Trending

സായാഹ്ന വാര്‍ത്തകള്‍

2026 | ജൂണ്‍ 25 , വ്യാഴം 
1201 | മിഥുനം 11, ചോതി

◾  വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ മരണ സംഖ്യ പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി അനുഭവപ്പെട്ട അതിശക്തമായ രണ്ട് ഭൂചലനങ്ങളില്‍ തലസ്ഥാനമായ കാരക്കസില്‍ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂര്‍ണമായി തകര്‍ന്നു വീണു. ആദ്യ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായത്. ഒരു മിനിറ്റിന്റെ ഇടവേളയിലായിരുന്നു രണ്ടു ഭൂകമ്പങ്ങളും. ഇതിനു പിന്നാലെ 20ല്‍ അധികം പ്രകമ്പനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു.

◾  പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. യുദ്ധത്തിനു മുന്‍പുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

◾  വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ പരിഗണിക്കവേയാണ് വിമര്‍ശനം. കെഎസ്ഇബിയോട് കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.



◾  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് മുഖ്യമന്ത്രി വി ഡി സതീശന്‍ ധനബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ധനബില്ല് ജൂലൈ ഒന്നിന് നിയമസഭ പാസാക്കും. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നതിനിടയിലാണ് വി ഡി സതീശന്റെ ഈ നീക്കം.

◾  വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി സ്ളാബില്‍ അതൃപ്തി വീണ്ടും പരസ്യമാക്കി വി എം സുധീരന്‍. ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി.

◾  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുന്‍മന്ത്രി എം ബി രാജേഷ്. നികുതി ഇളവ് നല്‍കി കയ്യോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി നുണ പറയുന്നു. ശരവേഗത്തിലാണ് നികുതി ഇളവ് നടപ്പാക്കാനുള്ള ഫയല്‍ നീക്കം നടന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

◾  എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും ലാത്തിയും തോക്കും ഉള്ള അവര്‍ക്ക് എന്തിനാണ് ബ്ലേഡ് എന്നും അദ്ദേഹം ചോദിച്ചു.

◾  ആരോഗ്യവകുപ്പില്‍ 57,000-ത്തില്‍പ്പരം ജീവനക്കാരുണ്ടെന്നും അവരില്‍ ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി പറയുകയല്ല ആരോഗ്യമന്ത്രിയുടെ ജോലിയെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾  കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ജോസഫ് വാഴക്കന്‍ രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താന്‍ ജോസഫ് വാഴയ്ക്കന്‍ ഡല്‍ഹിയിലെത്തി.

◾  എക്സാ ലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസില്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി വീണ്ടും ഇ ഡി ഓഫീസില്‍ ഹാജരായി. ഈ മാസം 29ന് ഹാജരാകാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇഡി വിളിച്ച് വരുത്തിയതെന്നാണ് വിവരം.

◾  മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പിണറായി വിജയന്റെ മകള്‍ വീണയുടെ കേസ് രണ്ട് കമ്പനികള്‍ തമ്മിലുള്ള പ്രശ്നമാണെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

◾  ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാ സ്‌കൂളിലും ലഹരി വിരുദ്ധ പ്രവര്‍ത്തനം ആരംഭിക്കും. മയക്കുമരുന്നിനെതിരായ വലിയ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

◾  പെരുമ്പാവൂരില്‍ 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണ് എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം നടത്തിയത്. വൈപ്പിന്‍ അറുകാട് സ്വദേശി ആയുഷിന്റെ പക്കല്‍നിന്നും മൊത്തം 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തതായി റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.

◾  കോട്ടയം അയ്മനം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയില്‍ അടിയന്തര അന്വേഷണം നടത്താന്‍ കായിക വകുപ്പ് ഡയറക്ടക്ക് കായിക മന്ത്രി ഒ ജെ ജനീഷ് നിര്‍ദേശം നല്‍കി. ഉദ്ഘാടനം കഴിഞ്ഞ് ആറാം മാസം സ്റ്റേഡിയത്തിന്റെ തറ പൊളിഞ്ഞുവരികയും ചുവരുകളില്‍ വിള്ളല്‍ വീഴുകയും ചെയ്തിരുന്നു.

