Trending

ആശ്വാസമായി ആശ്വാസ് താലൂക്ക് തല അദാലത്ത്.

കൊടുവള്ളി: താമരശ്ശേരി താലൂക്കിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് വിവിധ ഇനങ്ങളിലായി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് പരമാവധി ഇളവ് അനുവദിച്ച് വായ്പാ ബാധ്യതകൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിച്ച ആശ്വാസ് താലൂക്ക് തല അദാലത്ത് വായ്പക്കാർക്ക് ആശ്വാസമായി. അദാലത്തിൽ പങ്കെടുത്തവർക്ക് ഭീമമായ തുകയുടെ ഇളവ് അനുവദിച്ച് നിരവധി കേസുകൾ തീർപ്പാക്കാൻ സാധിച്ചതായി പി.കെ. ഫിറോസ് എംഎൽഎ അറിയിച്ചു.

കൊടുവള്ളി സർവീസ് സഹകരണ ബാങ്കിൽ സംഘടിപ്പിച്ച അദാലത്തിൽ കൊടുവള്ളി നിയോജകമണ്ഡലത്തിലെ കൊടുവള്ളി, ഓമശ്ശേരി സർവീസ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ഇരുപത് അപേക്ഷകളിൽ പത്തൊൻപത് എണ്ണം തീർപ്പാക്കി.

കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താലൂക്ക് തലത്തിൽ ആശ്വാസ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. വായ്പാ ബാധ്യതകൾ തീർപ്പാക്കുന്നതിനായി പലിശയിലും പിഴപ്പലിശയിലും പരമാവധി ഇളവ് അനുവദിക്കുന്നതിനൊപ്പം നിശ്ചിത കാലയളവിനുള്ളിൽ തുക അടച്ചുതീർക്കുന്നതിനുള്ള സൗകര്യവും അദാലത്തിലൂടെ ലഭ്യമാക്കുന്നുണ്ട്.

അദാലത്തിൽ താമരശ്ശേരി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഹനീഫ്, സൂപ്രണ്ട്, യൂണിറ്റ് ഇൻസ്പെക്ടർമാർ, വിവിധ സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right