Trending

പ്രഭാത വാർത്തകൾ

2026  നവംബര്‍ 13 | വെള്ളി 
1202  തുലാം 27 | മൂലം
1448  ജ : ആഖിർ 03

◾  ഫുട്ബോള്‍ താരം ലയണല്‍ മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ പ്രോസിക്യൂഷന്‍ അനുമതി. അബ്ദുറഹ്‌മാനെ അഴിമതി തടയല്‍ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. വി. അബ്ദുറഹ്‌മാനും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോഅഗസ്റ്റിന്‍ അടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ മന്ത്രിയായിരുന്ന അബ്ദുറഹ്‌മാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

◾  ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദിഖിന്റെ മക്കളായ ഇരട്ടസഹോദരങ്ങള്‍ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), മിസ്നയുടെ മകന്‍ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ച മലയാളികള്‍. നിയന്ത്രണംവിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം. തുടര്‍ന്നുണ്ടായ കൂട്ടിയിടിയില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അഞ്ച് ട്രക്കുകളുള്‍പ്പെടെ 23 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്.

◾  ഇന്ത്യയില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് വിദേശ രാജ്യത്ത് വെച്ച് അവിടുത്തെ ഉദാരമായ നിയമങ്ങള്‍ പ്രകാരം വിവാഹമോചനം നേടാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിലെ നിയമം അംഗീകരിക്കാത്ത കാരണങ്ങള്‍ പ്രകാരം, വിദേശത്തെ കോടതികളില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം ചെയ്യുന്നവര്‍ ഒരേ സമയം രണ്ട് വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.


◾  സംസ്ഥാനത്തിന് ആശ്വാസമായി എന്‍ടിപിസിയില്‍നിന്ന് 5.40 രൂപ നിരക്കില്‍ വൈദ്യുതി. ഡിസംബറിലും ജനുവരിയിലും കേരളത്തിന് 270 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് എന്‍ടിപിസി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഫെബ്രുവരി മുതല്‍ ഇത് 540 മെഗാവാട്ട് ആയി വര്‍ധിക്കും. അതേസമയം, മഹാരാഷ്ട്രയിലെ സിന്നാര്‍ താപവൈദ്യുത നിലയത്തിലെ രണ്ടു യൂണിറ്റുകളില്‍ നിന്നായി 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ കേരളം നടത്തുന്നുണ്ട്.

◾  പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളില്‍ പ്രകൃതിക്ഷോഭങ്ങളുടെ കാഠിന്യം കൂടുതലെന്ന് പഠനത്തില്‍ കണ്ടെത്തല്‍. ഇതില്‍ത്തന്നെ മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളെടുത്താല്‍ രാജ്യത്ത് രണ്ടാംസ്ഥാനത്ത് ഇടുക്കി ജില്ലയാണെന്ന് സ്വകാര്യ പരിസ്ഥിതിപഠന ഏജന്‍സിയായ വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ കണ്ടെത്തല്‍.

◾  പതിനെട്ട് ദിവസമായി നിരാഹാര സമരം തുടരുന്ന എല്‍.പി.എസ്.ടി സമരസമിതി നേതാവ് വളര്‍മതി വീണ്ടും ആശുപത്രിയില്‍. വളര്‍മതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നുമണിയോടെ ജനറല്‍ ആശുപത്രിയിലെത്തിച്ച വളര്‍മതി നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

◾  വിദ്യാര്‍ത്ഥി അധ്യാപക അനുപാതം ഇപ്പോള്‍ കുറക്കാന്‍ കഴിയില്ലെന്ന് എല്‍ പി എസ് ടി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ധീന്‍. എല്‍ പി എസ്ടിയില്‍ കൂടിയാല്‍ എല്ലായിടത്തും കൂട്ടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച വേളയിലാണ് മന്ത്രിയുടെ പ്രതികരണം.

