Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഒക്ടോബര്‍ 9, വെള്ളി 
1202 | കന്നി 23 | ഉത്രം

◾  സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടിലും ഹവാലക്കേസിലും പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തില്‍ കേസ് വൈകുന്നതിനെതിരെ പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റെ വിധി.

◾  പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ മാസപ്പടി, ഹവാല കേസില്‍ എഫ്ഐആര്‍ ഇടാതെ ക്രൈംബ്രാഞ്ച് എസ്ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കോടതി. എഫ്ഐആര്‍ ഇല്ലാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സിന് അന്വേഷിക്കാം. മതിയായ തെളിവുകള്‍ ഉണ്ടെന്നും അഴിമതി തടയല്‍ നിയമപ്രകാരം ഉടന്‍ കേസെടുക്കണമെന്നും കോടതി വ്യക്തമാക്കി. കാലതാമസം ഇല്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു

◾  പ്രക്ഷോഭത്തില്‍ വിറച്ച് മോദി സര്‍ക്കാര്‍. ഡല്‍ഹിയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡല്‍ഹിയില്‍ സിജെപികൂടി സമരത്തിനിറങ്ങുന്നതിനാല്‍ ഡല്‍ഹിയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചേരേണ്ട മുഴുവന്‍ ട്രെയിനുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. നാളെ ഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്താനിരുന്ന ദീര്‍ഘദൂര ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റ് തുക മുഴുവനും തിരികേനല്‍കുമെന്ന് റെയില്‍വെ അറിയിച്ചു.


◾  രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചിനൊരുങ്ങി ഇന്ത്യ സഖ്യം എംപിമാര്‍. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെ മാറ്റണമെന്ന ആവശ്യമുന്നയിക്കാന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ സഖ്യം എംപിമാര്‍ അനുമതി തേടിയിരുന്നു. പത്തു പേര്‍ക്കു സന്ദര്‍ശനാനുമതി നല്‍കാമെന്നാണു രാഷ്ട്രപതി ഭവന്റെ നിലപാട്. എല്ലാവര്‍ക്കും അനുമതി വേണമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആവശ്യം. അനുമതി ലഭിച്ചില്ലെങ്കില്‍ പാര്‍ലമെന്റില്‍നിന്ന് മൂന്നരയോടെ രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചു നടത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ സഖ്യം എംപിമാര്‍. മമത ബാനര്‍ജിയും തേജസ്വി യാദവും സമരരംഗത്ത് എത്തിയിട്ടുണ്ട്.

◾  ഡല്‍ഹിയില്‍ കനത്ത സുരക്ഷ. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നാളെ സിജെപി നടത്തുന്ന സമരം നേരിടാന്‍ 15,000 പോലീസുകാരേയും 11,000 അര്‍ധസൈനികരേയും നിയോഗിച്ചു. വസ്ത്രത്തില്‍ വീഡിയോ ക്യാമറ ഘടിപ്പിച്ചാണ് പോലീസിനെ സജ്ജമാക്കിയിരിക്കുന്നത്. പശ്ചിമബംഗാളില്‍ നിന്ന് 40 കമ്പനികളും ഛത്തീസ്ഗഢില്‍ നിന്ന് 30 കമ്പനികളുമാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്.

◾  മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും വിധി പഠിച്ച ശേഷം നടപടിയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

◾  നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ പരാജയപ്പെടാന്‍ കാരണം എസ്ഐആര്‍ ആണെന്ന അഭിജീത് ദീപ്കെയുടെ ആരോപണത്തില്‍ പിടിച്ച് സിപിഎം, എതിര്‍ത്ത് കോണ്‍ഗ്രസും. കേരളത്തില്‍ 67 മണ്ഡലങ്ങളില്‍ അസാധാരണമായി വോട്ട് വര്‍ധിച്ചു എന്നും ചില മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞു എന്നും സിപിഎം നേതാവ് പി രാജീവ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതും ദുരൂഹമാണെന്നും രാജീവ്.

