Trending

‘ജാഗിരി’ പലഹാരമേള സംഘടിപ്പിച്ചു.

പൂനൂർ: ജി.എം.എൽ.പി. സ്കൂളിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച നാടൻ പലഹാരമേളയായ ‘ജാഗിരി’ ശ്രദ്ധേയമായി. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ തയ്യാറാക്കിയ വിവിധതരം നാടൻ പലഹാരങ്ങൾ സ്കൂളിലെത്തിച്ച് പ്രദർശിപ്പിക്കുകയും രുചിച്ചുനോക്കുകയും ചെയ്തു. കുട്ടികൾക്ക് കഴിച്ചതിനു ശേഷമുള്ള പലഹാരങ്ങൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വിൽപ്പന നടത്തുകയും ചെയ്തു.

ഫാസ്റ്റ് ഫുഡിന്റെ സ്വാധീനം വർധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ നാടൻ പലഹാരങ്ങളുടെ വൈവിധ്യവും രുചിയും പരിചയപ്പെടാൻ കുട്ടികൾക്ക് ഈ മേള അവസരമായി. പലഹാരങ്ങൾ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ, തയ്യാറാക്കുന്ന രീതി, പാചകത്തിലെ വിവിധ ഘട്ടങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാനും ഈ പ്രവർത്തനം സഹായിച്ചു.

പിടിഎ പ്രസിഡന്റ് മുനീർ മോയത്ത് മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുഫൈൽ പാണ്ടിക്കൽ, എംപിടിഎ ചെയർപേഴ്സൺ ഫസ്‌നാ ഉനൈസ്, വൈസ് പ്രസിഡന്റ് ഫസീല, എസ്എംസി ചെയർപേഴ്സൺ നൂർജഹാൻ വൈസ് ചെയർപേഴ്സൺ ബ്രിഷ എന്നിവർ ആശംസകൾ നേർന്നു.

പലഹാരങ്ങളുടെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക അടുത്ത അധ്യയനവർഷം നിർധനരായ കുട്ടികൾക്ക് സ്കൂൾ ബാഗ്,കുട,നോട്ടുപുസ്തകം എന്നിവ വാങ്ങിനൽകാൻ ഉപയോഗിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും പങ്കുവെക്കൽ മനോഭാവവും വളർത്തുന്നതിനും നാടൻ ഭക്ഷണസംസ്കാരത്തെ പരിചയപ്പെടുത്തുന്നതിനും മേള സഹായകമായി.

ഹെഡ്മാസ്റ്റർ എൻ.കെ. മുഹമ്മദ് സ്വാഗതവും, രഞ്ജിത്ത് ബി.പി. നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right