◾  എല്‍.പി.എസ്.ടി സമര വേദി സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി നേതാവ് വി മുരളീധരനും കെ സുരേന്ദ്രനും. വളര്‍മതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. എല്‍ പി എസ് ടി സമരക്കാര്‍ക്ക് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടെന്നും സിപിഎമ്മും പിന്തുണ നല്‍കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

◾  സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കും. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1 മുതല്‍ 15 വരെ നടക്കും. ഏപ്രില്‍ 5 മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.


◾  ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട് കേസില്‍ പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍.ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക സംഘം കോടതിയെ അറിയിച്ചു. തിരുവന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ വിധിവന്ന ശേഷം തീരുമാനമെടുക്കാമെന്നാണ് ബൈജു മറുപടി നല്‍കിയത്.

◾  സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശകള്‍ മറികടന്ന് കേരള ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്‍മാനെ നിയമിച്ചെന്ന ആരോപണം തള്ളി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്. സെര്‍ച്ച് കമ്മിറ്റി അംഗമായ പ്രൊഫ. വി.ജെ. വര്‍ഗീസ് അയച്ച കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക മറുപടിയില്‍ വ്യക്തമാക്കി.

◾  സംസ്ഥാനത്തെ 14 ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ തസ്തികകളിലും അധിക ചുമതലകളിലും മാറ്റംവരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പുതിയ എക്സൈസ് കമ്മീഷണറായി ഡോക്ടര്‍ എസ്. കാര്‍ത്തികേയന് ചുമതല നല്‍കി. എം.ജി. രാജമാണിക്യത്തിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയപ്പോള്‍, ജെറോമിക് ജോര്‍ജിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ ഉത്തരവായി. ഡോക്ടര്‍ ഷര്‍മിള മേരി ജോസഫിന് കെ.ടി.ഡി.എഫ്.സി. ചെയര്‍പേഴ്സണ്‍ സ്ഥാനത്തിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

◾  ബിജെപി നേതാവും മുന്‍ ഗവര്‍ണറും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് സ്വമേധയാ വിശിഷ്ട സീനിയര്‍ പദവി നല്‍കാന്‍ കേരള ഹൈക്കോടതി ഫുള്‍കോര്‍ട്ട് തീരുമാനം. നിയമരംഗത്തെ പ്രാവീണ്യവും അനുഭവസമ്പത്തും തൊഴില്‍പരമായ മികവും പരിഗണിച്ചാണ് പദവി നല്‍കിയത്.

◾  കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സര്‍വകലാശാല ഹൈക്കോടതിയില്‍. ചെയ്ത തെറ്റിന് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണമെന്നും പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സര്‍വകലാശാല വ്യക്തമാക്കി.

◾  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാജ നോട്ടിസ് നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടില്‍ രാജേന്ദ്രനെ എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് സിഇഒയുടെ പരാതിയിന്മേലാണ് അറസ്റ്റ്.

◾  ആലപ്പുഴ ഹരിപ്പാട് കരുവാറ്റയില്‍ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി പണവും സ്വര്‍ണവും മോഷ്ടിച്ചത്, കൊല്ലപ്പെട്ടയാളുടെ പതിമൂന്നുകാരിയായ കൊച്ചുമകളടങ്ങിയ നാലംഗ സംഘം നടത്തിയ, ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനു ശേഷമെന്ന് കുറ്റപത്രം. കൊല്ലം പരവൂര്‍ സ്വദേശികളും 16-18 പ്രായപരിധിയില്‍ വരുന്നതുമായ 3 കൗമാരക്കാര്‍ അതിക്രൂരമായാണു കൊല നടത്തിയതെന്ന് ഇന്നലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സമര്‍പ്പിച്ച 740 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

◾  തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കൊട്ടിയം സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത എംഎസ്എഫ് ജില്ല സെക്രട്ടറിയും ഉമയനല്ലൂര്‍ ഈസ്റ്റ് പട്ടരു മുക്ക് സ്വദേശിയുമായ മുഹമ്മദ് ഗസ്നിക്കെതിരെ പോലീസ് കേസെടുത്തു. ഇതോടെ മുഹമ്മദ് ഗസ്നിയെ എംഎസ്എഫിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.