◾  സിജെപി ഉന്നയിച്ച ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കേരളത്തിലെ വിജയം കനത്ത യുഡിഎഫ് തരംഗം കൊണ്ടാണെന്നും കേരളത്തിലേതും അട്ടിമറിയാണെങ്കില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയം നേടാന്‍ എങ്ങനെ കഴിഞ്ഞുവെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. തോറ്റതെങ്ങനെയെന്ന് സിപിഎം ബ്രാഞ്ച് തലം മുതല്‍ കണ്ടെത്തിയിട്ടുണ്ടെന്നു വി.ടി. ബലറാം എംഎല്‍എ. അപ്പോഴാണ് ഈയാംപാറ്റകള്‍ ഓവറാക്കി ചളമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


◾  വോട്ടര്‍പട്ടിക പരിഷ്‌ക്കരണമാണ് കേരളത്തില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണമെന്ന് പയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. വോട്ടര്‍പട്ടിക പരിഷ്‌ക്കരണം പല കാരണങ്ങളില്‍ ഒന്നാകാമെന്നും ശൈലജ പറഞ്ഞു.

◾  സമരം തുടരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. സമരം കാരണം മീറ്റര്‍ റീഡിങ് തടസപ്പെട്ടതോടെയാണ് സമവായനീക്കം. സമരം കനത്തതോടെ റീഡിങ് മെഷീന്‍ ഉള്‍പ്പെടെ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു.

◾  തിരുവന്തപുരം നഗരസഭയിലെ ഇടത് അഗങ്ങള്‍ സമര്‍പ്പിച്ച കത്തിലെ ഒപ്പുകളില്‍ പൊരുത്തക്കേട് ഉണ്ടെന്നും നഗരസഭ ഇതിനെതിരേ പരാതി നല്‍കുമെന്നും മേയര്‍ വിവി രാജേഷ്. സ്പെഷ്യല്‍ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ കൗണ്‍സിലര്‍ എസ്പി ദീപക് കൃത്രിമം നടത്തിയെന്നും മേയര്‍  ആരോപിച്ചു.

◾  കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. ഇരവിപുരം സ്റ്റേഷനിലെ സിപിഒ അല്‍ സഫീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണനല്ലൂര്‍ സ്വദേശിയായ ഗുല്‍സറിനെയും സുഹൃത്തിനെയും അകാരണമായി മര്‍ദിച്ചെന്നായിരുന്നു പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യം സഹിതം അഭിഭാഷകന്‍ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു.

◾  തദ്ദേശവകുപ്പില്‍ ഉദ്യോഗസ്ഥ പോര് എന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ്. അയ്യര്‍. 'പോരും ഇല്ല, പോരാത്തതിന് മത്സരവും ഇല്ല. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്. പോരും ഇല്ലാ... പോരാത്തതിനു മത്സരവും ഇല്ലാ...എന്നു തുടങ്ങുന്ന പോസ്റ്റ് 'വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്'. അത് മാത്രമാണ് പോര്. എന്നു പറഞ്ഞുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.



◾  പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. പിണറായി പ്രതിപക്ഷനേതൃ സ്ഥാനം ഒഴിയണമെന്നും രാജി വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾  ഇഡിയുടെ രാഷ്ട്രിയ പ്രേരിത കള്ളക്കേസില്‍ കുറ്റാരോപിതരെ കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് സിപിഎം നേതാക്കളായ എംവി ജയരാജനും പി. ജയരാജനും പറഞ്ഞു.

◾  സന്തോഷത്തോടെ പഠിക്കാം എന്ന പേരില്‍ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 12 മുതല്‍ 17 വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ്  പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

◾  ഇ.എന്‍. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ലഭിച്ചയുടന്‍ തന്നെ പോലീസിന് കൈമാറണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. പരാതിക്കാരിക്ക് അര്‍ഹമായ നീതി ലഭിക്കണം. പാര്‍ട്ടിയുടെ തലത്തില്‍ സ്വന്തമായ രീതിയില്‍ അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല എന്നും അവര്‍ വ്യക്തമാക്കി.

