Trending

പ്രഭാത വാർത്തകൾ

2026  ജൂണ്‍ 26 , വെള്ളി 
1201  മിഥുനം 12, വിശാഖം
1448 മുഹറം 10

◾  കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് ആയിരം രൂപയുടെ വര്‍ധന. ഫീസ് 1500 രൂപയില്‍നിന്ന് 2,500 രൂപയായി. 18 വയസിനു മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസ്സുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും പുതിയ നിരക്ക്. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിന് ഫീസ് 5000 രൂപയായി വര്‍ദ്ധിപ്പിച്ചു.

◾  എസ്എഫ്‌ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ചതിനു സംസ്ഥാന ഭാരവാഹികള്‍ അടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബ്ലേഡ് കൊണ്ട് ബാരിക്കേഡ് കെട്ടിയ കയര്‍ അറുത്തുവെന്നാണ് എഫ്‌ഐആര്‍. ഇതുമൂലം പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും പൊലീസ് പറയുന്നു.

◾  ഇന്നു മുഹറം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.

◾  ഇന്ത്യയില്‍ 1.23 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് അമേരിക്കന്‍ കമ്പനി ആമസോണ്‍. കഴിഞ്ഞ ഡിസംബറില്‍ 3.3 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. നിക്ഷേപത്തോടെ നാലു വര്‍ഷത്തിനകം ഇന്ത്യയില്‍ 38 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.



◾  മദ്യനയം സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. കുറഞ്ഞ നികുതിക്കു വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ ചട്ടഭേദഗതി കൊണ്ടുവന്നത് എല്‍ഡിഎഫ് ആണ്. യുഡിഎഫിന്റെ മദ്യനയമാണു സര്‍ക്കാര്‍ നടപ്പാക്കുക. ജവാന്റെ ഉത്പാദനം ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ നര്‍ത്തിവയ്ക്കുന്നത് ആരെ സഹായിക്കാനാണെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

◾  വീര്യം കുറഞ്ഞ മദ്യത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തത് ബെക്കാര്‍ഡി കമ്പനിയുടെ ആവശ്യ പ്രകാരമെന്ന് രേഖകള്‍. 2021 ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് ബെക്കാര്‍ഡി കമ്പനി നല്‍കിയ കത്ത് പുറത്തായി. വീര്യം കുറഞ്ഞ മദ്യം സ്ത്രീ സൗഹൃദമെന്നാണു ബെക്കാര്‍ഡി കമ്പനി കത്തില്‍ പറയുന്നത്. ഈയിനം കേരളത്തില്‍ വില്‍ക്കാത്തതിനാല്‍ ഇവന്റുകള്‍ ഗോവയിലേക്ക് മാറുന്നുവെന്ന് ബെക്കാര്‍ഡി ചൂണ്ടിക്കാട്ടി. ഇതോടെയാണ് എം.വി. ഗോവിന്ദന്‍ തുടര്‍ നടപടിക്ക് നികുതി വകുപ്പു സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയത്.

◾  സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഉന്തിലും തള്ളിലുംപെട്ട് മേയര്‍ അടക്കമുള്ളവര്‍ നിലത്തുവീണു. മേയര്‍ വി.വി. രാജേഷിന്റെ കാലില്‍ പ്ളാസ്റ്ററിട്ടു. സംഘര്‍ഷത്തില്‍ സി.പി.എം, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു.

◾  പിണറായി വിജയന്റെ മകള്‍ വീണ വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തതു. 29 ന് ഹാജരാകാനായിരുന്നു വീണയ്ക്കു നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, അന്നു വരാനാവില്ലെന്ന് അറിയച്ചതിനാലാണ് മൊഴിയെടുക്കല്‍ ഇന്നലെ നടത്തിയത്.

◾  പിണറായി വിജയന്റെ വീടിനു മുന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കക്ഷി ചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. ഇന്നലെ പ്രൊസിക്യൂട്ടര്‍ ഒത്താശ ചെയ്തതിനാല്‍ കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ് അപ്പീല്‍ നല്‍കും.

