Trending

പ്രഭാത വാർത്തകൾ

2026  സെപ്റ്റംബര്‍ 27 | ഞായര്‍ 
1202  കന്നി 11 | ഉത്രട്ടാതി
1448  റ: ആഖിർ 15

◾  ലോകായുക്ത യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തത് വിവാദമായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട  നീതിന്യായ സംവിധാനത്തെ മന്ത്രിയുടെ വരുതിയിലാക്കാനുള്ള ശ്രമം ഭരണഘടനാ ലംഘനമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍ ഭരണനിര്‍വ്വഹണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ യോഗം വേണമെന്നു ലോകായുക്ത ആവശ്യപ്പെട്ടതിനുസരിച്ചാണ്  യോഗം നടന്നതെന്നും രമേശ് ചെന്നിത്തല. വി എസിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും കാലത്തു ഇത്തരം യോഗം ചേര്‍ന്നിരുന്നുവെന്നും ലോകായുക്തയുടെ അധികാരം കുറച്ചത് പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

◾  വിവാദങ്ങള്‍ക്കും കമ്മീഷണര്‍മാരുടെ വിയോജിപ്പുകള്‍ക്കുമിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്ന് എസ്ഐആര്‍ വോട്ടര്‍ പട്ടിക, ഫോം 6, ഇസിഐ നെറ്റ് എന്നീ തര്‍ക്ക വിഷയങ്ങളില്‍ തിരുത്തലുകളും ഇളവുകളും വരുത്താന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ കരട് വോട്ടര്‍ പട്ടികയിലെ പരാതികള്‍ക്കുള്ള തീയതി ഒക്ടോബര്‍ 30 വരെ നീട്ടി.

◾  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രതിഷേധം ശക്തമാക്കുന്നു. സഖ്യത്തിന് പുറത്തുള്ള പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൂടേയെന്ന്  തന്നോട് ചോദിച്ചെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞെന്നാണു ജിജി തോംസന്റെ പ്രതികരണം. ഇതേസമയം, ഗ്യാനേഷ് കുമാര്‍ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് കേരള മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. വലിയ അപരാധമാണ് ഗ്യാനേഷ് കുമാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

◾  ശബരിമല കുത്തക ലേല വിവരം ചോര്‍ന്നു. 110 കടയിലേക്കും ടെന്‍ഡറില്‍ പങ്കെടുത്തവരുടെ പേരുകളും ടെന്‍ഡര്‍ വിവരങ്ങളുമാണ് ചോര്‍ന്നത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ടെന്‍ഡറില്‍ സുതാര്യത കൊണ്ടുവരാന്‍ ആദ്യമായി ഇ ലേലം നടത്താന്‍ തീരുമാനിച്ചതിന് പിറകേയാണ് വിവരങ്ങള്‍ ചോര്‍ന്നത്.

◾  സ്നേഹത്തിന്റെ നൂലില്‍ കോര്‍ത്ത് സമൂഹത്തെ ഒറ്റക്കെട്ടായി മാതാ അമൃതാനന്ദമയി അമ്മ പരിപാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. അമൃതപുരിയില്‍ വിശ്വസേവാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അമിത്ഷാ. അമ്മയുടെ ജീവിതം സമൂഹത്തിന് നല്‍കുന്നത് കാരുണ്യത്തിന്റെ അമൃതവര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളില്‍ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ പദ്ധതികള്‍ക്കും ചടങ്ങില്‍ തുടക്കമായി. മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനമായ ഇന്ന് അമൃതപുരിയില്‍ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ പങ്കെടുക്കും.



◾  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

◾  കൊച്ചിയില്‍ ജിഎസ്ടി ജോയിന്‍ കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 14 ലക്ഷം രൂപയും 788 യൂ എസ് ഡോളറും പിടിച്ചെടുത്തു. എറണാകുളം ജില്ലാ ജി.എസ്.ടി ടാക്സ് പേയര്‍ സര്‍വ്വീസ് ജോയിന്റ് കമ്മീഷ്ണര്‍ പ്രജനി രാജന്റെ പച്ചാളത്തെ വീട്ടിലും, ഓഫീസിലുമായിരുന്നു പരിശോധന. തേവര ജിഎസ്ടി കോംപ്ലക്‌സിലെ സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഓഫിസിലും വീട്ടിലും ഒരേ സമയമാണ് സംഘം പരിശോധന നടത്തിയത്.