◾  സ്ഥിരമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നവരെ നിരീക്ഷിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇത്തരം അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കൗണ്‍സില്‍ യോഗം നിര്‍ദ്ദേശം നല്‍കി.


◾  2023ലെ തിരുവിതാംകൂര്‍ ബോര്‍ഡ് സെക്രട്ടറി നിയമനത്തില്‍ ഉദ്യോഗസ്ഥയ്ക്കെതിരായ അച്ചടക്ക നടപടി ആവശ്യത്തില്‍ നിയമോപദേശം തേടി ബോര്‍ഡ്. തിരുവാഭരണം കമ്മീഷണറായിരുന്ന ജി ബൈജുവിനെ സ്പെഷല്‍ റൂള്‍സിന് വിരുദ്ധമായി സ്ഥലം മാറ്റത്തിലൂടെ സെക്രട്ടറിയാക്കിയെന്ന പരാതിയിലാണ് ഉപദേശം തേടിയത്.

◾  ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലെ സിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തില്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ലുവന്‍സര്‍ ധ്രുവ് റാഠി പങ്കെടുത്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഭാസ്‌കര്‍ റാവു കേന്ദ്ര ആഭ്യന്തരസെക്രട്ടറിയ്ക്ക് പരാതി നല്‍കി. ജര്‍മന്‍ പൗരത്വമുള്ളയാള്‍ സമരത്തില്‍ പങ്കെടുത്തതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.

◾  സി ജെ പി വക്താവായ സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി സുപ്രീം കോടതി അഭിഭാഷകന്‍ കൗശിക് ചാറ്റര്‍ജി. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെയും ലക്ഷ്യമിട്ട് സൗരവ് ദാസ് നടത്തിയ പ്രസ്താവനകളും പരാമര്‍ശങ്ങളും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണെന്നാണ് ആരോപണം.

◾  വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബംഗാളില്‍ ബിജെപിക്കും തമിഴ്നാട്ടില്‍ ടിവികെയ്ക്കും ലീഡ്.

◾  ആസാമിലെ ബോംഗൈഗാവ് ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ അതിര്‍ത്തി രക്ഷാ സേനയിലെ 32 ജവാന്മാര്‍ക്ക് പരിക്കേറ്റു. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാഷണല്‍ ഹൈവേ 31ഇല്‍, ദാങ്‌തോല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാല്‍ഗിരി ഏരിയയിലാണ് അപകടമുണ്ടായത്.

◾  സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനത്തിന് ഇന്ത്യയില്‍ അനുമതി നല്‍കുന്നത് വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. 'മുകേഷ് അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ത്ഥ ബോസ്' എന്നാണ് മസ്‌ക് ചോദിച്ചത്. എന്നാല്‍ മസ്‌കിന് ഇന്ത്യയിലേക്ക് സ്വാഗതം എന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

◾  ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം തടഞ്ഞഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയന്‍ ധീരതാ പുരസ്‌കാരം നല്‍കി ആദരിക്കും.  'പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഫോര്‍ സിവിലിയന്‍ ഹീറോയിസം' സമ്മാനിക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യക്തമാക്കി.  

◾  യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്ത മുന്‍ സൈനിക മേജര്‍ നിദാല്‍ ഹസ്സന്റെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പെന്റഗണ്‍. ഡിസംബര്‍ 3-ന് ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് നടപ്പാക്കുന്ന ശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പെന്റഗണ്‍ വക്താവ് സ്ഥിരീകരിച്ചു. ഒന്നിലധികം പേര്‍ ഒരേസമയം റൈഫിളുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന ഒരു വധശിക്ഷാ രീതിയാണിത്.

