2026 | ജൂലൈ 20, തിങ്കള്‍
1201 | കര്‍ക്കടകം 4, അത്തം
◾ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കണമെന്നും പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. തുക നല്‍കാന്‍ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കണം. ചെന്താമര പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം തടവുകൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. അയല്‍വാസിയായ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍പോയ ബോയന്‍ കോളനിയില്‍ ചെന്താമര (53) ജാമ്യത്തിലിറങ്ങിയാണ് അയല്‍വാസി ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെകൂടി വെട്ടിക്കൊന്നത്. സുധാകരന്റെ ഭാര്യ സജിതയെ വധിച്ചതിനു ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.
◾ കണ്ണൂര്‍ ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഡോ എം കെ റാം കുടകില്‍ പിടിയില്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ റാം താടി വളര്‍ത്തി ഒളിവിലായിരുന്നു.
◾ പ്രതിപക്ഷ ബഹളവുമായി പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചു. ദേശീയഗാനമായ 'വന്ദേ മാതര'ത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയത്. ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി വര്‍ധിപ്പിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 131-ാം ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾ അന്നം മുടക്കിയതല്ലെന്നും ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി കിച്ചന്‍ സ്ഥലം കയ്യേറിയതാണു തടയുന്നതെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രി വികസന സമിതി തീരുമാനമാണ് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ സ്ഥലം കൈയേറാനും ബാനര്‍ കെട്ടാനും ഡിവൈഎഫ്ഐക്കോ സേവാഭാരതിക്കോ ഒത്താശ ചെയ്തുകൊടുക്കാനാവില്ല. കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴയില്‍ മാത്രമാണുള്ളത്. മറ്റ് ആശുപത്രിയില്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
◾ മുന്‍മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ധാരണ. സെക്കുലര്‍ കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് കോണ്‍ഗ്രസ് തുടങ്ങിയ പേരുകളാണ് പരിഗണനയില്‍. ഇന്നലെ തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണ.
◾ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെസി വേണുഗോപാലിനെതിരെ ആസൂത്രിത സൈബര്‍ സംഘടിത ആക്രമണം നടക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍. സംഭവത്തില്‍ 5 അക്കൗണ്ടുകള്‍ സഹിതം ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
◾ കൊച്ചിയില്‍ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറില്‍ നിന്നെത്തിയ 9 ആണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന ബീഹാര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് 40 സിഎന്‍ജി സിലിണ്ടര്‍ നിറച്ച ലോറി മറിഞ്ഞ് ഒമ്പതു പേര്‍ക്കു പരിക്ക്. പാലക്കാട് വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സിഎന്‍ജി വാതകം ഉഗ്ര ശബ്ദത്തോടെ പുറത്തേക്കു തള്ളിയതുമൂലം ഡ്രൈവര്‍ക്കും സഹായിക്കും പൊള്ളലേറ്റു. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റു.
◾ പാലക്കാട് ധോണി ആന പരിപാലന കേന്ദ്രത്തില്‍ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് പരിക്ക്. കുങ്കിയാന അഗസ്ത്യന്റെ രണ്ടാം പാപ്പാനായ ബൊമ്മന് ആണ് പരിക്കേറ്റത്. തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോള്‍ കൊമ്പ് തുളച്ചുകയറുകയായിരുന്നു. ശ്വാസകോശത്തിനും കരളിനുമാണ് ഗുരുതര പരിക്കേറ്റ ബൊമ്മനെ തൃശൂര്‍ മെഡിക്കന്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ടു പരാതി നല്‍കി. അഭിഭാഷകനൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. പാസ്പോര്‍ട്ടും അക്കൗണ്ടിലെ 10 ലക്ഷവും പിതാവ് കൈക്കലാക്കിയെന്നും മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നുവെന്നും പരാതിയില്‍ പറയുന്നു.
◾ ഒറ്റപ്പാലം മണ്ണൂരില്‍ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്നു പേര്‍ ഉള്‍പ്പെടെ പതിനഞ്ചോളം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു.
◾ വിഎസിനെക്കുറിച്ച് അനുസ്മരണവുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. 'മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം' എന്ന തലക്കെട്ടോടെ കെ.വി സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ ഓര്‍മ്മക്കുറിപ്പുകളാണ് വാരാന്തപ്പതിപ്പിലുള്ളത്. പിറകിലെ പേജില്‍ നാടകം സംബന്ധിച്ചു 'കള്ളന്‍ വിജയന്‍' എന്ന ലേഖനം ഒഴിവാക്കി പുതുതായി അച്ചടിച്ച വാരാന്തപ്പതിപ്പാണ് വിതരണം ചെയ്തത്.
