Trending

എളേറ്റിൽ സ്വദേശിയായ ഐ.എ.എസ്. ഓഫിസർക്ക് പുതിയ ദൗത്യം; ഡോ.പി.സി ജാഫർ ബംഗളൂരു മെട്രോ മാനേജിങ് ഡയറക്ടർ

ബം​ഗളൂരു: ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പുതിയ മാനേജിങ് ഡയറക്ടറായി മലയാളി ഐഎഎസ് ഓഫീസർ ഡോ. പി.സി ജാഫറിനെ നിയമിച്ചു. കർണാടക ധനകാര്യ വകുപ്പിലെ ബജറ്റ് ആൻഡ് റിസോഴ്സസ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജാഫറിനെ മെട്രോയുടെ പുതിയ അമരക്കാരനായി സർക്കാർ ചുമതലപ്പെടുത്തുന്നത്. 2024 ജനുവരിക്ക് ശേഷം ഈ സുപ്രധാന പദവിയിലെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ഡോ. ജാഫർ. 

മലയാളി ഐഎഎസ് ഓഫിസർക്ക് പുതിയ ദൗത്യം; ഡോ.പി.സി ജാഫർ ബംഗളൂരു മെട്രോ മാനേജിങ് ഡയറക്ടർ 

കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളി കോട്ടക്കൽ സ്വദേശിയായ ഡോ. പി.സി. ജാഫർ 2003 ബാച്ച് കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. അധ്യാപക ദമ്പതികളായ എൻ.കെ. അബൂബക്കറിന്റെയും ആയിഷയുടെയും മകനായ അദ്ദേഹം എംഎ, എംഎഡ്, പിഎച്ച്ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്. എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥിയുമാണ്.

രണ്ട് പതിറ്റാണ്ടിലേറെയായി കർണാടക ഭരണതലത്തിൽ മികച്ച പരിചയസമ്പത്തുള്ള അദ്ദേഹം മണ്ഡ്യ, ബീദർ ജില്ലകളിൽ ഡെപ്യൂട്ടി കമ്മീഷണറായും, കർണാടക ലോകായുക്ത രജിസ്ട്രാറായും, വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ജോയിന്റ് സെക്രട്ടറി തസ്തികയിലേക്കുള്ള നിയമനത്തിനായി മുമ്പ് അദ്ദേഹം എംപാനൽ ചെയ്യപ്പെട്ടിട്ടുമുണ്ട്.

നിലവിലെ എംഡി ഡോ. ജെ. രവിശങ്കർ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ജൂലൈ ആദ്യവാരം മുതൽ ജാഫറിന് ബിഎംആർസിഎല്ലിന്റെ അധിക ചുമതല കർണാടക സർക്കാർ നൽകിയിരുന്നു. രവിശങ്കർ ഒരു വർഷത്തെ സേവനത്തിന് ശേഷം പദവിയിൽ നിന്ന് ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ചുമതലയോടെയുള്ള ഈ പുതിയ നിയമനം.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് പുതിയ എംഡിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മെട്രോ പിങ്ക് ലൈനിന്റെ എലിവേറ്റഡ് ഭാഗം ഉടൻ തുറക്കാനും, ഭൂഗർഭ ഭാഗവും സിൽക്ക് ബോർഡ് ജങ്ഷൻ–കെ.ആർ. പുരം പാതയും 2027 ജനുവരിയിൽ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു. 

ഇതിനൊപ്പം ഹെബ്ബാൾ–കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള പാത, കെ.ആർ. പുരം–ഹെബ്ബാൾ പാത എന്നിവയുടെ നിർമാണം സമയബന്ധിതമായി തീർക്കുക, ഓറഞ്ച് ലൈനിന്റെ സിവിൽ പ്രവൃത്തികൾ ആരംഭിക്കുക, റെഡ് ലൈനിന് കേന്ദ്ര അനുമതി ഉറപ്പാക്കുക എന്നിവയും അദ്ദേഹത്തിന്റെ മുൻഗണനകളിൽ ഉൾപ്പെടുന്നു.

Previous Post Next Post
3/TECH/col-right