Trending

സായാഹ്ന വാര്‍ത്തകള്‍

2026 | സെപ്റ്റംബര്‍ 25 | വെള്ളി 
1202 | കന്നി 9 | ചതയം

◾  സര്‍ക്കാര്‍ ആശുപത്രികളില്‍ കടുത്ത മരുന്ന് ക്ഷാമം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകള്‍ക്കാണ് പ്രധാനമായും ക്ഷാമം. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്ക് പുറമേ പല പ്രധാന ജനറല്‍, ജില്ലാ ആശുപത്രികള്‍ക്കും 100 കോടി രൂപയ്ക്ക് മുകളില്‍ കുടിശ്ശികയുണ്ട്. തിരുവനന്തപുരം, എറണാകുളം ജനറല്‍ ആശുപത്രികള്‍ക്ക് മാത്രം 120 കോടിയോളമാണ് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത്. വണ്‍ ടൈം സെറ്റില്‍മെന്റ് വഴി കുടിശ്ശിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ചില മരുന്നുകള്‍ക്കായി റീ-ടെന്‍ഡര്‍ വിളിക്കേണ്ടി വന്നതാണ് നിലവിലെ കാലതാമസത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾  ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖല പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും 33 വില്ലേജുകളെ പട്ടികയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.  നിയമസഭയിലും പ്രമേയം കൊണ്ടുവരും. സംസ്ഥാനത്തെ 131 വില്ലേജുകളിലെ 9937 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതി 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

◾  ലോ കോളേജുകളിലെയും നാഷണല്‍ ലോ യൂണിവേഴ്സിറ്റികളിലെയും നിയമവിദ്യാഭ്യാസം നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടോയെന്ന് സുപ്രീം കോടതി. അഭിഭാഷക വൃത്തി നിയന്ത്രിക്കുന്ന സംഘടനയ്ക്ക് നിയമവിദ്യാഭ്യാസത്തിലെ വിദഗ്ധരായി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആരാഞ്ഞു.

◾  വ്യാജ വിവാഹ ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച ഹാജരാകാന്‍ കളമശ്ശേരി പൊലീസ് നോട്ടീസ് നല്‍കി. റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകനോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ ആന്റോ അഗസ്റ്റിന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്.

◾  പിണറായി വിജയന്‍, മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ അഴിമതി, ഹവാല ആരോപണങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ശേഖരിച്ച മൊഴിപ്പകര്‍പ്പുകളും തെളിവുകളുടെ പകര്‍പ്പുകളും എസ്ഐടി വാങ്ങും. ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവരുടെ മൊഴികളും ആവശ്യപ്പെടും. വീണയുടെ മൊഴി എസ്ഐടിയും രേഖപ്പെടുത്തും.

◾  ബിജെപി നേതാവും മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നുവര്‍ഷമാണ് കാലാവധി.

◾  മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും റിപ്പോര്‍ട്ടര്‍ കമ്പനിക്കെതിരെ തെളിവുണ്ടെന്നും പ്രത്യേക അന്വേഷണസംഘം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.

◾  മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവര്‍ വാഹനം ഉപയോഗിച്ചതിനെതിരെ മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കു പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുല്‍ ടോമാണ് പരാതി നല്‍കിയത്. സര്‍ക്കാര്‍പദവി ദുരുപയോഗം ചെയ്‌തെന്നും മോട്ടോര്‍ വാഹന ചട്ടലംഘനം നടത്തിയെന്നുമാണ് പരാതിയിലെ ആരോപണം.

◾  പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ ഒന്നാം പ്രതി അബ്ദുള്‍ സലാമിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്ന് ദൃക്ഷസാക്ഷികളുടെ വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നല്‍കിയത്.

