Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | മേയ് 11, തിങ്കള്‍ 
1201 | മേടം 28, ചതയം

◾  കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം. ഇത് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങള്‍ക്ക് നേരെ കോണ്‍ഗ്രസ് പല്ലിളിച്ച് കാട്ടുകയാണെന്നുമാണ് പൊതുവില്‍ സംസാരം. അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡ് ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൂക്ഷ്മ നിരീക്ഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്രയൊക്കെയായിട്ടും മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കളും അനുയായികളും.

◾  കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കെസി വേണുഗോപാല്‍ മുന്നിലെന്ന് സൂചനകള്‍. ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കിയിട്ടുണ്ട്. 

◾  കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. എംഎല്‍എമാരുടെ സംഖ്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് ഇതുവരെയും എഐസിസി പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രചാരണം മാത്രമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു .

◾  നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് യുഡിഎഫ് - ബിജെപി ഡീല്‍ നടന്നെന്ന ഗണേഷ് കുമാറിന്റെ ആരോപണം തള്ളി  ജ്യോതികുമാര്‍ ചാമക്കാല . തോറ്റതോടെ ഗണേഷ് കുമാറിന്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു. 10 വര്‍ഷം കൊണ്ട് 8% വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത് 18000 വോട്ടിന്റെ വര്‍ധന യുഡിഎഫിന് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

◾  വാടാനപ്പള്ളിയില്‍ കെസി വേണുഗോപാലിന് അനുകൂലമായി ഫ്‌ലക്‌സ് വെച്ച് സിസിടിവിയില്‍ കുടുങ്ങിയ സിപിഎം നേതാവ് മുഹമ്മദ് അരവശേരി പുതിയ വിശദീകരണവുമായി രംഗത്തെത്തി. കെസിയോടുള്ള ഇഷ്ടം കൊണ്ട് വെച്ചതെന്നാണ് പുതിയ വിശദീകരണം. തൊട്ടടുത്ത കടയിലെ സിസിടിവി കേടായിക്കിടക്കുകയാണെന്ന് കരുതിയാണ് ഫ്‌ളക്‌സ് വെയ്ക്കാന്‍ മുതിര്‍ന്നതെന്നായിരുന്നു നേരത്തെ മുഹമ്മദ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിശദീകരിച്ചത്.

◾  കെസി വേണുഗോപാല്‍ അനുകൂല ഫ്‌ലക്‌സ് വെച്ച സിപിഎം നേതാവ് മുഹമ്മദിനെ തള്ളി സിപിഎം. ഇത് തെറ്റായ നടപടിയാണെന്നും അംഗീകരിക്കില്ലെന്നും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും നാട്ടിക ഏരിയാ കമ്മിറ്റിയോട് തുടര്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

◾  മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഇനി കേരളത്തില്‍ ഫ്‌ലക്‌സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. പുനലൂര്‍ കെ എസ് ആര്‍ ടി സി ജംഗ്ഷനിലാണ് ബോര്‍ഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് എന്നതില്‍ വ്യക്തതയില്ല. '

◾  കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാവായ തനിക്ക് അധ്യക്ഷസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ പലതവണ മാറ്റിനിര്‍ത്തപ്പെട്ടതായും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചു. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അര്‍ഹമായ പദവി നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

◾  ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ബേപ്പൂരില്‍നിന്ന് അതിവേഗ കപ്പല്‍ സര്‍വീസ് തുടങ്ങുന്നു. മണ്‍സൂണ്‍ കഴിഞ്ഞ് ഓഗസ്റ്റ് 15-നുശേഷം സര്‍വീസ് തുടങ്ങാനാണ് തീരുമാനം. 

◾  തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഇടത് മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന് പകരക്കാരനാകാന്‍ എം.വി. ഗോവിന്ദന് സാധിച്ചില്ലെന്ന് യോഗം വിലയിരുത്തി. 

◾  കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുമെന്നും ബസ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും ആള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.

