Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | സെപ്റ്റംബര്‍ 28 | തിങ്കള്‍ 
1202 | കന്നി 12 | രേവതി

◾  മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കും.  മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗസ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് പൂര്‍ണ സുരക്ഷ ഒരുക്കേണ്ടതും അനിവാര്യമാണെന്നും ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി. പൊതുപരിപാടികളില്‍ മുഖ്യമന്ത്രിക്ക് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തിക്കുംതിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയാകുന്നുവെന്നും ഇത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾  നിയമസഭാ കയ്യാങ്കളി കേസില്‍ നവംബര്‍ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ തുടങ്ങും. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എമാരായ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് പ്രധാനപ്രതികള്‍. 2015 മാര്‍ച്ച് 13 നായിരുന്നു സംഭവം.

◾  മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ജോസഫ് മാത്യു. കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യതയെന്നും കുറ്റപത്രം ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

◾  മുട്ടില്‍ മരംമുറിക്കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. കേസില്‍ തിരുത്തലുകളോടെ കുറ്റപത്രം കോടതിയില്‍ തിരികെ നല്‍കി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുന്‍ പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, സംഭവത്തില്‍ സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു.

◾  വ്യാജ വിവാഹ ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ലെന്നും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്നും ആന്റോയുടെ അഭിഭാഷകന്‍ അറിയിച്ചു.



◾  എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്ത അഞ്ചു പേരും കോണ്‍ഗ്രസ് അനുഭാവികള്‍. സിജു സാമുവല്‍, ഹംസ കെ.പി, ജാഫര്‍ കെ. അലിയാര്‍ തട്ടികുന്നത്ത്, അബ്ദുള്‍ ഖാദര്‍ റെഷി, പി.സി. പുലാമന്തോള്‍ എന്നീ പ്രൊഫൈലുകളുടെ ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്.

◾  തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ ആര്‍ക്കെതിരെയും കേസ് എടുക്കരുതെന്നാണ് തന്റെ നിലപാടെന്ന് കെ.സി വേണുഗോപാല്‍. പക്ഷേ സൈബറിടത്തില്‍ സ്വന്തം നേതാവിനെ അപമാനിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു

◾  വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തുമെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നല്‍കുന്നത് അവസാനിക്കും.

◾  ആധുനികകാലത്ത് എല്ലാം ഡിജിറ്റലാകുമ്പോള്‍ പൊലീസും പേപ്പര്‍ലെസ് ആകുന്നു. കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് എഡിജിപി മാരുടെ യോഗത്തില്‍ തീരുമാനം. ഗവര്‍ണറും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഡിജിപി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും.

◾  വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. സര്‍ക്കാരിന് ആവശ്യമെങ്കില്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ട്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



◾  ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാന്‍ തദ്ദേശം' ഇന്ന് മലപ്പുറം വേങ്ങരയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, കെ എം ഷാജി, പി കെ ബഷീര്‍, എഡിജിപി പി വിജയന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

◾  മുഖ്യമന്ത്രി വി.ഡി. സതീശന് പുരസ്‌കാരം. ബാലചന്ദ്രന്‍ വടക്കേടത്ത് സ്മാരക സമിതിയുടെ രണ്ടാമത് പുരസ്‌കാരമാണ് വി.ഡി. സതീശന് നല്‍കുന്നത്. എഴുത്തും വായനയും സാഹിത്യ സംവാദ സംവാദവും മറക്കാതിരിക്കുന്ന വി.ഡി. സതീശന്‍ വ്യത്യസ്തത പുലര്‍ത്തുന്ന വ്യക്തിത്വമെന്നത് പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി വ്യക്തമാക്കി.

◾  സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ 38 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് കൂടുതല്‍ കണ്ണൂരിലാണ്, 58 ശതമാനം. തൃശ്ശൂരും മലപ്പുറത്തും ശക്തമായ പോളിങ് നടക്കുന്നുണ്ട്. എന്നാല്‍ കോഴിക്കോടും വയനാടും പോളിങ് മന്ദഗതിയിലാണ്.

