Trending

പ്രഭാത വാർത്തകൾ.

2026 | സെപ്റ്റംബര്‍ 26 | ശനി 
1202 | കന്നി 10 | പൂരോരുട്ടാതി
1448  റ: ആഖിർ 14

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ അക്രമാസക്തമായി. മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. എസ്എഫ്ഐ സമരത്തിനിടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന എംപിമാരായ വി ശിവദാസന്‍, എഎ റഹിം എന്നിവരെ കസ്റ്റഡിയിലെടുത്തു. 48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക സമരം തുടങ്ങുമെന്ന് സിജെപി പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന ബാനര്‍ ഉയര്‍ത്തി ജമ്മുകശ്മീര്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടപടികള്‍ തടസപ്പെടുത്തി. അതേസമയം, യോജിച്ചുള്ള പ്രതിഷേധത്തിന് ഇന്ത്യ സഖ്യത്തില്‍ ധാരണയായില്ല.

◾  സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കാന്‍ ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍ സിഎംഡി ഗിരീഷ് രാധാകൃഷ്ണന്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുന്‍ അംഗം പി.ജെ ജോസഫ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.സനത് കുമാര്‍ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധര്‍.

◾  വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോം. വിജിലന്‍സ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജന്‍സികളുടെ മാതൃകയില്‍ ജാക്കറ്റ് ധരിക്കണം. പുതിയ യൂണിഫോം വിജിലന്‍സ് ഉദ്യോഗസ്ഥന് ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ഡിജിപി റവാഡ ചന്ദ്രശേഖര്‍, പൊലിസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

◾  സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി നടന്‍ രവീന്ദ്രനെ സര്‍ക്കാര്‍ നിയോഗിച്ചു. പ്രശസ്ത നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയര്‍മാന്‍. കേരള ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുമെന്നു രവീന്ദ്രന്‍ പറഞ്ഞു. നടന്‍ സലിം ഹസ്സന്‍, യുവ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി ചാക്കോ, സക്കരിയ, ആര്‍എസ് പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ കബീര്‍, സാബു ശങ്കര്‍ ഷെര്‍ഗ സന്ദീപ്, അബ്ദുള്‍ ഹനാന്‍ എന്നിവര്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ്.

◾  മാതാ അമൃതാനന്ദമയിയുടെ പിറന്നാളാഘോഷത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെത്തും. ഇതോടനുബന്ധിച്ച് കൊല്ലത്ത് ഗതാഗത നിയന്ത്രണം. കൊല്ലം റൂറല്‍ ജില്ലയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിമുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ഗതാഗത നിയന്ത്രണം. ചിന്നക്കട മുതല്‍ ആറുമുറിക്കട വരെ നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതു നിരോധിച്ചിട്ടുണ്ട്.



◾  മുട്ടില്‍ മരംമുറി കേസില്‍ പിഴവുകള്‍ തിരുത്തി വനം വകുപ്പ് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് വിശദീകരണം. 17 ന് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തോടൊപ്പം നല്‍കിയില്ല, ഗുരുതര സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്.

◾  മുട്ടില്‍ മരംമുറി കേസില്‍ കോടതി കുറ്റപത്രം മടക്കിയതിന്റെ നിജസ്ഥിതി പരിശോധിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍. കുറ്റപത്രത്തില്‍ ചില പിശകുകളുണ്ടെന്നും ഇത് ബോധപൂര്‍വം ചെയ്തതാണോയെന്നും പരിശോധിക്കും.  വിഷയത്തില്‍ പി.സി.സി.എഫിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി.

◾  ഇടുക്കിയില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍. ആനത്താരകളിലെ അനധികൃത ഫെന്‍സിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ്  ഇടുക്കി വാഴവരയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുടമായി പ്രവര്‍ത്തകര്‍ ചാടിവീണു. വാഹനം നിര്‍ത്താതെ കടന്നുപോയി.