◾  എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താനുള്ള ഫീസ് 30 രൂപയില്‍നിന്ന് 150 രൂപയായി വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

◾  ഹൈഡ്രജന്‍ ബസ്സുകള്‍ കേരളത്തിലേക്ക് എത്തിക്കുമെന്നും ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്നും മന്ത്രി സി.പി. ജോണ്‍.  ഡല്‍ഹിയില്‍ ഹൈഡ്രജന്‍ ബസ്സില്‍ യാത്ര ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

◾  പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും നിലപാട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ അറിയിക്കാന്‍ മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പരിസ്ഥിതി സെക്രട്ടറി എം.ജി. രാജമാണിക്യം ഉള്‍പ്പെടെ പരിസ്ഥിതി - കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

◾  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനുള്ള വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ പുതിയ നാമനിര്‍ദേശം സമര്‍പ്പിക്കണമെന്ന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള പ്രതിനിധി ടി. ആര്‍. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെതിരേ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി. ആര്‍ പാട്ടീലിന് കത്തയച്ചിരുന്നു. കേരളത്തിന്റെ വിദഗ്ധന്റെ പേര് ഉടനെ നാമനിര്‍ദേശം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

◾  കാട്ടാനയെ തടയാന്‍ വനാതിര്‍ത്തിയിലെ ചക്ക പാകമാകുംമുമ്പേ വനം വകുപ്പ് വാങ്ങി വിണിയിലെത്തിക്കാന്‍ പദ്ധതി. അടുത്ത സീസണില്‍ പദ്ധതി ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ഇടിച്ചക്ക ശേഖരിക്കാനാണു പരിപാടി. കൃഷി വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു.

◾  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം മദ്യ വ്യാപനത്തിന് കാരണമാകുമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കള്‍. ഈ നിര്‍ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ലഹരി വ്യാപനത്തെ ചെറുക്കുമെന്നും നേതാക്കള്‍.

◾  കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എഫ്.സി.ആര്‍.എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ്.സി.ആര്‍.എ ചട്ടഭേദഗതിയെന്ന് അദ്ദേഹം ചോദിച്ചു.

◾  കേരളത്തില്‍ സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനത്തിന് അവസരമൊരുക്കിയത് എല്‍എഡിഎഫ് സര്‍ക്കാരെന്നു കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  പൊതുമേഖലയില്‍ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴിയെന്ന എല്‍ഡിഎഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യവത്കരണം നടത്തിയതു യുഡിഎഫ് സര്‍ക്കാരാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ പറഞ്ഞു.

◾  കെപിസിസി അധ്യക്ഷന്‍ സ്ഥാനത്തിന് അവകാശവാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി വാഴയ്ക്കന്‍ കൂടിക്കാഴ്ച നടത്തും.

◾  കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളില്‍ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് വനം വകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു. ആനയെ മയക്കുവെടിവച്ചാണ് റേഡിയോ കോളര്‍ ഘടിപ്പിച്ചത്.

◾  ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്റെ പിടിയില്‍. ഞാറയ്ക്കല്‍ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം പിടികൂടിയത്.

◾  പഞ്ചായത്തില്‍ 30 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് പിടികൂടി. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റും ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിന്‍ കെ ഷിബു (32) ആണു പിടിയിലായത്.

◾  മദ്രസയിലെ പതിന്നാലു കുട്ടികളെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദ് ആണ് പിടിയിലായത്. പോലീസ് ബിഹാറില്‍ിന്നാണ് പ്രതിയെ പിടികൂടിയത്.

◾  ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് അന്ത്യോദയ അന്നയോജന വഴി പ്രതിമാസം നല്‍കുന്ന 35 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏഴു കിലോഗ്രാമായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 2013 ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യും.

◾  അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിനു രൂപയുടെ സംഭാവന തട്ടിപ്പില്‍ യുപി പൊലീസ് എട്ടു പേര്‍ക്കെതിരേ കേസെടുത്തു. ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്റെ പരാതിയിലാണ് കേസെടുത്തത്.

◾  കന്നഡ നടി കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ വ്യവസായി മരിച്ച നിലയില്‍. ബെംഗളൂരു ഗിരിനഗര്‍ സ്വദേശിയായ വൈശാഖ് എന്ന മുപ്പത്താറുകാരനാണ് ആര്‍.ആര്‍ നഗറിലുള്ള നടിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചത്. കുറച്ചു ദിവസമായി വൈശാഖ് ഈ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം.

