Trending

പ്രഭാത വാർത്തകൾ

2026  സെപ്റ്റംബര്‍ 28 | തിങ്കള്‍ 
1202  കന്നി 12 | രേവതി
1448  റ: ആഖിർ 16

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പു ശേഖരണം തുടങ്ങി. പൊതുജനങ്ങളുടെ അടക്കം ഒപ്പ് ശേഖരിക്കും. രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കാനാണ് തീരുമാനം. അതിനിടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ നീക്കവുമായി ആഭ്യന്തര മന്ത്രാലയം. ഡല്‍ഹി പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും ചേര്‍ത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ജന്തര്‍മന്തറിലടക്കം നടക്കാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള ഏകോപനത്തിനായാണ് സമിതി രൂപീകരിക്കുന്നത്.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഗ്യാനേഷ് കുമാര്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചു എന്നതിന് ഇനിയും തെളിവുകള്‍ വേണ്ട. ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്റാണു ഗ്യാനേഷ് കുമാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബിജെപിക്കു അടിയറ വച്ച ഗ്യാനേഷ് കുമാറിനെ, ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  പുതിയ പാചകവാതക കണക്ഷന്‍ ഇനി പൊള്ളും. പുതിയ അപേക്ഷകര്‍ക്ക് സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടറാണ് ലഭിക്കുക. 10 കിലോയുടെ ഒരു സിലിണ്ടറിന്റെ കണക്ഷന്‍ ലഭിക്കാന്‍ 4,840 രൂപയാണു നിരക്ക്. ഓരോ സിലിണ്ടറിനും 1650 രൂപയും.  സാധാരണ 14 കിലോ എല്‍പിജി സിലിണ്ടര്‍ ഒരു തവണ നിറയ്ക്കാന്‍ 930 രൂപയാണ്.

◾  ഇന്നു മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി ധാരണയായതോടെയാണു സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അറിയിച്ചു.  

◾  മാസപ്പടി കേസില്‍ സര്‍ക്കാരിനു മെല്ലെപ്പോക്ക് ഇല്ലെന്നും നിയമോപദേശമനുസരിച്ചു മുന്നോട്ടു പോകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് കോടതിയുടെ പരിഗണനയിലാണ്. കേസെടുക്കാന്‍ സര്‍ക്കാരിന് മടിയില്ല.  പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സര്‍ക്കാരിന് നടപ്പാക്കാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു.


◾  സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെണ്ണലും ഫല പ്രഖ്യാപനവും നാളെ. ആലപ്പുഴയും കൊല്ലവും ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളും വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്.

◾  ഇ-ടെന്‍ഡറുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് കെ മുരളീധരന്‍. വിഷയത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കാണ് പ്രശ്നമുള്ളത്. ഇ-ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

◾  എസ്എന്‍ഡിപി യോഗ നേതൃത്വം സംഘപരിവാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആലപ്പുഴ വിശാല ജില്ലാ സമിതിയില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചു. എസ്എന്‍ഡിപി അണികളില്‍ ഭൂരിപക്ഷവും മതേതര മനസ്സുള്ളവരാണ്. വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ റിപ്പോര്‍ട്ടിംഗ്.

◾  ശബരിമലയിലെ ഇ ടെന്‍ഡറില്‍ പങ്കെടുത്ത ആള്‍ക്ക് കുത്തക ലേല ലോബിയുടെ ഭീഷണി. ലേലത്തിലൂടെ സ്ഥിരം കടയെടുക്കുന്ന ആളാണെന്നും പിന്‍മാറണമെന്നും ഇ ടെന്‍ഡറില്‍ പങ്കെടുക്കുന്ന ആളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഇ ടെന്‍ഡറില്‍ പങ്കെടുക്കുന്നവരുടെ വിവരം ചോര്‍ന്നതായി ദേവസ്വം വകുപ്പ് തിരിച്ചറിഞ്ഞത്.

