Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഓഗസ്റ്റ് 7, വെള്ളി 
1201 | കര്‍ക്കടകം 22, കാര്‍ത്തിക

◾  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിറകില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം ഉണ്ടായിരുന്നെന്ന് സിബിഐ കുറ്റപത്രം. കോച്ചിംഗ് സെന്റര്‍ ഉടമകളും ഇടനിലക്കാരും ഉള്‍പ്പെടെ വന്‍ ശ്രംഖല ലക്ഷങ്ങളുടെ ഇടപാടാണു നടത്തിയത്. പരീക്ഷാ നടത്തിപ്പു ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണ്. സുരക്ഷാ വീഴ്ച മുതലെടുത്ത് വിദഗ്ധരില്‍ ഒരാള്‍ നീറ്റ് ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ പേപ്പറില്‍ എഴുതി പുറത്തേക്ക് കടത്തി. മറ്റു രണ്ടു പേര്‍  ചോദ്യങ്ങള്‍ ഓര്‍ത്തുവച്ച് കുറിപ്പുകളാക്കിയാണ് ചോര്‍ത്തിയത്. ഓരോ രക്ഷിതാവിനും നാലു ലക്ഷം രൂപയ്ക്കാണു ചോദ്യങ്ങള്‍ വിറ്റതെന്നും സിബിഐ.

◾  ഇന്ത്യന്‍ രാഷ്ട്രീയത്തെ നാലു പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ് ഒടുവില്‍ പുകയായി. കേസിന്റെ നിയമനടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. ഹിന്ദുജ സഹോദരന്മാര്‍ക്കും സ്വീഡിഷ് ആയുധ നിര്‍മ്മാതാക്കളായ എബി ബോഫോഴ്‌സിനും എതിരെ നിലവിലുണ്ടായിരുന്ന എല്ലാ ക്രിമിനല്‍ നടപടികളും റദ്ദാക്കിയ 2005-ലെ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അവസാന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.

◾  പെന്‍ഷന്‍ നേരിട്ട് വീട്ടില്‍ എത്തിക്കുന്ന രീതി നിര്‍ത്തലാക്കുന്നതു സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വിതരണം അട്ടിമറിക്കാനാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പെന്‍ഷന്‍ വിതരണ ചുമതല സഹകരണ സംഘങ്ങളില്‍നിന്നു മാറ്റിയതും പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചിരുന്ന രീതി നിര്‍ത്തുകയും ചെയ്ത സര്‍ക്കാര്‍ നടപടി ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുമെന്ന് മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നു ബാലഗോപാല്‍ പറഞ്ഞു.

◾  പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അടൂര്‍ എം വി ഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ ലൈജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.  

◾  ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച റെപ്പലിങ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവര്‍ത്തകനുമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് കണ്ണൂര്‍ എഡിഎം പയ്യന്നൂര്‍ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി.  

◾  ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ആറു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുമുണ്ട്.

◾  ഓണക്കാലത്തെ തിരക്കു പരിഗണിച്ച് റെയില്‍വേ കേരളത്തിലേക്കും തിരിച്ചും പ്രഖ്യാപിച്ചിരിക്കുന്നത് 112 സര്‍വീസുകള്‍. ചെന്നൈ, ബാംഗളൂര്‍, മംഗളൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തിരികേയുമാണു ട്രെയിന്‍ സര്‍വീസ്.

◾  കരവഴിയുളള കയറ്റിറക്കുമതി ഈ മാസം തുടങ്ങാനിരിക്കെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്. തൂത്തുക്കുടിയിലെ സ്ഥാപനമാണ് കരമാര്‍ഗം കണ്ടെയ്നര്‍ എത്തിച്ച് കപ്പലില്‍ കയറ്റി അയക്കാനുളള ബുക്കിങ് നടത്തിയത്.

◾  കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് രണ്ടിടങ്ങളിലായി ചെറിയതോതില്‍ മണ്ണിടിച്ചില്‍. ഹൈവേ കണ്‍ട്രോള്‍ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മന്ത്രി ജനീഷ്‌കുമാറും കളക്ടറും സ്ഥലത്തെത്തി.

◾  അതിരപ്പള്ളി, കല്ലല്‍ വനമേഖലയിലെ കൃഷിഭൂമിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അവിടെ പ്രവേശിക്കാനോ കൃഷി നടത്താനോ സ്വകാര്യ വ്യക്തികള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.

◾  അനധികൃതമായ പാറ പൊട്ടിക്കലാണ് പാണക്കാട്ടെ മണ്ണിടിച്ചിലിനു കാരണമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാന്‍ മാത്രമാണ് മുന്‍സിപ്പാലിറ്റി അനുമതി നല്‍കിയത്. എന്നാല്‍ അതിന്റെ മറവില്‍ പാറ പൊട്ടിച്ചെന്നും മന്ത്രി പറഞ്ഞു.