◾  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തില്‍ എടുത്ത തീരുമാനമാണെന്ന് ഒ.ജെ. ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾  മുസ്ലിം പെണ്‍കുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസ്സിലാക്കാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കുന്നില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. നിരീശ്വരവാദികളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യുന്നത് മുസ്ലിം പെണ്‍കുട്ടികളാണെന്നും ഷാജി ചൂണ്ടിക്കാട്ടി.

◾  പറവൂരില്‍ പ്രിയദര്‍ശനി ബസില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. കണ്ടക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.


◾  പറവൂരില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്. കണ്ടക്ടര്‍ നിരപരാധിയാണെന്നും സാക്ഷികള്‍ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്.

◾  മുണ്ടംവേലി ഫ്‌ലാറ്റ് വിഷയത്തില്‍ താമസക്കാരെ അപമാനിച്ച പ്രസ്താവന തിരുത്താന്‍ തയ്യാറായി കൊച്ചി മുന്‍ എംഎല്‍എ കെ ജെ മാക്‌സി. താമസക്കാര്‍ക്ക് വേദന ഉണ്ടായെങ്കില്‍ പ്രസ്താവന പിന്‍വലിക്കാമെന്ന് മാക്‌സി  പറഞ്ഞു. ഭരണം മാറിയപ്പോള്‍ താമസക്കാര്‍ ഒതളങ്ങപോലെ തിരിഞ്ഞു എന്നായിരുന്നു മാക്‌സി കഴിഞ്ഞ ദിവസം പറഞ്ഞത്.

◾  കഴിഞ്ഞ ഓഗസ്റ്റില്‍ കണ്ണൂരിന്റെ മലയോര മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള സഹായധനം വൈകുന്നതായി പരാതി. വൈകാതെ പണം വരുമെന്നാണ് വില്ലേജ് അധികൃതരുടേയും പഞ്ചായത്തിന്റേയും മറുപടി.

◾  ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പ് കേസില്‍ പൊലീസിനെ സമീപിച്ച് കൂടുതല്‍ പരാതിക്കാര്‍. 20 പേര്‍ ഇന്നലെയും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി. അതേസമയം പാര്‍വതിയുടെ ജാമ്യപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും.

◾  പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തി. ആനവായ്, തടിക്കുണ്ട്, കടുകുമണ്ണ, കിണറ്റുകര, മുരുഗള എന്നീ ആദിവാസി ഊരുകളിലാണ് 22 ദിവസമായി വൈദ്യുതി തടസപ്പെട്ടത്. തുടര്‍ന്ന് 500 കുടുംബങ്ങളാണ് ഇരുട്ടില്‍ കഴിഞ്ഞിരുന്നത്.

◾  ഹോസ്റ്റല്‍ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ചതിനെതിരെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധം. കോഴ്‌സിലെ 175 വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലമാണ് കോളേജ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

◾  ആലപ്പുഴയില്‍ പരിഭ്രാന്തി പരത്തി കള്ളക്കടല്‍ പ്രതിഭാസം. ഇന്നലെ വൈകിട്ട് പുറക്കാട് ഭാഗത്ത് അതിശക്തമായി കടല്‍ കയറി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

◾  പരപ്പനങ്ങാടി പുത്തന്‍കടപ്പുറം തീരത്ത് ആശങ്ക. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടല്‍ പിന്നിലേക്ക് മാറിയതോടെ കടല്‍ത്തീരം വിശാലമായി കാണപ്പെട്ടതിനൊപ്പം അടിത്തട്ടില്‍ ചെളി നിറഞ്ഞ നിലയിലുമാണ്. രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം രണ്ടാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷം. ജില്ലാതലങ്ങളില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും. വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ചേരാന്‍ തീരുമാനമായിട്ടുണ്ട്.

◾  പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ഡിസിസികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചപ്പോള്‍ ഇടത് നേതാക്കള്‍ എകെജി ഭവന് മുന്നില്‍ നിന്നും ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാര്‍ച്ച് നടത്തി.