◾  കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം പി, ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് എന്നിവര്‍ക്കെതിരെ വിവിധയിടങ്ങളില്‍ കരിങ്കൊടി വീശി. കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലാണു ചെന്നിത്തലയ്ക്കു കരിങ്കൊടി കാണിച്ചത്. കൊല്ലം നീണ്ടകരയിലും കുണ്ടറയിലും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിനേയും കരിങ്കൊടി കാണിച്ചു. തിരുവമ്പാടി തമ്പലമണ്ണയിലാണ് പ്രിയങ്ക ഗാന്ധി എം പിക്ക് നേരെയുള്ള പ്രതിഷേധം.


◾  മാതാ അമൃതാനന്ദമയിയുടെ 73-ാമത് പിറന്നാളിനോട് അനുബന്ധിച്ചുള്ള വിശ്വസേവാ ദിനാഘോഷം സമാപിച്ചു. സമാപന ദിനത്തില്‍ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. വിശ്വസ്നേഹത്തിന്റെ മാതൃരൂപമാണ് അമൃതാനന്ദമയി എന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

◾  കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം. ഉത്തരവനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തില്‍ പരമാവധി മൂന്ന് ബസുകള്‍ വരെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ അനുവാദമുണ്ട്.

◾  മഹാനവമി, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെ കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

◾  കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ സൈബര്‍ ആക്രമണം. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജില്‍ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടു.

◾  റേഞ്ച് റോവറോ സ്വകാര്യ വാഹനമോ സര്‍ക്കാരിന്റെ ആവശ്യത്തിന് ഉപയോഗിക്കരുതെന്നു നിയമമില്ലെന്ന് മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവിയും ഔദ്യോഗിക വാഹനങ്ങളും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമം. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതില്‍ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവച്ചയാള്‍ അറസ്റ്റില്‍. കിടങ്ങൂര്‍ ശ്രീഭദ്ര എല്‍പി സ്‌കൂളിന് സമീപം കൈതവളപ്പില്‍ വീട്ടില്‍ സുഭാഷി(57)നെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.


◾  കുത്തേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കീര്‍ത്തനയുടെ ചില സുഹൃദ്ബന്ധങ്ങളില്‍ പങ്കാളിയായിരുന്ന ജിനീഷിന് എതിര്‍പ്പുണ്ടായിരുന്നു. ഇതിനിടെ ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളുടെ ഭീഷണിയും പ്രകോപിപ്പിച്ചതോടെയാണ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതെന്നു പോലീസ്.

◾  എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരോഗ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടം 2575 കോടി രൂപയായിരുന്നെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. മരുന്നു വാങ്ങിയതിലെ ബാധ്യത 900 കോടി രൂപയാണ്. ആവശ്യമില്ലാത്ത പിപിഇ കിറ്റും ഉപകരണങ്ങളും വാങ്ങിക്കൂട്ടിയ ഇരുണ്ടകാലമായിരുന്നെന്നും മുരളീധരന്‍. ആരോഗ്യമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യമേഖലക്ക് തീറെഴുതിയെന്ന പിണറായി വിജയന്റെ വിമര്‍ശനത്തിനനു ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾  രാഹുല്‍ ഗാന്ധിയെ തട്ടിപ്പുകാരന്‍ എന്ന് വിളിക്കാന്‍ മടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്ന് വിമര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവന വായിച്ചാല്‍ രാഹുല്‍ ഫ്രോഡ് ആണെന്ന് മനസ്സിലാകുമെന്നും പറഞ്ഞു.

◾  മുന്‍ ചീഫ് സെക്രട്ടറി ജിജിതോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. 2017 ജൂണ്‍ 26 ന് ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടിയില്‍ ജിജി തോംസണ്‍ പങ്കെടുത്ത ഫോട്ടോകളും പുറത്തുവിട്ടു.

◾  വ്യാജ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് സംരക്ഷിത ജീവിയായ ഗ്രീന്‍ ഇഗ്വാനയെ വില്‍പന നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തിരുമലയ്ക്കടുത്ത്' പെറ്റ് ഷോപ്പ് നടത്തിയിരുന്ന ബിനോയ് (32) ആണ് പിടിയിലായത്.

