2026 | സെപ്റ്റംബര്‍ 18 | വെള്ളി
1202 | കന്നി 2 | തൃക്കേട്ട
🔘 മാസപ്പടി കേസില്‍ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം വന്നേക്കും. നിയമോപദേശം ഇന്നു സര്‍ക്കാരിനു കൈമാറും. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.
🔘 അനധികൃതമായി മദ്യം കൈവശം വച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എം ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്.
🔘 മെസി വരുമെന്നു പ്രചരിപ്പിച്ചു നടത്തിയ തട്ടിപ്പിനെതിരായ കേസില്‍ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. മുന്‍ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും ജിസിഡിഎയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം. കോഴിക്കോട് ക്രൈംബ്രാഞ്ച് ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.
🔘 എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ഹൈക്കോടതിയെ അറിയിച്ചതോടെയാണു ജസ്റ്റിസ് ബദറുദ്ദിന്റെ വിമര്‍ശനം. ആരാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത് എന്ന് ചോദിച്ച കോടതി വിജിലന്‍സ് അഭിഭാഷകന്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നു വരെ കുറ്റപ്പെടുത്തി.
🔘 ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം സെപ്തംബര്‍ 28 ന് ആരംഭിക്കാനിരിക്കേ, തൂഫാന്‍ ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രുപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള്ള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
🔘 പിണറായി വിജയനെതിരായ ഇഡി ശുപാര്‍ശയില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അഴിമതിയുടെ ഭാഗമായവരെ എന്തിനു വെറുതെ വിടണമെന്നും അഴിമതി നിരോധന കേസില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔘 കെപിസിസി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. സംസ്ഥാനത്തെ പവര്‍ കട്ട് ജനങ്ങളെ വലയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയുള്ള പൊലീസ് നടപടി ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
🔘 മലപ്പുറത്തു 10 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ രാജ്യന്തരമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയില്‍ നിന്നാണ് നാലു പേരെ പിടികൂടിയത്.
🔘 സെപ്റ്റംബര്‍ 22 മുതല്‍ എല്‍എച്ച്ബി കോച്ചുകളിലേക്ക് പരശുറാം എക്സ്പ്രസ് മാറിയാലും ഒരു സെക്കന്‍ഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാന്‍ അടക്കം 16 അണ്‍റിസര്‍വ്ഡ് കോച്ചുകളുണ്ടാകുമെന്ന് റെയില്‍വേ വ്യക്തമാക്കി.
🔘 അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കില്‍. കഴിഞ്ഞദിവസം ജയിലിലെത്തിച്ചതിന് പിന്നാലെ ടോമിന്‍ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
🔘 തിരുവനന്തപുരം മെട്രോ പദ്ധതിയില്‍ കെഎംആര്‍എല്ലിനോട് വിശദീകരണം തേടി സംസ്ഥാന സര്‍ക്കാര്‍. ഔദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായി മാധ്യമവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് വിശദീകരണം തേടിയത്.
🔘 ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ സെപ്റ്റംബര്‍ 22-നകം കുറ്റപത്രം നല്‍കാനായിരുന്നു കോടതി നിര്‍ദേശം. ഇതുവരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷന്‍ അനുമതി പോലും തേടിയിട്ടില്ല.
🔘 അനധികൃതമായി മദ്യം കൈവശംവച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ യുഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖ മാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
🔘 സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട് കേസില്‍ ഇഡി നിര്‍ദശം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അന്വേഷണം നടത്തിയാല്‍ കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളുടെയും പേരുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
🔘 മുഖ്യമന്ത്രിയേയും ശിവസേനയേയും പുകഴ്ത്തിയ സംഭവത്തില്‍ സി ദിവാകരനോട് വിശദീകരണം തേടാനൊരുങ്ങി സിപിഐ. നാളെ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ദിവാകരന് നോട്ടീസ് നല്‍കും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിശദീകരണം തേടാനുള്ള തീരുമാനം എടുത്തത്.
🔘 മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അതൃപ്തിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പു നേതാവും ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടന്‍. പാര്‍ട്ടി മണ്ഡലം കണ്‍വന്‍ഷന്‍ വിളിച്ച ദിവസം തൃശൂരില്‍ അദ്ദേഹം സമാന്തരപരിപാടി സംഘടിപ്പിച്ചിരിക്കുകയാണ്.
