ചെറുവണ്ണൂർ: അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നീതു സുധീഷിന്റെ തുടർചികിത്സയ്ക്കായി നാടിന്റെ കൈത്താങ്ങ് തേടി ചികിത്സാ സഹായ കമ്മിറ്റി. ഒക്ടോബർ 11 ഞായറാഴ്ച ഏകദിന ഫണ്ട് സമാഹരണ യജ്ഞം സംഘടിപ്പിക്കും. ചികിത്സയ്ക്കായി ഏകദേശം 15 ലക്ഷം രൂപ കണ്ടെത്തുകയാണ് ലക്ഷ്യം.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ അഴകിൽ വാടകയ്ക്ക് താമസിക്കുന്ന നീതു സുധീഷിന് (31) ക്ലൈവൽ കോർഡോമ എന്ന അപൂർവ രോഗമാണ് ബാധിച്ചിരിക്കുന്നത്. തലച്ചോറിന്റെ അടിഭാഗത്തെ അസ്ഥിയെ ബാധിക്കുന്ന ട്യൂമറിനെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനായി മാത്രം ഏഴ് ലക്ഷത്തോളം രൂപ ചെലവായി.
എന്നാൽ രോഗം നിയന്ത്രണവിധേയമാക്കാൻ കഴിയാത്തതിനാൽ തുടർചികിത്സ അനിവാര്യമായി. മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ പ്രോട്ടോൺ തെറാപ്പി ഉൾപ്പെടെയുള്ള തുടർചികിത്സയ്ക്കാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എത്രയും വേഗം ചികിത്സ ആരംഭിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് കുടുംബം.
മൂന്ന് കുട്ടികളുടെ അമ്മയാണ് നീതു. മുലകുടി മാറാത്ത കുഞ്ഞടക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയം ഭർത്താവ് സുധീഷ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനമാണ്. രണ്ടാമത്തെ കുട്ടി നിത്യരോഗിയും ഭിന്നശേഷിക്കാരിയുമാണ്. അടുത്തിടെ മരിച്ച നിരയിൽ ബാലന്റെ മകളാണ് നീതു.
സർക്കാർ വക ഭൂമി വാങ്ങി ലൈഫ് പദ്ധതിയിലൂടെ വീട് നിർമിക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നതിനിടെയാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കി രോഗമെത്തിയത്.
സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് ചികിത്സാച്ചെലവ് കൂടി താങ്ങാനാകാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ചികിത്സാ സഹായ കമ്മിറ്റികൾ രൂപീകരിച്ച് നാട്ടുകാർ ഫണ്ട് സമാഹരണത്തിന് രംഗത്തിറങ്ങിയത്.
ചികിത്സ വൈകാതിരിക്കാൻ സുമനസ്സുകളും സ്ഥാപനങ്ങളും സംഘടനകളും പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്
അക്കൗണ്ട് ഉടമകൾ: നളിനി കെ., ദാസൻ എൻ.കെ.
ബാങ്ക്: കനറാ ബാങ്ക്, ചെറുവണ്ണൂർ
അക്കൗണ്ട് നമ്പർ: 110335854359
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ചെയർപേഴ്‌സണും പി.കെ.എം. ബാലകൃഷ്ണൻ മാസ്റ്റർ വർക്കിങ് ചെയർമാനുമാണ്. എൻ.കെ. ദാസൻ ജനറൽ കൺവീനർ, 16-ാം വാർഡ് മെമ്പർ സനില തയ്യുള്ളതിൽ ട്രഷററും, ഷാഫി പറമ്പിൽ എം.പി., അഡ്വ. ഫാത്തിമ തഹ്‌ലിയ എം.എൽ.എ. എന്നിവർ രക്ഷാധികാരികളാണ്.
Tags:
KOZHIKODE