Trending

പ്രഭാത വാർത്തകൾ

2026  ഒക്ടോബര്‍ 3, ശനി 
1202  കന്നി 17 | തിരുവാതിര
1448  റ: ആഖിർ 21

◾  ജനരോഷത്തില്‍ വിറച്ച് ഡല്‍ഹിയും മുംബൈയും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധത്തില്‍ ആളിക്കത്തി ഡല്‍ഹി. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ജന്തര്‍ മന്തറിലേക്കും സമീപപ്രദേശങ്ങളിലേക്കും മാര്‍ച്ചുമായി നിരവധി സംഘടനാ പ്രവര്‍ത്തകരും യുവാക്കളും എത്തി. മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ് അറസ്റ്റു ചെയ്തത്. 11 മെട്രോസ്റ്റേഷനുകളും പ്രധാനപ്പെട്ട റോഡുകളും അടച്ചു. കേന്ദ്രസേനയെ വിന്യസിച്ചു.  ആം ആദ്മി പാര്‍ട്ട് യൂത്ത് വിങ്ങാണ് ആദ്യം സമരവുമായി എത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തി. കേരളത്തില്‍നിന്നടക്കമുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സിപിഎം ജന സെക്രട്ടറി എംഎ ബേബിയെയും എംപിമാരടക്കം നേതാക്കളേയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. എഐവൈഎഫ്, എംഎസ്എഫ്, ഐസ, എന്നീ സംഘടനകളും വിവിധ പൗരാവകാശ കൂട്ടായ്മകളും മാര്‍ച്ചുമായി എത്തി.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷര്‍ ഗ്യാനേഷ് കുമാറിനെതിരെ വന്‍ പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആഹ്വാനപ്രകാരം മുംബൈയിലെ ശിവാജി പാര്‍ക്കില്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍. സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ മഹാത്മാഗാന്ധിയുടെ പേരമകനും സാമൂഹിക പ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി, പ്രമുഖ ചലച്ചിത്ര താരങ്ങളായ നസീറുദ്ദീന്‍ ഷാ, ഷബാന ആസ്മി തുടങ്ങിയ പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി എത്തിയത് പ്രതിഷേധത്തിന്റെ ആവേശം കൂട്ടി. ഗ്യാനേഷ് കുമാര്‍ രാജിവെക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ പ്രതിഷേധം ഡല്‍ഹി ജന്തര്‍ മന്തറിലേക്കും വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും അഭിജിത് ദീപ്‌കെ അറിയിച്ചു.

◾  ബ്രസീല്‍- ഇന്ത്യ ഫുട്ബോള്‍ മല്‍സരം ഇന്നു രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍. സോണി സ്പോര്‍ട്സ് ചാനലില്‍ തല്‍സമയം കാണാം.

◾  ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനമായ ഇന്നലെ ആറു സ്വര്‍ണമെഡലുകള്‍കൂടി നേടി ഇന്ത്യ അഞ്ചാം സ്ഥാനത്ത്. വനിതകളുടെ ബോക്‌സിംഗിലും ആര്‍ച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം സ്വര്‍ണം നേടിയ ഇന്ത്യ ആകെ സ്വര്‍ണനേട്ടം പതിനഞ്ചാക്കി ഉയര്‍ത്തി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആകെ 75 മെഡലുകള്‍. 15 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം.


◾  സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കന്റോണ്‍മെന്റ് എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും എതിരേ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്. സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി. ജോയി, കടകംപുള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത് രവീന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്.

◾  യുഡിഎഫ് കണ്‍വീനറായ തന്നോട് ആലോചിക്കുന്നില്ലെന്ന് ആരോപിച്ച അടൂര്‍ പ്രകാശ് എംപിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അദ്ദേഹത്തിന്റെ നിലപാടിന് താനുമായി ബന്ധമില്ല. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പാര്‍ട്ടികാര്യങ്ങള്‍ പാര്‍ട്ടി വേദികളിലാണു പറയേണ്ടത്. അതിന് അവസരമില്ലെങ്കില്‍ നേതാക്കളോട് പറയാം. കെ.സി വേണുഗോപാല്‍ പറഞ്ഞു.