◾  രാഹുല്‍ ഗാന്ധി 'ഫ്രോഡ് രാഷ്ട്രീയം' കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. എസ് ഐ ആര്‍ എന്നത് ഭരണഘടനാപരമായ നടപടിക്രമമാണെന്നും അത് നടപ്പിലാക്കാന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

◾  തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കുന്ന 'തായ് മാമന്‍ തങ്കമോതിരം' പദ്ധതിക്ക് തുടക്കമായി. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു.

◾  പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണം നല്‍കുമെന്നും സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. വിശ്വാസത്തെ പിന്തുടരുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഭയപ്പെടേണ്ടെന്നും സംസ്ഥാനത്തെ കാറ്റ് മാറിയെന്നും സുവേന്ദു അധികാരി പറഞ്ഞു.

◾  ഡല്‍ഹിയില്‍ റോഡ് പരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച മന്ത്രി പര്‍വേഷ് വര്‍മ്മക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മന്ത്രി യുവാവിനോട് മാപ്പ് പറയണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

◾  ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അബുദാബിയില്‍ രഹസ്യ സന്ദര്‍ശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മില്‍ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് വിവരം.

◾  കടുത്ത യാത്രാ-മത്സര സമയക്രമങ്ങളും മത്സരത്തിനിടയിലെ വീഡിയോ റിവ്യൂ സംവിധാനത്തിന്റെ അഭാവവുമാണ് തന്റെ തോല്‍വിക്ക് കാര്യമെന്ന് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായതിന് പിന്നാലെ പി വി സിന്ധു വ്യക്തമാക്കി. ചൈനയുടെ ലോക നാലാം നമ്പര്‍ താരം ചെന്‍ യുഫെയോടാണ് സിന്ധു പരാജയപ്പെട്ടത്.

◾  മഴയെത്തുടര്‍ന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യന്‍ ഗെയിംസ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. മത്സരത്തിന് ഫലമില്ലാതെ വന്നതോടെ ടി20 റാങ്കിംഗില്‍ അഫ്ഗാനേക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ള ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

◾  ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ യുവ ഷൂട്ടര്‍ ഇഷ സിങ് വെള്ളി മെഡല്‍ നേടി. ബോക്സിങ്ങില്‍ ഒളിമ്പിക് മെഡലിസ്റ്റ് ലവ്ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പാക്കിയപ്പോള്‍, കുറാഷില്‍ പിങ്കി ബല്‍ഹാര വെങ്കല മെഡല്‍ സ്വന്തമാക്കി.

◾  മേജര്‍ സോക്കര്‍ ലീഗില്‍ കൊളംബസിനെതിരെ ലയണല്‍ മെസിയുടെ അവിശ്വസനീയ ഫ്രീകിക്ക്. മത്സരത്തില്‍ കൊളംബസ് ലീഡെടുത്ത് നില്‍ക്കുമ്പോഴാണ് മെസി ഫ്രീകിക്കിലൂടെ തകര്‍പ്പന്‍ ഗോള്‍ നേടി ഇന്റര്‍ മിയാമിയെ ഒപ്പത്തിനൊപ്പമെത്തിച്ചത്. എന്നാല്‍ 98ാം മിനിറ്റില്‍ മയാമിയെ ഞെട്ടിച്ച് കൊളംബസ് ഗോള്‍ നേടി മത്സരം അവരുടെ വരുതിയിലാക്കി

◾  സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയും പവന് 1,840 രൂപ കുറഞ്ഞ് 1,11,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 11,310 രൂപയും 14 കാരറ്റിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 8,810 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 5,680 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,190 മുതല്‍ 4,285 യു.എസ് ഡോളര്‍ നിരക്കിലാണ്. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,766 രൂപയാകും.