◾  കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ നാരായണനെതിരായ അഴിമതിക്കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന പ്രതിയെ കുറ്റവിമുക്തനാക്കാന്‍ സംസ്ഥാനവും പ്രോസിക്യൂഷനും ശ്രമിക്കുന്നുവെന്ന രൂക്ഷമായ നിരീക്ഷണങ്ങളോടെയാണ് കോടതി പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളിയത്.

◾  ബാങ്കുകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിക്കും. നാളെ മുതല്‍ മൂന്നു ദിവസത്തേക്കു ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. റിസര്‍വ് ബാങ്കിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്നു ബാങ്കുകള്‍ തുറക്കുന്നത്.

◾  മാധ്യമങ്ങള്‍ക്ക് നിലവാരത്തകര്‍ച്ച സംഭവിക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. റേറ്റിങ്ങിന് പിറകേ പോയി മുഖ്യധാരാ മാധ്യമങ്ങള്‍ തരംതാഴരുതെന്നും അധാര്‍മികമായ മാധ്യമപ്രവര്‍ത്തനം ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾  സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും വിമര്‍ശനങ്ങളിലും മുഖ്യമന്ത്രി എല്ലാ ആഴ്ചയും മാധ്യമങ്ങളെ കണ്ടു മറുപടി പറയുന്നുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. സര്‍ക്കാര്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്നില്ല. മുഖ്യമന്ത്രി ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ട മറുപടി പറയുന്നില്ല എന്നേയുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു.



◾  തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തോടും പ്രവര്‍ത്തകരോടും തനിക്ക് പിണക്കമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എന്നാല്‍ പിണക്കംകൊണ്ടല്ല താന്‍ തൃശ്ശൂരിലേക്ക് വരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ഡി.സി.സി ഓഫീസില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളത്തെ 14-ല്‍ 14 സീറ്റും ജയിക്കുമെന്ന് തൃശ്ശൂര്‍ ഡി.സി.സിയില്‍ പ്രഖ്യാപിച്ചത് തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനായിരുന്നു. എന്നാല്‍ ആരും പ്രകോപിതരായില്ല. എന്നാല്‍ ഇനി മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ഹേമകമ്മറ്റി റിപ്പോര്‍ട്ട് അക്കാദമിയുടെ മുന്നില്‍ വന്നാല്‍ ഉചിതമായ നടപടി എടുക്കുമെന്ന് ചെയര്‍മാന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. ഐഎഫ്എഫ്കെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഡോക്യുമെന്ററി ഫെസ്റ്റിവലിലെ പ്രദര്‍ശന അനുമതിക്കായി ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് എത്തുന്ന ആരാധകര്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നാല് ലിറ്റര്‍ വീതം കുടിവെള്ളം സൗജന്യമായി നല്‍കുമെന്ന് മേയര്‍ വി. വി. രാജേഷ്.

◾  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോല്‍വിയും ജി സുധാകരനെതിരായ വിമര്‍ശനങ്ങളും സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

◾  വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ റിമാന്‍ഡില്‍. എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പാര്‍വതിയെ റിമാന്‍ഡ് ചെയ്തത്. ജാമ്യപേക്ഷയില്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.

◾  അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ എംഡിഎംഎ കേസില്‍ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായ അഞ്ചില്‍ നാല് പേര്‍ക്കും ഇതോടെ ജാമ്യം ലഭിച്ചു.


◾  അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവന്‍ ജോര്‍ജിനെ കോഴിക്കോട് നര്‍കോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്.