◾  മന്ത്രി ഒ.ജെ. ജനീഷിനെതിരെ പ്രതിഷേധിക്കുകയും കാര്‍ തടഞ്ഞു നിര്‍ത്തി അതിക്രമം കാട്ടുകയും ചെയ്ത നാല്ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെയും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയേയും ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അഖില്‍ ഒഴിഞ്ഞവളപ്പ് (32), മന്ത്രിയുടെ കാറിന്റെ ബോണറ്റില്‍ കിടന്ന ഡി.വൈ.എഫ്.ഐ. ഹൊസ്ദുര്‍ഗ് മേഖല ഖജാന്‍ജി സബിന്‍ കൊവ്വല്‍പ്പള്ളി (29), ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നിധിന്‍ കുശാല്‍നഗര്‍(33), അനീഷ്ചാമുണ്ഡിക്കുന്ന്(29), ബിനീഷ് കിഴക്കുംകര (37)എന്നിവരാണ് അറസ്റ്റിലായത്.

◾  മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള തൃക്കരിപ്പൂരിലെ പ്രതിഷേധത്തില്‍ കാസര്‍കോട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസുകളെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതില്‍ 13 പേര്‍ക്കെതിരെയും ലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന പരാതിയില്‍ 12 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. ലീഗ് പ്രവര്‍ത്തനായ മുഹമ്മദ് സര്‍ഫ്രാസിനാണ് മര്‍ദ്ദനമേറ്റത്.

◾  പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി ഒജെ ജനീഷ്. എന്താണ് അദ്ദേഹത്തിന് ഒളിക്കാനുള്ളത്. മാസപ്പടിയാണോ, ഇഡി ആണോ. താനും കൂടി പ്രതിഷേധക്കാര്‍ക്കെതിരെ ഇറങ്ങി നിന്നാല്‍ എന്താകും അവസ്ഥ. കോടിയേരിയുടെ ഫ്ളക്സ് പോലും നശിപ്പിക്കുന്ന വകതിരിവ് ഇല്ലാത്തവരാണെന്നും മന്ത്രി ജനീഷ് പറഞ്ഞു.



◾  മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വിദേശയാത്ര സംബന്ധിച്ചും മൊഴിയെടുത്തെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും കായികവകുപ്പ് മുന്‍മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു.

◾  യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ട് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും എസ്എഫ്ഐ നേതാക്കളും. ലാത്തി ചാര്‍ജ്ജ് നടത്തിയതിന് എസ്ഐയെ സിപിഎം ജില്ലാ സെക്രട്ടറി വി.എസ്. ജോയി ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയുള്ളതിനാല്‍ കന്റോണ്‍മെന്റ് എസ്എച്ച് ഒയുടെ കാട്ടാക്കടയിലെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

◾  കൊച്ചിയില്‍ മദ്യപിച്ച് ബസ് ഓടിച്ച 41 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റിയില്‍ സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്തിയ പരിശോധനയില്‍ 2,003 പെറ്റി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

◾  ആര്‍എസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കള്ളു കുടിക്കുന്നവരുടെയും കഞ്ചാവ് അടിക്കുന്നവരുടെയും ഇടമല്ല ക്ഷേത്രം. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികള്‍ പിന്നെ ശാഖയില്‍ പോകാന്‍ തുടങ്ങും. കൃഷ്ണനാകാന്‍ പോകുന്നവരെ ആര്‍എസ്എസ് കംസനാക്കും. ആര്‍എസ്എസ് വല്ലാണ്ട് കളിക്കാന്‍ നില്‍ക്കേണ്ടെന്നും രാഗേഷ് പറഞ്ഞു.