◾  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. 251 എന്ന നികുതി കുറക്കുന്നത് മദ്യത്തിന്റെ വ്യാപനത്തിന് കാരണമാകമെന്ന് ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

◾  ചിത്രപ്പുഴ, കരിങ്ങാച്ചിറ, ഇരുമ്പനം മേഖലകളില്‍ ബുധനാഴ്ച പുലര്‍ച്ചെ വ്യാപകമായി കറുത്ത പൊടി പടര്‍ന്നു. സമീപത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചി റിഫൈനറിയുടെ പെറ്റ്കോക്ക് പ്ലാന്റില്‍ നിന്നാണ് ഈ കറുത്ത പൊടി വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

◾  ആര്‍ സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലേഴ്സ് മേയറുടെ ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് കൗണ്‍സിലേഴ്സ് പ്രതിഷേധിച്ചു. സിപിഎം- ബിജെപി കൗണ്‍സിലര്‍മാരുടെ കയ്യാങ്കളിയില്‍ എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍ക്ക് പരുക്കേറ്റു.

◾  തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പാ കേസ് ചുമത്തിയത് സര്‍ക്കാര്‍ അംഗീകരിച്ചു. ആഭ്യന്തര സെക്രട്ടറി ഇന്നലെയാണ് അനുമതി നല്‍കിയത്. ഒരു ദിവസത്തേക്കെങ്കിലും സുഗതനെ വിട്ടുനല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.  

◾  പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ തലയില്‍ പായസം വീണതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ആള്‍ക്കൂട്ടത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് മാത്രമാണ് ഉണ്ടായതെന്നും തനിക്ക് പരാതിയില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.

◾  കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ കള്ള് ഷാപ്പിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പരിപ്പ് തൊള്ളായിരം ചിറ ഷാപ്പിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്.

◾  പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്.

◾  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി പരിഷ്‌കരിച്ച ഒന്‍പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

◾  എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ സമര്‍പ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതല്‍ 'എയര്‍ സുവിധ' ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പേപ്പര്‍ ഫോമുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

◾  രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂര്‍ണ്ണമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കര്‍മപദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കുന്നതിനായി തയ്യാറാക്കിയ 'നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഷന്‍ ഡോക്യുമെന്റ് (2026-2029)' നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമര്‍പ്പിക്കും.

◾  സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ കോളേജുകളിലെ അതേ നിരക്കില്‍ ഫീസ് ഈടാക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. അങ്ങനെ ചെയ്താല്‍ അത്തരം സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമെന്നും അത് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

◾  പാക് കരസേനാ മേധാവി അസിം മുനീറിനെ വധിക്കാന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചയ്ക്കായി സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തിയ അസിം മുനീറിനെ വധിക്കാനാണ് മൊസാദ് പദ്ധതിയിട്ടതെന്ന് ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി.

◾  അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവന കൈകാര്യം ചെയ്തതില്‍ വന്‍ വീഴ്ചയെന്നും, മേല്‍നോട്ടം ഉറപ്പാക്കുന്നതില്‍ ട്രസ്റ്റിന് വീഴ്ചയുണ്ടായെന്നും എസ്ഐടി. സംഭാവന തട്ടിപ്പില്‍ പ്രത്യേക സംഘം കൂടുതല്‍ പരിശോധന നടത്തും.

◾  കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകന്‍ കാര്‍ത്തികേയ സിംഗ് ചൗഹാന്‍ നല്‍കിയ മാനനഷ്ട കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഖേദം അറിയിച്ചു. 2018 ല്‍ ജാബുവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പാനമ പേപ്പര്‍ ലീക്ക് സംഭവത്തില്‍ കാര്‍ത്തികേയ സിംഗിന്റെ പേരുണ്ടെന്ന പരാമര്‍ശത്തിനെതിരെയായിരുന്നു ഹര്‍ജി.

◾  ഡിഎംകെ മുന്‍ മന്ത്രി ഇ വി വേലുവിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. തമിഴ്നാട്ടില്‍ ടിവികെ അധികാരത്തില്‍ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്.