◾  ഇടുക്കിയില്‍ മൂന്നു മാസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് പട്ടയം നല്‍കുമെന്നും 60 ശതമാനം ഭൂപ്രശ്നങ്ങള്‍ക്കും ഇന്നലത്തെ യോഗത്തില്‍ പരിഹാരമുണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. പട്ടയ ഭൂമിയില്‍ പണിത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ ഫീസ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. അതിനുള്ള നിയമം അടുത്ത നിയമസഭ സമ്മേളനത്തില്‍ പാസ്സാക്കും. വനം റവന്യു വകുപ്പുകള്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ മൂന്നു മാസത്തിനകം പരിശോധന നടത്തി പരിഹാരമുണ്ടാക്കും. ആനത്താരയില്‍ കയ്യേറ്റം നടത്തി നിര്‍മിച്ചവ പൊളിക്കും. കര്‍ഷകര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ജനവാസമേഖല ഇഎസ്എയില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ കെ.എം. ഷാജഹാന്‍ ലോകായുക്തയില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര നല്‍കിയത് സര്‍ക്കാരുമായുള്ള ഹെലികോപ്ടര്‍ കരാര്‍ നീട്ടാന്‍ കാത്തിരിക്കുന്ന ചിപ്‌സണ്‍ എയര്‍വേയ്‌സ് ആണെന്ന് പരാതിയില്‍ പറയുന്നു.



◾  മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തില്‍ ലോക്ഭവനിലേക്കു നടത്തിയ മാര്‍ച്ചില്‍ മന്ത്രിപ്പട. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രി എം ലിജു, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്യാനേഷ് കമാര്‍ കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ ആയതില്‍ ലജ്ജ തോന്നുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

◾  കൊച്ചിയില്‍ 3.14 കോടിരൂപയുടെ വൈദ്യുതി ക്രമക്കേടുകള്‍ കണ്ടെത്തി. മരട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ 50 കിലോവാട്ട് കണക്ടഡ് ലോഡിന്റെ അനുമതി മാത്രമുണ്ടായിരുന്ന ഉപഭോക്താവിന്റെ കണക്ഷനില്‍ 260 കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ കണക്ഷനില്‍ നിന്നും അനുമതിയില്ലാതെ 145 കടമുറികളിലേക്ക് വൈദ്യുതി നല്‍കിയാണ് ദുരുപയോഗം നടത്തിയിരുന്നത്.

◾  പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍ നിയമന നടപടി തുടങ്ങി. രജിസ്ട്രാര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ അഭിമുഖം നടത്താന്‍ തീരുമാനം. ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയതികളിലാണ് അഭിമുഖം. രജിസ്ട്രാര്‍ തസ്തികയിലേക്ക് 32 പേരെയും ലൈബ്രേറിയന്‍ തസ്തികയിലേക്ക് 22 പേരെയും അഭിമുഖത്തിന് വിളിച്ചു.

◾  സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ പൊലീസിന് എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കി.

◾  സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി. ജില്ലാ കളക്ടറേറ്റുകള്‍ മുഖേന ധനസഹായം വിതരണം ചെയ്യുന്നത് കാലതാമസമുണ്ടാക്കുന്നതിനാലാണ് നടപടി. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ധനസഹായ വിതരണത്തിന്റെ പൂര്‍ണ ചുമതല തഹസില്‍ദാര്‍മാര്‍ക്കാണ്.

◾  എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്താറുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇതിനെ എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നത്?. യാത്രയ്ക്കായി സര്‍ക്കാരോ പാര്‍ട്ടിയോ പണം ചെലവാക്കുന്നില്ലല്ലോ എന്നും തരൂര്‍ ചൂണ്ടിക്കാട്ടി.


◾  സ്വകാര്യ വിമാന യാത്ര നടത്തിയ മുഖ്യമന്ത്രിയും സ്വകാര്യ വാഹന വിവാദത്തില്‍ പെട്ട മന്ത്രി കെഎം ഷാജിയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാല്‍ രാജിവക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍.

◾  കൊച്ചിയില്‍ രണ്ടു വ്യത്യസ്ത കേന്ദ്രങ്ങളില്‍ 306.468 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കളപ്പുരയ്ക്കല്‍ റോഡിന് സമീപമുള്ള ലോഡ്ജില്‍ നിന്ന് ചേര്‍ത്തല  അഫ്സല്‍ (23), ചെങ്ങന്നൂര്‍ ജസ്‌ന സൂസന്‍ ജൂബി (20) എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 199.038 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് കൊച്ചി പാണ്ടിക്കുടി സ്വദേശിയായ വിഷ്ണു ബി. പൈ (34) എന്നയാളെ 107.430 ഗ്രാം എംഡിഎംഎയുമായി പോലീസ് കസ്റ്റഡിയിലെടുത്തു.