◾  പ്രശസ്ത സ്റ്റില്‍ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍(73) തീവണ്ടിയില്‍ നിന്ന്കാല്‍ വഴുതി വീണു മരിച്ചു.മാര്‍ത്താണ്ഡം കുഴിത്തുറ വെസ്ററില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സഹോദരങ്ങള്‍ക്കൊപ്പം മാര്‍ത്താണ്ഡത്തുള്ള കുടുംബക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.

◾  തനിക്ക് ഭക്ഷണം നല്‍കിയ കുട്ടിക്ക് അഭിമന്യു നല്‍കിയ കുറിപ്പ് കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍. അഭിമന്യു കൊലക്കേസ് വിചാരണയ്ക്കിടെയാണ് അഭിമന്യു സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയത്. പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠിക്കാനെത്തിയത് എന്ന ഉള്ളടക്കം ബോധിപ്പിക്കാന്‍ കൂടിയാണ് പ്രോസിക്യൂഷന്‍ ഈ കുറിപ്പ് കാണിച്ചത്.

◾  രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം ഇനി മഹാരാഷ്ട്രയിലെ നവി മുംബൈ. തുടര്‍ച്ചയായി എട്ടുവര്‍ഷം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഇന്‍ഡോറിനെ പിന്തള്ളിയാണ് ഈ നേട്ടം. സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും നേടി. ഏറ്റവും വൃത്തിയുള്ള തീരദേശ നഗരങ്ങളുടെ വിഭാഗത്തില്‍ ആലപ്പുഴക്കാണ് രണ്ടാം സ്ഥാനം. ഒഡിഷയിലെ പുരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

◾  ടിവികെ എംഎല്‍എ വനിത കളക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തില്‍ ആരോപണം തള്ളി തമിഴ്നാട് സര്‍ക്കാര്‍. ഡിഎംകെ എംപി കനിമൊഴിയുടേത് വ്യാജ ആരോപണമാണെന്ന് നിയമമന്ത്രി സി ടി ആര്‍ നിര്‍മല്‍ കുമാര്‍ പ്രതികരിച്ചു. അഭ്യൂഹങ്ങളോടെല്ലാം പ്രതികരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കള്ളക്കുറിച്ചി എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ ഉയര്‍ന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.

◾  ഔദ്യോഗികമായി ഉദ്ഘാടനം നടക്കാനിരിക്കുന്നതിനു മുന്നേ ജ്വല്ലറിയില്‍ നിന്ന് 500 പവന്‍ സ്വര്‍ണം മോഷണം പോയി. മധുരയിലുള്ള തനിഷ്‌ക് ജൂവലറി ഷോറൂമിലാണീ വന്‍ മോഷണം. കവര്‍ച്ച നടന്ന ഷോറൂം 15 ദിവസം മുമ്പ് മാത്രമാണ് തുറന്നത്.

◾  ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മേയറുടെ ഓഫീസ്, പഞ്ചാബ് നാഷണല്‍ ബാങ്ക് , എന്നിവയ്ക്ക് നേരെ ഖാലിസ്ഥാന്‍ നാഷണല്‍ ആര്‍മി ബോംബ് ഭീഷണി മുഴക്കി. ഇമെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്.

◾  ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദും സഖ്യം രൂപീകരിക്കുന്നു. ഇന്ത്യാ മുന്നണി അവഗണിച്ചതോടെയാണ് ദളിത്-മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് ഇരുവരും പുതിയ മൂന്നാം ബദല്‍ തേടുന്നത്.

◾  പഴയകാലത്ത് ഉപയോഗിച്ചിരുന്ന പടക്കങ്ങളില്‍ ഇന്നത്തെപ്പോലെ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നില്ലെന്നും അവയില്‍നിന്നുള്ള പുക കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സഹായിച്ചിരുന്നുവെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  യു.എ.ഇ തീരത്തുള്ള മിന സഖറിന് സമീപം എണ്ണക്കപ്പലിന് നേരെ പ്രൊജക്റ്റൈല്‍ ആക്രമണം. ലൈബീരിയന്‍ പതാകയേന്തിയ 'എം.ടി. ഡൊമിനിക്ക പ്രോസ്പെരിറ്റി' എന്ന ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്.  

