കൊടുവള്ളി:നാലു പതിറ്റാണ്ടുകൾക്കു മുൻപ് ഒരേ ക്ലാസ് മുറിയിൽ പഠിച്ചും കളിച്ചും ചിരിച്ചും വളർന്നവർ വീണ്ടും ഒത്തുകൂടിയപ്പോൾ അത് മറക്കാനാവാത്ത ഓർമകളുടെ സംഗമമായി. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1983–84 എസ്.എസ്.എൽ.സി. ബാച്ചിന്റെ മെഗാ സംഗമം ‘ബെല്ലൊച്ചകൾ’ എന്ന പേരിൽ കിഴക്കോത്ത് അൽഫിത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കാലത്തിന്റെ കുത്തൊഴുക്കിൽ പല വഴികളിലായി പിരിഞ്ഞുപോയ സഹപാഠികൾ പഴയ സൗഹൃദത്തിന്റെ ഓർമകളുമായി ഒരിടത്ത് ഒത്തുചേർന്നത് വേറിട്ട അനുഭവമായി. സ്കൂൾ കാലത്തെ ചിരികളും കളികളും അധ്യാപകരുടെ സ്നേഹവും ശിക്ഷണവും ഓർത്തെടുത്ത് പലരും അനുഭവങ്ങൾ പങ്കുവെച്ചു.
രാവിലെ കൂടത്തിങ്ങൽ അബ്ദുൽ ഖാദർ സ്കൂൾ ബെൽ അടിച്ചതോടെയാണ് സംഗമത്തിന് തുടക്കമായത്. റിട്ട.അധ്യാപകൻ പി.സി. വേലായുധൻ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.കെ.മുഹമ്മദ്കോയ അധ്യക്ഷനായി. മരണപ്പെട്ടുപോയ അധ്യാപകരെയും സഹപാഠികളെയും ചടങ്ങിൽ അനുസ്മരിച്ചു. അധ്യാപകരെ ആദരിക്കുന്ന ചടങ്ങും നടന്നു.
റിട്ട.അധ്യാപകരായ പി.അബ്ദുറഹിമാൻ, എം.എൽ. ജോസഫ്, ബി.തുളസി, എൻ.വിലാസിനി, പി.മൊയ്തീൻകുഞ്ഞി എന്നിവർ സഹപാഠികളുമായി സ്കൂൾകാല ഓർമകൾ പങ്കുവെച്ചു. സംഗമത്തിന് ‘ബെല്ലൊച്ചകൾ’ എന്ന പേര് നിർദ്ദേശിച്ച പി.ശാന്തയ്ക്ക് റിട്ട.അധ്യാപിക ബി.തുളസി സമ്മാനം നൽകി.സഹപാഠികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറി. തുടർന്ന് സമ്മാനവിതരണവും നടന്നു.
ബാച്ച് അംഗങ്ങളുടെ ഫോട്ടോ എടുക്കലും ഉണ്ടായി.
സെക്രട്ടറി കെ.വി.അഷ്റഫ്, കെ.പ്രമീളകുമാരി , പി.അബ്ദുൽ അലി, പി.സി.അഖിലേഷ്, കെ.പി.സമദ് എന്നിവർ സംസാരിച്ചു. സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദേശത്തുള്ള സഹപാഠികൾക്ക് പരിപാടികൾ വീക്ഷിക്കാൻ യൂട്യൂബ് ലൈവ് ടെലികാസ്റ്റും ഏർപ്പെടുത്തിയിരുന്നു. രാവിലെ ആരംഭിച്ച പരിപാടികൾ വൈകീട്ടോടെ സമാപിച്ചു.
Tags:
KODUVALLY