◾  തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെക്യൂരിറ്റി ജീവനക്കാരുടെ  മര്‍ദനം. കമ്പിപ്പാര കൊണ്ട് വളഞ്ഞിട്ട് അടിക്കുന്ന വീഡിയോ പുറത്ത് വന്നു. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

◾  ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരായ പരാതിയില്‍ നടപടി. കണ്ടക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

◾  കായംകുളത്ത് ചത്ത പശുവിനെ അറവുശാലയില്‍ എത്തിച്ച് കശാപ്പ് ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ച സംഭവം പോലീസ് അന്വേഷിക്കണമെന്നു നഗരസഭ. ചത്ത കന്നുകാലികളെ ഇറച്ചിക്കായി ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സംഘം സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണത്തിന് നഗരസഭ പരാതി നല്‍കിയത്.

◾  രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ രാമക്ഷേത്രം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ സാക്ഷിയാക്കി കുറ്റപത്രം. 133 സാക്ഷികളില്‍ അനില്‍ മിശ്രയുമുണ്ട്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായിയും അംഗമായിരുന്ന അനില്‍ മിശ്രയും സ്ഥാനം രാജിവെച്ചിരുന്നു.

◾  പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തെ  ബോധ്യപ്പെടുത്തിക്കൊടുത്തെന്ന് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016 സപ്റ്റംബര്‍ 28 ന് നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പത്താം വാര്‍ഷികമാണ് ഇന്ന്. ബാലക്കോട്ട് മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു.

◾  ജലന്ധറിലെ ലൗലി സര്‍വകലാശാലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ക്യാമ്പസില്‍ 2000 പൊലീസുകാരെ വിന്യസിച്ചു. പൊലീസ് സര്‍വകലാശാലയില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. സര്‍വകലാശാല 10 ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ചെന്നും ആത്മഹത്യ ചെയ്തെന്നും സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം ഉണ്ടായതോടെയാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകര്‍ത്തു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക പരിക്കേറ്റു.

◾  ആസാമിലെ ഗോഹട്ടിയില്‍ ല്‍ കോക്ക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ പ്രാദേശിക വോളന്റിയര്‍ സമ്മേളനം പൊളിക്കാന്‍ അറസ്റ്റു ചെയ്ത സിജെപി നേതാവ് അശുതോഷ് റാങ്കയെ ആസാം പോലീസ് രാത്രി വളരെ വൈകി വിട്ടയച്ചു. ഒപ്പമുണ്ടായിരുന്ന 35 പ്രവര്‍ത്തകരെയും വിട്ടയച്ചു. പരിപാടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴായിരുന്നു അറസ്റ്റ്. മൈതാനത്തു ബാരിക്കേഡുകള്‍ സ്ഥാപിച്ച പോലീസ് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കി.

◾  ഡല്‍ഹിയില്‍ റോഡ് പരിശോധനക്കെത്തിയ മന്ത്രി യുവാവിന്റെ മുഖത്തടിച്ചു. തിലക് നഗറില്‍ റോഡ് പരിശോധനക്ക് എത്തിയ മന്ത്രി പര്‍വേഷ് വര്‍മ്മയാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന്റെ മുഖത്ത് അടിക്കുകയും ഫോണ്‍ പിടിച്ച് വാങ്ങുകയും ചെയ്തത്. റോഡിന്റെ ഉപരിതലം പൊളിഞ്ഞുവീഴുന്നത് യുവാവ് ചൂണ്ടി കാണിച്ചതിനാണ് മന്ത്രി യുവാവിനെ മര്‍ദിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

◾  തമിഴ്‌നാട്ടില്‍ ക്രമസമാധാന വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിജയ് സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിപക്ഷത്തിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കകം ഈ തീരുമാനം മാറ്റിയത്.

◾  കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്താകെ സിറ്റിംഗ് എം.പിമാരും എം.എല്‍.എമാരുമായ 111 പേര്‍ പാര്‍ട്ടി മാറിയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. കൂറുമാറിയ ജനപ്രതിനിധികളില്‍ കൂടുതല്‍ പേരും ഭരണകക്ഷിയായ ബി.ജെ.പിയിലേക്കാണ് പോയത്. കൂറുമാറിയ 111 പേരില്‍ 29 പേരാണ് ബിജെപിയിലെത്തിയത്. കോണ്‍ഗ്രസിലേക്ക് 18 പേര്‍ കൂറുമാറി. കൂറുമാറിയതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസാണ്. 39 പേരാണ് കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളിലേക്ക് മാറിയത്. ബിഎസ്പിയില്‍ നിന്ന് 12 പേരും എന്‍സിപിയില്‍ നിന്ന് 10 പേരും മറ്റ് പാര്‍ട്ടികളിലേക്ക് മാറി.