◾  ലോകകപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫിഫ ലോകകപ്പിന്റെ നോക്കൗട്ടില്‍. നിര്‍ണായകമായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ തപെലോ മസെക്കോ നേടിയ ഗോളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്.

◾  ലോകകപ്പ് ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മെക്‌സിക്കോ. മൂന്ന് കളികളും ജയിച്ച മെക്‌സിക്കോ നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു.

◾  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ്. മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

◾  ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷ അപ്ഡേറ്റുമായി വാട്സ്ആപ്പ്. അജ്ഞാത നമ്പറുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങള്‍ തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്നതാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താവിന് മുമ്പ് ഒരിക്കലും സന്ദേശം അയച്ചിട്ടില്ലാത്ത ഒരു ഫോണ്‍ നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ എത്തുമ്പോള്‍ വാട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കും. ഏതെങ്കിലും കാരണത്താല്‍ ഒരു സ്‌കാമറുടെ നമ്പര്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ ഇതിനകം സേവ് ചെയ്തിട്ടുണ്ടെങ്കില്‍, മുന്നറിയിപ്പ് ദൃശ്യമാകണമെന്നില്ല. മറ്റൊരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ആണെങ്കിലു മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭ്യമാകും. സ്വകാര്യ വിവരങ്ങളോ പാസ്വേഡുകളോ നല്‍കിക്കൊണ്ട് തട്ടിപ്പുകാര്‍ നിങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചേക്കാം, അല്ലെങ്കില്‍ പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഇതായിരിക്കും വാട്സ്ആപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മുന്നറിയിപ്പ് പോപ്പ് അപ്പ് വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉപയോക്താവിന് തന്നെ തീരുമാനമെടുക്കാം. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള സ്പാം, സ്‌കാമുകള്‍ അല്ലെങ്കില്‍ തട്ടിപ്പ് സന്ദേശങ്ങള്‍ എന്നിവ തടയാന്‍ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ സഹായിച്ചേക്കാം.

◾  പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സജ്ജേ ഖബ്ബെ എന്ന് തുടങ്ങുന്ന ആന്തം ഓഫ് നോബഡിയുടെ വീഡിയോയാണ് പുറത്തിറങ്ങിയത്. കൊച്ചി ലുലു മാള്‍ നടന്ന ഗംഭീര താര പരിപാടിയിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്  പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ചിത്രം ജൂലൈ 9ന് തിയറ്ററിലെത്തും. ചിത്രത്തില്‍ 8 ഗാനങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി, റാപ്പ് സിങ്ങര്‍ ബിജോര്‍ണ്‍, സിമ്രാന്‍ കൗര്‍ എന്നിവര്‍ ചേര്‍ന്നാണ് ആന്തം ഓഫ് നോബഡി ഗാനത്തിന് ശബ്ദം പകര്‍ന്നത്. സിദ് കൗശാലാണ് വരികള്‍ എഴുതിയത്. 'സജ്ജേ ഖബ്ബെ' എന്നത് പഞ്ചാബി വാക്കാണ്. ഇതിന്റെ മലയാളം അര്‍ത്ഥം 'വലതും ഇടതും' എന്നാണ്.

◾  വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ്. വമ്പന്‍ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ ഉള്‍പ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്‌നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് രണ്ടാം ഭാഗത്തിന്റെയും താരനിരയിലുള്ള ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍. രമ്യ കൃഷ്ണന്‍, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പുതുതായി എത്തിയ താരങ്ങള്‍. യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