◾  ശബരിമല നെയ്യ് ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രണ്ട് കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമെന്ന് വിജിലന്‍സ് കണ്ടെത്തി.

◾  ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്. ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് പുതിയ കേസെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചിരിക്കുകയാണ് അര്‍ജുന്‍ ആയങ്കി. ഇയാളുടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാളാണ് എന്ന് പൊലീസിന് സംശയം.

◾  ഇടുക്കിയിലെ പ്രധാന അണക്കെട്ടായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തി. കേരള എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണു പഠനം നടത്തിയത്.

◾  പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. കഴിഞ്ഞ 28 നാണ് ഫാത്തിമത്ത് റിസ ജീവനൊടുക്കിയത്. ആസിഫ് ദുബായിലേക്ക് കടന്നതായാണ് സംശയം.

◾  പുതുക്കാട് ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവം കൊലപാതകമാണെന്ന് കുടുംബം. അപകടത്തിന് 15 മിനിറ്റ് മുമ്പ് ലോറി ഡ്രൈവറും റിജാസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും തെളിവായി വീഡിയോ ഉണ്ടെന്നും കുടുംബം പറയുന്നു.

◾  മലപ്പുറം മഞ്ചേരിയില്‍ വീടിനകത്ത് കാട്ടുപന്നി ഓടിക്കയറി. വീട്ടിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് തലനാരിഴക്കാണു രക്ഷപ്പെട്ടത്. മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം. അലവിയുടെ മകന്‍ ഫവാസിന്റെ രണ്ടരവയസ്സുകാരിയായ മകള്‍ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ ഈ മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്.

◾  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും. തമിഴ്നാട് കമ്പത്തെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. 14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം നെല്‍കൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്.

◾  ഉത്തര്‍പ്രദേശില്‍ ഈയിടെ ഉദ്ഘാടനം കഴിഞ്ഞ ലഖ്നോ - കാണ്‍പൂര്‍ എക്സ്പ്രസ് വേ മഴയില്‍ തകര്‍ന്നു. 4,200 കോടി രൂപ ചെലവിട്ടു നിര്‍മിച്ച റോഡാണു തകര്‍ന്നത്. അറ്റകുറ്റപ്പണിക്കിടെ മഴയുടെ നനവ് വൈദ്യുത ഫാനുകള്‍ ഉപയോഗിച്ച്  ഉണക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

◾  കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെ എതിര്‍ക്കുമെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍.  കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി വിട്ടെങ്കിലും മണ്ഡല പുനര്‍നിര്‍ണയ നീക്കത്തെ ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

◾  കാവേരി നദീജലത്തെ ചൊല്ലി കര്‍ണാടക മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധിയും തമ്മില്‍ നിയമസഭയില്‍ വാക്പോര്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ഉദയനിധിയുടെ ആവശ്യം വിജയ് തള്ളിക്കളഞ്ഞു. കര്‍ണാടകയുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നു വിജയ് വ്യക്തമാക്കി.

◾  പരമ്പരാഗതമായ വിവാഹ സങ്കല്‍പ്പത്തിലും നിയമങ്ങളിലും ഇപ്പോള്‍ മാറ്റം വരുത്തരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സ്വവര്‍ഗാനുരാഗികളുടെ വിഭാഗത്തിലുള്ളവരും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരെ ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും തുല്യാവകാശങ്ങള്‍ നല്‍കണമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

◾  ഉത്തരേന്ത്യയില്‍ ശക്തമായ മഴ. ആസാമിലെ പ്രളയത്തില്‍ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡില്‍ അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ വളരെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രളയത്തെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ ഇന്നും റെഡ് അലര്‍ട്ട്.

◾  ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരമുള്ള വെനസ്വേലയില്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുത്തേക്കും. ഇന്ത്യയിലെ പൊതുമേഖലാ കമ്പനിയായ ഒഎന്‍ജിസി ഏറ്റെടുക്കാനാണു നീക്കം.

◾  ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരില്‍ തെരച്ചില്‍ ഊര്‍ജിതം. ലത്തീഫ് ഭട്ടിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

◾  ഫിഫ ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള വിവാദ പദ്ധതി പിന്‍വലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍.