◾  കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ സംഘര്‍ഷം. മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഓഡിറ്റോറിയത്തില്‍ പരിപാടി നടക്കുന്നതിനിടെ, ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

◾  എയര്‍ കണ്ടീഷണറുകള്‍, എല്‍.ഇ.ഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വില അടുത്ത മാസത്തോടെ 5 മുതല്‍ 8 വരെ ശതമാനം വര്‍ദ്ധിപ്പിച്ചേക്കും. അസംസ്‌കൃത വസ്തുക്കളുടെയും ലോഹങ്ങളുടെയും വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്നത്. കോപ്പര്‍, അലുമിനിയം, സ്റ്റീല്‍, ക്രൂഡ് ഓയില്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചിട്ടുണ്ട്.

◾  യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്നു റഷ്യ. യുഎന്‍ പൊതുസഭയില്‍ സംസാരിക്കവേ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗേ ലാവ്റോവ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ അറിയിച്ചത്. ജര്‍മനി, ജപ്പാന്‍ പോലെയുള്ള രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കരുത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

◾  നേപ്പാളിലെ മനാങ് ജില്ലയിലുള്ള 7,126 മീറ്റര്‍ ഉയരമുള്ള ഹിംലംഗ് ഹിമാല്‍ കൊടുമുടിയുടെ ബേസ് ക്യാമ്പില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 10 പേരെ കാണാതായി. പര്‍വതാരോഹകരും അവരെ സഹായിക്കുന്ന ഗൈഡുകളുള്‍പ്പെടെയുള്ള ജീവനക്കാരാണ് അപകടത്തില്‍ പെട്ടതെന്ന് ഹിമാലയന്‍ എക്സ്പെഡിഷന്‍ സംഘാടകര്‍ സ്ഥിരീകരിച്ചു.

◾  ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിനും കേപ് ടൗണിനും സമീപം ഉണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. വെഡെല ടൗണ്‍ഷിപ്പിലെ ബാറിലാണ് ആദ്യ വെടിവെപ്പുണ്ടായത്. എകെ-47 റൈഫിളുകളും പിസ്റ്റളുകളുമായിഎത്തിയ എട്ടംഗ സംഘം ബാറിലുണ്ടായിരുന്നവര്‍ക്കെതിരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെ 17 പേര്‍ കൊല്ലപ്പെട്ടു.

◾  യു.എസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ടെഹ്റാനിലെ ആശുപത്രിയില്‍ നിന്ന് മുജ്തബ ഖമേനിയെ ജീവനോടെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയില്‍ എത്തിയിട്ടില്ലെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഇറാന്‍ പ്രസിഡന്റ് അറിയിച്ചു.

◾  യുകെയില്‍ യു എസ് സൈന്യം ഉപയോഗിക്കുന്ന റോയല്‍ എയര്‍ഫോഴ്സ് ഫെയര്‍ഫോര്‍ഡ് വ്യോമസേനാ താവളത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

◾  സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വൂചിച്ച് രാജിവെച്ചു. വരുന്ന ഒക്ടോബര്‍ 25-ന് നടക്കാനിരിക്കുന്ന അടിയന്തര പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് കാലാവധി തികയ്ക്കുന്നതിന് എട്ട് മാസം മുമ്പ് രാജി.

◾  അമേരിക്കയ്ക്ക് ചൈനയുടെ സ്നേഹസമ്മാനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം സമ്മാനമായി രണ്ട് ഭീമന്‍ പാണ്ഡകളെ അമേരിക്കയില്‍ എത്തിച്ചു. ബോയിങ് 777 വിമാനത്തില്‍ അറ്റ്‌ലാന്റയിലാണ് അവയെ എത്തിച്ചത്.