◾ മലപ്പുറം ചേലേമ്പ്രയിലെ പെരുമണ്ണശ്ശേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മഹോദയപുരം ചേരപ്പെരുമാള്‍ കോതരവിയുടെ പേര് പരാമര്‍ശിക്കുന്ന ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ലിഖിതം കണ്ടെത്തി. ക്ഷേത്രത്തിനകത്ത് നമസ്‌കാരമണ്ഡപത്തിനു വടക്കുഭാഗത്ത് സ്ഥാപിച്ച കല്ലിലാണ് വട്ടെഴുത്ത് ലിപിയിലുള്ള രേഖ. 120 സെന്റീമീറ്റര്‍ ഉയരവും അടിഭാഗത്ത് 50 സെന്റീമീറ്ററും മുകളില്‍ 36 സെന്റീമീറ്ററും വീതിയുള്ള കല്ലിന്റെ ഇരുപുറത്തും ലിഖിതം കൊത്തിവച്ചിട്ടുണ്ട്.
◾ തിരഞ്ഞെടുപ്പുഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെപ്പറ്റി ബി.ജെ.പി വിശദപരിശോധന നടത്തും. വിദേശയാത്രകഴിഞ്ഞ് സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇന്ന് എത്തുന്നതോടെ പരാതികള്‍ പരിശോധിക്കും.
◾ കൊച്ചി നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായ വൈറ്റിലയില്‍ പ്രത്യേക പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ വൈറ്റില പ്രദേശം മരട്, കടവന്ത്ര, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തികളിലായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ് എത്തിച്ചേരാന്‍ കാലതാമസം നേരിടുന്നതായാണ് നാട്ടുകാരുടെ പരാതി.
◾ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇടുക്കി കുമളി സ്വദേശി പ്രിന്‍സ് എബ്രഹാമിനെ ആലുവ പൊലീസ് അറസ്റ്റു ചെയ്തു. മദ്യം നല്‍കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
◾ കോരിച്ചൊരിയുന്ന മഴയത്ത് 20 മണിക്കൂര്‍ കിണറ്റിനുള്ളില്‍ മരണത്തോട് മല്ലടിച്ച അറുപതുകാരിയായ വീട്ടമ്മയെ ഒടുവില്‍ അഗ്‌നിശമന സേന രക്ഷിച്ചു. പൊലിക്കോട് രാഹുല്‍ ഭവനില്‍ രാധാമണിയമ്മയ്ക്കാണ് പുതുജന്മം ലഭിച്ചത്. കഴിഞ്ഞ ദിവസം മുളയറച്ചാല്‍ വെളമാനൂര്‍കോണം ഭാഗത്തെ കുടുംബ പുരയിടത്തിലെ കിണറിലാണ് ഇവര്‍ വീണത്.
◾ ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആയൂര്‍ സ്വദേശി ആര്‍ രഞ്ജിത് കുമാര്‍ ആണ് (39) മരിച്ചത്. രഞ്ജിത് കുമാര്‍ സഞ്ചരിച്ച അഗ്നിരക്ഷാവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
◾ പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ വേണമെന്നും തടസമുണ്ടാക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയിലെ ചര്‍ച്ചകള്‍ വസ്തുതകളിലും യുക്തിയിലും അധിഷ്ഠിതമായിരിക്കണം, ശാന്തമായ പെരുമാറ്റത്തിലൂടെ ശബ്ദം ഫലപ്രദമായി കേള്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ അയോധ്യയില്‍ കാണിക്കക്കൊള്ള നടത്തിയത് ട്രസ്റ്റ് ഭാരവാഹികളല്ല, പണമെണ്ണിയ ജീവനക്കാര്‍ മാത്രമെന്ന് പ്രത്യേക അന്വേഷണ സംഘം. ട്രസ്റ്റ് അംഗങ്ങള്‍ക്കു പറ്റിയത് മേല്‍നോട്ടത്തിലെ വീഴ്ചയാണെന്നും നിയമനങ്ങളില്‍ ചിലര്‍ വഴിവിട്ട് ഇടപെട്ടെന്നും എസ്ഐടി കണ്ടെത്തി. അയോധ്യയിലെ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
◾ യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള ബി.ജെ.പി.ക്കെതിരേ പ്രചാരണായുധമാക്കാന്‍ സമാജ് വാദിപാര്‍ട്ടിയും കോണ്‍ഗ്രസ്സുമടക്കമുള്ള പ്രതിപക്ഷം. അയോധ്യയും മധുരയും കാശിയും കുംഭമേളയുമടക്കമുള്ള വിഷയമുയര്‍ത്തി ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള ബി.ജെ.പി തന്ത്രത്തെ പ്രതിരോധിക്കാനാണു നീക്കം.