◾  സിപിഎമ്മിലും തലവേദനയായി ഫ്‌ലക്‌സ്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തില്‍ ഫ്‌ലക്‌സ് ഉയര്‍ന്നു. 'ഇവിടെ വ്യക്തികളല്ല വേണ്ടത്, പാര്‍ട്ടിയാണെന്നും, 'പണാധിപത്യം തുലയട്ടേ' എന്നുമാണ് ഫ്‌ലക്‌സിലെ വാചകങ്ങള്‍. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹന്റെ ചിത്രവും ഫ്‌ലക്‌സിലുണ്ട്.

◾  മുഖ്യമന്ത്രി ചര്‍ച്ചയില്‍ നേതാക്കളോട് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ്. പ്രഖ്യാപനത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്. മിനിറ്റുകള്‍ക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടാണെന്നും അങ്ങനെയൊരു ആഗ്രഹം താന്‍ പ്രകടിപ്പിച്ചതിനെ കുറ്റം പറയാന്‍ പറ്റുമോ എന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.

◾  ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പില്‍ മുപ്പതോളം വീടുകള്‍ കൂടി ഇന്ന് സാങ്കേതികമായി കൈമാറും. നിലവില്‍ 83 വീടുകള്‍ ആണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍, വീടുകളില്‍ ദുരന്തബാധിതര്‍ ഇനിയും താമസം തുടങ്ങിയിട്ടില്ല. ഈ മാസം അവസാനം തന്നെ 178 വീടുകളും പൂര്‍ത്തിയാക്കുമെന്നാണ് ഊരാളുങ്കലിന്റെ പുതിയ പ്രഖ്യാപനം.

◾  വാര്‍ഷിക വരുമാനം പത്തു ലക്ഷം രൂപയില്‍ കൂടുതലുള്ളവരുടെ പാചകവാതക സബ്‌സിഡി ഉടന്‍ പിന്‍വലിച്ചേക്കും. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച സന്ദേശമയച്ചുതുടങ്ങി. ആദായനികുതി വിവരങ്ങള്‍ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 

◾  ദേശീയ പാതാ നിര്‍മാണം എങ്ങുമെത്താതായതോടെ വടകര അഴിയൂര്‍-വെങ്ങളം റീച്ചിലെ ഉപകരാര്‍ എടുത്ത നിര്‍മാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി. നിര്‍മാണ കരാര്‍ എടുത്ത അദാനി എന്റര്‍പ്രൈസസാണ് വാഗാഡിനെ മാറ്റിയത്. കെല്ലര്‍ ഗ്രൂപ്പും, ഗള്‍ഫാര്‍ ഗ്രൂപ്പും ആണ് പുതിയ ഉപകരാര്‍ എടുത്തത്.

◾  ചാലക്കുടി പഴയ പാലം അടച്ചതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍. ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പാലമാണ് ശനിയാഴ്ച അടച്ചത്. ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചത്. അറ്റകുറ്റപ്പണിക്ക് 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

◾  കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകല്‍ച്ചയുടെ കാരണം വെളിപ്പെടുത്തി മുതിര്‍ന്ന നേതാവ് കെ വി തോമസിന്റെ പുസ്തകം. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിന് സീറ്റ് നല്‍കാന്‍ സോണിയ ഗാന്ധി താല്‍പര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസ് തന്റെ 'കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്.

◾  കെവി തോമസിന്റെ പുസ്തകത്തില്‍ കരുണാകരനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍. തോമസിന്റെ പുസ്തകത്തില്‍ പറയുന്നത് മുഴുവന്‍ തെറ്റാണെന്നും ചാലക്കുടിയില്‍ തന്നെ നിര്‍ത്താന്‍ അച്ഛന് ആഗ്രഹമുണ്ടായിരുന്നുവെന്നും പത്മജാ വേണുഗോപാല്‍ പറഞ്ഞു. കെ മുരളീധരനെ കെപിസിസി അധ്യക്ഷന്‍ ആക്കുന്നതില്‍ സോണിയ ഗാന്ധിക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന വാദവും തെറ്റാണെന്നും പത്മജാ വേണുഗോപാല്‍ പറഞ്ഞു.

◾  പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസര്‍കോട് കുമ്പള കിദൂര്‍ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.