◾  ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ് ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി മെഡല്‍. 6.53 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി ഈ തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. വെറും രണ്ട് സെന്റീമീറ്റര്‍ വ്യത്യാസത്തിലാണ് താരത്തിന് സ്വര്‍ണം നഷ്ടമായത്. അവസാന ശ്രമത്തില്‍ 6.55 മീറ്റര്‍ ചാടിയ ചൈനീസ് താരം ഒന്നാം സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. അതേസമയം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെന്‍ യു ഫെയോട് തോറ്റ് പി.വി. സിന്ധു പുറത്തായി.  

◾  തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും സെഞ്ചുറികളുടെ കരുത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം 41.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം അടിച്ചെടുത്തു. പതിനൊന്നാം ഏകദിന സെഞ്ചുറി നേടിയ ഗില്‍ 108 പന്തില്‍ 110 റണ്‍സെടുത്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ചേസ് മാസ്റ്ററായ കോലി 55-ാം ഏകദിന സെഞ്ചുറിയിലൂടെ 88 പന്തില്‍ 139 റണ്‍സുമായി പുറത്താകാതെ നിന്നു.

◾  വിരാട് കോലിയുടെ വെടിക്കെട്ട് പൂരത്തിനിടെ ഏകദിനക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം കോലി സ്വന്തമാക്കി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിറകേയാണ് പതിനയ്യായിരം റണ്‍സ് ക്ലബില്‍ കോലി എത്തിയത്. സച്ചിന്‍ 377 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. കോലിയാകട്ടെ 303 ഇന്നിങ്‌സുകളില്‍ നിന്നു തന്നെ 15,000 റണ്‍സിലെത്തി.

◾  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണിന് അടുത്തമാസം പത്തിന് തുടക്കം. ബെംഗളൂരു എഫ്.സി ഉദ്ഘാടന മത്സരത്തില്‍ പുതിയ ടീമായ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയെ നേരിടും. 2027 ജനുവരി 17 വരെ നീളുന്ന ഒന്നാം ഘട്ടത്തിലെ 78 മത്സരങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിലെയും പ്ലേ ഓഫിലെയും മത്സരക്രമം പിന്നീട് അറിയിക്കും. ഒക്ടോബര്‍ 11 ന് ഇന്റര്‍ കാശിക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

◾  ജോലിയില്‍ നിന്ന് 55 വയസ് തികയുന്നതിന് മുന്‍പ് വിരമിക്കുകയോ, ജോലി രാജിവെക്കുകയോ ചെയ്യുന്നവര്‍ക്ക് ഇ.പി.എഫ് തുക പിന്‍വലിക്കുന്നതില്‍ 12 മാസം കാത്തിരിക്കണം. എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റേതാണ് തീരുമാനം. എന്നാല്‍ ജോലി ഉപേക്ഷിച്ച് അല്ലെങ്കില്‍ വിരമിച്ച ശേഷം 12 മാസത്തിനകം മൊത്തം തുകയുടെ 75 ശതമാനം വരെ പിന്‍വലിക്കാന്‍ അംഗങ്ങള്‍ക്ക് സാധിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് എടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഇപിഎഫ്ഒ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം, 55 വയസ് പൂര്‍ത്തിയായ ശേഷം ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്കും ജോലി രാജിവെക്കുന്നവര്‍ക്കും സര്‍വീസില്‍ നിന്ന് ഒഴിവാകുന്നതോടെ മുഴുവന്‍ തുകയും പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കും. തുക 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ 7 മുതല്‍ 10 ദിവസത്തിനകവും, 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ 3 ദിവസത്തിനകവും ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കും.

◾  ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി അഡോബി പ്രീമിയര്‍ മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറിലും ലഭ്യമാണ്. മള്‍ട്ടി-ട്രാക്ക് എഡിറ്റിങ്, 4കെ വീഡിയോ കയറ്റുമതി, എഐ അധിഷ്ഠിത ഓഡിയോ സംവിധാനങ്ങള്‍, ഫയര്‍ഫ്ലൈ അടിസ്ഥാനമാക്കിയ ജനറേറ്റീവ് എഐ സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് പതിപ്പിനൊപ്പം പുതിയ ചില ഫീച്ചറുകളും അഡോബി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് എന്‍ഹാന്‍സ് ഓഡിയോ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് റെക്കോര്‍ഡിങ്ങുകളിലെ പശ്ചാത്തല ശബ്ദം കുറയ്ക്കാനും ശബ്ദത്തിന്റെ വ്യക്തത വര്‍ധിപ്പിക്കാനും ഈ സംവിധാനത്തിന് കഴിയും.