◾  സിപിഎമ്മില്‍ സംഘടനാ ദൗര്‍ബല്യം വലുതാണെന്നും ചില വ്യക്തികളുടെ തെറ്റായ പ്രവണത പാര്‍ട്ടിയെ ബാധിക്കുന്നെന്നും സിപിഎം നേതാവ് ഇ പി ജയരാജന്‍. ശത്രുക്കളുടെ കടന്നാക്രമണം പ്രതിരോധിക്കാനായില്ല. ഇടതു പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന്റെ പ്രസക്തിക്കു കോട്ടം തട്ടി. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാളിച്ചയുണ്ടായി. ബ്രാഞ്ചുകളില്‍ വലിയൊരു ശതമാനവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

◾  മുഖ്യമന്ത്രിക്കെതിരായ സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ പൊലീസിന്റെ സഹായത്താല്‍ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾  തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി മുടങ്ങിയതോടെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തും. മെഡിക്കല്‍ കോളേജിലേക്ക് വൈദ്യുതി എത്തിക്കുന്ന സബ്സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണം. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകള്‍ വരെയാണ് ആശുപത്രിയില്‍ നടക്കുക. ഇന്നലെ രാത്രി 10 മുതലാണ് പ്രതിസന്ധിയുണ്ടായത്.

◾  ഇടുക്കിയില്‍ ആനത്താരകളില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് ജില്ല കളക്ടറുടെ ഉത്തരവ്. വന്യമൃഗങ്ങള്‍ സഞ്ചരിച്ചിരുന്ന പാതകള്‍ അടച്ചതാണ് ഇപ്പോള്‍ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഉത്തരവിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

◾  ഇടുക്കിയില്‍ ചോദ്യങ്ങളുമായി വളഞ്ഞ മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഞാന്‍ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ നീക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയെക്കുറിച്ചു ചോദിക്കുന്നതിനിടെയാണ് സംഭവം.

◾  മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കി. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തോടൊപ്പം ഇല്ലെന്ന സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. പിഴവുകള്‍ തിരുത്തി കുറ്റപത്രം ഇന്നുതന്നെ സമര്‍പ്പിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

◾  50 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ അറഫ ഗോള്‍ഡ് ഉടമ അബ്ദുല്‍ സലാം കൊടിയിലിന്റെ വീട്ടില്‍ ഇ ഡി പരിശോധന. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തും, തിരുവനന്തപുരത്തും മൂന്നിടങ്ങളില്‍ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് അന്വേഷണം.

◾  ഏലൂര്‍ ഫാക്ട് ടൗണ്‍ഷിപ്പ് ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ രണ്ട് പ്രത്യേക എന്‍ഐഎ കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കും. ദേശീയ അന്വേഷണ ഏജന്‍സി നിയമം- 2008 പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി, കോടതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ജുഡീഷ്യല്‍, മിനിസ്റ്റീരിയല്‍, സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലായി 16 തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് പാറ്റേണിനും അനുമതി നല്‍കിയിട്ടുണ്ട്.

◾  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ആലപ്പുഴ മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന രാമായണ മേളയുടെ പേരില്‍ സ്വകാര്യ സംഘടന വന്‍ പണപ്പിരിവ് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. തട്ടിപ്പു പിരിവുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന് കത്ത് നല്‍കി.

◾  പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മോര്‍-കൊല്ലം-ചെന്നൈ എഗ്മോര്‍ പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനാണ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് (06117) ഒക്ടോബര്‍ 01 മുതല്‍ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സര്‍വീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.40-ന് ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം വൈകിട്ട് 04.20-ന് കൊല്ലത്ത് എത്തും.

◾  ഇടുക്കിയില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍രോഗി മരിച്ചു. അണക്കരയില്‍നിന്ന് കട്ടപ്പനയിലേക്ക് പോയ ആംബുലന്‍സ് പാറക്കടവില്‍ മറിഞ്ഞ് അണക്കര സ്വദേശി രാജനാണ് മരിച്ചത്.