◾ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രവര്‍ത്തകരുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞ ജന്തര്‍ മന്തറില്‍ ലാത്തിച്ചാര്‍ജ്. പ്രദേശം യുദ്ധക്കളമായി. കനത്ത മഴയും, പോലീസ് സന്നാഹങ്ങളും ഉണ്ടെങ്കിലും പാറ്റകളെ ഇന്ന് തടസപ്പെടുത്താനാവില്ലെന്ന് സിജെപി എക്സ് പോസ്റ്റില്‍ അറിയിച്ചു.
◾ നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയോ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംപിമാരും പാര്‍ട്ടി നേതാക്കളും ഉറപ്പു നല്‍കുകയോ ചെയ്താല്‍ സമരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.
◾ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്‍പു നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1 ന്റെ വിക്ഷേപണം വിജയകരമായതില്‍ സ്വകാര്യ സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ടിനെ അഭിനന്ദിക്കവേയാണ് വിവാദ പരാമര്‍ശം. 'ഇന്ത്യയിലെ യുവത്വം ബഹിരാകാശത്തേക്കുള്ള പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സ്‌കൈറൂട്ട് സ്റ്റാര്‍ട്ടപ്പ് ടീമിലെ അംഗങ്ങളുടെ ശരാശരി പ്രായം 28 ആണ്. ഞാന്‍ സംസാരിക്കുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല.' മോദി പറഞ്ഞു.
◾ നീറ്റ് ഫലത്തില്‍ പരാതിയുമായി കൂടുതല്‍ പരീക്ഷാര്‍ത്ഥികള്‍. ഒഎംആര്‍ ഷീറ്റില്‍ 609 മാര്‍ക്ക് എന്നു കാണിച്ച ഫലം വെബ്‌സൈറ്റില്‍ ആദ്യം 540 ഉം പിന്നീട് 167 ആയും കുറഞ്ഞതായാണ് കാന്‍പൂര്‍ സ്വദേശിനിയായ ഉദ്യോഗാര്‍ത്ഥി ആര്യ സിംഗ് ആരോപിക്കുന്നത്. അടിസ്ഥാനരഹിതമായ പരാതി എന്നാണ് എന്‍ടിഎ വിശദമാക്കുന്നത്.
◾ ആന്ധ്രാപ്രദേശില്‍ കൊവിഡിന്റെ ഒമിക്രോണ്‍ ആര്‍എഫ്-5 വകഭേദം കണ്ടെത്തി. കഴിഞ്ഞ ദിവസം പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍.
◾ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ണായക നിയമനിര്‍മാണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. വിവാഹം, അനന്തരാവകാശം, ലിവ്-ഇന്‍ റിലേഷന്‍ എന്നിവ സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള നിയമത്തില്‍നിന്ന് പട്ടികവര്‍ഗ വിഭാഗങ്ങളെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
◾ തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കൈയില്‍ കിട്ടിയാല്‍ എല്ലൊടിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഡിഎംകെ നേതാവും വിലാത്തിക്കുളം എംഎല്‍എയുമായ ജി വി മാര്‍ക്കണ്ഡേയനെ പൊലീസ് അറസ്റ്റു ചെയ്തു. കോവില്‍പ്പട്ടിയില്‍ നടന്ന പൊതുസമ്മേളനത്തിനിടെയാണ് വിജയ്ക്കെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചത്.
◾ ത്രിപുര ഡിജിപി അനുരാഗ് ധങ്കര്‍ മരിച്ച നിലയില്‍. അഗര്‍ത്തലയിലെ പൊലീസ് ആസ്ഥാനത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അനുരാഗ് ധങ്കര്‍.
◾ ഹൈദരാബാദില്‍ പ്രൊബേഷനിലുള്ള വനിതാ ഐപിഎസ് ഓഫീസര്‍ ട്രെയിനിയുടെ പരാതിയില്‍ സഹപ്രവര്‍ത്തകനെതിരേ പൊലീസ് കേസെടുത്തു. ഐപിഎസ് ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരേയാണു കേസെടുത്തത്. നിരന്തരം ശല്യപ്പെടുത്തിയെന്നും മോശംരീതിയില്‍ പെരുമാറിയെന്നും ഉപദ്രവിച്ചെന്നും സ്വകാര്യവീഡിയോ പകര്‍ത്തിയെന്നുമാണ് 30-കാരിയായ ഐപിഎസ് ട്രെയിനിയുടെ പരാതി.