◾  സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഹൂതി ഭീകരര്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സുരക്ഷാ സേന തടഞ്ഞു നശിപ്പിച്ചു. മിസൈല്‍ വ്യോമപാതയില്‍ വെച്ച് തകര്‍ത്തതിനെ തുടര്‍ന്ന് താഴേക്ക് പതിച്ച അവശിഷ്ടങ്ങള്‍ വീണ് ഒരു കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിനും മെഡിക്കല്‍ ക്ലിനിക്ക് സമുച്ചയത്തിനും കേടുപാടുകള്‍ സംഭവിച്ചു.

◾  സൗദി അറേബ്യയിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാര്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമെങ്കില്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുകയും ചെയ്യണമെന്ന്

◾  അമേരിക്കയിലെ ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്ക് തിരിച്ചടി. യുഎസ് ഗ്രീന്‍ കാര്‍ഡ് പദ്ധതിയില്‍ നിന്ന് മുന്‍നിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പടെ കമ്പനികള്‍ നടപടി നേരിട്ടു.  ഇതില്‍ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചേക്കും.

◾  ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന്. റാഞ്ചിയില്‍ വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ലക്‌നൗവിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. തിരിച്ചടിച്ച് ഒപ്പമെത്താന്‍ വെസ്റ്റ് ഇന്‍ഡീസ്.

◾  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ശേഷം പെന്‍ഷന്‍ ഫണ്ട് ബിസിനസിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ. സര്‍ക്കാര്‍ മേഖലയ്ക്കു പുറത്തുള്ള 2 മുതല്‍ 4 കോടി തൊഴിലാളികളെ വരുന്ന 3 വര്‍ഷത്തിനുള്ളില്‍ എന്‍.പി.എസില്‍ ചേര്‍ക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. 2026 സെപ്റ്റംബര്‍ 27-ലെ കണക്കനുസരിച്ച് എന്‍.പി.എസിന് 2.33 കോടി വരിക്കാരും 17.49 ലക്ഷം കോടി രൂപയുടെ ആസ്തിയുമുണ്ട്. 2047-ഓടെ രാജ്യത്തെ മുഴുവന്‍ തൊഴില്‍ ശക്തിയെയും എന്‍.പി.എസിന് കീഴില്‍ കൊണ്ടുവരിക എന്നതാണ് അതോറിറ്റിയുടെ ദീര്‍ഘകാല ലക്ഷ്യം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി എന്‍.പി.എസ് അക്കൗണ്ടുകള്‍ അതിവേഗം ആരംഭിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡ 'തത്കാല്‍ എന്‍.പി.എസ്' സേവനം ഭീം ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മെഡിക്കല്‍ സേവിംഗ്സും ടോപ്പ്-അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സും സമന്വയിപ്പിച്ചുകൊണ്ട് 'എന്‍.പി.എസ് സ്വാസ്ഥ്യ' എന്ന പുതിയ പദ്ധതിയുമുണ്ട്.

◾  ഇന്ത്യയില്‍ നിര്‍മിതബുദ്ധി നാലുശതമാനം തൊഴിലുകളെ ബാധിച്ചെന്ന് ലോകബാങ്കിന്റെ ലോകവികസന റിപ്പോര്‍ട്ട്. എന്നാല്‍ വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഈ തോത് കുറവാണെന്ന് റിപ്പോര്‍ട്ടിന്റെ ഇന്ത്യാ പതിപ്പ് പറയുന്നു. സാങ്കേതികവിദ്യ എന്ന നിലയില്‍ എ.ഐ. തൊഴിലാളികളെ സഹായിക്കുകയാണ്, അല്ലാതെ തൊഴിലാളികള്‍ക്ക് പകരം വെക്കുകയല്ല. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വരരാജ്യങ്ങളില്‍ എ.ഐ. വഴിയുണ്ടാകുന്ന തൊഴിലവസരം കൂടുതലാണ്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളെ ജനങ്ങള്‍ക്ക് സേവനങ്ങളുറപ്പാക്കാന്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് ആധാര്‍, യു.പി.ഐ., കോവിന്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഒരുക്കുക വഴി ഇന്ത്യ തെളിയിച്ചത്. കാലാവസ്ഥാപ്രവചനം കൃത്യമാക്കിയതിലൂടെ വിള മെച്ചപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് മുന്‍കരുതലുകളെടുക്കാന്‍ എ.ഐ. കാര്യമായി സഹായിക്കുന്നതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നു.