◾  കാവാസാക്കിയുടെ അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്ക് പുതിയൊരു മോഡലുകൂടി-കെഎല്‍എക്‌സ് 230 എസ്. നിലവിലുണ്ടായിരുന്ന കെഎല്‍എക്‌സ് 230 മോഡല്‍ നിരയിലേക്കാണ് പുതിയ മോഡലും എത്തിയിരിക്കുന്നത്. ഈ നിരയിലേക്ക് പുതിയ കെഎല്‍എക്‌സ് 230 എസ് കൂടി ഉള്‍പ്പെടുത്തിയതോടെ മൊത്തം മോഡലുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു.  2027 മോഡലുകളാണ് കാവാസാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് മോഡലുകളിലും 233സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. കൂടിയ കരുത്ത് 7,800 ആര്‍പിഎമ്മില്‍ 19 ബിഎച്ചിപി. ടോര്‍ക്ക് 6,200 ആര്‍പിഎമ്മില്‍ 19എന്‍എം.  6സ്പീഡ് ഗിയര്‍ബോക്സാണ് ഇതിലുള്ളത്. പുതിയ മോഡലിന്റെ പ്രധാന മാറ്റം സീറ്റിന്റെ ഉയരത്തിലാണ്. സീറ്റിന്റെ ഉയരം കുറച്ചതിനൊപ്പം സസ്‌പെന്‍ഷന്‍ ട്രാവലിലും കുറവ് വരുത്തിയിട്ടുണ്ട്. കെഎല്‍എക്‌സ് 230 യുടെ വില 1.84 ലക്ഷം രൂപയില്‍ നിന്ന് 2.19 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കെഎല്‍എക്‌സ് 230ആര്‍ എസ് വില 1.89 ലക്ഷം. ഡെലിവറി 2026 ആഗസ്റ്റ് പകുതിയോടെ ആരംഭിക്കും.

◾  ''പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കല്‍പ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തിയെല്ലാം അടര്‍ത്തിയിട്ട് നീളന്‍ കൊമ്പൊള്ള റാണീം സേവകരും കൂടി നമ്മട കരയില് കൊണ്ടുവന്ന് തള്ളും. അതാണ് എറച്ചിപ്പൊറ്റയുടെ പിന്നിലൊള്ള കഥ. ഇതില്‍ എന്തുംമാത്രം സത്യവൊണ്ടെന്നൊന്നും നമുക്കറിയാമ്മേല. ഈ തീരത്തടിയണ എറച്ചിപ്പൊറ്റ തപ്പിപ്പോയാ ഒരു ചുക്കും കിട്ടുകേലെന്നു മാത്രമറിയാം. അതൊള്ളതാ.'' വാവക്കാട് എന്ന കടലോരഗ്രാമത്തിലെ മനുഷ്യരുടെ അതിസങ്കീര്‍ണമായ ചില ജീവിതസത്യങ്ങള്‍. 'ഉദാപ്ലുതസത്വങ്ങള്‍'. രണ്ടാം ഭാഗം. അരുണ്‍ ബാബു ആന്റോ. ഗ്രീന്‍ ബുക്‌സ്. വില 158 രൂപ.

◾  അക്കാദമി ഓഫ് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രെയിന്‍ ഫ്രണ്ട്‌ലി ആയ മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് വിശദീകരിക്കുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ്, ഒലിവ് ഓയില്‍, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം. കൂടാതെ ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം എന്നിവയാണ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നത്. ഇത് പ്രായമായവരില്‍ വൈജ്ഞാനിക തകര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് പഠനം പറയുന്നു. ആന്റിഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്‌ലമേറ്റിറി ഗുണങ്ങളുമടങ്ങിയ ഭക്ഷണങ്ങളാണ് മൈന്‍ഡ് ഡയറ്റിലുള്ളത്. ഇത് തലച്ചോറിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ഓര്‍മക്കുറവ് തടയുകയും ചെയ്യുന്നു. ബൗദ്ധികാരോഗ്യത്തിനു പുറമെ പോഷകഗുണങ്ങളും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നതിലൂടെ സാധിക്കും. ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ ഡയറ്റ് ശരീരത്തിലെ രക്തസമ്മര്‍ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ സോഡിയം, പൂരിത കൊഴുപ്പുകള്‍, അധിക പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.45, പൗണ്ട് - 124.44, യൂറോ - 107.23, സ്വിസ് ഫ്രാങ്ക് - 116.30, ഓസ്ട്രേലിയന്‍ ഡോളര്‍ - 65.11, ബഹറിന്‍ ദിനാര്‍ - 251.15, കുവൈത്ത് ദിനാര്‍ -305.01, ഒമാനി റിയാല്‍ - 245.65, സൗദി റിയാല്‍ - 25.20, യു.എ.ഇ ദിര്‍ഹം - 25.69, ഖത്തര്‍ റിയാല്‍ - 26.03, കനേഡിയന്‍ ഡോളര്‍ - 66.35.
Previous Post Next Post
3/TECH/col-right