Trending

കൊടുവള്ളിയെ കേരളത്തിലെ ഒന്നാം നമ്പർ മണ്ഡലമാക്കി മാറ്റും:പി.കെ.ഫിറോസ് എം.എൽ.എ.

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തെ കേരളത്തിലെ ഒന്നാം നമ്പർ മണ്ഡലമാക്കി മാറ്റുമെന്ന് പി.കെ. ഫിറോസ് എം.എൽ.എ.പറഞ്ഞു. എം.എൽ.എ.യ്ക്ക് കൊടുവള്ളി പ്രസ് ക്ലബ്ബ് നൽകിയ സ്വീകരണ പരിപാടിയിൽ വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ച് 
സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊടുവള്ളിയുടെ പൈതൃകം സംരക്ഷിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുകയും കൊടുവള്ളിയുടെ വിദ്യാഭ്യാസ കലാ കായിക രംഗത്തെ പുതിയ തലത്തിലേക്കുയർത്തുന്നതിന് പദ്ധതികൾ നടപ്പാക്കും. എ.ഐ, റോബോട്ടിക്സ് ഉൾപ്പെടെയുളള നൂതന വിദ്യാഭ്യാസ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് പരിശീലനം നൽകും.

ഡിജിറ്റൽ സർവേകൾ പൂർത്തീകരിക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തും. ഇതിലൂടെ പുഴകളിലെ കയ്യേറ്റങ്ങൾ കണ്ടെത്തി തിരിച്ചു പിടിക്കും. സാധ്യതകൾ പരിഗണിച്ച് പുഴയോരങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കും.
കൊടുവള്ളി, എളേറ്റിൽ, ഓമശ്ശേരി തുടങ്ങിയ പ്രധാന ടൗണുകളിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ നടത്തും.

ടൂറിസത്തിന് സാധ്യത കൽപ്പിക്കുന്ന  കരൂഞ്ഞിമല, നെടുമല, കിഴക്കോത്ത്, ഓമശ്ശേരി പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി മികച്ച ടൂറിസം പദ്ധതികൾക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കും. കൊടുവള്ളിയിൽ സാംസ്കാരിക കേന്ദ്രം നിർമിക്കാൻ നടപടി സ്വീകരിക്കും. കൊടുവള്ളി ടൗൺ സൗന്ദര്യവത്കരണം നടപ്പാക്കുകയും പാതയോരങ്ങളിൽ വിശ്രമ കേന്ദ്രങ്ങളും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുകയും ചെയ്യും. 

വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഭൂമിയും കെട്ടിടവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. പ്രവാസികൾക്കും പ്രൊഫഷണലുകൾക്കും ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിന് സംവിധാനമൊരുക്കുമെന്നും എം.എൽ.എ. പറഞ്ഞു. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും എം.എൽ.എ.യ്ക്ക് നൽകി. പ്രസ് ക്ലബ്ബിന്റെ ഉപഹാരം എം.എൽ.എയ്ക്ക് കൈമാറി.

ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ് വാവാട് അധ്യക്ഷനായി. കെ.കെ.എ.ജബ്ബാർ , എം. അനിൽകുമാർ , കെ.കെ.ഷൗക്കത്ത് , ഒ.കെ.ഷംസീർ ഷാൻ, എ.കെ. ലോഹിതാക്ഷൻ, വി.ആർ.അഖിൽ, കെ.ടി.റഊഫ്, എൻ.പി.എ.മുനീർ എന്നിവർ സംസാരിച്ചു. ഒ.കെ.ഷംസീർ ഷാൻ സ്വാഗതവും, എൻ.പി.എ.മുനീർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right