◾  സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന 'സീന്‍' എന്ന ചിത്രത്തിലെ ആദ്യഗാനം 'ആതി ഇവ യാരാ'യുടെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ച് ആലപിച്ചത് രാജ് പ്രിയന്‍ ആണ്. ജ്യോതികയും സൂര്യയും ചേര്‍ന്നാണ് നിര്‍മാണം. നവംബര്‍ ആറിന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. 'ലുങ്കി ബോയ്‌സ്' ഫെയിം രാജ് പ്രിയന്‍ ശ്രദ്ധേയമായ സാന്നിധ്യമായി എത്തുന്നു എന്നതാണ് പുറത്തുവന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചതും രാജ് പ്രിയന്‍ തന്നെ. മലയാളി താരം നസ്ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്നു.

◾  ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ 'ഐ ആം ഗെയിമി'ന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. ദുല്‍ഖര്‍ പാടിയ ലൂസര്‍ ഗാനം ആണ് പുറത്തുവന്നിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് സുഹൈല്‍ കോയ ആണ്. സെപ്റ്റംബര്‍ മൂന്നിന് ആഗോള റിലീസായി എത്തിയ പടം കൂടിയാണ് ഐ ആം ഗെയിം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍, പ്രണയം, വൈകാരിക രംഗങ്ങള്‍ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുല്‍ഖര്‍ സല്‍മാന്‍, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ ഡാന്‍ എന്ന് പേരുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

◾  പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ റിവര്‍ മൊബിലിറ്റിയുടെ ജനപ്രിയ മോഡലായ റിവര്‍ ഇന്‍ഡി ഇനി ഇ- കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിലൂടെയും ബുക്ക് ചെയ്യാം. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന മേളയുടെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ടുമായുള്ള റിവര്‍ മൊബിലിറ്റിയുടെ സഹകരണം. ചാര്‍ജര്‍ ഉള്‍പ്പെടെ 1,57,700 രൂപ എന്ന നിരക്കില്‍ സ്റ്റോം ഗ്രേ നിറത്തിലുള്ള റിവര്‍ ഇന്‍ഡിയാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2026 ഇന്‍ഡി ജി3 എന്നാണ് ഈ മോഡലിനെ ലിസ്റ്റിങ്ങില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, മറ്റു പ്രാദേശിക നിരക്കുകള്‍ എന്നിവയെ ആശ്രയിച്ച് വിലയില്‍ മാറ്റം ഉണ്ടാകാം. വാഹന ഉടമസ്ഥതയുമായി ബന്ധപ്പെട്ട സേവനങ്ങളും പിന്തുണയും റിവറിന്റെ നിലവിലുള്ള ഡീലര്‍- സര്‍വീസ് ശൃംഖലയിലൂടെ തന്നെ ലഭ്യമാകും.

◾  പരിഹാസത്തിന്റെയും സിനിസിസത്തിന്റെയും സാമൂഹികവിമര്‍ശനത്തിന്റെയും ഒരുതരം കറുത്ത ഹാസ്യം ഓരോ കഥയിലുമുണ്ട്. പലപ്പോഴും കഥകള്‍ വെളിപാടുകള്‍ പോലെയാണ്. ഒരു പൂര്‍ണ്ണകഥ പറയുകയല്ല, ചില സ്റ്റേറ്റ്‌മെന്റുകള്‍ കഥയായിത്തീരുകയാണ്. ഓരോ കാലത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍, സൗന്ദര്യബോധം, വേദന, ഉത്കണ്ഠ, സന്ത്രാസങ്ങള്‍, സാംസ്‌കാരികാവബോധങ്ങള്‍ എന്നിവയെല്ലാം അനുഭവചിത്രങ്ങളായി കഥയില്‍ രൂപപ്പെടുന്നുണ്ട്. നമ്മുടെ കാലത്തിന്റെ ജീവിതചിത്രം വരയ്ക്കുന്ന ചെറിയ കഥകളുടെ സമാഹാരം. 'മിന്നല്‍ ജീവിതം'. റഫീഖ് മേമുണ്ട. മാതൃഭൂമി. വില 136 രൂപ.