◾  മൂന്ന് ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടി തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രമം 'ദ പാരഡൈസ്.' ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 136 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ഒരു അമ്മ - മകന്‍ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ബോളിവുഡ് താരം രാഘവ് ജൂയല്‍ ആണ് വില്ലന്‍ വേഷത്തില്‍. കായദു ലോഹര്‍, സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

◾  മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'  ഒക്ടബോര്‍ രണ്ടു മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒരുക്കിയത് ഗിരീഷ് എഡിയാണ്. 300 കോടിയലധികം നേടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 150 കോടിയലധികം നേടി. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, വിനയ് ഫോര്‍ട്ട്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗാനരചന - വിനായക് ശശികുമാര്‍, സംഗീത സംവിധാനം - വിഷ്ണു വിജയ്. നിര്‍മാണം - ഭാവന സ്റ്റുഡിയോസ്, ഛായാഗ്രഹണം - അജ്മല്‍ സാബു, എഡിറ്റിങ് - ആകാശ് ജോസഫ് വര്‍ഗീസ്.

◾  പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ഇന്ത്യയിലെ ലോഞ്ച് ഒക്ടോബര്‍ 17ന്. അന്ന് ഹൈബ്രിഡ് വേരിയന്റിന്റെ വില പ്രഖ്യാപിക്കും. ബ്രാന്‍ഡിന്റെ കോംപാക്ട് എസ് യുവി നിരയിലെ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനായിരിക്കും ഇത്. 1.8 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. നിലവില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റുകളാണ് ഉള്ളത്. പുതിയ വേരിയന്റ് രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ചേര്‍ന്ന് 162 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ലഭ്യമാകുക. 19 മുതല്‍ 23 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

◾  വി.ടി.യുടെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്', എം.ആര്‍.ബി.യുടെ 'മറക്കുടയ്ക്കുള്ളിലെ മഹാനരകം', പ്രേംജിയുടെ 'ഋതുമതി' എന്നീ പ്രസിദ്ധനാടകങ്ങളുടെ കൂട്ടത്തില്‍ ഇതിനെയും പെടുത്താം. പക്ഷേ, ആ മൂന്നു നാടകങ്ങള്‍ക്കുമില്ലാത്ത ഒരു മെച്ചം ഇതിനുണ്ട്. ഇതില്‍ അനാവരണം ചെയ്തിട്ടുള്ളത് ഒരു ബാലവിധവയുടെ ദുരിതങ്ങളാണ്. വിവാഹം സംബന്ധിച്ച ചടങ്ങുകള്‍ നടത്താന്‍പോലും കഴിയാത്തത്ര അവശനായ ഒരു വൃദ്ധനു പിടിച്ചുകൊടുത്ത് മണിക്കൂറുകള്‍ക്കകത്തു മരിക്കുന്ന ഒരാളുടെ വിധവയായ ഒരു കൊച്ചുബാലികയ്ക്ക് സപത്നികളില്‍നിന്നും ശ്വശ്രുവില്‍നിന്നും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ കഥയാണ് ഇതില്‍ അനാവരണം ചെയ്യുന്നത്. 'സാവിത്രി അഥവാ വിധവാ വിവാഹം'. ലളിതാംബിക അന്തര്‍ജ്ജനം. ഗ്രീന്‍ ബുക്സ്. വില 180 രൂപ.