◾  ഇറാന്‍ യുദ്ധം പുനരാരംഭിക്കുന്നതിനെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ഫോണിലൂടെ രൂക്ഷമായ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ കടുത്ത വാക്കേറ്റമാണ് ഉണ്ടായതെന്ന് ഇസ്രായേലി വാര്‍ത്താ വെബ്‌സൈറ്റായ 'വൈനെറ്റ് ന്യൂസ്' വെളിപ്പെടുത്തി.

◾  ദിവസങ്ങള്‍നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ആഗോള ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ സഹസ്ഥാപകനും പ്രസിഡന്റും സി.ഇ.ഒ.യുമായ ജെന്‍സന്‍ ഹുവാങ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് പിന്നാലെയായിരുന്നു നിര്‍ണായക തീരുമാനം.

◾  ജെന്‍സെന്‍ ഹുവാങ് സിഇഒ സ്ഥാനം ഒഴിഞ്ഞതോടെ, എന്‍വിഡിയയുടെ ഇടക്കാല സിഇഒ ആയി കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കോളെറ്റ് ക്രെസ് ചുമതലയേല്‍ക്കും. ഇന്നലെയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. സിഇഒ ചുമതലയ്ക്കൊപ്പം നിലവിലെ ചുമതലകളിലും അവര്‍ തുടരും.

◾  നാടകീയ നീക്കത്തിലൂടെ പി.ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ അസംബ്ലിയില്‍. വനിതാ പ്രതിനിധി എന്ന നിലയില്‍ ഐസ് ഹോക്കി ഫെഡറേഷനാണ് പി.ടി ഉഷയെ നാമനിര്‍ദേശം ചെയ്തത്.ഇതോടെ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഐ.ഒ.എ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പി.ടി. ഉഷയ്ക്ക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകും.

◾  അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. ലക്ഷ്യ രാജേഷിന്റെയും ആര്യവീര്‍ സെവാഗിന്റെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

◾  ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഫിറ്റ്നസ് ടെസ്റ്റ് പാസായി ന്യൂസിലന്‍ഡിലേക്ക് തിരിച്ചു. നവംബര്‍ 19-ന് വെല്ലിംഗ്ടണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ റിഷഭ് പന്തിന് കളിക്കാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

◾  മോശം പ്രകടനത്തെത്തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുഖ്യ പരിശീലകന്‍ മൈക്കല്‍ കാരിക്കിനെ പുറത്താക്കി. നിലവിലെ അമേരിക്കന്‍ ദേശീയ ടീം പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റീനോയെ പകരക്കാരനായി നിയമിക്കാനാണ് ക്ലബ്ബിന്റെ നീക്കം.


◾  ഇന്ത്യന്‍ ആഡംബര വാഹന വിപണിയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. കമ്പനിയുടെ പ്രീമിയം കാര്‍ ബ്രാന്‍ഡായ ജെനസിസ് 2027ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രാന്‍ഡിന്റെ മുന്‍നിര ആഡംബര എസ്യുവിയായ ജെനസിസ് ജിവി90ന് ഇന്ത്യയില്‍ പേറ്റന്റ് ലഭിച്ചിരിക്കുകയാണ്. ഇതോടെ വമ്പന്‍ ആഡംബര എസ്യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനാണ് കമ്പനിയുടെ നീക്കമെന്ന സൂചന ശക്തമായി. എന്നാല്‍ വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

◾  ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരം ശക്തമാക്കാന്‍ വിയറ്റ്നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവിയായ വിഎഫ്5യുടെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലിന്റെ ഡിസൈന്‍ പേറ്റന്റ് ഇന്ത്യയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയ വിഎഫ്5 വിപണിയിലെത്തുന്നതോടെ ടാറ്റ നെക്‌സോണ്‍ ഇവി ഉള്‍പ്പെടെയുള്ള ഇലക്ട്രിക് എസ്യുവികള്‍ക്ക് ശക്തമായ മത്സരം നേരിടേണ്ടിവരും.

