ച 13 പേരില്‍, മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടി പുരോഗമിക്കുകയാണ്.
◾ കാലടി സസ്‌പെന്‍ഷന്‍ വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. അതേസമയം കോണ്‍ഗ്രസിലെ വിവാദങ്ങളില്‍ മറുപടിക്കില്ലെന്നും താനും സൈബര്‍ ആക്രമണം നേരിടുന്നുണ്ടെന്നും വ്യാജവാര്‍ത്തകളെല്ലാം ഒരു കേന്ദ്രത്തില്‍ നിന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
◾ പഴയ യുഡിഎഫ് ആയി മാറരുതെന്നും അതിനല്ല ജനം വോട്ട് കൊടുത്തതെന്നും ജി സുധാകരന്‍ എംഎല്‍എ. വലിയ അവസരമാണ് യുഡിഎഫിന് മുന്നില്‍ ഉള്ളതെന്നും, കെസിയും ചെന്നിത്തലയുമൊക്കെ കഴിവുള്ളവരാണെന്നും നന്നായി ഭരിച്ചാല്‍ യുഡിഎഫിന് വീണ്ടും അധികാരത്തില്‍ വരാമെന്നും ജി സുധാകരന്‍ പറഞ്ഞു.
◾ കോണ്‍ഗ്രസില്‍ സൈബര്‍ പോര് രൂക്ഷമായതിനിടെ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് മേധാവിക്ക് വീണ്ടും പരാതി. 80 വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സൈബര്‍ ആക്രമണമെന്നാണ് പരാതിയില്‍ പറയുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ആണ് വീണ്ടും പരാതി നല്‍കിയത്.
◾ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍. അഖിലിനെ ഒരു സമരത്തിലും താന്‍ കണ്ടിട്ടില്ലെന്നും, ജലപീരങ്കിയില്‍നിന്ന് ഒരു തുള്ളി വെള്ളം പോലും അഖിലിന്റെ ദേഹത്ത് വീണിട്ടില്ലെന്നും നേമം ഷജീര്‍ തുറന്നടിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ കറങ്ങിനടന്നത് മാത്രമാണ് അഖിലിന്റെ യോഗ്യതയെന്നും ഷജീര്‍ പരിഹസിച്ചു.
◾ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോള്‍ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിന് എണ്ണക്കമ്പനികളില്‍ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു.
◾ കൊച്ചി നഗരത്തില്‍ നടത്തിയ 'ഓപ്പറേഷന്‍ നൈറ്റ് ഹണ്ടി'ല്‍ നിയമലംഘനം കണ്ടെത്തിയ 146 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. 6,10,250 രൂപയാണ് പിഴയായി ഈടാക്കുക. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെയും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി.
◾ 18 വയസ്സില്‍ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂര്‍ത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. മദ്യപിച്ച് 19കാരന്‍ ഓടിച്ച കാറിടിച്ച് നെടുമ്പാശ്ശേരിയില്‍ മൂന്നുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
◾ ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകള്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ആസൂത്രിത ശ്രമമുണ്ടെങ്കില്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു.
◾ ശബരിമല യുവതി പ്രവേശന കേസില്‍ വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്‌ന ആണ് ഇക്കാര്യം അറിയിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാന്‍ ആകുമെന്ന ചോദ്യം ചീഫ് ജസ്റ്റിസും ഉയര്‍ത്തിയിരുന്നു.
◾ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം 143-ാം ദിവസത്തിലേക്ക്. ഉദ്യോഗാര്‍ത്ഥികളുമായി ഇതുവരെ സര്‍ക്കാര്‍ തുടര്‍ ചര്‍ച്ചയ്ക്ക് ബന്ധപ്പെട്ടിട്ടില്ല. അധ്യാപക - വിദ്യാര്‍ത്ഥി അനുപാതം കുറച്ചില്ലെങ്കില്‍ റിട്ടയര്‍മെന്റ് ഒഴിവുകള്‍ റാങ്ക് പട്ടികയില്‍ നിന്ന് നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പുതിയ ആവശ്യം.
◾ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിന്‍, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍.
◾ ധനരാജ് വധക്കേസില്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാന്‍ കോടതി തയ്യാറായില്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലം ഉള്‍ക്കൊണ്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ ഇവിഎം അട്ടിമറി ആരോപണത്തില്‍ കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടിങ് മെഷീന്‍ തിരിമറി നടത്താമെന്ന് അവകാശപ്പെട്ടു ആളെത്തി എന്ന കെ.ടി ജലീലിന്റെ വെളിപ്പെടുത്തല്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
◾ ചൈനീസ് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ യൂണിറ്റിന്റെ കണ്ടെത്തല്‍. മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ വില്‍പ്പനക്കെത്തിച്ച ടി.വൈ.എ ഫാഷന്‍ കോസ്‌മെറ്റിക്സിന്റെ 14 ഇനം ഉത്പന്നങ്ങള്‍ കണ്ടെത്തി.