◾  വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ചെസ് മാസ്റ്റര്‍ക്ക് 35 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും. പുന്നയൂര്‍കുളം കിണര്‍ദേശം മന്ദലാംകുന്ന് മേച്ചോടവീട്ടില്‍ രമേശനെ (33) കുന്നംകുളം പോക്‌സോ കോടതിയാണു ശിക്ഷിച്ചത്. പിഴസംഖ്യയില്‍ ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നല്‍കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു.

◾  അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് ഫോണില്‍ അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസറെ വീട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിനു കൈമാറി. രാത്രി യുവതിയുടെ വീട്ടിലെത്തിയ 47 കാരനായ കണ്ണൂര്‍ എടക്കാട് വില്ലേജ് ഓഫീസര്‍ ജിജു സ്‌കറിയയെ യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ള ബന്ധുക്കള്‍ കൈകാര്യം ചെയ്ത് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തു. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായെന്ന വില്ലേജ് ഓഫീസറുടെ പരാതിയിലും പൊലീസ് കേസെടുത്തു.

◾  സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത കുറവ്. കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കൂടിയ സാഹചര്യത്തില്‍, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെ എസ് ഇ ബി അറിയിച്ചു.

◾  പരിസ്ഥിതിലോല കരട് വിജ്ഞാപനത്തില്‍ ആശങ്ക വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍. ജനവാസ മേഖല പരിസ്ഥിതി ലോല പ്രദേശമായി ഉള്‍പ്പെടുത്തേണ്ട എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അദ്ദേഹം പറഞ്ഞു.

◾  കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ബംഗാളിന് സമാനമായ അപകടസൂചനയാണെന്ന് പി ജയരാജന്‍. കോണ്‍ഗ്രസും ലീഗും ബിജെപിയുമായി രഹസ്യ ധാരണയിലാണ്. തൃക്കരിപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ലീഗ് പച്ചയായ വര്‍ഗീയതയാണ് പ്രചരിപ്പിച്ചതെന്നും ജയരാജന്‍ ആരോപിച്ചു.

◾  കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തില്‍ സസ്പെന്‍ഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പി ആയിരുന്നപ്പോഴായിരുന്നു നടപടി.

◾  കോന്നിയിലെ വിവാദ പാറമട അനുമതിയില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷം. തീരുമാനം പുന:പരിശോധിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി.

◾  ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കമ്മീഷന്റെ നടപടികള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെകൊണ്ട് ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുപ്പിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. അടിയന്തരാവസ്ഥക്കാലത്തെ രീതിയിലുള്ള ഒരു ജനകീയ പോരാട്ടം ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നു. മോദിയും മോഹന്‍ ഭാഗവത്തും ഷായും ഇന്ത്യയുടെ ഭരണം സ്വന്തം കൈ പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാറിന് നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്ന് ഇനിയും ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും അഭിജീത് ദിപ്കെ ചോദിച്ചു.

◾  തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താക്കുറിപ്പ് തങ്ങളുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണെന്നും ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എസ്ഐആര്‍ നടപടികള്‍ റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

◾  മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് 75 ശതമാനം പ്രദേശങ്ങളും വരള്‍ച്ച ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മഴക്കുറവ് കാരണം വ്യാപകമായ വിളനാശം സംഭവിച്ചതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്

◾  പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കാറിന് നേരെ ആക്രമണം. മമത ബാനര്‍ജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുംവഴി ആണ് ആക്രമണം ഉണ്ടായത്. കരിങ്കൊടിയുമായി എത്തിയ ഒരുസംഘം വാഹനത്തിന് നേരെ മുട്ടയേറും കല്ലേറും നടത്തുകയായിരുന്നു.

◾  പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനം. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ദേര ഇസ്മായില്‍ ഖാനിലാണ് സ്ഫോടനം ഉണ്ടായത്. 11 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

◾  ഏഴ് ദിവസത്തിനകം ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന ഇറാന്റെ സമാധാന നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. തങ്ങള്‍ക്കുണ്ടായ വന്‍ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോര്‍മുസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാന്‍ എത്തിയിരിക്കുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം നിലവില്‍ അമേരിക്കയ്ക്കാണെന്ന് ട്രംപ് അവകാശപ്പെട്ടു.