◾  ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിളിന് വെല്ലുവിളിയുമായി വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസ് എത്തുന്നു. വിവോ എക്സ്500 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 25ഓടെ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. ഇതിനിടെ സീരീസിലെ മൂന്ന് മോഡലുകളുടെയും വിലവിവരങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിട്ടുണ്ട്. വിലവിവരങ്ങള്‍ ശരിയാണെങ്കില്‍ ആപ്പിളിന്റെ ഐഫോണ്‍ 18 പ്രോ മോഡലുകളുമായി നേരിട്ടുള്ള മത്സരത്തിനാകും വിവോ ഒരുങ്ങുന്നത്.

◾  സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും ഐ.പി.എല്‍. ടീമായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെയും വിവാഹാഘോഷത്തില്‍ സൂപ്പര്‍താരം രജനീകാന്ത് നൃത്തംചെയ്യുന്ന വീഡിയോ വൈറല്‍. ഗ്രീസില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്കിടെ, അനിരുദ്ധ് സംഗീതം നല്‍കിയ ഹിറ്റ് ഗാനങ്ങള്‍ക്ക് രജനീകാന്ത് ചുവടുവെക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

◾  മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ഡ്രാമ 'ഇഞ്ചി വെല്ലം' അടുത്ത വര്‍ഷം ജനുവരി 29-ന് തിയേറ്ററുകളിലെത്തും. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വ്യത്യസ്ത സ്വഭാവമുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന് 'ഇഞ്ചി വെല്ലം' എന്ന് പേരിട്ടിരിക്കുന്നത്.

◾  ആന്റിബയോട്ടിക് മരുന്ന് ഫലിക്കാത്ത അണുബാധകാരണം ലോകത്തുണ്ടാകുന്ന മരണത്തില്‍ അഞ്ചിലൊന്നും ഇന്ത്യയില്‍. ലോകത്ത് ഒരുവര്‍ഷം 47 ലക്ഷത്തിലധികം പേരും ഇന്ത്യയില്‍ 9.87 ലക്ഷം പേരുമാണ് ഇങ്ങനെ മരിക്കുന്നത്. 'ദ ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ച 2021-ലെ കണക്കാണിത്, പുതിയ കണക്ക് പുറത്തുവന്നിട്ടില്ല.