◾  ആംസ്റ്റര്‍ സിഇഒ പാര്‍വതി മായ ഉള്‍പ്പെട്ട വിസ തട്ടിപ്പു കേസില്‍ പൊലീസില്‍ പരാതിപ്രളയം. ഇന്നലെ 25 പുതിയ പരാതികളാണ് ലഭിച്ചത്. അറസ്റ്റിലായ പാര്‍വതി മായയെ ഇന്നലെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. വിദേശത്തുള്ള മറ്റു പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു.

കണ്ണൂര്‍ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്‍ജുന്‍, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.

◾  വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയച്ച് പണം തട്ടുന്ന പുതിയ രീതിക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നല്‍കി. സന്ദേശത്തിലെ ലിങ്ക് വഴി ഫോണില്‍ എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്.

◾  പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെട്ടു. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകള്‍ വാങ്ങാന്‍ ഡി.എം.ഒയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


◾  എറണാകുളത്ത് ഹോണ്‍ മുഴക്കിയതിന് കാര്‍ അടിച്ചു തകര്‍ത്തു. ഫോണില്‍ സംസാരിച്ച് അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന ആളാണ് അക്രമിച്ചത്. സംഭവത്തില്‍ സാദിക്ക് എന്നയാളടക്കം രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ സമീപം കലാഭവന്‍ റോഡിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ അഫ്നാസിന്റെ കാര്‍ തകര്‍ത്തത്.  

◾  ആലപ്പുഴ പൂച്ചാക്കലില്‍ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റ വയോധകന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാര്‍ഡ് കോളവേലി ഉന്നതിയില്‍ പൊന്നനാണ് (68) മരിച്ചത്.

◾  ഇടുക്കി എലപ്പാറയ്ക്കു സമീപം നാലാം മൈലില്‍ കാര്‍ പുഴയിലേക്കു മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. അടൂര്‍ സ്വദേശി അഭിഷേക് എസ്. നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവര്‍ക്കു പരുക്കേറ്റു.

◾  പീഡനക്കേസില്‍ കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍. കണ്ണൂര്‍ പരിയാരം വില്ലേജില്‍ പരിയാരം മുറിയില്‍ താന്നൂക്കര വീട്ടില്‍ മുഹമ്മദ് ഷാഫി (42) യെയാണ് വെണ്‍മണി പൊലീസ് അറസ്റ്റ് ചെയ്തത്. 2017 ല്‍ വെണ്‍മണി സ്വദേശിനിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് ഇയാളെ കോടതി ശിക്ഷിച്ചിരുന്നത്.

◾  തെരഞ്ഞെടുപ്പ് കമ്മീഷനില്‍ 14 വിയോജിപ്പുകളുണ്ടായെന്ന റിപ്പോര്‍ട്ടില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ വ്യക്തമായ  മറുപടി നല്‍കണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

◾  വീട്ടിലെ സ്വര്‍ണാഭരണങ്ങളും കെട്ടുകണക്കിനു പണവും പ്രദര്‍ശിപ്പിച്ച യുട്യൂബറുടെ വസതി കൊള്ളയടിച്ചു. 118 പവനും നോട്ടുകെട്ടുകളും കവര്‍ന്നു. കന്യാകുമാരിക്കടുത്ത് നാഗര്‍കോവിലിലെ തമ്മട്ടുകോണത്ത് വിഐപി ഗാര്‍ഡനിലെ താമസക്കാരായ പ്രശസ്ത യൂട്യൂബര്‍ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണു മോഷണം നടന്നത്.

◾  തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മകള്‍ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം നല്‍കിയ ഹര്‍ജിക്കു സുപ്രീംകോടതി മുന്തിയ പരിഗണന നല്‍കിയതു വിവാദമായി. ഇത്തരം കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്കു കേസ് വിടുന്നതിനു പകരം ഹര്‍ജി പ്രത്യേക ബെഞ്ചിനു നല്‍കിയതില്‍ അഭിഭാഷക സംഘടനയും സിജെപിയും പ്രതിഷേധിച്ചു.

◾  മണിപ്പൂരില്‍ വിവിധ ഭാഗങ്ങളില്‍ സായുധ സേന പ്രത്യേക അധികാര നിയമം  നീട്ടി കേന്ദ്ര സര്‍ക്കാര്‍. നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമം നീട്ടി. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസത്തേക്കാണ് നീട്ടിയത്. ഈ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് നടപടി.