◾  പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം. സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശി സുധാകര്‍ (46) ആണ് പിടിയില്‍ ആയത്.  പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

◾  വിജയ് നയിക്കുന്ന ടിവികെ മന്ത്രിസഭയില്‍ ചേരാന്‍ വിസികെയ്ക്ക് ക്ഷണം ലഭിച്ചതായി പാര്‍ട്ടി നേതാവ് തോല്‍ തിരുമാവളവന്‍ സ്ഥിരീകരിച്ചു. മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കാനുള്ള മുന്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും പാര്‍ട്ടി ഉന്നതാധികാര സമിതി ഉടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.  

◾  തമിഴ്‌നാട് നിയമസഭാംഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉള്‍പ്പെടെ ടിവികെയില്‍ നിന്നുള്ള 99 പേര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു.

◾  തമിഴ്‌നാട്ടില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണാന്‍ മുഖ്യമന്ത്രി വിജയ്. സഭ കഴിഞ്ഞാല്‍ സ്റ്റാലിനെ കാണാനായി വിജയ് വീട്ടിലേക്ക് എത്തുമെന്നാണ് വിവരം. സ്റ്റാലിന്റെ വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ് തിരക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സമ്മതം അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിജയുടെ സന്ദര്‍ശനം.

◾  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചന്ദ്രനാഥ് റഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉത്തര്‍ പ്രദേശില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സിഐഡി, എസ്ടിഎഫ് സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമില്‍ വച്ച് മെയ് ആറിനാണ് വെടിവച്ച് കൊലപ്പെടുത്തിയത്.

◾  മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് അന്വേഷണം കേരളത്തിലേക്ക്. കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് എത്തുന്നത്.

◾  പശ്ചിമ ബംഗാളിലെ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കലാപം. സുവേന്ദു അധികാരിയെ പുകഴ്ത്തി പാര്‍ട്ടി വക്താവ് രംഗത്തെത്തിയതോടെ വക്താവിനെ പുറത്താക്കി. ഐപാക്കിനെ പോലുള്ള പുറത്തുനിന്നുള്ള ഏജന്‍സിയെ എല്ലാം ഏല്പിച്ചതിന്റെ ഉത്തരവാദിത്വം അഭിഷേക് ബാനര്‍ജിക്കാണെന്നും തന്നെ പുറത്താക്കിയത് താന്‍ നെപ്പോ കിഡ് അല്ലാത്തത് കൊണ്ടെന്നും യുവ നേതാവ് റിജു ദത്ത പ്രതികരിച്ചു. അഴിമതി നിറഞ്ഞ സര്‍ക്കാരിന് കിട്ടിയ അര്‍ഹിക്കുന്ന ജനവിധിയാണിതെന്ന് മുന്‍ മന്ത്രി മനോജ് തിവാരിയും കുറ്റപ്പെടുത്തി.

◾  രാജ്യത്തെ ഹൈവേകളിലെ യാത്രാ രീതി തന്നെ മാറ്റിക്കുറിക്കുന്ന പുതിയ ടോള്‍ പിരിവ് സംവിധാനം വരുന്നു. ടോള്‍ നല്‍കാനായി വാഹനങ്ങള്‍ പ്ലാസകളില്‍ കാത്തുനില്‍ക്കേണ്ടതില്ലാത്ത മള്‍ട്ടി ലൈന്‍ ഫ്രീ ഫ്‌ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു

◾  പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ ബോധവത്ക്കരണത്തിന് കൂടുതല്‍ നടപടികള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും നിര്‍ദ്ദേശങ്ങള്‍ ഏറ്റെടുക്കും. ഭാഗിക ലോക്ക്ഡൗണ്‍ ഒന്നും തത്ക്കാലം പരിഗണനയില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