◾  കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ പരിധിയില്‍ ഇന്നു വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. ശ്രീകണ്ഠാപുരത്തെ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍മാന്‍ ഇ.വി രാമകൃഷ്ണനെ ഡിവൈ എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

◾  പത്തനംതിട്ട അടൂരില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടിയെ ബോധം കെടുത്തി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

◾  100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ് ജാസില്‍ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

◾  കര്‍ണാടകയില്‍ എസ്ഐആര്‍ പ്രവര്‍ത്തനത്തിനിടെ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ് ബിജെപി നേതാവിനെതിരെ കേസെടുത്തു. രവി പാട്ടീലിനും കൂട്ടാളികള്‍ക്കുമെതിരെയാണ് കേസ്. ബെലഗാവി നോര്‍ത്ത് മണ്ഡലത്തിലെ 198 മുസ്ലിം വോട്ടര്‍മാരുടെ പേരുകള്‍ വ്യാജ രേഖകളും ഫോം-7 അപേക്ഷകളും ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതിനാണ് കേസ്.

◾  ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തില്‍നിന്ന് യാത്രക്കാരെ രക്ഷിച്ച് ആഗോളതലത്തില്‍ താരമായ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച വിശേഷം പൈലറ്റ് സ്മിത്ത് മച്ചാര്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്റെ ധീരതയിലൂടെ ഒരിക്കല്‍ കൂടി അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

◾  ഫ്ൈള ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കണമെന്ന് ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനയായ ദ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.  നേരത്തെ സമാന ആവശ്യം ഉന്നയിച്ച് മിലിന്ദ് ദിയോറ എംപിയും രംഗത്തെത്തിയിരുന്നു.

◾  കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ മകള്‍ക്കെതിരായ പോക്സോ കേസിലെ പ്രതിക്കെതിരേ പൊലീസ് നടപടി എടുക്കാത്തതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഓഗസ്റ്റ് 22ന് നല്‍കിയ പരാതിയില്‍ ഒന്നര മാസത്തോളമായിട്ടും പൊലീസ് നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ മൃതദേഹവുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് ഉപരോധിച്ചു. അതേസമയം പ്രതിസ്ഥാനത്തുള്ള യുവാവ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം.

◾  ഒരു ലാത്തിക്ക് ആള്‍ക്കൂട്ടത്തെ തടയാന്‍ കഴിഞ്ഞേക്കാം, പക്ഷേ ഒരു ചോദ്യത്തെ തടയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് പുറത്തുപോകേണ്ടി വരും. അദ്ദേഹത്തെ അവിടെ പ്രതിഷ്ഠിച്ചവര്‍ക്കും പോകേണ്ടി വരും. വോട്ടു മോഷണത്തില്‍ പ്രതിഷേധിച്ചു സമരത്തിനിറങ്ങിയ യുവാക്കളെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്ത നടപടിയില്‍ രാഹുല്‍ ഗാന്ധി പ്രതിഷേധിച്ചു.

◾  പഞ്ചാബിലെ തരണ്‍ തരണില്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

◾  തമിഴ്നാട്ടില്‍ സംസ്ഥാന ഹൈവേയില്‍ സ്ഥാപിച്ച സൈന്‍ബോര്‍ഡില്‍ ഹിന്ദി ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് രാഷ്ട്രീയ പാര്‍ട്ടികളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത് ടിവികെ സര്‍ക്കാര്‍.

◾  തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി വിപുലീകരിച്ചു. ഇനി തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ എക്സ്പ്രസ്, ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, മൊഫ്യൂസില്‍ ബസുകളിലും സത്രീകള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം.

◾  ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ബോളിവുഡ് നടി നുസ്രത്ത് ഭറൂച്ചയെ എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. സിനിമാ ചിത്രീകരണത്തിനും അവധിക്കാലം ചിലവഴിക്കാനുമാണ് നുസ്രത്ത് ഭറൂച്ച ബാലിയിലേക്ക് പോയത്.

◾  പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയുടെ പുണെയിലുള്ള പ്രധാന ഗോഡൗണിന്റെ ഡ്രഗ് ലൈസന്‍സ് താത്കാലികമായി റദ്ദാക്കി. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റേതാണ് നടപടി. മരുന്നുകളുടെ ലേബലിംഗിലും ബ്രാന്‍ഡിംഗിലും നിയമലംഘനങ്ങള്‍ ആരോപിച്ചാണ് നടപടി.