◾  എന്‍ആര്‍ഐ എഫ്ഡിയേക്കാള്‍ പ്രവാസികള്‍ക്ക് താത്പര്യം വിദേശ കറന്‍സി നിക്ഷേപം. നിശ്ചിത പലിശ വരുമാനം വിദേശ കറന്‍സിയില്‍ ലഭിക്കുമെന്നതാണ് പദ്ധതി ആകര്‍ഷകമാക്കിയത്. ഇതോടെ ഗള്‍ഫിലെ പ്രവാസികളില്‍നിന്നുള്ള എന്‍ആര്‍ഐ നിക്ഷേപത്തില്‍ 80 ശതമാനം വരെ കുറവുണ്ടായി. പദ്ധതി പ്രകാരം 2,800 കോടി ഡോളറാണ് ബാങ്കുകള്‍ സമാഹരിച്ചത്. വന്‍തോതില്‍ നിക്ഷേപം വഴിമാറിയതോടെ വിദേശ നിക്ഷേപ സമാഹരണ പദ്ധതിയില്‍നിന്ന് ഫണ്ട് മാനേജര്‍മാര്‍ പലരും പിന്‍വാങ്ങി. പലരും ആഭ്യന്തര നിക്ഷേപകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ആര്‍ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതി കാലയളവ് സെപ്റ്റംബര്‍ 30-നാണ് അവസാനിക്കുക. കാലാവധി അവസാനിക്കാറായതോടെ പല നിക്ഷേപകരും നിലവിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് വിദേശ കറന്‍സി നിക്ഷേപത്തിലേക്ക് (എഫ്‌സിഎന്‍ആര്‍-ബി) മാറ്റുകയാണ്. നിലവില്‍ കൂടുതല്‍ പലിശയാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. വിദേശ കറന്‍സിയില്‍ പിന്‍വലിക്കാന്‍ കഴിയുമെന്നതും നികുതി ബാധ്യതയില്ലെന്നതും നേട്ടമാണ്. 5,500 കോടി ഡോളര്‍ നിക്ഷേപമാണ് ഇതിലൂടെ റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

◾  ഡീപ്പ് ഫേക്കുകളും വ്യാജ നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി കര്‍ശന നിയമപരിഷ്‌കാര നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കോടതി ഉത്തരവോ ഔദ്യോഗിക അറിയിപ്പോ ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ നിയമവിരുദ്ധ നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍മീഡിയറികള്‍ ബാധ്യസ്ഥരായിരിക്കും. നിലവിലിത് 36 മണിക്കൂറായിരുന്നു. കൂടാതെ, നിര്‍മിത ബുദ്ധി ഉള്ളടക്കങ്ങള്‍ക്ക് വ്യക്തമായ ലേബലിംഗ് നിര്‍ബന്ധമാക്കാനും, വ്യാജ ദൃശ്യങ്ങള്‍, എഐ അധിഷ്ഠിത വ്യാജ വിവരങ്ങള്‍, ദോഷകരമായ സിന്തറ്റിക് ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ അതിവേഗം നടപടിയെടുക്കാന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്താനും പുതിയ നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. നിര്‍മിത ബുദ്ധി ഡീപ്പ് ഫേക്കുകളും വ്യാജ ശബ്ദം, വീഡിയോ, ടെക്സ്റ്റ് ഉള്‍പ്പെടെ മറ്റ് സിന്തറ്റിക് വിവരങ്ങളും ഉയര്‍ത്തുന്ന ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഐടി മന്ത്രാലയം പറഞ്ഞു.

◾  പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ പുറത്തിറക്കാന്‍ ഇരിക്കുന്ന, ചെലവ് കുറഞ്ഞ ഇഎല്‍- പ്ലാറ്റ്‌ഫോം അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടറിന് പേരിട്ടു. ഓഗസ്റ്റ് 29ന് നടക്കുന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേ 2026ല്‍ അവതരിപ്പിക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് കൊണാര്‍ക്ക് എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ അവതരിപ്പിച്ച ഇഎല്‍01 കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും പുതിയ സ്‌കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്മൂത്ത് ബോഡിവര്‍ക്കുകളോട് കൂടിയ ലളിതമായ ഡിസൈന്‍, പരന്ന ഫ്ലോര്‍ ബോര്‍ഡ്, ഉയര്‍ന്ന പിന്‍സീറ്റോട് കൂടിയ നീളമുള്ള ഒറ്റപ്പീസ് സീറ്റ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍. തിരശ്ചീനമായ ഡിആര്‍എല്ലുകളോട് കൂടിയ ചെറിയ എല്‍ഇഡി ഹെഡ്ലാമ്പ് സ്‌കൂട്ടറിന് ആധുനികമായ ഒരു ലുക്ക് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ലക്ഷം രൂപ മുതല്‍ 1.24 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

