2026 | നവംബര്‍ 12 | വ്യാഴം
1202 | തുലാം 26 | തൃക്കേട്ട
◾ വൈദ്യുതി പര്‍ച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിലെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പങ്കെടുത്തു. നിലവില്‍ വൈദ്യുതി ക്ഷാമം ഇല്ലെന്നും രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബി എംഡിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയത് അല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സണ്ണി ജോസഫ് ചര്‍ച്ചയില്‍ എതിര്‍പ്പൊന്നും ഉയര്‍ത്തിയില്ല. ഭാവി മുന്നില്‍ കണ്ട് പുതിയ കരാര്‍ സാധ്യത തേടാനും ധാരണയായി.
◾ ശബരിമലയിലേക്കുള്ള നെയ്യ് മില്‍മയില്‍ നിന്ന് തന്നെ വാങ്ങാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അയ്യായിരം ലിറ്റര്‍ നെയ്യ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലന്‍സില്‍ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോര്‍ഡും തമ്മില്‍ ധാരണയിലെത്തുന്നത്.
◾ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങള്‍. മാലിന്യ സംസ്‌കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധന സമാഹാരണം എന്നിവയില്‍ ഇരു നഗരസഭകളും കൈകോര്‍ക്കും. ഇതിനായി സര്‍ക്കാര്‍ അനുമതി നല്‍കി.
◾ സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍പി എസ്ടി സമര വേദിയില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ വളര്‍മതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരം തുടരുന്നു. സമരം അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും ആരോഗ്യനില മോശമായ ഒരാളെയാണോ പൊലീസ് ഇത്രയും ബലപ്രയോഗം നടത്തി കൊണ്ടുപോയതെന്നും വളര്‍മതി ചോദിച്ചു.
◾ എല്‍പിഎസ്ടി സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തില്‍ പൊലീസ് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പൊലീസ് പൊളിച്ച് നീക്കിയ സമരപ്പന്തലുകള്‍ പുനസ്ഥാപിച്ചതിന് ഡിവൈഎഫ്‌ഐക്കും എല്‍പിഎസ്ടി സമരസമിതിക്കും എതിരെയാണ് കേസ്.
◾ അമിത് ഷായും വി.ഡി. സതീശനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് എല്‍.പി.എസ്.ടി സമരവുമായി ഉണ്ടായതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. മുഖ്യമന്ത്രി നല്‍കിയ വാക്ക് നഗ്‌നമായി ലംഘിച്ചുകൊണ്ട് പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണുണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ പൊലീസ് അസോസിയേഷന്‍ സംഘടനകളുടെ പുനക്രമീകരണത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ ആശ്വാസം. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
◾ നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. നക്ഷത്ര പദവിക്ക് അപേക്ഷ നല്‍കിയ 290 ഹോട്ടലുകളില്‍ 32 ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവി നിഷേധിച്ചതോടെ ഈ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കും.
◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യക്കെതിരായ ബിനാമി ആരോപണത്തില്‍ കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് മൊഴി എടുക്കുന്നത്.
◾ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിച്ച രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി പരാതി. കുഞ്ഞിന് 10 ദിവസത്തിനിടെ രണ്ടാമതൊരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നുവെന്നുവാണ് പരാതി.
◾ കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ അക്ഷര മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി. കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് കമ്മീഷന് പരാതി നല്‍കിയത്.
◾ കൊച്ചി നഗരത്തിലൂടെ ബസോടിക്കുന്ന ഡ്രൈവര്‍മാരിലും കണ്ടക്ടര്‍മാരിലും പകുതിയലേറെപ്പേര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ല. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്.
◾ ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിംലീഗ് നേതാക്കള്‍ക്ക് നിയമനം ഇന്നുണ്ടാകും. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം സില്‍ക്ക് ചെയര്‍മാനാകും.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. ആത്മഹത്യ ചെയ്ത ലീ സി ബിന്നിന്റെ സഹായി ഷാജഹാനാണ് മൊഴി നല്‍കിയത്.
◾ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കെ എസ് ഇ ബി ജീവനക്കാരുടെ സഹകരണസംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ഓഫീസര്‍മാരുടെ സംഘടന ഒറ്റക്ക് മത്സരിക്കുന്നു. സിഐടിയു അനുകൂലസംഘടനയായ കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വം തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് നീക്കമെന്ന് സിപിഐയുടെ ഓഫീസര്‍ സംഘടനയായ ഓഫീസേഴ്‌സ് ഫെഡറേഷന്‍.