◾  ജമ്മുവില്‍ ട്രാഫിക് ലംഘിച്ചതിന് കരസേനാ ഉദ്യോഗസ്ഥന്റെ വാഹനം പിടിച്ചെടുത്തതിനു പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി പോലീസുകാരെ മര്‍ദിച്ച കരസേനയുടെ കമാന്‍ഡിങ് ഓഫീസറടക്കം 40 സൈനികര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 17 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ എന്‍ അരുണ്‍ ഗാന്ധി, മേജര്‍ വികാസ് ശര്‍മ്മ, നായിബ് സുബേദാര്‍ ശങ്കര്‍ ഗുര്‍ഖേ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരേയാണു കേസ്.

◾  എഫ്‌സിആര്‍എ ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് കെ സി വേണുഗോപാല്‍ എംപി. ചട്ടഭേദഗതി ഉടനേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.

◾  തമിഴ്നാട് മുന്‍ മന്ത്രി ഇവി വേലുവിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 40 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തു. 2022 ല്‍ കരൂരിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ്. പണി നടക്കാതെ ഏഴു കോടി രൂപ കരാറുകാരന് നല്‍കിയെന്നും നിര്‍മാണക്കരാറിന് പിന്നാലെ പണി തുടങ്ങും മുന്‍പേ 77 ശതമാനം തുകയും കൈമാറിയെന്നും വിജിലന്‍സ് കണ്ടെത്തി.

◾  ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടോയെന്നു സംശയമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് നടന്ന ഈ ആക്രമണത്തില്‍ ആരുടെ ഭാഗത്താണ് പിഴവെന്ന് കണ്ടെത്താനാവില്ല. പല രാജ്യങ്ങളും മിസൈല്‍ ആക്രമണം നടത്തിയിരുന്നെന്ന് ട്രംപ്.

◾  യെമനില്‍ കാറില്‍ ബോംബുവച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി. സൗദി അറേബ്യയിലെ അല്‍ അറേബ്യ ടെലിവിഷന്റെ കറസ്‌പോണ്ടന്റ് മുഹമ്മദ് അയ്ദ ആണ് കൊല്ലപ്പെട്ടത്. യെമനി മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം.

◾  വെനസ്വേലയില്‍ ഒന്നിന് പുറകേ ഒന്നായി രണ്ട് അതിശക്ത ഭൂചലനം. കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. 974 പേര്‍ക്കു പരിക്കേറ്റു.  

◾  40 വര്‍ഷം മുമ്പ് കാനഡയിലുണ്ടായ കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ ആയിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കാനഡ. 1985 ജൂണ്‍ 23ന് എയര്‍ ഇന്ത്യ വിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് 329 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു.

◾  ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് ഇക്വഡോര്‍. 77-ാം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റ നേടിയ ഗോളാണ് ഇക്വഡോറിന് നിര്‍ണ്ണായക വിജയവും നോക്കൗട്ട് പ്രതീക്ഷയും സമ്മാനിച്ചത്. രണ്ടാം മിനിറ്റില്‍ ലെറോയ് സാനെയുടെ ഗോളിലൂടെ ജര്‍മ്മനി മുന്നിലെത്തി. എന്നാല്‍, ഒമ്പതാം മിനിറ്റില്‍ നില്‍സണ്‍ അങ്കുലോയിലൂടെ ഇക്വഡോര്‍ തിരിച്ചടിച്ചു. തുടര്‍ന്ന് സമനിലയില്‍ പിരിഞ്ഞേക്കുമെന്ന് കരുതിയ മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് പ്ലാറ്റയിലൂടെ ഇക്വഡോര്‍ വിജയഗോള്‍ കണ്ടെത്തിയത്.

◾  ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഇ യില്‍ കുറസോവയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പിച്ച് ഐവറി കോസ്റ്റ് നോക്കൗട്ട് യോഗ്യതയും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും നേടി. തുടക്കത്തില്‍തന്നെ ഐവറി കോസ്റ്റിന്റെ ദിയോമണ്ടെ കൈമാറിയ പന്ത് പെപ്പെ വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ സന്താരെ നല്‍കിയ പന്തും പെപ്പെ തന്നെയാണു ഗോളാക്കിയത്.