◾  മാന്ത്രികവടി കറക്കി ഇന്ദ്രജാലക്കാര്‍ കാണികളെ അദ്ഭുതലോകത്ത് എത്തിക്കുന്ന മന്ത്രം, അബ്രകഡാബ്ര! കഥാകാരനാകട്ടെ, നിങ്ങളെ മനുഷ്യമനസ്സിന്റെ നിഗൂഢഭൂമികയിലേക്ക് ആനയിക്കുന്നു. അവിടെ ജീവിതത്തിലെ മാന്ത്രികനിമിഷങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, കാമനകളുണ്ട്, എല്ലാ ജീവിതാസക്തികളുമുണ്ട്. കഥയും കഥാപാത്രങ്ങളും യാദൃച്ഛികം മാത്രമല്ല, യാഥാര്‍ത്ഥ്യവും കൂടിയാകുന്ന ചടുലവും വേറിട്ടതുമായ ആഖ്യാനത്തിലൂടെ കഥാപ്രപഞ്ചത്തിലെ സംഭവവികാസങ്ങളില്‍ വായനക്കാരും ദൃക്‌സാക്ഷികളാകുന്നു; എഴുത്തുകാരന്റെ സ്വപ്നത്തിലെ അദൃശ്യരായ കാണികളും! പുതുതലമുറയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ സുനുവിന്റെ ഏറ്റവും പുതിയ കഥകള്‍. 'അബ്രകഡാബ്ര'. സുനു എ.വി. മാതൃഭൂമി. വില 153 രൂപ.

◾  മഴക്കാലത്ത് ഫംഗസ് ബാധ, ചര്‍മ്മത്തിലെ ചൊറിച്ചില്‍, അലര്‍ജി എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഏകദേശം 30 ശതമാനം വര്‍ധനവുണ്ടാകാറുണ്ട്. ഈ കാലയളവില്‍ കണ്ടുവരുന്ന സാധാരണ പ്രശ്നങ്ങളില്‍ വട്ടച്ചൊറി, അത്‌ലീറ്റ്‌സ് ഫൂട്ട് (പാദങ്ങളിലെ ഫംഗസ് ബാധ), തുടയിടുക്കുകളിലെ ഫംഗസ് ബാധ, ബാക്ടീരിയ മൂലമുള്ള ചര്‍മ്മരോഗങ്ങള്‍, എക്സിമയുടെ തീവ്രത കൂടല്‍ എന്നിവ ഉള്‍പ്പെടുന്നു. മഴക്കാലത്ത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കൃത്യമായ ശുചിത്വം പാലിക്കുന്നതിനൊപ്പം ചര്‍മ്മം ഈര്‍പ്പരഹിതവും ആരോഗ്യകരവുമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നനഞ്ഞ വസ്ത്രങ്ങള്‍ അപ്പപ്പോള്‍ മാറ്റുന്നതും ആന്റിഫംഗല്‍ പൗഡറുകള്‍ ഉപയോഗിക്കുന്നതും വായുസഞ്ചാരം ഉറപ്പാക്കുന്നതും ഇതിന് സഹായകമാകും. കരപ്പന്‍, ചര്‍മ്മവീക്കം അല്ലെങ്കില്‍ മറ്റേതെങ്കിലും ചര്‍മ്മപ്രശ്നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവരില്‍ ഒരാളാണെങ്കില്‍, ഈ മഴക്കാലം അതിനെ കൂടുതല്‍ ജ്വലിപ്പിക്കും. ഈ അവസ്ഥയെ വഷളാക്കിയേക്കാവുന്ന അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കള്‍, രാസവസ്തുക്കള്‍, അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കുക. മഴക്കാലത്ത് ചര്‍മ്മത്തില്‍ അധിക ജലാംശം ഉറപ്പാക്കാന്‍ മിതമായ ക്ലെന്‍സറുകള്‍, ഈര്‍പ്പം സമ്പുഷ്ടമായ ശുദ്ധീകരണ ബാം, ലോഷനുകള്‍ എന്നിവ ഉപയോഗിക്കുക. പലരും ചര്‍മ്മത്തിലെ അണുബാധകള്‍ സ്വയം ചികിത്സിക്കുന്നു. എന്നാല്‍, പ്രത്യേകിച്ച് മഴക്കാലത്ത് ഇത്തരം സ്വയം ചികിത്സ അണുബാധ വഷളാക്കാനും രോഗം ഭേദമാകുന്നത് വൈകിപ്പിക്കാനും ചര്‍മ്മത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കേടുപാടുകള്‍ വരുത്തിവയ്ക്കാനും കാരണമായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.24, പൗണ്ട് - 128.07, യൂറോ - 109.77, സ്വിസ് ഫ്രാങ്ക് - 117.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.02, ബഹറിന്‍ ദിനാര്‍ - 252.30, കുവൈത്ത് ദിനാര്‍ -308.18, ഒമാനി റിയാല്‍ - 247.68, സൗദി റിയാല്‍ - 25.36, യു.എ.ഇ ദിര്‍ഹം - 25.95, ഖത്തര്‍ റിയാല്‍ - 26.00, കനേഡിയന്‍ ഡോളര്‍ - 67.93.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right