Trending

യുപിഐ സർവീസ് ചാർജിനെതിരെ ഇ-മെയിൽ ചലഞ്ച്; കോഴിക്കോട് ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: 2,000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള നിർദേശത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഇ-മെയിൽ ചലഞ്ചിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി.

ജില്ലാതല ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി നിർവഹിച്ചു. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന ഇത്തരം അധിക ചാർജുകൾ പിൻവലിക്കണമെന്നും ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യുപിഐ ഇന്ന് വ്യാപാര മേഖലയിലെ പ്രധാനപ്പെട്ട പണമിടപാട് സംവിധാനമായി മാറിയ സാഹചര്യത്തിൽ, ഇടപാടുകൾക്ക് അധിക സാമ്പത്തികഭാരം ഏർപ്പെടുത്തുന്നത് ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പ്രയാസമുണ്ടാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഷംസു എളേറ്റിൽ, ജില്ലാ സെക്രട്ടറി ജിനിലേഷ് ഉൾപ്പെടെയുള്ള വ്യാപാരി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.യുപിഐ സർവീസ് ചാർജിനെതിരായ ഇ-മെയിൽ ചലഞ്ചിൽ ജില്ലയിലെ മുഴുവൻ വ്യാപാരികളും സജീവമായി പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Previous Post Next Post
3/TECH/col-right