◾  തമിഴ്നാട്ടില്‍ ഗ്രാനൈറ്റ് വ്യവസായി ആര്‍ വീരമണി പ്രതിയായ പോക്സോ കേസില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വര്‍ഷങ്ങളായി കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ടും ഡിഎംകെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് വിജയ് വിമര്‍ശിച്ചു.

◾  മദ്യപിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. സൂറിച്ച്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ ആറിന് സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് വിമാനത്താവളത്തിലാണ് സംഭവം.

◾  ഭീകരവാദത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ചോദ്യം ചോദിച്ച പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനെ ശാസിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. 'ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനില്‍ ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക? എന്ന പാക്ക് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് 'ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?' എന്ന് ജയശങ്കര്‍ തിരിച്ചടിച്ചു. ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 81-ാം സമ്മേളനത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം.

◾  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത തോല്‍വി. പുരുഷ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തായ്‌ലന്‍ഡ് സഖ്യത്തോടാണ് മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക അഞ്ചാം നമ്പര്‍ ജോഡിയായ ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.

◾  സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ ഉദ്ഘാടനമത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് ജയം. തൃശ്ശൂര്‍ മാജിക് എഫ്.സി.യെ ഏകപക്ഷീയമായ ഒരുഗോളിനാണ് കണ്ണൂര്‍ കീഴടക്കിയത്.

◾  പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ജൂണ്‍ 30-നു ശേഷം 1,134 കോടി രൂപ കൂടി ക്ലബ് വായ്പയെടുത്തു. പുതിയ കളിക്കാരെ സ്വന്തമാക്കാനായി 2,415.42 കോടി രൂപയാണ് യുണൈറ്റഡ് ചെലവഴിച്ചത്. ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടബാധ്യത 14,490 കോടി രൂപയായി.

◾  കൊച്ചി ആസ്ഥാനമായ പൊതുമേഖലാ കപ്പല്‍ നിര്‍മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ കപ്പല്‍ രൂപകല്‍പന, എന്‍ജിനീയറിംഗ് കമ്പനിയായ കോണോഷിപ്പ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് ബി.വിയില്‍ 23 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഇതിനായി കോണോഷിപ്പിന്റെ ഓഹരിയുടമകളുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വിവിധ കരാറുകളില്‍ ഒപ്പുവച്ചു. കോണോഷിപ്പിലെ 23 ശതമാനം ഓഹരിക്കായി 23 ലക്ഷം യൂറോ (25 കോടി ഇന്ത്യന്‍ രൂപ) കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് പണമായി നല്‍കും. രണ്ട് മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ തീരദേശ, ഹ്രസ്വദൂര കപ്പല്‍ഗതാഗത മേഖലയിലേക്ക് സാന്നിധ്യം വിപുലീകരിക്കുകയാണ് നിക്ഷേപത്തിലൂടെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലക്ഷ്യമിടുന്നത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് യൂറോപ്പിലേക്കുള്ള വളര്‍ച്ച വാതിലുകളാണ് പുതിയ നിക്ഷേപത്തിലൂടെ കൈവരുന്നത്.

◾  ഭൂമിയിലെ കൂറ്റന്‍ ഡാറ്റ സെന്ററുകള്‍ക്ക് പകരമായി ബഹിരാകാശത്ത് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി 'പ്രോജക്ട് സണ്‍ക്യാച്ചര്‍' എന്ന ഗവേഷണ പദ്ധതിയുടെ ആദ്യ പരീക്ഷണ ഉപഗ്രഹം 2026 ഒക്ടോബര്‍ 1-ന് ഗൂഗിള്‍ വിക്ഷേപിക്കും. ബഹിരാകാശത്ത് എ.ഐ കമ്പ്യൂട്ടിംഗ് പ്രായോഗികമാണോ എന്ന് വിലയിരുത്താനുള്ള പ്രാഥമിക പരീക്ഷണമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ പരിശീലനത്തിനും പ്രവര്‍ത്തനത്തിനും ഭീമമായ അളവില്‍ വൈദ്യുതിയും സ്ഥലവും ആവശ്യമായി വരുന്നു. എന്നാല്‍ ബഹിരാകാശത്ത് ലഭിക്കുന്ന നിരന്തരമായ സൂര്യപ്രകാശം ഈ പ്രതിസന്ധിക്ക് പരിഹാരമായേക്കാം എന്നാണ് കണക്കുകൂട്ടല്‍. എ.ഐ സാങ്കേതികവിദ്യയുടെ ഊര്‍ജ്ജ ആവശ്യകത എത്രത്തോളം വലുതാണെന്നാണ് സണ്‍ക്യാച്ചര്‍ പദ്ധതി വ്യക്തമാക്കുന്നത്.