◾  സ്വര്‍ണ്ണത്തിന്റെ ഉപയോഗം കുറക്കണമെന്നും വിദേശയാത്രകള്‍ ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന അദ്ദേഹത്തിന്റെ ഭരണപരാജയത്തിന്റെ തെളിവുകളാണെന്നും 12 വര്‍ഷത്തെ ഭരണം കൊണ്ട് എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം എന്നൊക്കെ ജനങ്ങളോട് പറയേണ്ട ഗതികേടിലേക്ക് അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. ഓരോ തവണയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അത് ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾  അറുപതുകാരനായ പിതാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിനെ ചൊല്ലി അവിവാഹിതനായ മകനുമായി തര്‍ക്കം. മകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മുന്‍ സൈനികന്‍ വിഷം കഴിച്ച് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ലുധിയാനയിലെ ന്യൂ അഗര്‍ നഗറില്‍ ഞായറാഴ്ച രാത്രി വൈകിയാണ് കൊലപാതകവും ആത്മഹത്യയും നടന്നത്.

◾  തമിഴ്‌നാട്ടില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ടിവികെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് മന്ത്രി കീര്‍ത്തന സമ്പത്ത്. തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പിന്തുണ ടിവികെയ്ക്കാണ് ലഭിച്ചത്. ശിവകാശിയിലെ പടക്കശാലകളില്‍ 70 ശതമാനം വരെ അപകടങ്ങള്‍ കുറയ്ക്കുയാണ് ലക്ഷ്യം എന്നും കീര്‍ത്തന പറഞ്ഞു.

◾  കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി നടക്കുന്ന തര്‍ക്കങ്ങളില്‍ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരു നേതാവിനെ കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സര്‍ക്കാരിന്റെ കാര്യത്തില്‍ രണ്ടര വര്‍ഷത്തെ അധികാര പങ്കിടലോ, അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാര്‍ എന്ന ഫോര്‍മുലയോ കോണ്‍ഗ്രസ് പരീക്ഷിക്കട്ടെ എന്ന് അദ്ദേഹം പരിഹസിച്ചു.

◾  ഉത്തര്‍കാശി, തെഹ്രി ഗര്‍വാള്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചാര്‍ ധാം യാത്രയ്ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം യാത്ര ചെയ്യുന്നതാണ് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമെന്ന് നിര്‍ദേശം .

◾  ലാന്‍ഡിംഗിനിടെ ടയറിന് തീ പിടിച്ചു. പിന്നാലെ യാത്രക്കാര്‍ എമര്‍ജന്‍സി വാതിലുകളിലൂടെ പുറത്തേക്ക്. തിങ്കളാഴ്ച നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായും ആര്‍ക്കും പരിക്കേറ്റില്ലെന്നും വിമാനത്താവള അധികൃതര്‍ വിശദമാക്കി.

◾  ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയിലേക്ക്. ഈ മാസം 14, 15 തീയതികളിലാണ് ട്രംപിന്റെ ചൈനാ സന്ദര്‍ശനം. വ്യാപാര തീരുവകള്‍, തായ്വാന്‍ വിഷയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയവയെ ചൊല്ലി ചൈന- അമേരിക്ക ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. 

◾  ദീര്‍ഘകാല സംഘര്‍ഷത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകള്‍ ഇറാന്‍ നല്‍കിയതോടെ പശ്ചിമേഷ്യയിലെ സാഹചര്യം അതീവ സങ്കീര്‍ണമായി തുടരുന്നു. ശത്രുവിന് മുന്നില്‍ ഒരിക്കലും തലകുനിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ശക്തിപൂര്‍വ്വം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. പാകിസ്ഥാനെതിരെ ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍, ശത്രുക്കള്‍ക്ക് അതിന്റെ പ്രത്യാഘാതം വളരെ വലുതും അപകടകരവും ദൂരവ്യാപകവും വേദനാജനകവും ആയിരിക്കുമെന്നാണ് മുനീറിന്റെ മുന്നറിയിപ്പ്.