◾  വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം. വെട്ടുകാട് സ്വദേശി സാബുവിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സാബുവിന്റെ സഹോദരി സതീദേവി (50) മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. മൂന്നര ലക്ഷം പിഴ ഒടുക്കണമെന്നും തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു.

◾  തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മടവൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാരിനെ സമീപിച്ചു. ഇളമ്പ്രകോട് സംരക്ഷിത വനമേഖല ബനാര്‍ഹട്ട മോഡലില്‍ വികസിപ്പിക്കുന്നത് നേരത്തെ പരിഗണനയില്‍ ഉണ്ടെന്നാണ് പഞ്ചായത്ത് വാദമുന്നയിക്കുന്നത്.

◾  അട്ടപ്പാടിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. 7,300 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചിരിക്കുന്നത്. പുതൂര്‍ പഞ്ചായത്തിലെ പൊന്നക്കല്‍ മലയില്‍ രണ്ടിടങ്ങളിലായിരുന്നു കഞ്ചാവ് കൃഷി.

◾  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ നാളെ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ മുംബൈയില്‍നിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ.  പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് നിര്‍ത്തണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കേ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടും മത്സരിക്കുന്നത് കൂട്ടുനില്‍ക്കുന്നതിനു തുല്യമാണ്. അദ്ദേഹം പറഞ്ഞു.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ശൈലേന്ദ്ര മണി ഹര്‍ജി നല്‍കിയത്. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സമ്മതമില്ലാതെ എസ്ഐആര്‍ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തീരുമാനമെടുത്തെന്നാണ് ഹര്‍ജിയിലെ ആരോപണം.

◾  ടാറ്റായിലെ എന്‍ ചന്ദ്രശേഖരന്റെ പുനര്‍നിയമനം നിയമപരമെന്ന് ടാറ്റാ സണ്‍സ്. നോയല്‍ ടാറ്റയുടെ വാദങ്ങള്‍ തളളിയാണ് ടാറ്റാ സണ്‍സ് ടാറ്റാ ട്രസ്റ്റിന് മറുപടി നല്‍കിയത്. പുനര്‍നിയമനം നിയമ വിരുദ്ധമെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ എന്‍. ചന്ദ്രശേഖരനെ അഞ്ച് വര്‍ഷത്തേക്ക് കൂടി ചെയര്‍മാനായി നിയമിച്ച തീരുമാനം നടപ്പാക്കാന്‍ വാര്‍ഷിക പൊതുയോഗം വേഗത്തിലാക്കാനും ടാറ്റാ സണ്‍സ് നീക്കം തുടങ്ങി.

◾  ഭാര്യയുടെ ജോലി നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ച ഭര്‍ത്താവിനോട് മാസം തോറും 30,000 രൂപ ജീവനാംശം നല്‍കണമെന്നു  കോടതി. സര്‍ക്കാര്‍ ജോലി രാജി വച്ച യുവതിക്കാണ് ദന്ത രോഗ വിദഗ്ധനായ ഭര്‍ത്താവ് ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.

◾  യുഎസ് ഉപരോധംമൂലം ഇറാനിയന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ യുഎഇ നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്ക് പോകുകയും അവിടെ നിന്ന് വരുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ലോകമെങ്ങുമുള്ള വിമാനത്താവളങ്ങളിലും ഇറാനിയന്‍ വിമാനക്കമ്പനികളെ അമേരിക്ക വിലക്കിയിരിക്കുകയാണ്.

◾  റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഒഴിവാക്കാനാകില്ലെന്ന് അമേരിക്ക. തീരുവ സംബന്ധിച്ചുള്ള പ്രഖ്യാപനം ഭാവിയില്‍ ഉണ്ടാകുമെന്ന് അമേരിക്ക സൂചന നല്‍കി. അധിക തീരുവയ്ക്കെതിരെ ഇന്ത്യ യുഎസിനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്ക തയ്യാറാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. അമേരിക്ക വെനസ്വേലയില്‍നിന്ന് എണ്ണ നല്‍കാമെന്നാണ് വാഗ്ദാനം.