◾  ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'ലവ് ആന്‍ഡ് വാറി'ന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ നായികയാകുന്ന ആലിയ ഭട്ടിന്റെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നത്. അതീവ ഗ്ലാമറസ് ലുക്കിലെത്തുന്ന ആലിയയെ പോസ്റ്ററില്‍ കാണാം. 2027 ജനുവരി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2007ല്‍ ഇറങ്ങിയ ബന്‍സാലിയുടെ 'സാവരിയ'യിലാണ് രണ്‍ബീര്‍ ഏറ്റവും അവസാനം വേഷമിട്ടത്. ഏകദേശം രണ്ടുവര്‍ഷക്കാലത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. നവംബര്‍ 6ന് നിതീഷ് തിവാരിയുടെ 'രാമായണ' റിലീസിനു പിന്നാലെ രണ്‍ബീറിന്റേതായി തിയറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ലവ് ആന്‍ഡ് വാര്‍'.

◾  തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു. ഉയരെ, ജാനകി ജാനേ എന്ന സിനിമകള്‍ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായികയാകും. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. അരുണ്‍ ബോസ് ആണ് സിനിമയുടെ സംവിധാനം. ലൂക്കയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ബോസ്. റത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് നിര്‍മിക്കുന്നത്. സാമുവല്‍ ഹെന്റി ആണ് ഛായാഗ്രഹണം. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുന്നു.

◾  ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പായ 'ഏരിസ്' പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. 5.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഡിസൈന്‍ പരിശോധിച്ചാല്‍ ടിയാഗോയ്ക്ക് സമാനമായി മുന്‍വശത്തെ ലൈറ്റ് സെറ്റപ്പ് തന്നെയാണ് ഏരിസിനുമുള്ളത്. ഡാന്‍ഡെലി ഡ്രിസില്‍ (ലാവെന്‍ഡര്‍), നൈട്രോ ക്രിംസണ്‍ (ചുവപ്പ്), ഡ്യൂണ്‍ ഗ്ലോ (മണല്‍ നിറം), ഡേടോണ ഗ്രേ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഏരിസ് ലഭ്യമാകും. സാങ്കേതികമായി, 85 ബിഎച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ ഏരിസിന് കരുത്തേകുന്നത്. ഇതിന്റെ ഐ-സിഎന്‍ജി  (ട്വിന്‍-സിലിണ്ടര്‍) പതിപ്പ് 74.5 ബിഎച്പി കരുത്തും 96.5 എന്‍എം ടോര്‍ക്കും നല്‍കുന്നു. രണ്ട് പതിപ്പുകളിലും 5-സ്പീഡ് മാനുവല്‍, 5സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു. ഒക്ടോബര്‍ 11 മുതല്‍ വാഹനങ്ങളുടെ വിതരണം തുടങ്ങും.

◾  മലയാളത്തില്‍ ദേശത്തിന്റെ കഥകള്‍ ഒരുപാടു വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വിഭിന്നമായ ദേശകഥാഖ്യാനമാണ് ഈ നോവലില്‍ കാണാനാവുക. ഇവിടെ പ്രകൃതിയാണ് മുഖ്യകഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാം ആ പ്രകൃതിയുടെ അംശങ്ങള്‍ മാത്രം. ഇതിലെ കഥാഗതിയെ നിശ്ചയിക്കുന്നതുപോലും പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മിത്തുകളും നിറഞ്ഞ ആ മണ്ണില്‍ അശാന്തിയുടെ വിത്തുകള്‍ പാകിയതാരാണ്? വെള്ളാട്ട് കുന്നും ചിറ്റിലശ്ശേരിപ്പുഴയും അതിരു കാക്കുന്ന ചിറ്റിലശ്ശേരിയ്ക്ക് പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തുണ്ടോ? അതോ എന്നന്നേക്കുമായി ചിറ്റിലശ്ശേരി ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുകയാണോ? 'ചിറ്റിലശ്ശേരിയിലെ ചുളംവിളിക്കാര്‍'. അഞ്ചാം പതിപ്പ്. സന്തോഷ് നാരായണന്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 522 രൂപ.