◾ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പൊലീസിലേല്‍പ്പിച്ചു. ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡിലെ മാടയ്ക്കല്‍ ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
◾ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ അഞ്ജു കെ എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
◾ 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷിറാം) അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദും തമ്മില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്
◾ സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അവഗണിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. നരസിംഹറാവുവിനെ കുറിച്ച് പരാമര്‍ശിക്കുന്നത് രാജ്യത്തെ ചില വിഭാഗങ്ങളെ വേദനിപ്പിക്കുമെന്ന് കരുതിയാകാം സോണിയ ഒഴിവാക്കിയതെന്ന് മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍ വിമര്‍ശിച്ചു.
◾ ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ബൂത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് നിഗമനം. കിഷ്താറില്‍ ഇന്നലെ കാണാതായ രണ്ട് സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ വനമേഖലയില്‍ കണ്ടെത്തി.
◾ കശ്മീരില്‍ ജാഗ്രത കര്‍ശനമാക്കി. ഇതിനിടെ ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ ഗ്രനേഡുമായി ഒരാള്‍ പിടിയിലായി. വനമേഖലയില്‍ ഒളിപ്പിച്ച നിലയിലാണ് ഗ്രനേഡ് കണ്ടെത്തിയത്. ബാദര്‍കോട്ടെ വനമേഖലയിലാണ് ഇയാള്‍ പിടിയിലായത്.
◾ ഗുവാഹത്തി - ഓഖ ദ്വാരക എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തിലെ പരിപ്പുകറിയില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തില്‍ കാറ്ററിങ് കരാറുകാരനെതിരെ നടപടിയെടുത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍.
◾ മക്ക മേഖലയെ ലക്ഷ്യമാക്കി ഹൂതി ഭീകരര്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ച് തകര്‍ത്തു. തകര്‍ക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങള്‍ താഴെ വീണ ഇടങ്ങളില്‍ സിവില്‍ ഡിഫന്‍സ് സംഘം അടിയന്തര ഇടപെടല്‍ നടത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.
◾ കാവല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു തനിക്ക് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ഗാദി ഐസന്‍കോട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസന്‍കോട്ട് പ്രതികരിച്ചു.
◾ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ മിസിസിപ്പിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ചരിത്രവിജയം. നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സിന്‍ഡി ഹൈഡ്-സ്മിത്തിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും പ്രോസിക്യൂട്ടറുമായ സ്‌കോട്ട് കോളം യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
◾ ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതല്‍ സമാധാനപരമായി മാറുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യു.എസ് വെറ്ററന്‍സ് ഡേ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.
◾ ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയേഷന്‍ ജനറല്‍ അസംബ്ലിയിലേക്കുളള രണ്ട് പ്രതിനിധികളുടെ പട്ടികയില്‍ പി ടി ഉഷയുടെ പേരില്ല. പി ടി ഉഷയെ ഒഴിവാക്കി രണ്ട് പ്രതിനിധികളുടെ പട്ടിക വരണാധികാരിക്ക് എഎഫ്‌ഐ കൈമാറി.
◾ സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിന് സാധ്യത. ഒരേ ഗ്രൂപ്പില്‍ മത്സരിച്ച ഇന്ത്യയും പാക്കിസ്ഥാനും സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. 14 നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ഭൂട്ടാനെയും രണ്ടാം സെമിയില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെയും നേരിടും.
◾ ന്യൂസിലന്‍ഡിനെതിരായ സൗഹൃദമത്സരത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. എതിരില്ലാത്ത അഞ്ചുഗോളിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.
◾ യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ഇറ്റലി, ഫ്രാന്‍സിനേയും ഇംഗ്ലണ്ട്, ക്രോയേഷ്യയെയും നേരിടും. സ്പെയ്ന്‍, ബെല്‍ജിയം എന്നിവരും ഇന്ന് കളത്തിലിറങ്ങും. മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലിയും ഫ്രാന്‍സും മുഖാമുഖം വരും.
◾ ഭൗമ' ഇന്ന് മുതല്‍. ആകാംക്ഷ ജനിപ്പിക്കുന്നതും ദുരൂഹത നിറഞ്ഞതുമായ ഭൗമയുടെ ട്രെയിലര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സസ്പെന്‍സും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലവും സമാന്തരമായാണ് ചിത്രം പുരോഗമിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. പ്രേക്ഷക ശ്രദ്ധ നേടിയ 'പെന്‍ഡുലം' എന്ന ചിത്രത്തിന് ശേഷം റെജിന്‍ എസ്. ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.