◾  സിനിമ തുടങ്ങി പത്തുമിനിറ്റിനകം പ്രദര്‍ശനം നിര്‍ത്തിയതിന് തീയേറ്ററായ പിവിആര്‍ ഐനോക്സ് 6,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് പി. പ്രശാന്ത് എന്നയാളുടെ പരാതിയില്‍ ഉത്തരവിട്ടത്.  2026 ജനുവരി 26 നാണ് പ്രശാന്ത് 173 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്ത ഹോങ്കോങ് വാരിയേഴ്സ് എന്ന തെലുഗു ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത്.

◾  വിവാഹ സല്‍ക്കാരത്തിനു ശേഷം യാത്രതിരിച്ച ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നു വീണ് ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഹെലികോപ്റ്റര്‍ കമ്പനിക്കെതിരെയും കല്യാണം നടന്ന റിസോര്‍ട്ട് ഉടമകള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്ത് വധു. അമേരിക്കയിലെ ജോര്‍ജിയയില്‍ നടന്ന അപകടത്തില്‍ ഇന്ത്യന്‍ വംശജനായ 25 കാരനായ ഡേവ് ഫിജി കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വധു ജെസ്‌നി സാമാണ് മാസങ്ങള്‍ക്ക് ശേഷമാണ് നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.

◾  സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കം. കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി, തൃശൂര്‍ മാജിക് എഫ്.സിയെ നേരിടും.

◾  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ കമല്‍ജീത് - സുരുചി സഖ്യമാണ് ഇന്ത്യക്ക് ഗെയിംസിലെ രണ്ടാം സ്വര്‍ണം സമ്മാനിച്ചത്. ക്വാളിഫിക്കേഷന്‍ റൗണ്ട് മുതല്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഫൈനലില്‍ 484.6 പോയിന്റോടെ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡ് തകര്‍ത്താണ് സ്വര്‍ണ്ണമണിഞ്ഞത്. വ്യക്തിഗത മത്സരങ്ങളിലെ നിരാശയ്ക്ക് ശേഷം ടീം ഇനത്തിലാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മികവ് കാട്ടിയത്.

◾  യുഫേവ നേഷന്‍സ് ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയത്തുടക്കം. ലിസ്ബണില്‍ നടന്ന ആവേശപ്പോരില്‍ എതിരില്ലാത്ത ഒരു ഗോളിന് പോര്‍ച്ചുഗല്‍ വെയില്‍സിനെ പരാജയപ്പെടുത്തി. 22-ാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്നെടുത്ത കിക്കില്‍ പന്ത് വലയിലാക്കി ജാവോ ഫെലിക്സ് ആണ് മത്സരത്തിലെ നിര്‍ണായക ഗോള്‍ നേടിയത്.