◾ ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ദൗത്യം വൈകും. ആനയിറങ്കല്‍ ഡാമിന്റെ മറുകരയിലേക്ക് ആന നീന്തിക്കയറിയതോടെയാണ് ദൗത്യം വൈകുമെന്നറിയിച്ചത്. നിലവില് ആനയുള്ള സ്ഥലം മയക്കുവെടി വക്കാന്‍ അനുയോജ്യം അല്ല. രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവും നിലവില്‍ സജ്ജമാണ്.
◾ തൃത്താല പരതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വെടിവെപ്പില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി പൊലീസ്. കുട്ടിയുടെ കയ്യിലുള്ളത് ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കാണെന്ന് കണ്ടെത്തി. തോക്ക് കൈവശം വച്ചതിന് കുട്ടിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
◾ വെഞ്ഞാറമ്മൂടിന് സമീപം പൊലീസുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. വെമ്പായം കന്യാകുളങ്ങരയിലെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്‌നാദിന്റെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്.
◾ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം. ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തര്‍ ആണ് മരിച്ചത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾ ശബരിമല ക്ഷേത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്‌നാട് സ്വദേശിയും ട്രാന്‍സ്‌ജെന്‍ഡറുമായ അനുശ്രീ ആണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
◾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട അലാഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കേസ് പുതുതായി പരിഗണിക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും നല്‍കി.
◾ ദില്ലി കേരള ഹൗസില്‍ ഇനി മുതല്‍ 'ഫ്രീ ഫുഡ്' ഇല്ല. വിവിഐപി ഡ്യൂട്ടിക്കാര്‍ക്കും ബില്‍ നിര്‍ബന്ധമാക്കി. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഹോസ്പിറ്റാലിറ്റി ചെലവിലാണ് സൗജന്യഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് പ്രത്യേക ഉത്തരവില്ലാത്ത സാഹചര്യത്തില്‍ ഇനി ബില്ലിംഗ് നടപടി അനുവദിക്കില്ലെന്നാണ് റസിഡന്റെ കമ്മീഷണര്‍ പൂനീത് കുമാറിന്റെ നിര്‍ദ്ദേശം.
◾ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ തര്‍ക്കം തുടരുന്നതിനിടെ കോണ്‍ഗ്രസിന് ശക്തമായ താക്കീതും മുന്നറിയിപ്പുമായി അഖിലേഷ് യാദവ്. 'വിവേകത്തോടെ ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും' എന്ന് അഖിലേഷ് വ്യക്തമാക്കി.
◾ പാകിസ്ഥാനിലെ പ്രധാനപ്പെട്ട നാല് ഭരണ പ്രവിശ്യകളായ പഞ്ചാബ്, സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നിവ വിഭജിച്ച് ഭൂപടം മാറ്റിവരയ്ക്കാനുള്ള ശക്തനായ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നീക്കത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ എതിര്‍പ്പ് ശക്തമാകുന്നു. ഇതിനെതിരെ കറാച്ചിയില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
◾ 75-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തില്‍ 19-കാരിയായ ഇന്ത്യക്കാരി കെസിയ ലിസ് മെജോയ്ക്ക് ഇടംപിടിക്കാനായില്ല. ആദ്യ 12-ല്‍ ഇടംപിടിക്കാനാകാതെ മത്സരത്തില്‍ നിന്ന് പുറത്താവുകയായിരുന്നു. 116 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി പ്യൂര്‍ട്ടോ റിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ കിരീടം സ്വന്തമാക്കി. ഡൊമിനിക്ക റിപ്പബ്ലിക്കിന് രണ്ടാം സ്ഥാനവും വെനസ്വേലയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
◾ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട സമയം അവസാനിച്ചെങ്കിലും നിലവിലെ അധ്യക്ഷ പിടി ഉഷ നാമനിര്‍ദ്ദേശ പത്രിക നല്‍കിയില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ദില്ലിയിലെ ബിജെപി നേതാവായ വീരേന്ദ്ര സച്‌ദേവ, മുന്‍ ഷൂട്ടിംഗ് താരം ഗഗന്‍ നരംഗ്, മുന്‍ ഐഒഎ സെക്രട്ടറി ജനറല്‍ സഞ്ജീവ് മേത്ത എന്നിവരാണ് പത്രിക നല്‍കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അഞ്ജു ബോബി ജോര്‍ജ് മത്സരിക്കുന്നത്.