◾  നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ വലിയരീതിയില്‍ ബാധിക്കുന്നുണ്ട്, പ്രത്യേകിച്ച് അത്താഴം. ദഹനവും ഉറക്കവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അത്താഴം കുടലിന്റെ വിശ്രമത്തിനും സ്വാഭാവികമായ പുനരുജ്ജീവന പ്രക്രിയയ്ക്കും സഹായിക്കുന്ന തരത്തിലായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പയറുവര്‍ഗങ്ങളും ഫൈബറിന്റെ ഉറവിടമാണ്. ഇവ കുടലിന്റെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മലബന്ധം കുറയ്ക്കാനും അതുവഴി വയറുവേദന, അസ്വസ്ഥത തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഫൈബര്‍ സഹായിക്കും. രുചിയും പോഷകഗുണങ്ങളും ഒരുപോലെ നല്‍കുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഒരു ഇടത്തരം മധുരക്കിഴങ്ങില്‍ ഏകദേശം നാല് ഗ്രാം ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുടലിന്റെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. സാല്‍മണ്‍ പോലുള്ള കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. കുടലിന്റെ സംരക്ഷണ പാളിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. പരിപ്പ് ഫൈബറിന്റെ നല്ല ഉറവിടമാണ്. ബോണ്‍ ബ്രോത്ത് എളുപ്പത്തില്‍ ദഹിക്കുന്നതും കൊളാജന്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ലഭ്യമാക്കുന്നതുമായ ഭക്ഷണമാണ്. രാത്രിയില്‍ അസംസ്‌കൃത പച്ചക്കറികള്‍ക്ക് പകരം വേവിച്ച ഇലക്കറികളും മറ്റ് പച്ചക്കറികളും കഴിക്കുന്നത് ചിലര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ദഹിക്കാം. മഞ്ഞളും ഇഞ്ചിയും ദഹനത്തിനും സഹായകമാകുന്ന ചേരുവകളാണ്. ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് അത്താഴം കഴിച്ച് തീര്‍ക്കുന്നതാണ് നല്ലത്.

*ശുഭദിനം*
*കവിത കണ്ണന്‍*
പ്രശസ്തനായ കവിയായിരുന്നു അയാള്‍. രോഗം ബാധിച്ചതോടെ ആരോഗ്യം മോശമായി.  അതോടെ വലതുകൈകൊണ്ട് എഴുതാന്‍ പറ്റാതെയായി.  അദ്ദേഹം ഇടതു കൈകൊണ്ട് എഴുതാന്‍ തുടങ്ങി.  ആഴ്ചകള്‍ക്ക് ശേഷം ആ കൈക്കും സ്വാധീനക്കുറവുണ്ടായി.  അപ്പോള്‍ ഒരു സുഹൃത്തിനെക്കൊണ്ട് എഴുതിപ്പിച്ചു. രോഗം സങ്കീര്‍ണ്ണമായതോടെ സംസാരശേഷിയും നഷ്ടമായി.  അദ്ദേഹം നിരാശപ്പെടാതെ ആംഗ്യഭാഷ പഠിച്ച് കവിത പറഞ്ഞുകൊടുത്തു.  അസുഖബാധിതനായതിന് ശേഷം ഒട്ടേറെ കവിതകള്‍ അദ്ദേഹത്തിന്റേതായി രചിക്കപ്പെട്ടു.  നമ്മുടെ ഇച്ഛാശക്തിയാണ് നമ്മുടെ വിധി തീരുമാനിക്കുന്നത്.   ജീവിതത്തില്‍ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ന്യൂനതകളിലൂടെ കടന്നുപോകേണ്ടിവരും.  അതോടെ ജീവിതത്തിന്റെ വില നഷ്ടപ്പെടാന്‍ പാടില്ല.  ഒരു കൈ നിര്‍ജ്ജീവമായാല്‍ മറുകൈയും  ഇരു കൈകളും മരവിച്ചാല്‍ കാലുകളും ഇവയെല്ലാം നിശ്ചലമായാല്‍ മറ്റുമാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് മുന്നോട്ട് നീങ്ങണം.  ഒഴിവുകഴിവുകള്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിക്കും.  ഒരു മാര്‍ഗ്ഗം അടയുമ്പോള്‍ മറു മാര്‍ഗ്ഗം കണ്ടെത്തുന്നവരാണ് അതീജീവനത്തിന് പ്രാപ്തരാകുന്നത്.  - ശുഭദിനം.
Previous Post Next Post
3/TECH/col-right