◾  സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 3,016 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 14.85 ശതമാനമാണ് വര്‍ധനവ്. സാമ്പത്തിക വര്‍ഷത്തെ ലാഭം 14.19 ശതമാനം വര്‍ധനവോടെ 10,527 കോടി രൂപയായി. ബാങ്കിന്റെ ആസ്തി വരുമാനവും ഓഹരി വരുമാനവും യഥാക്രമം 1.01 ശതമാനത്തിന്റെയും 16.36 ശതമാനത്തിന്റെയും വളര്‍ച്ച നേടി. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.98 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 13.56 ശതമാനം വളര്‍ച്ചയോടെ 9.27 ലക്ഷം കോടി രൂപയായി. ആഗോള വായ്പ 7.71 ലക്ഷം കോടി രൂപയിലെത്തി. കാസ നിക്ഷേപം 7.30 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കാസ അനുപാതം 37.64 ശതമാനമെന്ന ശക്തമായ നിലയില്‍ തുടരുന്നു. ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങളിലൂടെ 51 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന് നേടാനായത്.

◾  ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്കും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി 'ബിസിനസ് എ.ഐ' എന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും മറുപടി നല്‍കാനും അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ഈ സാങ്കേതികവിദ്യ ബിസിനസുകാരെ സഹായിക്കും. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളിലും സംഭാഷണങ്ങള്‍ നടത്താന്‍ ഈ ബിസിനസ് എ.ഐക്ക് കഴിവുണ്ട്. ഇതിനുപുറമെ ചാറ്റുകള്‍ക്കുള്ളില്‍ തന്നെ യു.പി.ഐ വഴി പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഉടന്‍ ലഭ്യമാകും. എ.ഐ സംവിധാനമാണ് മറുപടി നല്‍കുന്നതെങ്കിലും അതിന്റെ പൂര്‍ണ്ണ നിയന്ത്രണം ബിസിനസ് ഉടമകള്‍ക്കായിരിക്കും. ആവശ്യമുള്ള ഘട്ടങ്ങളില്‍ എ.ഐയില്‍ നിന്ന് സംഭാഷണങ്ങള്‍ നേരിട്ട് ഏറ്റെടുക്കാനും ഉടമകള്‍ക്ക് സാധിക്കും.

◾  യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍, ഡി ഗ്രൂപ്പ് ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ 'കോസ്മിക് സാംസണ്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഫാന്റസി വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായാവും 'കോസ്മിക് സാംസണ്‍' എത്തുക എന്നാണ് സൂചന. അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തന്നെ തീയേറ്ററുകളിലെത്തും. മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് മറ്റു താരങ്ങള്‍. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ് ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

◾  മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ''ഹാപ്പിലൂപ്പ്'' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ റിലീസ് ആയി. 'ഗൗതമന്റെ രഥം'', ''വാഴ 1'' എന്നീ ചിത്രങ്ങള്‍ക്കുശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മുകേഷ്, ജെ പി തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്. ഛായാഗ്രഹണം - ഗൗതം ശങ്കര്‍, എഡിറ്റര്‍ - കണ്ണന്‍ മോഹന്‍, സംഗീതം - ഇലക്ട്രോണിക് കിളി& പാര്‍വതീഷ് പ്രദീപ്.

◾  മാരുതി സുസുക്കി ഇന്ത്യ ഈക്കോ വാനിനായി ഒരു പുതിയ 'സ്റ്റാര്‍ എഡിഷന്‍' ആക്സസറി പാക്കേജ് പുറത്തിറക്കി. 19,999 രൂപ ആണ് അതിന്റെ വില. ഡീലര്‍ ഘടിപ്പിച്ച ഒരു ഓപ്ഷണല്‍ ആക്സസറി കിറ്റായിട്ടാണ് ഈ പാക്കേജ് വരുന്നത്.  വാനിന്റെ അഞ്ച് സീറ്റര്‍ എസി, അഞ്ച് സീറ്റര്‍ എസി സിഎന്‍ജി വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. ആക്സസറി പാക്കേജിന്റെ വില 37,000 രൂപയില്‍ നിന്ന് 19,999 ആയി മാരുതി സുസുക്കി കുറച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും 18 ആക്‌സസറികള്‍ സ്റ്റാര്‍ എഡിഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കോയുടെ എഞ്ചിന്‍ സവിശേഷതകള്‍ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. വേരിയന്റും സീറ്റിംഗ് കോണ്‍ഫിഗറേഷനും അനുസരിച്ച് അടിസ്ഥാന ഈക്കോയുടെ വില 5.18 ലക്ഷത്തില്‍ ആരംഭിച്ച് 6.36 ലക്ഷം വരെ ഉയരും.