◾  ബൈക്കപകടത്തില്‍ മരിച്ച റിജോണ്‍ ജോസിന്റെ ഓര്‍മകളുമായി കാലിക്കറ്റ് എഫ് സി താരങ്ങള്‍ സൂപ്പര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ക്യാപ്റ്റന്‍ പ്രശാന്ത്, മാക്‌സിമിലിയാനോ എന്നിവരാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു.

◾  ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. ജപ്പാന്‍ താരം ടൊമോക്ക മിയാസാക്കിയെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍ - 21-9, 21-13

◾  രാജ്യത്തെ വിദേശനാണ്യ ശേഖരത്തില്‍ 14.9 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം വിദേശനാണ്യ ശേഖരം 765.9 ബില്യണ്‍ ഡോളറായി. 2024 നവംബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. സെപ്റ്റംബര്‍ അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 785.7 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ജൂണ്‍ 26-ന് അവസാനിച്ച വാരത്തില്‍ വിദേശനാണ്യ ശേഖരം 666.9 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ഇതിനുശേഷം നടന്ന ശക്തമായ തിരിച്ചുവരവിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും വലിയ ഇടിവു രേഖപ്പെടുത്തുന്നത്. എങ്കിലും 765.9 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ കരുതല്‍ ധനം ഇപ്പോഴും ശക്തമായി തുടരുന്നു.

◾  യുഎസ് സര്‍ക്കാര്‍ വെബ്സൈറ്റുകളിലും കടന്നു കയറി ഓപ്പണ്‍എഐയുടെ എഐ ഏജന്റുകള്‍. സെന്‍സസ് ബ്യൂറോ, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ എന്നിവയുടേത് ഉള്‍പ്പെടെയുള്ള വെബ് സൈറ്റുകളില്‍ എഐ ഏജന്റുകള്‍ പ്രവേശിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഓപ്പണ്‍എഐ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ പൊതുവായി ലഭ്യമായ വിവരങ്ങള്‍ എഐ മോഡലുകള്‍ ആക്‌സസ് ചെയ്തവെന്നാണ് കമ്പനി പറയുന്നത്. SEC.gov, Investor.gov, Census.gov- എന്നിവയില്‍ നിന്നുള്ള ഡേറ്റയാണ് എഐ ഏജന്റുകള്‍ക്ക് ലഭ്യമായത്. പരിശീലനത്തിനിടയിലും വിലയിരുത്തലിലുമാണ് ഈ വെബ്സൈറ്റുകളില്‍ നിന്ന് എഐ മോഡലുകള്‍ പൊതുവായി ലഭ്യമായ വിവരങ്ങള്‍ സ്വീകരിച്ചതെന്ന് ഓപ്പണ്‍എഐ പറയുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്തിവരികയാണെന്നും അത് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ എടുക്കുമെന്നും ഓപ്പണ്‍എഐ വ്യക്തമാക്കിയിട്ടുണ്ട്.

◾  വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'രണബാലി'യുടെ റിലീസ് തീയതി പുറത്ത്. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16 നാണ് വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. 1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കരുത്തുറ്റ പ്രതിനായക കഥാപാത്രം സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അര്‍ണോള്‍ഡ് വോസ്ലൂ എത്തുന്നത്.

◾  രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ജയിലര്‍ 2'ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. 'ഒണ്‍ സണ്‍ ഒണ്‍ മൂണ്‍' എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന് സംഗീതം അനിരുന്ധ് രവിചന്ദര്‍ ആണ്. ഹൈസെന്‍ബര്‍ഗ്, സൂപ്പര്‍ സുബു എന്നിവരുടെ വരികള്‍ അനിരുദ്ധ് രവിചന്ദറിനൊപ്പം എം എസ് കൃഷ്ണയും ചേര്‍ന്ന് ആലാപിച്ചിരിക്കുന്നു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 15ന് തിയറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിജയ് സേതുപതി, ഹൃതിക് റോഷന്‍, വിനായകന്‍ തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ കേരള- കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.