◾  ബാങ്കുകളിലെ സ്വര്‍ണപ്പണയ വായ്പകളില്‍ റെക്കോഡ് വര്‍ധന. ജൂണ്‍ 30-വരെയുള്ള കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ ബാങ്കുകളിലെ സ്വര്‍ണപ്പണയ വായ്പകളുടെ മൊത്തം മൂല്യം 1.48 ലക്ഷം കോടി രൂപയാണ്. രണ്ടുവര്‍ഷത്തിനിടെ 44.1 ശതമാനം വര്‍ധനയുണ്ടായി. 2024 ജൂണില്‍ 1,02,654.60 കോടി രൂപയായിരുന്ന വായ്പാ തുക രണ്ടുവര്‍ഷത്തിനുള്ളില്‍ 45,294.31 കോടി രൂപ വര്‍ധിച്ച് 1,47,948.91 കോടി രൂപയിലെത്തി. ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക സ്വര്‍ണവായ്പകള്‍ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന പരിധി കടന്നു. 2026 ജൂണ്‍ അവസാനത്തോടെ ഇത് 1,06,726.41 കോടി രൂപയായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 29,500 കോടി രൂപയുടെ വര്‍ധനവാണ് ഈ വിഭാഗത്തിലുണ്ടായത്. കാര്‍ഷികേതര സ്വര്‍ണവായ്പകളിലാണ് ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. വായ്പാതുക 25,428.08 കോടി രൂപയില്‍നിന്ന് 41,222.55 കോടി രൂപയായി ഉയര്‍ന്നു. 63 ശതമാനം വര്‍ധന. എസ്.ബി.ഐ - 28,623.32 കോടി രൂപ, കാനറ ബാങ്ക് - 25,828.92 കോടി രൂപ, ഫെഡറല്‍ ബാങ്ക് - 12,202.39 കോടി രൂപ, സൗത്ത് ഇന്ത്യന്‍ ബാങ്ക് - 7,873.67 കോടി രൂപ, ബാങ്ക് ഓഫ് ബറോഡ - 6,920.41 കോടി രൂപ, സി.എസ്.ബി ബാങ്ക്  - 5,444.79 കോടി രൂപ എന്നിങ്ങനെയാണ് ബാങ്കുകള്‍ അനുവദിച്ച വായ്പാതുക.

◾  ബാക്ടീരിയയെ ബാധിക്കുന്ന വൈറസുകള്‍ക്കുള്ളില്‍ ഇതുവരെ അറിയപ്പെടാത്ത ഒരു എന്‍സൈം സിസ്റ്റം തങ്ങളുടെ ക്ലോഡ് എഐ കണ്ടെത്തിയതായി ആന്ത്രോപിക്. അറേ-അസോസിയേറ്റഡ് റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് അഥവാ എആര്‍ടി എന്നാണ് കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ നല്‍കിയ ഒരു ലളിതമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്ലോഡ് ആണ് ഇതിന്റെ ഭൂരിഭാഗം ജോലികളും ചെയ്തത്. ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ആന്ത്രോപിക്കിന്റെ പുതിയ ലൈഫ് സയന്‍സസ് റിസര്‍ച്ച് ഗ്രൂപ്പിന്റെയും വെറ്റ് ലാബിന്റെയും ആദ്യ മുന്നേറ്റമാണിത്. ഏകദേശം 950 ക്ലോഡ് ഏജന്റുകള്‍ 21 മണിക്കൂര്‍ ചെലവഴിച്ചാണ് വലിയൊരു ഡിഎന്‍എ ഡാറ്റാബേസ് പരിശോധിച്ചത്. ഇതിനായി അവര്‍ 21 കോടി ടോക്കണുകള്‍ ഉപയോഗിച്ചു. അവര്‍ 200,000-ത്തിലധികം ആര്‍ടികള്‍ ശേഖരിക്കുകയും, 3,500 പുതിയ സാധ്യതാ സംവിധാനങ്ങള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതില്‍ നിന്ന് 20 എണ്ണം തിരഞ്ഞെടുത്ത് മനുഷ്യരുടെ പരിശോധനയ്ക്കായി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള വിശകലനത്തിന് ഒരു വിദഗ്ദ്ധനായ ശാസ്ത്രജ്ഞന് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്, തങ്ങളുടെ പള്‍സര്‍ നിരയിലെ മറ്റു മോഡലുകള്‍ക്ക് പിന്നാലെ പള്‍സര്‍ എന്‍എസ്400ഇസഡിലും പരിഷ്‌കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചറായി വരും. പുതിയ ഡിസ്‌പ്ലേയോട് കൂടിയ മോട്ടോര്‍സൈക്കിളിന്റെ അപ്‌ഡേറ്റ് പതിപ്പ് ഡീലര്‍ഷിപ്പില്‍ എത്തിയിട്ടുണ്ട്. ഇത് ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന. നേരത്തെ പള്‍സര്‍ എന്‍160, പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകളില്‍ അഞ്ചു ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്. എന്‍എസ്200, എന്‍250 എന്നിവയുടെ അപ്‌ഡേറ്റ് വേര്‍ഷനുകളിലും ഇത് പരീക്ഷിച്ചിട്ടുണ്ട്. എന്‍എസ്400ഇസഡിന്റെ ലുക്കില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും നിലവിലുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്- കൂള്‍ഡ് എന്‍ജിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. ഇത് 40 ബിഎച്ച്പി കരുത്തും 33.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