◾ നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിലും വമ്പന്‍ നേട്ടമാണ് കൊയ്യുന്നത്. ഇതുവരെയായി രാമായണ ആഗോളതലത്തില്‍ 934.55 കോടി നേട്ടമാണ് ്വന്തമാക്കിയിരിക്കുന്നത്. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജിയും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
◾ പുതിയ റെനോ ഡസ്റ്റര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വാഹനത്തിന് 2.10 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ ഡസ്റ്ററിന്റെ ഉയര്‍ന്ന വകഭേദങ്ങളായ ടെക്‌നോ പ്ലസ്, ഐക്കോണിക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കിഴിവ് ലഭിക്കുന്നത്. നവംബര്‍ 30 വരെ മാത്രമാണ് ഈ ഓഫറുകള്‍ക്ക് സാധുതയുള്ളത്. ടെക്‌നോ പ്ലസ്, ഐക്കോണിക് വകഭേദങ്ങള്‍ക്ക് 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതിനുപുറമെ 1.50 ലക്ഷം രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്.
◾ എല്ലാ വര്‍ഷവും നവംബര്‍ 12 ന് ലോക ന്യുമോണിയ ദിനം ആചരിക്കുന്നു. ന്യുമോണിയ എന്ന രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനും പ്രതിരോധ നടപടികളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്. ഈ ശ്വാസകോശ അണുബാധയെ പ്രതിരോധിക്കാനും, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാനും വാക്‌സിനേഷന്റെ പ്രാധാന്യം അറിയിക്കാനും ഇന്നേ ദിനം ലക്ഷ്യമിടുന്നു. 2009-ലാണ് ആദ്യമായി ലോക ന്യുമോണിയ ദിനം ആചരിച്ചു തുടങ്ങിയത്.
◾ ചര്‍മ്മ സംരക്ഷണത്തിനായി പല ഉല്‍പ്പന്നങ്ങളും നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാത്രം മതിയാകില്ല. നിങ്ങളുടെ വയറു നിറയുന്നതിലും അല്പം കുറച്ചു മാത്രം ഭക്ഷണം കഴിക്കണമെന്നും ആവശ്യമായതിലും ഏകദേശം 20 ശതമാനം കുറച്ച് കലോറി മാത്രമേ ശരീരത്തിലെത്തുന്നുള്ളൂ എന്ന് ഉറപ്പാക്കണം. യുവത്വം നിലനിര്‍ത്തുന്നതിനായി ജങ്ക് ഫുഡുകളും പാക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഒഴിവാക്കി, വീട്ടില്‍ പാകം ചെയ്ത പുതിയ ഭക്ഷണങ്ങള്‍ കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക. ഇതില്‍ പയറുവര്‍ഗ്ഗങ്ങള്‍, വിത്തുകള്‍, നട്സുകള്‍, പാല്‍, മുട്ട അല്ലെങ്കില്‍ ചിക്കന്‍ ബ്രെസ്റ്റ് എന്നിവ ഉള്‍പ്പെടുത്താം. അതേസമയം റെഡ് മീറ്റ് (ചുവന്ന മാംസം) പൂര്‍ണ്ണമായും ഒഴിവാക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്താനും മൃദുലമാക്കാനും ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക. പഴങ്ങളാല്‍ സമ്പന്നമായ ഭക്ഷണത്തോടൊപ്പം ഒരു ദിവസം ഏകദേശം 3 ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കണം. ദിവസവും 7 - 8 മണിക്കൂര്‍ നന്നായി ഉറങ്ങുക. നിങ്ങളുടെ ശരീരത്തിനും ചര്‍മ്മത്തിനും വിശ്രമം നല്‍കണം. വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക. എത്രത്തോളം വിയര്‍ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ചര്‍മ്മം ആരോഗ്യകരമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.69, പൗണ്ട് - 124.67, യൂറോ - 104.25, സ്വിസ് ഫ്രാങ്ക് - 112.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 64.26, ബഹ്‌റൈന്‍ ദിനാര്‍ - 249.19, കുവൈത്ത് ദിനാര്‍ - 301.85, ഒമാനി റിയാല്‍ - 243.68, സൗദി റിയാല്‍ - 24.99, യു.എ.ഇ ദിര്‍ഹം - 25.51, ഖത്തര്‍ റിയാല്‍ - 25.74, കനേഡിയന്‍ ഡോളര്‍ - 65.82.
Tags:
KERALA