◾  ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയും പാര്‍ശ്വവത്കൃതജനതയുടെ ഏറ്റവും ശക്തനായ പോരാളിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രസംഗങ്ങള്‍. ജാതിയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ പരാജയങ്ങളെ വിശകലനം ചെയ്തും രാജ്യത്തിന്റെ മതേതരഘടനയെ സംരക്ഷിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പ്രവചനശേഷിയോടെ ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. ചരിത്രവും നിയമവും സാമൂഹികനീതിയും ആഴത്തില്‍ വിശകലനം ചെയ്യുന്ന അംബേദ്കറുടെ പ്രഭാഷണങ്ങളുടെ സമാഹാരം. 'തിരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍'. പരിഭാഷ - പി.എ റഷീദ്. മാതൃഭൂമി. വില 221 രൂപ.

◾  നമ്മള്‍ ഉറങ്ങുമ്പോഴാണ് ശരീരത്തിലെ പ്രതിരോധ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഉറക്കം കുറയുന്നത് പ്രതിരോധസംവിധാനം തകിടം മറിയാനും ആരോഗ്യാവസ്ഥ മോശമാകാനും കാരണമാകാം. അമിത സ്‌ക്രീന്‍ടൈം, മാനസിക സമ്മര്‍ദം, തിരക്കേറിയ ജീവിതശൈലി എന്നിങ്ങനെ പല ഘടകങ്ങള്‍ ഉറക്കക്കുറവിനെ സ്വാധീനിക്കാം. ചില ഭക്ഷണങ്ങള്‍ ശരീരത്തിലെ മെലറ്റോണിന്‍, സെറോട്ടോണിന്‍, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ നില മെച്ചപ്പെടുത്തി നല്ല ഉറക്കത്തിന് സഹായിക്കും. ബദാമില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ശാന്തമാക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. വാഴപ്പഴത്തിലെ ട്രിപ്റ്റോഫാന്‍ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാലിലെ ട്രിപ്റ്റോഫാനും കാല്‍സ്യവും ശരീരത്തെ റിലാക്സ് ചെയ്യാന്‍ സഹായിക്കും. കിവി, ഓട്സ്, വാല്‍നട്ട്, ചെറിപ്പഴങ്ങള്‍, കമോമൈല്‍ ടീ, മത്തങ്ങാവിത്ത്, തൈര് എന്നിവയെല്ലാം നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ കാപ്പി, ചായ, എനര്‍ജി ഡ്രിങ്ക്സ് പോലുള്ള കഫീന്‍ അടങ്ങിയവ, അധികമായ മസാലയും എണ്ണയും ഉള്ള ഭക്ഷണം ഇവ ഒഴിവാക്കണം. രാത്രി വൈകി അമിതമായി ഭക്ഷണം കഴിക്കല്‍, പഞ്ചസാര കൂടുതലുള്ള ഡെസേര്‍ട്ടുകള്‍ എന്നിവയും ഒഴിവാക്കാം. ദിവസവും സ്ഥിരമായ ഉറക്കസമയം പാലിക്കുന്നതോടൊപ്പം ഈ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഉറക്കക്കുറവ് കുറയ്ക്കാനും കൂടുതല്‍ ഉന്മേഷത്തോടെ ദിവസം ആരംഭിക്കാനും സാധിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.17, പൗണ്ട് - 129.44, യൂറോ - 112.04, സ്വിസ് ഫ്രാങ്ക് - 122.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.91, ബഹറിന്‍ ദിനാര്‍ - 252.94, കുവൈത്ത് ദിനാര്‍ -309.13, ഒമാനി റിയാല്‍ - 247.53, സൗദി റിയാല്‍ - 25.26, യു.എ.ഇ ദിര്‍ഹം - 25.91, ഖത്തര്‍ റിയാല്‍ - 26.11, കനേഡിയന്‍ ഡോളര്‍ - 69.62.
Previous Post Next Post
3/TECH/col-right