◾  സെപ്റ്റംബര്‍ 25 ലോക ശ്വാസകോശ ദിനം. ദിവസം തോറും ഏകദേശം 20,000 തവണ വികസിക്കുകയും ചുരുങ്ങുകയും ചെയ്തുകൊണ്ട് ശരീരത്തിലേക്ക് ഓക്സിജന്‍ എത്തിക്കുകയും കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്ന അവയവമാണ് ശ്വാസകോശം. വായുമലിനീകരണം എന്നത് പുറംലോകത്ത് മാത്രം അനുഭവപ്പെടുന്ന ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വീടുകള്‍ക്കുള്ളിലെ വായു പുറത്തെ വായുവിനേക്കാള്‍ പല മടങ്ങ് മലിനമാകാം എന്നാണ്. വാഹനങ്ങളില്‍ നിന്നുള്ള പുക, നിര്‍മ്മാണ സ്ഥലങ്ങളിലെ പൊടി, പി.എം 2.5 കണികകള്‍ എന്നിവ ശ്വാസകോശ കലകളെ നേരിട്ട് തകരാറിലാക്കുന്നു. ഇത് കുട്ടികളില്‍ ശ്വാസകോശ വളര്‍ച്ചയെ ബാധിക്കുകയും മുതിര്‍ന്നവരില്‍ ശ്വാസകോശ അര്‍ബുദത്തിന് വരെ കാരണമാകുകയും ചെയ്യാം. എന്നാല്‍ അടുക്കളയില്‍ നിന്നുള്ള പുകയും ഗ്യാസ് അടുപ്പുകളില്‍ നിന്നുള്ള വിഷവാതകങ്ങളും കര്‍ട്ടനുകളിലും ബെഡ്ഡുകളിലും അടിഞ്ഞുകൂടുന്ന പൊടിയും പൊടിപടലങ്ങളും കുന്തിരിക്കം, അഗര്‍ബത്തി ഉപയോഗവും കൊതുകുതിരികളില്‍ നിന്നുള്ള പുകയും വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും എയര്‍ ഫ്രഷ്നറുകളുടെയും അമിത ഉപയോഗവും വീടിനുള്ളിലിരുന്നുള്ള പുകവലിയുമെല്ലാം വീട്ടിനുള്ളിലെ വായു മലിനമാക്കുന്നു. നമ്മുടെ ചെറിയ ജീവന ശീലങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ശ്വാസകോശാരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ നമുക്ക് കഴിയും. മുന്‍കരുതലാണ് ഏറ്റവും വലിയ ചികിത്സ. നിരന്തരമായ ചുമ, ശ്വാസംമുട്ടല്‍, നെഞ്ചില്‍ കനം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടാന്‍ മടിക്കരുത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.82, പൗണ്ട് - 126.08, യൂറോ - 109.15, സ്വിസ് ഫ്രാങ്ക് - 115.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.34, ബഹറിന്‍ ദിനാര്‍ - 254.43, കുവൈത്ത് ദിനാര്‍ -310.37, ഒമാനി റിയാല്‍ - 249.25, സൗദി റിയാല്‍ - 25.51, യു.എ.ഇ ദിര്‍ഹം - 26.13, ഖത്തര്‍ റിയാല്‍ - 26.29, കനേഡിയന്‍ ഡോളര്‍ - 67.76.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right