◾  രാജ്യവ്യാപകമായി വൈദ്യുതി പ്രതിസന്ധി. ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ രാജ്യത്തെ യഥാര്‍ത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചെന്ന് റിപ്പോര്‍ട്ട്. മഴയുടെ കുറവും ഉയര്‍ന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്.

◾  ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. വേണ്ടത്ര അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. നാനൂറോളം സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി.

◾  ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ 44 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പിച്ച് ഇന്ത്യന്‍ വനിതകളുടെ വിജയഗാഥ. പത്താം മിനിറ്റില്‍ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. സമനില ഗോള്‍ കണ്ടെത്താന്‍ ഗോള്‍ കീപ്പറെ അടക്കം പിന്‍വലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യന്‍ വനിതകള്‍ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നായികയും ഗോള്‍കീപ്പറുമായ സവിത പുനിയ നടത്തിയ തകര്‍പ്പന്‍ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

◾  വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലില്‍ ചൈനയുടെ ബാവോ സിയെയെ നേരിട്ട ഒളിമ്പിക് മെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഇതിഹാസതാരം മേരി കോമിന് ശേഷം ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ വനിതാ താരമാണ് ലവ്‌ലിന.

◾  വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലില്‍ ചൈനീസ് തായ്‌പെയുടെ ചെന്‍ നിയെന്‍-ചിന്നിനെ പരാജയപ്പെടുത്തി പര്‍വീണ്‍ ഹൂഡ ഇന്ത്യക്കായി 13-ാം സ്വര്‍ണം സ്വന്തമാക്കി. പാരീസ് ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ചെന്‍ നിയെന്‍-ചിന്‍. ഒരു ഏഷ്യന്‍ ഗെയിംസ് പതിപ്പില്‍ രണ്ട് ഇന്ത്യന്‍ വനിതാ ബോക്‌സര്‍മാര്‍ സ്വര്‍ണം നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

◾  സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ് നിരക്ക് കുത്തനെ ഉയര്‍ത്തി. 45 രൂപയില്‍നിന്ന് 75 രൂപയായാണ് കൂട്ടിയത്. ഇതുപ്രകാരം നിരക്കുവര്‍ധന 66.67 ശതമാനമാണ്. ഇതിലൂടെ ജുവലറികള്‍ക്ക് 400 കോടി രൂപയുടെ അധികച്ചെലവും 80 കോടി രൂപയുടെ ജി.എസ്.ടി. ബാധ്യതയുമാണുണ്ടാവുക. ഹാള്‍മാര്‍ക്കിങ് തുക ഉപഭോക്താക്കളാണ് നല്‍കുന്നതെങ്കിലും ബി.ഐ.എസ്. കെയര്‍ ആപ്പ് ഉപയോഗിച്ച് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന കാര്യം പലര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്ത് ഹാള്‍മാര്‍ക്കിങ് സുരക്ഷാ സംവിധാനങ്ങള്‍ വ്യാജമായി നിര്‍മിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഹാള്‍മാര്‍ക്കിങ് ചെയ്യുന്നതിനുള്ള സമയം ആറു മണിക്കൂറായിരുന്നത് 24 മണിക്കൂറിലേറെയായി കൂടിയത് വ്യാപാരികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് പറയുന്നു.

◾  സ്വന്തം ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിച്ച് സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു. കാറ്റലിസ്റ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഡെവലപ്പര്‍മാര്‍ക്കായി ഈ ക്ലൗഡ് സേവനം ഇപ്പോള്‍ സോഹോ ലഭ്യമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സൗജന്യമായി നല്‍കാനും കമ്പനി പദ്ധതിയിടുന്നു. സോഹോയുടെ ആദ്യകാലത്ത് തന്നെ സ്വന്തം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കമ്പനി സ്വന്തമായി ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ക്ലൗഡ് സോഫ്‌റ്റ്വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റാബേസ്, ഐഡന്റിറ്റി, മെസേജിങ്, സെര്‍ച്ച്, സ്റ്റോറേജ്, കംപ്യൂട്ടിങ് തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കാറ്റലിസ്റ്റില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് സോഹോയുടെ തീരുമാനം. സോഹോയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയിലാണ് വികസിപ്പിക്കുന്നത്, അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യാതിര്‍ത്തി വിടുമെന്ന പേടിയും വേണ്ട.