◾  രുചിക്കും മണത്തിനും മാത്രമല്ല നിരവധി ഔഷധഗുണങ്ങളും കുടംപുളിക്കുണ്ട്. ഹൈഡ്രോക്‌സിസിട്രിക് ആസിഡും എച്ച്‌സിഎ ലാക്ടോണുമാണ് കുടംപുളിക്ക് പുളി രുചി നല്‍കുന്നത്. ബെറി ഫ്രൂട്ട് ഇനത്തിലാണ് കുടംപുളി പെടുന്നത്. കുടംപുളിയിലെ സമൃദ്ധമായ ഫ്ലവനോയ്ഡുകള്‍, ക്ലാന്തോണ്‍സ്, ബെന്‍സോഫിനോണ്‍സ് തുടങ്ങിയവ ആന്റിഓക്‌സിഡന്റുകള്‍, ആന്റിഇന്‍ഫ്ലമേറ്ററി, ഹെപറ്റോപ്രൊട്ടക്ടറ്റീവ് (കരള്‍ സംരക്ഷണം) തുടങ്ങിയവ ആരോഗ്യഗുണങ്ങള്‍ നല്‍കും. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയും കുടംപുളിയിലുണ്ട്. കുടംപുളിയുടെ തൊലിയില്‍ ഹൈഡ്രോക്‌സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പും കൊഴുപ്പും നിയന്ത്രിക്കുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു. സെറാടോണിന്‍ അളവു ഉയര്‍ത്തുന്നതിനാല്‍ സ്‌ട്രെസ് മൂലം ഭക്ഷണത്തോടുള്ള അമിത താല്‍പര്യവും വിശപ്പും ഇത് കുറയ്ക്കുന്നു. കുടംപുളി രസം വാതരോഗികള്‍ക്ക് ഗുണം ചെയ്യുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. പ്രസവരക്ഷാ മരുന്നുകളില്‍ കുടംപുളി പ്രധാനിയാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കുടംപുളി സഹായിക്കും. കാലങ്ങളായി ഉദരരോഗങ്ങള്‍, ദന്തരോഗം, വാതരോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, അതിസാരം, കരള്‍രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം രക്തസ്രാവത്തോടെയുള്ള പൈല്‍സ്, അള്‍സര്‍, വിരശല്യം ഇവയില്‍ കുടംപുളി ചേര്‍ന്ന ഔഷധങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. എന്നാല്‍ കുടംപുളിയുടെ അമിത ഉപയോഗം ഓക്കാനം, വയറുവേദന, തലവേദന, തലകറക്കം, വയറുവീര്‍പ്പ് ഇവയുണ്ടാകും. അമിത ഉപയോഗം കരളിനും ഗുണകരമല്ല.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.75, പൗണ്ട് - 128.13, യൂറോ - 108.63, സ്വിസ് ഫ്രാങ്ക് - 116.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.52, ബഹറിന്‍ ദിനാര്‍ - 257.34, കുവൈത്ത് ദിനാര്‍ -311.29, ഒമാനി റിയാല്‍ - 251.64, സൗദി റിയാല്‍ - 25.77, യു.എ.ഇ ദിര്‍ഹം - 26.37, ഖത്തര്‍ റിയാല്‍ - 26.62, കനേഡിയന്‍ ഡോളര്‍ - 68.02.
Previous Post Next Post
3/TECH/col-right