🔘 തിരുവനന്തപുരത്തെ മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരനും സി.പി. ജോണും രംഗത്തെത്തി. മൃഗശാല മാറ്റാന്‍ നെയ്യാര്‍ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇതില്‍ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു.
🔘 തിരുവനന്തപുരം കല്ലറയിലും സമീപങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. മുതുവിള, പരപ്പില്‍ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നത്. പരപ്പില്‍ പനകുന്നത്ത് ക്ഷേത്രത്തിന്റെ റോഡരികില്‍ സ്ഥിതി ചെയ്യുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് ഒടുവിലത്തെ സംഭവം.
🔘 മണിമല കുറിക്കാട്ടൂരിലെ അമ്പാട്ടുപാടി വൈക്കുന്നേല്‍ ഷിബുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ പഞ്ചായത്ത് മെമ്പര്‍ അടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല പഞ്ചായത്ത് അംഗം ജോജി ജോണ്‍, നിഖില്‍ അയ്യപ്പന്‍, ഷൈബില്‍ സാം, അമല്‍ രാജ്, ജോബിന്‍ രാജന്‍, കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ജോജിയുടെ രോഗിയായ അമ്മയെ ഷിബുവും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചതിനായിരുന്നു മര്‍ദനമെന്ന് പൊലീസ് പറയുന്നു.
🔘 മലപ്പുറത്ത് കോളേജ് അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ എംഡിഎംഎ കേസില്‍ അറസ്റ്റില്‍. മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകന്‍ സുഹൈല്‍, റീന, വിവേക്, സുബ്രഹ്‌മണ്യന്‍ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ സുഹൈല്‍ മോങ്ങം സ്വദേശിയും മൂന്നുവര്‍ഷമായി മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകനുമാണ്.
🔘 എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ആദ്യ യോഗം ഇന്ന്. ജെപിസിക്കു മുന്നില്‍ ഉദ്യോഗസ്ഥര്‍ ബില്ലിനെ കുറിച്ച് വിശദീകരിക്കും.
🔘 ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഒരു യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അഴുകിയനിലയില്‍ കൈകള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വേര്‍പ്പെട്ടനിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിലഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ചനിലയിലുമായിരുന്നു.
🔘 പതിമ്മൂന്നുകാരനെ കല്ലുകൊണ്ട് തലക്കടിച്ചുകൊന്ന് കാറില്‍ കടന്നു കളയുകയായിരുന്ന അയല്‍വാസി പിടിയില്‍. യെലഹങ്ക വിനായക നഗറില്‍ താമസിക്കുന്ന പ്രജ്വല്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ഭാസ്‌കര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.
🔘 സൗദി അറേബ്യയ്ക്ക് 48 എഫ്-35 സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ വില്‍ക്കാന്‍ യുഎസ് വിദേശകാര്യ മന്ത്രാലയം പ്രാഥമിക അംഗീകാരം നല്‍കി. 24.3 ബില്യണ്‍ ഡോളറിന്റെ ഈ പ്രതിരോധ ഇടപാട് മധ്യപൂര്‍വേഷ്യയിലെ സൈനിക സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.
🔘 ഉത്തര കൊറിയയിലെ പുങ്ഗെ-രി കേന്ദ്രത്തില്‍ അസാധാരണമായ ഭൂകമ്പ സാധ്യതകള്‍ കണ്ടെത്തി. സാധാരണ സ്ഫോടനങ്ങള്‍ക്ക് ശേഷമുള്ള അവസ്ഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
🔘 നൂറു ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ശക്തമായ വികാരം അറിയിക്കാന്‍ ഇന്ത്യ. അടുത്ത ആഴ്ച വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഇക്കാര്യം ഉന്നയിക്കും. ഇന്ത്യയുടെ നിലപാടിനോട് യോജിച്ച ചൈനയും രംഗത്തെത്തി.
🔘 ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 19.5 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 15 പന്തില്‍ 40 റണ്‍സെടുത്ത ഷഫാലി വര്‍മ പുറത്താകാതെ നിന്നപ്പോള്‍ 12 റണ്‍സുമായി റിച്ച ഘോഷും വിജയത്തില്‍ കൂട്ടായി.