◾  മമ്മൂട്ടി- ധനുഷ് കൂട്ടുകെട്ടിലെത്തുന്ന 'ഓം' സിനിമ നവംബര്‍ 20ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. തോക്കേന്തി നില്‍ക്കുന്ന ധനുഷും മമ്മൂട്ടിയും ആണ് പോസ്റ്ററില്‍ ഉള്ളത്. അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമി ആണ് ഓം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നസീറുദ്ദീന്‍ ഷായും ചിത്രത്തിലുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. 'ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ്' എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാര്‍. സംഗീതം: സായ് അഭ്യങ്കര്‍.

◾  'വാഴ 2' സിനിമയിലെ 'കൂടെപ്പിറന്നോര്‍...' എന്ന സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയ പാര്‍വതീഷ് പ്രദീപിന്റെ പുതിയ ഗാനം 'തീരാ തീരാ' പുറത്ത്. തിങ്ക് ഒറിജിനല്‍ ആണ് മ്യൂസിക് വിഡിയോ അവതരിപ്പിക്കുന്നത്. 'കാന്ത' സോങ്ങിന്റെ വൈറല്‍ കൊറിയോഗ്രഫിയിലൂടെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫറും ഡാന്‍സറുമായ നോയല്‍ അലക്സാണ്ടറും ഡാന്‍സര്‍ നിരഞ്ജനയും ഒന്നിക്കുന്ന വീഡിയോ ഗാനമാണിത്. സ്നേഹിക്കുന്ന ആള്‍ അടുത്തില്ലാതാകുമ്പോള്‍ അനുഭവപ്പെടുന്ന മിസ്സിങ് ഫീലിങ്ങാണ് ആഫ്രോ-ഇന്‍ഡി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ 'തീരാ തീരാ' പറയുന്നത്. ആഫ്രോ-ഇന്‍ഡി എലമെന്റുകള്‍ക്കൊപ്പം അക്കോസ്റ്റിക് ഗിറ്റാര്‍, ഇന്ത്യന്‍ ഫ്ലൂട്ട്, വാം ആംബിയന്റ്-ഓര്‍ഗാനിക് സൗണ്ട് എന്നിവയാണ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

◾  റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍ 440 ന്റെ ഓര്‍ഡറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ ഏകദേശം 6 മാസത്തേക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ആദ്യ ഹിമാലയന്‍ ബേസ് ക്യാമ്പില്‍ വെച്ചാണ് ഹിമാലയന്‍ 440 അവതരിപ്പിച്ചത്. ലോഞ്ചിന് പിന്നാലെ ബൈക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനിയുടെ പ്രതീക്ഷകളെ മറികടന്ന ബുക്കിംഗ് ലഭിച്ചതോടെയാണ് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയത്. നിലവില്‍ ലഭിച്ച ബുക്കിംഗുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇപ്പോഴത്തെ ശ്രദ്ധ. 443 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ 6,250 ആര്‍പിഎമ്മില്‍ 25.4 ബിഎച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 34 എന്‍എം ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. 15 ലിറ്റര്‍ ഇന്ധന ടാങ്കുമുണ്ട്.

◾  ഭൂമിയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ജന്തുവാണ് സ്‌പൈനോസോറസ്. ക്രൂരതകളുടെ അതിഭയാനകസത്വം. ചരിത്രാതീതകാലത്തെ പഠനത്തില്‍നിന്ന് തുടങ്ങി സത്യാനന്തരകാലത്തെ പുത്തന്‍ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന നോവല്‍. ഭൂമിയുടെ അതിജീവനത്തിന്റെ കണ്ണാടി. ഓടക്കുഴല്‍ പുരസ്‌കാരജേതാവായ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവല്‍. 'സ്‌പൈനോസോറസ്'. കെ അരവിന്ദാക്ഷന്‍. മാതൃഭൂമി. വില 144 രൂപ.