◾  സ്റ്റിയറിങ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രമുഖ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ വന്‍തോതില്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. സ്റ്റിയറിങ് ഗിയര്‍ബോക്സിനെ ഘടിപ്പിക്കുന്ന ബോള്‍ട്ടുകള്‍ക്ക് തുരുമ്പെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാന്‍ ഇടയാക്കുമെന്നും ജര്‍മന്‍ ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ലോകമെമ്പാടുമായി 2,159,054 ഫോക്‌സ്വാഗണ്‍ വാഹനങ്ങളെയാണ് ഈ തകരാര്‍ ബാധിക്കുക. ഇതില്‍ ജര്‍മനിയില്‍ മാത്രം 895,832 കാറുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മോഡലുകളിലെ സ്റ്റിയറിങ് ഗിയറിലേക്ക് ഈര്‍പ്പം ഇറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കെ.ബി.എയുടെ കണ്ടെത്തല്‍. വാഹന ഉടമകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് ഫോക്‌സ്വാഗണ്‍ ഈ അറ്റകുറ്റപ്പണി ചെയ്തുനല്‍കുന്നത്.

◾  ഒരു കൊലയാളി തോക്കിന് പകരം, തൊലിപ്പുറത്ത് ഒട്ടിക്കുന്ന ഒരു ട്രാന്‍സ്ഡെര്‍മല്‍ പാച്ചോ, അല്ലെങ്കില്‍ ഇ.സി.ജി-യില്‍ ഉണ്ടാകുന്ന നേരിയൊരു മാറ്റത്തെയോ ആയുധമാക്കിയാല്‍ എന്ത് സംഭവിക്കും? ഡാര്‍ക്ക് വെബിലൂടെ ലഭിക്കുന്ന രാസസൂത്രങ്ങള്‍ ഉപയോഗിച്ച്, യാതൊരു പോറലുമേല്‍പ്പിക്കാതെ 'പെര്‍ഫെക്റ്റ് മെഡിക്കല്‍ കൊലപാതകങ്ങള്‍' നടന്നാലോ? മലയാള സാഹിത്യത്തില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു ജോണര്‍'ഹൈ-പള്‍സ് മെഡിക്കല്‍ ത്രില്ലര്‍'. സയന്‍സുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ വായനക്കാര്‍ക്ക് പോലും അനായാസം ആസ്വദിക്കാന്‍ കഴിയുന്ന ഈ അതിവേഗ മെഡിക്കല്‍ അഡ്വഞ്ചറിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം. 'ടോക്‌സ്- അനാട്ടമി ഓഫ് മെഡിക്കല്‍ മര്‍ഡേഴ്സ്'. അലന്‍ വി.എല്‍. ഗ്രീന്‍ ബുക്സ്. വില 171 രൂപ.