◾ ഐപിഎല്‍ 2027 താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തത് 1,220 താരങ്ങള്‍. 939 പേര്‍ ഇന്ത്യന്‍ താരങ്ങളും 281 പേര്‍ വിദേശ താരങ്ങളുമാണ് പട്ടികയിലുള്ളത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സും ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
◾ ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്‌സെന്റിനും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ മൈക്രോ എസ്യുവിയുമായി രംഗത്തെത്താനൊരുങ്ങി മാരുതി സുസുക്കി. നിലവില്‍ വൈ43 എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ത്തലാക്കിയ മാരുതി ഇഗ്‌നിസിന് പകരക്കാരനായാണ് പുതിയ എസ്യുവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാരുതിയുടെ വാഹനനിരയില്‍ ബ്രെസ്സയ്ക്കും ഫ്രോങ്ക്‌സിനും താഴെയായിരിക്കും ഇതിന്റെ സ്ഥാനം. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സെന്റ് തുടങ്ങിയ മോഡലുകളുമായാകും പ്രധാന മത്സരം.വാഹനത്തിന്റെ കൃത്യമായ അളവുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും പുതിയ എസ്യുവിയുടെ വില്‍പ്പനയെന്നും സൂചനയുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് മാരുതി സുസുക്കി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
◾ നവാഗതനായ ഗിരീഷ് വി സി സംവിധാനം ചെയ്യുന്ന വനിത മെസ്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നത് അഷ്ഫാക്ക് അസ്ലം ആണ്. സംവിധായകനും നിര്‍മാതാവുമായ താമറിന്റെ 1001 സ്റ്റോറീസും ഹേസല്‍ ഐസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷഹീന്‍ എം ശരീഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു കുടുംബശ്രീ യൂണിറ്റില്‍ നടക്കുന്ന സംഭവങ്ങളെ നര്‍മ്മത്തിന്റെയും ഉദ്വേഗത്തിന്റെയും ചരടില്‍ കോര്‍ത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബീന ആര്‍ ചന്ദ്രന്‍, ഇര്‍ഷാദ് അലി, വിജി വിശ്വനാഥ്, പുഷ്പ രാജന്‍, അനുഷ ശ്യാം, സുപര്‍ണ എന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ ഡി ജോസാണ് ഛായാഗ്രഹണം. നിതീഷ് രാമചന്ദ്രന്‍ സംഗീത സംവിധാനം. പ്രേംശങ്കര്‍ സേതുമാധവന്‍ ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. വിപിന്‍ വിജയലക്ഷ്മി രാജനാണ് കലാസംവിധാനം. ആന്റോ വര്‍ഗീസ് വസ്ത്രാലങ്കാരവും അര്‍ഷാദ് വര്‍ക്കല ചമയവും നിര്‍വ്വഹിക്കുന്നു.
◾ ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്‌സ്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങള്‍ നല്‍കും. ഓട്സ് ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനം, വിശപ്പ് തുടങ്ങി പല കാര്യങ്ങളെയും സ്വാധീനിച്ചേക്കാമെന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി വ്യക്തമാക്കുന്നു. ഓട്‌സ് ഒരു സാധാരണ ഭക്ഷണമായി തോന്നാമെങ്കിലും അതിലെ നാരുകളുടെ സാന്നിധ്യം കാരണം സമീകൃതാഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ചൊരു ഭക്ഷണമാണിത്. ഓട്സില്‍ 'ബീറ്റ-ഗ്ലൂക്കാന്‍' എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാര് അടങ്ങിയിട്ടുണ്ട്.മോശം കൊളസ്ട്രോള്‍ എന്ന് പൊതുവെ അറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഈ നാര് സഹായിക്കും. എല്‍.ഡി.എല്‍ കൊളസ്ട്രോളിന്റെ ഉയര്‍ന്ന അളവ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ലയിക്കുന്ന നാരുകള്‍ ശരീരത്തിലെത്തിക്കാനുള്ള ഒരു മാര്‍ഗമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 92.93, പൗണ്ട് - 121.75, യൂറോ - 101.84, സ്വിസ് ഫ്രാങ്ക് - 110.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 61.65, ബഹ്റൈന്‍ ദിനാര്‍ - 247.14, കുവൈത്ത് ദിനാര്‍ - 298.36, ഒമാനി റിയാല്‍ - 241.68, സൗദി റിയാല്‍ - 24.78, യു.എ.ഇ ദിര്‍ഹം - 25.30, ഖത്തര്‍ റിയാല്‍ - 25.53.
Tags:
KERALA