◾  മലിനീകരിക്കപ്പെട്ട വായുവുമായി നിരന്തരം സമ്പര്‍ക്കത്തിലാകുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കൂട്ടുമെന്ന് പഠനം. ജേര്‍ണല്‍ ഓഫ് വാസ്‌കുലാര്‍ ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നും ടൈപ്പ് 2 ഡയബറ്റിസ് സാധ്യത 10 മുതല്‍ 16ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ഒരു മെക്കാനിക്ക് ആയിരുന്നു. വീടിനടുത്തുള്ള ഒരു ചെറിയ ഗാരേജില്‍ അയാള്‍ റെയ്‌സിന് ഉപയോഗിച്ചിരുന്ന കാറുകള്‍  ട്യൂണ്‍ ചെയ്ത് നല്‍കുമായിരുന്നു. ഓട്ടോമൊബൈല്‍ മേഖലയില്‍ അയാള്‍ അതീവതല്‍പരനായിരുന്നു. അദ്ദേഹം തന്റെ 28-ാമത്തെ വയസ്സില്‍ ടൊയോട്ടാ കമ്പനിയ്ക്ക് നല്‍കാന്‍ ഒരു പിസ്റ്റള്‍ റിങ്ങ് ഉണ്ടാക്കാന്‍ തീരുമാനിച്ചു.  തന്റെ ഭാര്യയുടെ മാലവിറ്റാണ് ഇതിനുള്ള സാമ്പത്തികം അയാള്‍ കണ്ടെത്തിയത്.  പക്ഷേ ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞ് ടൊയോട്ടാ കമ്പനി ആ പിസ്റ്റള്‍ റിങ്ങ് റിജക്ട് ചെയ്തു.  അങ്ങനെ 2 വര്‍ഷത്തെ നിരന്തരമായ അധ്വാനത്തിനൊടുവില്‍ കാത്തിരുന്ന് അയാള്‍ വീണ്ടും ഒരു കോണ്‍ട്രാക്ട് സമ്പാദിച്ചു.  കോണ്‍ട്രാക്ട് ലഭിച്ചപ്പോള്‍ ഓര്‍ഡര്‍ കൊടുക്കാനുള്ള സ്ട്രക്ചര്‍ ഇല്ലെന്നായി.  സ്ട്രക്ച്ചര്‍ ഉണ്ടാക്കി വന്നപ്പോള്‍ മെറ്റീരിയല്‍ ഇല്ലെന്നായി.  പിന്നെ അതിനുവേണ്ടി പുതിയ മെറ്റീരിയല്‍ കണ്ടുപിടിച്ചു.  കടം വാങ്ങിയും വിറ്റും കിട്ടിയ തുകകൊണ്ട് ഒരു ഫാക്ടറി പണിതു.  അപ്പോഴാണ് കഷ്ടകാലം വീണ്ടും യുദ്ധത്തിന്റെ രൂപത്തില്‍ വന്നത്.  രണ്ട് തവണ യുദ്ധകാലത്ത് ഫാക്ടറിയ്ക്ക് ബോംബിട്ടു.  ആ കമ്പനി തകര്‍ന്ന് തരിപ്പണമായി.  അങ്ങനെ എല്ലാം നഷ്ടപ്പെട്ടു.  യാത്ര സൈക്കിളിലാക്കി.  സൈക്കിള്‍ ഓടിക്കുമ്പോള്‍ തോന്നിയ ഒരു ഐഡിയ.  സൈക്കിളില്‍ പിടിപ്പിക്കാന്‍ ഒരു യന്ത്രം കണ്ടുപിടിച്ചു.  ആ യന്ത്രവും പിടിപ്പിച്ച് സൈക്കിളില്‍ പോകുന്നത് കണ്ട് പലരും ആവശ്യക്കാരായി എത്തി.  ഈ യന്ത്രത്തിന്റെ വിപണന സാധ്യത മുന്നില്‍ കണ്ട് അഡ്വാന്‍സ് തന്നാല്‍ ഇത്തരത്തിലുള്ള ഒരു സൈക്കിള്‍ ഉണ്ടാക്കിതരാം എന്ന് പറഞ്ഞുകൊണ്ട് 18,000 പേര്‍ക്ക് അദ്ദേഹം കത്തുകള്‍ എഴുതി.  അതില്‍ 5000 പേര്‍ അഡ്വാന്‍സ് നല്‍കി.  അങ്ങനെ അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ആദ്യത്തെ ഹോണ്ടാ മോട്ടോര്‍ സൈക്കിള്‍ നിരത്തിലിറങ്ങി.  ഹോണ്ടായുടെ സ്ഥാപകനായ സോയ്ക്കിറോ ഹോണ്ടയുടെ അതിജീവനത്തിന്റെ കഥയാണിത്.  ഇന്നും വാഹനവ്യവസായ മേഖലയിലെ അനിഷേധ്യ നാമമായി ഹോണ്ടാ തന്റെ ജൈത്രയാത്ര തുടരുന്നു. നമ്മുടെ ജീവിതത്തിലും ഇതുപോലെ ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരാം.  അങ്ങനെ ജീവിതത്തിലെ ഓരോ അടികിട്ടി വേദനിക്കുമ്പോഴും നിസ്സഹായാവസ്ഥയില്‍ ഇരിക്കുമ്പോഴും ചിന്തിക്കേണ്ട കാര്യമിതാണ്.  ഇത് ഒന്നിന്റെയും അവസാനമല്ല, ഇനിയും അവസരങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് എന്ന് - ശുഭദിനം.
Previous Post Next Post
3/TECH/col-right