◾  ആര്‍ത്തവ സമയത്തെ കഠിനമായ വേദനയും വയറുവീര്‍ക്കുന്ന പ്രശ്നവും ഒഴിവാക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവ സമയം ഇത്തരത്തില്‍ വയര്‍ വീര്‍ക്കുന്നതിന് കാരണം. വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറു വീര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വയറു വീര്‍ക്കുന്നത് തടയാനും ഇവ സഹായിക്കും. ആര്‍ത്തവ സമയത്ത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ക്കുന്നത് തടയാനും ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. പെപ്പര്‍മിന്റ് ടീയില്‍ മെന്തോള്‍ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിന്റെ പേശികളെ വിശ്രമിക്കാന്‍ ഈ സംയുക്തം സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, വയറുവേദന കുറയ്ക്കാനും, ആര്‍ത്തവ സമയത്ത് വയറു വീര്‍ക്കുന്നത് തടയാനും സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് അവന്റെ പരീക്ഷാഫലം പുറത്തുവരുന്ന ദിവസമായിരുന്നു. പ്രതീക്ഷകള്‍ക്ക് വിപരീതമായി അവന്‍ പരാജയപ്പെട്ടു. ഇത്രയും കാലം നടത്തിയ പരിശ്രമത്തിനൊടുവില്‍ ലഭിച്ച ഫലം ഇതായിപ്പോയല്ലോ എന്ന ചിന്ത അവനെ തകര്‍ത്തുകളഞ്ഞു.  ജീവിതം തന്നെ ഇരുട്ടിലായതുപോലെ തോന്നി.  ഒടുവില്‍, ജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തില്‍ അവന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു.  അപ്പോഴാണ് പെട്ടെന്ന് ഒരാള്‍ അവന്റെ അടുത്തെത്തി അവനെ പിടിച്ചുമാറ്റിയത്. അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു. അവന്‍ പൊട്ടിക്കരഞ്ഞു... തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും പറഞ്ഞു. അയാള്‍ അവനെ കൂടെ കൂട്ടി. പിറ്റേന്ന് അടുത്തുള്ള ഒരു ചിത്രകലാ പ്രദര്‍ശനത്തിലേക്ക് കൊണ്ടുപോയി.  അവിടെ ഒരു വലിയ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.  കാടും മലകളും പുഴകളും... കപ്പലുകളും പക്ഷികളും... തിരക്കേറിയ നഗരവും വാഹനങ്ങളും... അങ്ങനെ ഒരുപാട് കാഴ്ചകള്‍ ചേര്‍ന്ന ഒരു വലിയ ചിത്രം. അയാള്‍ ആ ചിത്രത്തിലേക്ക് വിരല്‍ചൂണ്ടി പറഞ്ഞു: ''ഈ ചിത്രത്തിലെ ഒരു പക്ഷിയെ എടുത്തുമാറ്റിയാല്‍ എന്ത് സംഭവിക്കും?''   ''ഒന്നും സംഭവിക്കില്ല. ചിത്രം അപ്പോഴും ഒരു മനോഹരമായ ചിത്രം തന്നെയായിരിക്കും. ഒരു പക്ഷി ഇല്ലാതായതുകൊണ്ട് ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടുന്നില്ല. നമ്മുടെ ജീവിതവും ഇതുപോലെയാണ്. ജീവിതമെന്ന വലിയ ചിത്രത്തില്‍ നിന്ന് ചില കാര്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ചില സ്വപ്നങ്ങള്‍ തകര്‍ന്നേക്കാം.  ചില പ്രതീക്ഷകള്‍ പരാജയപ്പെട്ടേക്കാം.  പക്ഷേ, അതുകൊണ്ട് ജീവിതം അവസാനിക്കുന്നില്ല. ഒരു പരാജയം ജീവിതത്തിന്റെ മുഴുവന്‍ ചിത്രമല്ല. ഒരു നഷ്ടം ജീവിതത്തിന്റെ മുഴുവന്‍ കഥയുമല്ല. നമ്മുടെ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാലും, ജീവിതത്തില്‍ ഇനിയും വരയ്ക്കപ്പെടാനുള്ള ഒരുപാട് നിറങ്ങളുണ്ട്.  ആ തിരിച്ചറിവാണ്  എത്ര വലിയ പ്രശ്‌നങ്ങളെയും നേരിടാനും അതിജീവിക്കാനും നമ്മെ പ്രാപ്തരാക്കുന്നത്. - ശുഭദിനം.
Previous Post Next Post
3/TECH/col-right