🔘 സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 145 രൂപ കൂടി 14,155 രൂപയും പവന് 1,160 രൂപ കൂടി 1,13,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 കൂടി 11,630 രൂപയും 14 കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 9,060 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ കൂടി 5,840 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ച പ്രകടമാണ്. സ്പോട്ട് മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് ഏകദേശം 4,353 ഡോളര്‍ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ സാമ്പത്തിക തീരുമാനങ്ങളും ഡോളര്‍ മൂല്യത്തിലെ ചലനങ്ങളുമാണ് നിലവിലെ വിലയെ സ്വാധീനിക്കുന്നത്. അതേസമയം ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നു.
🔘 ബിജിഎംഐ ആരാധകര്‍ക്കായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത ആദ്യത്തെ ഒറിജിനല്‍ ഇന്‍-ഗെയിം ക്യാരക്ടര്‍ കിയാരയെ അവതരിപ്പിച്ചു. ക്രാഫ്റ്റണ്‍ ഇന്ത്യയുടെ ഇന്‍-ഹൗസ് ആര്‍ട്ട് ടീമാണ് ഈ പുതിയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി ഉത്ഭവകഥയും, ഇറാങ്കല്‍ മാപ്പില്‍ സ്വന്തമായി ഒരു ലൊക്കേഷനും, പ്രത്യേക ഐറ്റം കളക്ഷനുകളുമായി എത്തുന്ന ആദ്യത്തെ 'മേഡ് ഇന്‍ ഇന്ത്യ' ക്യാരക്ടറാണ് കിയാര. 2025-ല്‍ അവതരിപ്പിച്ച 'അനാമിക' എന്ന ഇന്‍-ഹൗസ് ക്യാരക്ടറിനു ശേഷമാണ് ക്രാഫ്റ്റണ്‍ കിയാരയെ എത്തിക്കുന്നത്. ബിജിഎംഐയുടെ 4.6 അപ്‌ഡേറ്റിന്റെ ഭാഗമായി 2026 ഒക്ടോബര്‍ എട്ടു മുതല്‍ കിയാര ഗെയിമില്‍ ലഭ്യമാകും. കിയാരയോടൊപ്പം ഒരു 'ബോസ് ബാറ്റില്‍', ഇറാങ്കലില്‍ ദീപാവലി പ്രമേയത്തിലുള്ള 'ബസാര്‍' ലൊക്കേഷന്‍, 'കിയാര നക്ഷത്ര കളക്ഷന്‍', ഇന്ത്യയ്ക്കായി പ്രത്യേകമായി നിര്‍മിച്ച ആദ്യത്തെ 'പ്രൈസ് പാത്ത്' എന്നിവയും ക്രാഫ്റ്റണ്‍ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.
🔘 ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' നവംബര്‍ 20-ന് ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാന്‍- ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായി എത്തുന്നത്. ശ്രുതി ഹാസന്‍ ചിത്രത്തിലെ മറ്റൊരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയുള്ള സിനിമയുടെ സഞ്ചാരവും സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു. ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
🔘 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടി ക്ലബ്ബില്‍ കയറിയതിന് പിന്നാലെ നന്ദി പറഞ്ഞു കൊണ്ട് ഭാവന സ്റ്റുഡിയോസ് പങ്കുവച്ച പോസ്റ്ററാണിപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ അണിയറയില്‍ മാജിക് ഒരുക്കിയവര്‍ക്ക് സല്യൂട്ട് അടിച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. 'ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷന്‍! നിങ്ങളുടെ അതിരുകവിഞ്ഞ സ്നേഹത്തിന് നന്ദി! നമ്മുടെ സംഗീത മാന്ത്രികന്‍ വിഷ്ണു വിജയ് കൂടി ആ ഫ്രെയിമില്‍ ഉണ്ടായിരുന്നെങ്കില്‍ അത് പൂര്‍ണമാകുമായിരുന്നു. എല്ലാവര്‍ക്കും സ്നേഹം നേരുന്നു'.- എന്നാണ് പോസ്റ്ററിനൊപ്പം ഭാവന സ്റ്റുഡിയോസ് കുറിച്ചിരിക്കുന്നത്. സംവിധായകന്‍ ഗിരീഷ് എഡി, തിരക്കഥാകൃത്ത് കിരണ്‍ ജോസി, കാമറാമാന്‍ അജ്മല്‍ സാബു, എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ നിര്‍മാതാക്കളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കിടയിലും ഇന്‍ഡസ്ട്രിയിലും വലിയ പ്രശംസ നേടിയിരിക്കുകയാണ്.