◾  പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം, ധാരാളം നാരുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ റാഗി, നമ്മുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാല്‍സ്യം ആവശ്യമാണ്. കുട്ടികളുടെ വളര്‍ച്ചാകാലത്തും പ്രായമായവരില്‍ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനമാണ്. മറ്റ് പല ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റാഗിയില്‍ കാല്‍സ്യം കൂടുതലാണ്. പ്രത്യേകിച്ച് പാല്‍ പോലുള്ള ഭക്ഷണം അധികം കഴിക്കാത്തവര്‍ക്ക് ഭക്ഷണക്രമത്തില്‍ റാഗി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും ഭക്ഷണക്രമം വളരെ പ്രധാനമാണ്. റാഗിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയയെയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനയെയും സ്വാധീനിക്കാം. റാഗിയിലെ കാര്‍ബോഹൈഡ്രേറ്റുകളും രക്തത്തിലെ ഗ്ലൂക്കോസിനെ സ്വാധീനിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ധാന്യമാണ് റാഗി. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയര്‍ നിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നു. റാഗിയില്‍ കാല്‍സ്യത്തിന് പുറമേ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
വര്‍ഷങ്ങളായി ഗ്രാമത്തില്‍ ആ മണിയാണ് ഉപയോഗിച്ചിരുന്നത്.  സമയമറിയാന്‍ കൃത്യമായ ഇടവേളകളില്‍ അതടിക്കും. അടിയന്തരഘട്ടങ്ങളില്‍ ആളുകളെ വിളിച്ചുകൂട്ടാനും ആ മണിതന്നെയാണ് ഉപയോഗിച്ചിരുന്നത്.  ഒരു ദിവസം അതിലൊരു വിളളലുണ്ടായി. പുതിയ മണി വാങ്ങണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഗ്രാമത്തലവന്‍ പറഞ്ഞു:  തീരുമാനമെടുക്കുന്നതിന് മുമ്പ് നമുക്കതിന്റെ ശബ്ദമൊന്നു കൂടി കേള്‍ക്കാം.  അവര്‍ മണിയടിച്ചു.  അതുവരെ കേള്‍ക്കാതിരുന്ന പുതിയൊരു ശബ്ദം മണിയില്‍ നിന്നും വന്നു.  അപ്പോള്‍ ഗ്രാമത്തലവന്‍ പറഞ്ഞു:   ചെറിയ പോരായ്മകളുണ്ടെന്ന് കരുതി മൂല്യമില്ലാതാകണമെന്നില്ല. പെട്ടെന്ന് ഉണ്ടാകുന്ന വിള്ളല്‍ പരിഗണിക്കുമ്പോള്‍ സ്ഥിരമായുണ്ടായിരുന്ന ശബ്ദവും പരിഗണിക്കേണ്ടതാണ്.   എല്ലാവര്‍ക്കും വൈകല്യങ്ങളുണ്ട്, ചിലരുടേത് ദൃശ്യമായിരിക്കും.  ചിലരുടേത് അദൃശ്യമായിരിക്കും.  പ്രവര്‍ത്തനക്ഷമമായിരുന്ന സമയത്ത് ഒരു അഭിനന്ദനം പോലും നല്‍കാതെ, പോരായ്മകളുണ്ടാകുമ്പോള്‍ പൊതുവിചാരണ നടത്തുന്നത് അഭംഗിയും അന്തസ്സില്ലായ്മയുമാണ്.  ഉപയോഗക്ഷമത പോലും പരിശോധിക്കാതെ  വലിച്ചെറിയുന്നത് ശരിയല്ല. ഒരു കോട്ടം സംഭവിക്കുമ്പോഴേകകും എല്ലാം പോയി എന്ന് കുറ്റപ്പെടുത്താതെ, ഇനിയെന്ത് ചെയ്യാന്‍ കഴിയും , മറ്റെന്തെങ്കിലും ഉപയോഗമുണ്ടോ, മറ്റെന്തെങ്കിലും സാധ്യതകളുണ്ടോ എന്നൊക്കെ ആലോചിക്കുന്നത് നല്ലതാണ് - ശുഭദിനം.
Previous Post Next Post
3/TECH/col-right