◾ ലോകകപ്പ് ഫൈനലില്‍ സ്പെയിനിനോട് തോറ്റ അര്‍ജന്റീന താരങ്ങള്‍ കളിക്കു ശേഷം സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടി. മത്സരത്തിനിടെ എന്‍സോ ഫെര്‍ണാണ്ടസിന് ലഭിച്ച ചുവപ്പ് കാര്‍ഡിന് പുറമെ, കളി കഴിഞ്ഞ് നടന്ന കൈയാങ്കളിക്കിടെ അര്‍ജന്റീനയുടെ പരേഡസിനെ ചുവപ്പ് കാര്‍ഡ് ലഭിച്ചു. നാടകീയ രംഗങ്ങള്‍ക്കിടയില്‍ പലരും ഇത് ശ്രദ്ധിച്ചില്ല.
◾ ലോകകപ്പ് ഫുട്ബോള്‍ ജേതാക്കളായ സ്പെയിന്‍ ക്യാപ്റ്റന്‍ റോഡ്രിക്ക് ട്രോഫി സമ്മാനിച്ചിട്ടും വേദി വിട്ടിറങ്ങാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒടുവില്‍ ട്രംപിനെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്റിനോ ഇടപെട്ടാണ് വേദിയില്‍നിന്ന് മാറ്റിയത്. എന്നിട്ടും ട്രംപ് ക്യാമറ ഫ്രെയിമില്‍ നിന്ന് പുറത്തുപോകാതെ നിന്നു. സമ്മാന വിതരണത്തിനായി ട്രംപും ഇന്‍ഫന്റീനോയും ഗ്രൗണ്ടിലേക്ക് എത്തിയപ്പോള്‍ കാണികള്‍ കൂകി വിളിച്ചാണു വരവേറ്റത്.
◾ യുഎസ് പണനയ സമിതി ഉടച്ചുവാര്‍ക്കുന്ന പുതിയ സമിതിയില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. പുതിയതായി നിയമിതനായ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ഇതിനായി അഞ്ച് പ്രത്യേക സമിതികള്‍ രൂപീകരിച്ചു. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ ദൗത്യസംഘങ്ങളില്‍ പ്രധാന പങ്ക് വഹിക്കും. ഏറെക്കാലമായി പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം. 2013 മുതല്‍ 2016 വരെ ആര്‍ബിഐ ഗവര്‍ണറായി സേവനമനുഷ്ഠിച്ച രാജന്‍, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ ചീഫ് ഇക്കണോമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ നിലവിലെ ബാലന്‍സ് ഷീറ്റ് സംവിധാനത്തിന്റെ ചെലവുകള്‍, ഗുണങ്ങള്‍, പ്രത്യാഘാതങ്ങള്‍ എന്നിവ പരിശോധിക്കുക. ഫെഡിന്റെ ആസ്തി കൈവശം വയ്ക്കല്‍, പണ നയം നടപ്പിലാക്കുന്നതില്‍ അവയുടെ പങ്ക് എന്നിവ വിലയിരുത്തുക തുടങ്ങിയവയാണ് ദൗത്യം.
◾ ഓപ്പണ്‍ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി. ഓപ്പണ്‍ എ.ഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്. എ.ഐയില്‍ ജോലി ചെയ്തിരുന്ന ഉദയ് കഴിഞ്ഞ വര്‍ഷമാണ് ഓപ്പണ്‍ എ.ഐയില്‍ ടെക് എക്‌സിക്യുട്ടീവ് ആയി ചേര്‍ന്നത്. ഉദയ് രുദ്ദരാജു തന്നെയാണ് ഈ വിവരം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. 25000-ത്തില്‍ അധികം ജിപിയു ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സ്.എ.ഐയുടെ എ.ഐ.സൂപ്പര്‍ കംപ്യൂട്ടറായ കൊളോസസ് വികസിപ്പിച്ചത് രുദ്ദരാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഓപ്പണ്‍ എ.ഐയില്‍ എത്തി ഒരുവര്‍ഷം പിന്നിട്ടതോടെയാണ് സ്ഥാനക്കയറ്റം ലഭിക്കുന്നത്. കമ്പനിയുടെ നെക്സ്റ്റ് ജനറേഷന്‍ എ.ഐ. മോഡലുകള്‍ക്കുള്ള കംപ്യൂട്ടിങ് സൗകര്യങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.