◾  വാട്സ്ആപ്പ് അക്കൗണ്ട് ബാന്‍ ചെയ്യപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി കമ്പനി. വാട്സ്ആപ്പിന്റെ ഔദ്യോഗിക പേജില്‍ ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അനാവശ്യ സന്ദേശങ്ങള്‍ അയക്കുക, ഓട്ടോമേറ്റഡ് ടൂളുകള്‍ ഉപയോഗിക്കുക, തുടര്‍ച്ചയായി ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ അയക്കുക, മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിക്കുക തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍ വരും. അനധികൃത മാര്‍ഗങ്ങളിലൂടെ ലഭിച്ച കോണ്‍ടാക്ട് ലിസ്റ്റുകള്‍ ഉപയോഗിക്കുന്നതും കര്‍ശന നടപടിക്ക് കാരണമാകും. ഒരു തവണത്തെ പ്രവര്‍ത്തി കൊണ്ട് ബാന്‍ ചെയ്യപ്പെടില്ലെങ്കിലും, ഇത്തരം അക്കൗണ്ടുകളെ കണ്ടെത്താന്‍ സാങ്കേതികവിദ്യയും റിപ്പോര്‍ട്ടുകളും ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി ഇത് ലംഘിക്കുന്ന പക്ഷം മുന്നറിയിപ്പില്ലാതെ തന്നെ അക്കൗണ്ട് ബാന്‍ ചെയ്യപ്പെടും.

◾  സൈജുകുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'തേര്‍ഡ് മര്‍ഡര്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്‍ഡ് മര്‍ഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. കഥ - എം. എസ്. ഫൈസല്‍ ഖാന്‍, സംവിധാനം - സുനില്‍ ഇബ്രാഹിം, നിര്‍മാണം - സുദര്‍ശനന്‍ കാഞ്ഞിരംകുളം, സംഗീതം & പശ്ചാത്തല സംഗീതം - മെജോ ജോസഫ്, ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ - വി. സാജന്‍. സ്വര്‍ണലയ സിനിമാസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

◾  വിജയ് സേതുപതി നായകനായ പാന്‍-ഇന്ത്യന്‍ ചിത്രം 'സ്ലം ഡോഗ്-33 ടെംപിള്‍ റോഡി'ലെ സറീന വഹാബ് കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ അമ്മയായ സുബൈദ എന്ന കഥാപാത്രത്തെയാണ് സറീന വഹാബ് അവതരിപ്പിക്കുന്നത്. സംയുക്തയാണ് നായിക. ജീവിതം അവസാനിപ്പിക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയതും വിശപ്പ് സഹിക്കാനാവാതെ ഭിക്ഷ യാചിക്കേണ്ടിവന്നതുമെല്ലാം സുബൈദ ഓര്‍ത്തെടുക്കുന്നതാണ് ഗ്ലിംപ്‌സിലുള്ളത്. തബു, കന്നഡ താരം ദുനിയ വിജയ് കുമാര്‍, ബ്രഹ്‌മാജി, വി.ടി.വി. ഗണേഷ് എന്നിവരും താരനിരയിലുണ്ട്. രചന, സംവിധാനം - പുരി ജഗനാഥ്, നിര്‍മാതാക്കള്‍ - പുരി ജഗനാഥ്, ചാര്‍മി കൗര്‍, ജെ.ബി. നാരായണ്‍ റാവു കോണ്‍ഡ്രോള്ള. സംഗീതം - ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍, ഛായാഗ്രഹണം - സാം കെ. നായിഡു.

◾  റെനോ ഇന്ത്യയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ആര്‍ജിഇപി പ്ലാറ്റ്‌ഫോമിലേക്കുള്ള ചുവടുവയ്പാണ് പുതിയ മോഡല്‍. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍, ടിസിഇ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 99 ബിഎച്ച്പി കരുത്തും 180 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 21 കിലോമീറ്ററാണ് മൈലേജ്. പുതുക്കിയ സസ്‌പെന്‍ഷന്‍ ട്യൂണിങ്, ആന്റി ടോള്‍ ബാറുകള്‍, പുതിയ തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ടെക്‌നോ, ഇമോഷന്‍, ഇവോലൂഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. ട്രൈബര്‍ ടര്‍ബോ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഇവോലൂഷന് 7.84 ലക്ഷം രൂപയും ടെക്‌നോവിന് 8.53 ലക്ഷം രൂപ നല്‍കണം. ഇമോഷന് 8.99 ലക്ഷം രൂപയാണ് വില.