◾  വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് 5 വിക്കറ്റിന്റെ വിജയം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫൊര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 16.5 ഓവറില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം 19 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. 34 പന്തില്‍ 53 റണ്‍സോടെ ഇന്ത്യന്‍ ഇന്നിങ്സിന് വെടിക്കെട്ട് തുടക്കം നല്‍കിയ ഓപ്പണര്‍ ഷഫാലി വര്‍മ്മയാണ് മത്സരത്തിലെ താരം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയക്കു പിന്നില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ ഓസീസിനെ നേരിടും.

◾  മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനും സിഇയുമായ യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന് ആഗോള സാമ്പത്തിക വിപണിയില്‍ വന്‍ നേട്ടം. കമ്പനി ആദ്യമായി പുറത്തിറക്കിയ 'സുക്കൂക്' (ഇസ്ലാമിക് ബോണ്ട്) വഴി 4,708 കോടി രൂപ (500 മില്യണ്‍ യുഎസ് ഡോളര്‍) വിജയകരമായി സമാഹരിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ ആകെ 14,124 കോടി രൂപയുടെ (1.5 ബില്യണ്‍ യുഎസ് ഡോളര്‍) ബോണ്ട് പദ്ധതിയുടെ ഭാഗമായാണ് 5 വര്‍ഷത്തെ കാലാവധിയുള്ള സുക്കൂക് പുറത്തിറക്കിയത്. ബോണ്ടുകള്‍ ജൂലൈ ഒന്നിന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരത്തിനായി ലിസ്റ്റ് ചെയ്യും. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഒരു ഹെല്‍ത്ത്‌കെയര്‍ കമ്പനി 2018-ന് ശേഷം പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്.

◾  വിദേശ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കും സാങ്കേതിക സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബേണ്‍സ്റ്റൈന്‍. കൃത്യമായ പ്രതിരോധ നടപടികള്‍ ഇല്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യ ഒരു 'എ.ഐ ബ്ലാക്ക്ഔട്ട്' നേരിടേണ്ടി വന്നേക്കാമെന്നും ബേണ്‍സ്റ്റൈന്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് അത്യാധുനിക എ.ഐ മോഡലുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍, ഇന്ത്യന്‍ ഐ.ടി മേഖലയുടെയും കമ്പനികളുടെയും പ്രവര്‍ത്തനം ഒറ്റരാത്രികൊണ്ട് സ്തംഭിച്ചേക്കാം. ഡാറ്റാ ചോര്‍ച്ചയും അമിത വിലയും ഇതിന്റെ മറ്റ് വെല്ലുവിളികളാണെന്നും ബേണ്‍സ്റ്റൈന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള എ.ഐ വിപണി ചുരുക്കം ചില വന്‍കിട കമ്പനികളിലേക്ക് ചുരുങ്ങുന്നതിന് മുന്‍പ് ഇന്ത്യ സ്വന്തം ഫൗണ്ടേഷണല്‍ മോഡലുകള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനം പറഞ്ഞുവെക്കുന്നത്.

◾  മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' സിനിമയുടെ റിലീസ് തീയതി പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24 ന് ചിത്രം തിയറ്ററുകളിലെത്തും. 'കുടുംബമെന്ന് അയാള്‍ വിളിക്കുന്ന ആളുകളില്‍ അയാളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു', എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചത്. മീര ജാസ്മിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാരി ഞൊറിഞ്ഞുടുക്കാന്‍ സഹായിക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ടിഎസ് ലവ്‌ലാജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉള്‍പ്പെടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം- ജേക്‌സ് ബിജോയ്.

◾  സോഷ്യല്‍ മീഡിയ ലോകത്തെ വൈറല്‍ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റല്‍' എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമ നല്‍കുന്ന സൂചന. 'മാഗ്നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ..' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. രചന, സംവിധാനം: ചാരു വാക്കന്‍.