◾ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ജൂലൈ 31-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തീര്‍ത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
◾ ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത്. ഈ കുടുംബത്തിന്റെ പിന്നാമ്പുറങ്ങളില്‍ എന്തെങ്കിലും ഒളിപ്പിച്ചിരിക്കുന്നോ എന്നതാണ് പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍ ജയ്സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയന്‍ എന്നിവരും പ്രധാന താരങ്ങളാണ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
◾ രാജ്യത്ത് സ്‌കൂട്ടര്‍ വില്പനയില്‍ പുതിയ റെക്കോഡുകള്‍ സമ്മാനിച്ച് 2026ന്റെ ആദ്യ പകുതി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 44,20,634 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ 33,12,649 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ആറുമാസങ്ങളില്‍ അഞ്ചിലും പ്രതിമാസ വില്‍പന 7 ലക്ഷം യൂണിറ്റുകള്‍ക്ക് മുകളിലായിരുന്നു. വിറ്റഴിക്കപ്പെട്ട ആകെ 1.14 കോടി ഇരുചക്ര വാഹനങ്ങളില്‍ 39 ശതമാനവും സ്‌കൂട്ടറുകളാണ്. ബൈക്കുകളുടെ വിപണി വിഹിതം 62 ശതമാനത്തില്‍ നിന്ന് 59 ശതമാനമായി കുറഞ്ഞു. 16.2 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് 37% വിപണി വിഹിതം സ്വന്തമാക്കി ഹോണ്ടയാണ് മുന്നില്‍. രണ്ടാംസ്ഥാനത്തുള്ള ടിവിഎസ് മോട്ടോര്‍ 32 ശതമാനം വളര്‍ച്ചയോടെ 12.6 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. 28 ശതമാനം വിപണി വിഹിതം സ്വന്തമാക്കി. സുസുക്കി (13 ശതമാനം), ഹീറോ മോട്ടോര്‍കോപ് (8 ശതമാനം), ബജാജ് ഓട്ടോ (5 ശതമാനം) കമ്പനികളാണ് തൊട്ടുപിന്നിലുള്ളത്.
◾ ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് 'അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ' കഥ. അമ്മയ്ക്ക് ഭര്‍ത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ ദൈവകരത്തില്‍ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിര്‍ഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം. 'ഈഡിപ്പസ് രാജാവ്'. പി.ജെ തോമസ്. എച്ചആന്‍ഡ്സി ബുക്സ്. വില 95 രൂപ.
◾ ഉറക്കം കൂടുന്നതും ആരോഗ്യം തകരാറിലാക്കുമെന്ന് പഠനം. രാത്രികാലങ്ങളില്‍ ഉറക്കം കൂടുന്നത് അല്‍സ്ഹൈമേഴ്സ് സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. ടെക്സാസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ശരാശരി എഴുപതു വയസ്സു പ്രായമുള്ള 2410 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 8.5 മുതല്‍ ഒമ്പതുമണിക്കൂര്‍ വരെ ഉറങ്ങിയവരില്‍ ഫോസിഫോറിലേറ്റഡ് സു 181 എന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരുന്നു. ഇത് അല്‍സ്ഹൈമേഴ്സ് സാധ്യത കൂട്ടുന്ന ഘടകമാണ്. ദിവസവും പത്തുമണിക്കൂറിലേറെ കിടന്നുറങ്ങുന്നവരില്‍ ഈ പ്രോട്ടീന്റെ കുത്തനെ കൂടുകയാണെന്നും പഠനം പറയുന്നു. എല്ലായ്പ്പോഴും കൂടുതലുറങ്ങുന്നുവെന്നത് ആരോഗ്യകരമാണെന്ന് കരുതരുതെന്നും മറിച്ച് മസ്തിഷ്‌കാരോഗ്യത്തെ തകരാറിലാക്കുകയാണ് ചെയ്യുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. വിഷാദം ബാധിച്ചവരില്‍ ഉറക്കം കൂടുന്നതിനനുസരിച്ച് അല്‍സ്ഹൈമേഴ്സ് സാധ്യത വീണ്ടും കൂടുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നുണ്ട്. മനുഷ്യമസ്തിഷ്‌കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതുമായ മറവിരോഗം ആണ് അല്‍സ്ഹൈമേഴ്‌സ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.41, പൗണ്ട് - 129.90, യൂറോ - 110.36, സ്വിസ് ഫ്രാങ്ക് - 119.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.52, ബഹറിന്‍ ദിനാര്‍ - 256.05, കുവൈത്ത് ദിനാര്‍ -311.58, ഒമാനി റിയാല്‍ - 250.73, സൗദി റിയാല്‍ - 25.66, യു.എ.ഇ ദിര്‍ഹം - 26.27, ഖത്തര്‍ റിയാല്‍ - 26.41, കനേഡിയന്‍ ഡോളര്‍ - 68.81.
Tags:
KERALA