◾  അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവു ഉയര്‍ത്താനിടയാക്കും. ഇതുമൂലം ശരീരത്തില്‍ വെള്ളം അധികമായി നീണ്ടു നില്‍ക്കാനും രക്തക്കുഴലുകളില്‍ സമ്മര്‍ദം കൂടാനും ഇടയാക്കും. ഇത് ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഒരു വ്യക്തി ഒരു ദിവസം അഞ്ച് ഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ. എന്നാല്‍ ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങള്‍, അച്ചാറുകള്‍, ചിപ്സ്, സോസുകള്‍ തുടങ്ങിയവയിലൂടെ അളവില്‍ കൂടുതല്‍ സോഡിയം നമ്മുടെ ഡയറ്റില്‍ എത്തുന്നുണ്ട്. ഇതിന് പുറമേ വീണ്ടും അധികം ഉപ്പ് ഭക്ഷണം ചേര്‍ക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കും. ഗുരുതരമാകുന്നതു വരെ ഹൃദയം ഓരോ ദിവസവും ഉപ്പിന്റെ അധിക അളവു പൊരുത്തപ്പെട്ടു പോകുന്നു. അവസാന ഘട്ടത്തിലേത്തിയാല്‍ മാത്രമാണ് ലക്ഷണങ്ങള്‍ പോലും പ്രകടമാവുക. സ്ഥിരമായി അധിക ഉപ്പ് ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗം, വൃക്ക തകരാറുകള്‍, ശരീരവീക്കം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. അമിതമായി ദാഹിക്കുക, വിരലുകളിലോ കാലുകളിലോ വീക്കം, തലവേദന, ഉപ്പടങ്ങിയ ഭക്ഷണത്തോട് ആസക്തി ശരീരത്തില്‍ സോഡിയം അധികമാകുന്നതിന്റെ ലക്ഷണങ്ങളാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഉത്തര്‍പ്രദേശിലെ കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തിന് അടുത്തു താമസിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു കാടിറങ്ങിവരുന്ന ആനകള്‍. ഇവിടെ കൃഷിനാശവും ജീവഹാനിയും പതിവായിയിരുന്നു.  നാട്ടുകാരുടേയും ഗവണ്‍മെന്റിന്റെയും തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമായി അവിടെ ഗജമിത്രാസ്  എന്ന സംഘടന രൂപീകരിക്കപ്പെട്ടു.  ആനകളും മനുഷ്യരും തമ്മിലുളള സംഘര്‍ഷം നേരിടാന്‍ പരിശീലനം നേടിയവരുടെ സംഘമാണിത്.  അവര്‍ ആനകളെ വേട്ടയാടുകയോ കെണിയില്‍ വീഴ്ത്തുകയോ ചെയ്യില്ല.  റിഫ്ളക്ടീവ് ജാക്കറ്റുകളും ടോര്‍ച്ചുകളുമായി രാത്രിയിലിറങ്ങും.  ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കും.  ആനകളെ പ്രകോപനമുണ്ടാക്കാതെ തുരത്തും.  ഇതോടെ ആനത്താരകള്‍ക്കപ്പുറമുളള ആനകളുടെ പരാക്രമം കുറഞ്ഞു.  നാട്ടുകാര്‍ പേടിക്കാതെ ഉറങ്ങാനും തുടങ്ങി.   എന്തെങ്കിലുമൊന്നിനെ തോല്‍പ്പിക്കാന്‍ വേണ്ടി കലാപ കലുഷിതമാക്കേണ്ടതാണോ ജീവിതം?  എല്ലാവര്‍ക്കും ജീവിക്കണം, എല്ലാവര്‍ക്കുമുളള ഇടവും ഇവിടെയുണ്ട്.  പക്ഷേ, അതിന് സഹവര്‍ത്തിത്വവും സഹവാസവുമാണ് പരിഹാരം. പ്രശ്നങ്ങളോടൊപ്പം ജീവിക്കുന്നത് എങ്ങിനെയാണെന്ന് നാം പഠിക്കേണ്ടതുണ്ട്.  പോരാട്ടം ഫലിക്കുന്നില്ലെങ്കില്‍ പോരടിക്കാതിരിക്കുന്നതാണ് നല്ലത്. സ്വന്തം നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളോട് യുദ്ധം ചെയ്യാതെ അവയോടുള്ള പ്രതികരണശൈലി മാറ്റുന്നതല്ലേ ഉചിതം.. ജയം വേണോ സമാധാനം വേണോ എന്ന ചോദ്യം സ്വയം ചോദിക്കുന്നത് നല്ലതാണ്. വാദിച്ച് ജയിച്ചിട്ടും മനസ്സ് ശാന്തമായില്ലെങ്കില്‍ പിന്നെന്തു ജയം! ചില പ്രശ്നങ്ങളിലേ നമുക്ക് പരിഹാമുണ്ടാക്കാന്‍ സാധിക്കൂ.. ചിലതിനേ നിയന്ത്രണത്തില്‍ നിര്‍ത്താനാകൂ.. മറ്റു ചിലതിനെ അങ്ങിനെ തന്നെ അംഗീകരിക്കേണ്ടിവരും..  ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ക്ക് മുമ്പില്‍ സ്വയം മാറേണ്ടിയും വരും.. -ശുഭിനം.
Previous Post Next Post
3/TECH/col-right