◾  സ്‌കോഡയുടെ പുതിയ കൊഡിയാക് ആര്‍എസിന് ഇന്ത്യന്‍ വിപണിയില്‍ വന്‍ വിജയം. ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുമ്പുതന്നെ, ഉപഭോക്താക്കള്‍ വെറും ആറ് മിനിറ്റിനുള്ളില്‍ എല്ലാ യൂണിറ്റുകളും വാങ്ങി. കമ്പനി 3 ലക്ഷം എന്ന വലിയ ടോക്കണ്‍ തുകയ്ക്ക് പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചിരുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 265 പിഎസ് പവറും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 9 എയര്‍ബാഗുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. കെസി അഡ്വാന്‍സ്ഡ് കീലെസ് എന്‍ട്രിയും വെര്‍ച്വല്‍ പെഡലുകളുള്ള ഒരു ഇലക്ട്രിക് ടെയില്‍ഗേറ്റും ഇതിലുണ്ട്. 13 സ്പീക്കറുകളും ഒരു സബ് വൂഫറും ഉള്ള 725 വാട്ട് കാന്റണ്‍ സൗണ്ട് സിസ്റ്റം ലഭ്യമാണ്. അഡാസ് സുരക്ഷയും ലഭ്യമാകും പ്രോഗ്രസീവ് സ്റ്റീയറിംഗ് ഉള്ള ഡൈനാമിക് ഷാസിസ് കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവ് മോഡ് സെലക്ടര്‍ എന്നിവ ഡ്രൈവര്‍ സഹായ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.

◾  ഇടിമിന്നലേറ്റ് കരിഞ്ഞുപോയ അമ്മിണിക്കുട്ടി എന്ന ആട്, ഇടിമിന്നലേറ്റ ബാലനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ പാരാസൈക്കിയെന്ന പ്രൊഫസര്‍, ഇലക്ട്രിക് പോസ്റ്റില്‍ കയറി ഷോക്കേറ്റു വീണ രാമന്‍ ഇവരെല്ലാം വായനയ്ക്കുശേഷവും ഒരു സജീവചര്‍ച്ചയായി മാറുന്നു. ആകര്‍ഷകമായ ആഖ്യാന ശൈലിയിലൂടെ ലളിതമായി പറയുന്ന ഈ കഥകള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കും. വിജ്ഞാനം മാത്രമല്ല, നന്മയുടെ സദുപദേശങ്ങള്‍ പകര്‍ന്നുതരുന്നതുമാണ് ഇതിലെ പല കഥകളും. 'ശരി ഏറ്റവും ശരി'. കെ.കെ വാസു. ഗ്രീന്‍ ബുക്സ്. വില 135 രൂപ.