🔘 അപ്പാച്ചെ ശ്രേണിയെ കൂടുതല്‍ അത്യാധുനിക ഫീച്ചറുകളോടെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. ആര്‍ടിആര്‍ 160, ആര്‍ടിആര്‍ 160 4വി മോഡലുകളിലാണ് കൂടുതല്‍ സുരക്ഷയും ഹൈടെക് സൗകര്യങ്ങളും ഉള്‍പ്പെടുത്തി പുതിയ ടോപ്പ്-എന്‍ഡ് വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വലിയ ബൈക്കുകളില്‍ മാത്രം കണ്ടുവരുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഉള്‍പ്പെടുത്തി എത്തിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ഡ്യുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1,27,990 രൂപയാണ് ഡല്‍ഹി എക്സ്-ഷോറൂം വില. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നേരിട്ട് ഗൂഗിള്‍ മാപ്പ് കാണാന്‍ സാധിക്കുന്ന 'മാപ്പ് മിററിങ്' സൗകര്യത്തോടെ എത്തിയ അപ്പാച്ചെ ആര്‍ടിആര്‍ 160 4വിക്ക് 1,41,440 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. നാല് ആകര്‍ഷകമായ നിറങ്ങളില്‍ ഈ വേരിയന്റുകള്‍ ലഭ്യമാകും.
🔘 തെക്കേക്കര എന്ന നമുക്ക് ചിരപരിചിതമായ ഒരു ദേശത്ത് നാല് പതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കൃഷിയെ വീണ്ടെടുക്കുവാന്‍ ഗംഗാധരന്‍മാഷ് തീരുമാനിക്കുന്നതും ആ നന്മയ്ക്കൊപ്പം നില്‍ക്കാന്‍ അന്നാട്ടിലെ നല്ല മനുഷ്യരൊക്കെ ഉണ്ടാകുന്നതുമാണ് ഈ കഥയിലെ ഇതിവൃത്തം. ആ ഭൂമികയെയും അവിടുത്തെ മനുഷ്യരെയും ഉള്ളില്‍ തട്ടി അവതരിപ്പിക്കാന്‍ കഴിയുഞ്ഞു എന്നതാണ് ഈ പുസ്തകത്തിന്റെ വായനാ ക്ഷമത. 'ഗ്രാമാന്തരം'. ഡോ. കെ സുഗതന്‍. എന്‍ബിഎസ്. വില 399 രൂപ.
🔘 വായുമലിനീകരണം മാനസികാരോഗ്യത്തെയും ബാധിക്കാമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം 'എപ്പിഡമിയോളജി & കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായു മലിനീകരണം ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകാമെന്ന് സൂചിപ്പിക്കുന്ന പഠനങ്ങള്‍ നേരത്തേ വന്നിട്ടുണ്ട്. ചില വായു മലിനീകരണ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വിഷാദസാധ്യതയും ആത്മഹത്യാപ്രവണതയും കൂട്ടുമെന്ന് പഠനം പറയുന്നു. ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. വിവിധ ജനവിഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളിലെ തെളിവുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ വിലയിരുത്തലിലെത്തിയത്. വായു മലിനീകരണ വസ്തുക്കളില്‍ പലതും നാഡീവ്യൂഹ പ്രശ്നങ്ങള്‍ക്കും ക്രമേണ വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും കാരണമാകുമെന്നാണ് കരുതുന്നത്. വായുമലിനീകരണത്തിലൂടെ ശരീരത്തില്‍ വീക്കമുണ്ടാകുന്നത് നാഡീവ്യവസ്ഥയില്‍ തകരാറുണ്ടാക്കും. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മലിനീകരണം കുറയ്ക്കാനുള്ള തന്ത്രങ്ങളിലൂടെയും പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയും മാനസിക സമ്മര്‍ദം മെച്ചപ്പെടുത്താനും ആത്മഹത്യാപ്രവണത കുറയ്ക്കാനുമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.91, പൗണ്ട് - 128.23, യൂറോ - 110.13, സ്വിസ് ഫ്രാങ്ക് - 116.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.33, ബഹറിന്‍ ദിനാര്‍ - 254.67, കുവൈത്ത് ദിനാര്‍ -311.05, ഒമാനി റിയാല്‍ - 249.42, സൗദി റിയാല്‍ - 25.82, യു.എ.ഇ ദിര്‍ഹം - 26.08, ഖത്തര്‍ റിയാല്‍ - 26.31, കനേഡിയന്‍ ഡോളര്‍ - 68.50.
Tags:
KERALA