◾  സമാനമായ സാഹചര്യങ്ങളില്‍ നടന്ന ചില ദുരൂഹമരണങ്ങളുടെ അന്വേഷണം കേരള പോലീസിനെ കൊണ്ടുചെന്നെത്തിക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് പോലീസ് മനഃപൂര്‍വ്വം രേഖപ്പെടുത്താതെപോയ ആ ക്രൂരതയിലേക്കാണ്. 30 വര്‍ഷങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തില്‍ ഒരു ജനസമൂഹം നേരിടേണ്ടിവന്ന ഭരണകൂടഭീകരതയിലേക്ക്... ആ കൊലപാതകങ്ങളുടെ ചുരുളുകള്‍ ആണ്ടുകിടക്കുന്നത് അവിടെയാണ്... അങ്ങ് വയനാട്ടില്‍... പ്രശസ്ത ഫോട്ടോഗ്രാഫര്‍ മോഹനചന്ദ്രന്റെ ഓര്‍മ്മക്കുറിപ്പുകളിലൂടെ വയനാടന്‍ കഥ പറഞ്ഞുപോകുന്ന മനോഹരമായ ഒരു മിസ്റ്ററി ത്രില്ലര്‍. 'മിസ്റ്റി'. മൂന്നാം പതിപ്പ്. ശ്രീനി ഇളയൂര്‍. ഡിസി ബുക്സ്. വില 237 രൂപ.

◾  കേരളം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും ശക്തമായ വെയില്‍ ലഭിക്കുന്നുണ്ടെങ്കിലും ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവില്‍ കുറവു തന്നെ. സൂര്യപ്രകാശം കിട്ടുന്ന സമയം, ശരീരത്തില്‍ പതിക്കുന്ന അളവ്, ചര്‍മത്തിന്റെ നിറം, പ്രായം, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നു. ചര്‍മത്തില്‍ ആവശ്യമായ യുവിബി കിരണങ്ങള്‍ എത്തുന്നതാണ് പ്രധാനപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി നേരെ വാഹനത്തില്‍ കയറി ഓഫീസിലെത്തുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്നവരില്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സമയം കുറയും. അള്‍ട്രാവൈലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വിറ്റാമിന്‍ ഡി നിര്‍മ്മാണത്തെയും ബാധിക്കാം. ആവശ്യമായ സൂര്യപ്രകാശവും ചര്‍മസംരക്ഷണവും തമ്മില്‍ ബാലന്‍സ് ആവശ്യമാണ്. ഇനി ഒരേ അളവിലുള്ള സൂര്യപ്രകാശം ലഭിച്ചാലും വ്യത്യസ്ത ചര്‍മനിറമുള്ളവരില്‍ വിറ്റാമിന്‍ ഡി നിര്‍മ്മാണം ഒരുപോലെയാകകില്ല. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തിന് വിറ്റാമിന്‍ ഡി നിര്‍മ്മിക്കാനുള്ള ശേഷി കുറയും. വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന മുതിര്‍ന്നവരില്‍ സൂര്യപ്രകാശത്തിന്റെ കുറവും ഇതോടൊപ്പം ചേരാം. അമിതവണ്ണമുള്ളവരിലും വിറ്റാമിന്‍ ഡി അളവ് കുറയും. ശരീരത്തിലെ കാല്‍സ്യം ആഗിരണം, എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം എന്നിവയില്‍ വിറ്റാമിന്‍ ഡി പ്രധാന പങ്കുവഹിക്കുന്നു. ഈ കുറവ് ഗുരുതരമായാല്‍ എല്ലുകളുടെ ദുര്‍ബലത, പേശിവേദന അല്ലെങ്കില്‍ ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.97, പൗണ്ട് - 127.33, യൂറോ - 109.22, സ്വിസ് ഫ്രാങ്ക് - 115.59, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.39, ബഹറിന്‍ ദിനാര്‍ - 254.57, കുവൈത്ത് ദിനാര്‍ -310.87, ഒമാനി റിയാല്‍ - 249.62, സൗദി റിയാല്‍ - 25.55, യു.എ.ഇ ദിര്‍ഹം - 26.13, ഖത്തര്‍ റിയാല്‍ - 26.31, കനേഡിയന്‍ ഡോളര്‍ - 67.79.
Previous Post Next Post
3/TECH/col-right