◾  ദിവസവും രാവിലെ ഉറക്കം എഴുന്നേറ്റാല്‍ ഉടന്‍ മിക്ക ആളുകളും കുടിക്കുന്നത് ചൂടുള്ള കാപ്പിയും ചായയുമൊക്കെ ആയിരിക്കും. എന്നാല്‍ ഇത് മാത്രമല്ല വെറും വയറ്റില്‍ ചൂട് വെള്ളം കുടിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. ചൂടുവെള്ളം ദഹനപ്രക്രിയയെ നിര്‍ബന്ധപൂര്‍വ്വം വേഗത്തിലാക്കുകയല്ല ചെയ്യുന്നത്, പകരം അത് ദഹനത്തിന് അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കുന്നു. ഇത് പ്രധാനമായും പല രീതികളിലാണ് സംഭവിക്കുന്നത്. ആദ്യമായി ഇത് തെര്‍മല്‍ റിലാക്സേഷന്‍ നല്‍കാന്‍ സഹായിക്കുന്നു. അതായത് ഇത് ദഹനനാളിയിലെ പേശികളെ കണ്ടെത്തി ശാന്തമാക്കും. ഇതിലൂടെ ആഹാരപദാര്‍ത്ഥങ്ങള്‍ക്ക് തടസ്സമില്ലാതെ മുന്നോട്ട് നീങ്ങാന്‍ സാധിക്കും. രണ്ടാമതായി, വെള്ളം വയറിനെ ഉത്തേജിപ്പിക്കുകയും അതുവഴി കുടലിന്റെ ചലനങ്ങളെ സുഗമമാക്കുകയും ചെയ്യുന്നു. അതിനൊപ്പം തന്നെ ചൂടുവെള്ളം ദഹനപ്രക്രിയയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. പെട്ടെന്ന് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാകുന്നവര്‍ക്ക് ഐസ് വെള്ളം കുടിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വയറുവേദനയോ ഗ്യാസ് നിറയുന്ന അവസ്ഥയോ ഉണ്ടാക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കാന്‍ ചൂടുവെള്ളത്തിന് സാധിക്കും. ദിവസത്തിന്റെ ബാക്കി സമയങ്ങളില്‍ കുടിക്കുന്നതും നല്ലതാണെങ്കിലും, രാവിലെ കുടിക്കുന്ന അത്രയും ഫലം ലഭിക്കില്ല.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ കണ്ടാമൃഗത്തെ കൂട്ടിലിട്ടുവളര്‍ത്താന്‍ തീരുമാനിച്ചു.  ദിവസവും നാല്‍പത് കിലോ പുല്ലും ധാന്യങ്ങളും നല്‍കി.  കണ്ടാമൃഗത്തിനും ഇത് സന്തോഷമായി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ഭക്ഷണത്തിന്റെ അളവ് ഇരുപത് കിലോയാക്കി കുറച്ചു.   ഒരു പരാതിയും ഇല്ലാതെ അത് ഭക്ഷണം കഴിച്ചു.  കുറച്ചുനാളുകള്‍ക്ക് ശേഷം വീണ്ടും തീറ്റയുടെ അളവ് കുറച്ചു.  അതിന് ദേഷ്യം സഹിക്കാതെയായി.  അത് തന്റെ പ്രതിഷേധം പ്രകടിപ്പിക്കാനൊക്കെ തുടങ്ങി. പക്ഷേ, അടുത്ത തവണ വീണ്ടും അളവ് കുറച്ചു. വെറും 2 കിലോയാക്കി.  ദേഷ്യം വന്ന കണ്ടാമൃഗം ആ ഇരുമ്പ് കൂട് തകര്‍ക്കാന്‍ ശ്രമിച്ചു.  ശരീരം മുറിഞ്ഞു.  അടുത്ത ദിവസം അത് ചത്തു.  കണ്ടാമൃഗം വിശന്നുമരിച്ചതല്ല.  പ്രതീക്ഷിച്ചതും ലഭിച്ചതും തമ്മിലുളള അന്തരം കണ്ട് സ്വയം തകര്‍ന്നതാണ്.   വയറിന്റെ വിശപ്പിനേക്കാള്‍ വലുതാണ് പ്രതീക്ഷകളുടെ വിശപ്പ്. ആഗ്രഹിച്ചതെല്ലാം അപ്പോള്‍ തന്നെ ചെറുപ്പം മുതലേ ലഭിച്ചവര്‍ക്ക് കാലതാമസമോ, അളവ് കുറവോ മാനസിക സമ്മര്‍ദ്ദമുണ്ടാക്കും.  അവരെ തൃപ്തിപ്പെടുത്താനും എളുപ്പമല്ല.   വേണ്ടതു കിട്ടുന്നുണ്ടോ എന്നതിനേക്കാള്‍ ആളുകള്‍ ആകുലപ്പെടുന്നത് ആഗ്രഹിക്കുന്ന അളവിലും ഗുണത്തിലും ലഭിക്കുന്നുണ്ടോ എന്നതിലാണ്.  എല്ലാവര്‍ക്കും പ്രതീക്ഷകളുണ്ട്.  അതാണ് ഒരാളെ മുന്നോട്ട് നയിക്കുന്നത്.  പക്ഷേ, പ്രതീക്ഷകളുടെ ഭാരത്തിലാണ് പലരും തളര്‍ന്നുവീഴുന്നതും.  എല്ലാം എപ്പോഴും ഒരുപോലെ ലഭിക്കില്ലെന്ന ബോധ്യം നല്ലതാണ്.. സാഹചര്യങ്ങളോട് എത്രയും വേഗം പൊരുത്തപ്പെടുക എന്നതാണ് അതിജീവനത്തിനുളള പോംവഴി - ശുഭദിനം.
Previous Post Next Post
3/TECH/col-right