2026 മേയ് 6, ബുധന്‍
1201 മേടം 23, മൂലം
1447 ദുൽഖഅ്ദ 18
◾ കേരളത്തില്‍ ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ചയ്ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും നാളെ കേരളത്തിലെത്തും. നാളെ നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗമാണു തീരുമാനിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവരാണു മുഖ്യമന്ത്രിയാകാന്‍ രംഗത്തുള്ളത്. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടിവരും.
◾ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയിന്റെ ടിവികെയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഘടകം ഇന്നു ചെന്നൈയില്‍ ചേര്‍ന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ടു നല്‍കും. ബിജെപിയുടേയും എന്‍ഡിഎ സഖ്യകക്ഷികളുടേയും പിന്തുണ തേടരുതെന്ന ഉപാധിയോടെയാണ് കോണ്‍ഗ്രസ് പിന്തുണ നല്‍കുക. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 എംഎല്‍എമാരുടെ പിന്തുണ വേണം. കക്ഷി നില: ടിവികെ 108, ഡിഎംകെ 59, എഐഎഡിഎംകെ 47 കോണ്‍ഗ്രസ് 5 പിഎംകെ 4, മുസ്ലിം ലീഗ്, സിപിഐ, സിപിഎം, വിസികെ- 2 വീതം. ബിജെപി 1, ഡിഎംഡികെ 1, അമ്മ മക്കള്‍ മുന്നേറ്റ കഴകം 1.
◾ തോല്‍വി സമ്മതിക്കില്ലെന്നും രാജിവയ്ക്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ധാര്‍മിക വിജയം തൃണമൂല്‍ കോണ്‍ഗ്രസിനാണെന്നു മമത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാപകമായ കൃത്രിമം കാണിച്ചുവെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ഇവിഎമ്മില്‍ 90 ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നത് ഈ അട്ടിമറിയുടെ അടയാളമാണെന്നും മമത പറഞ്ഞു.
◾ നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തിന് പിറകേ, പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രധാന സര്‍ക്കാര്‍ അഭിഭാഷകര്‍ രാജിവച്ചു. അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനും രാജിക്കത്തു കൈമാറി.
◾ ഭരണം മാറിയതോടെ കിഫ്ബി സിഇഒ സ്ഥാനം കെ.എം ഏബ്രഹാം രാജിവച്ചു. മുഖ്യമന്ത്രിക്കാണു രാജിക്കത്ത് കൈമാറിയത്.
◾ രമേശ് ചെന്നിത്തല ഇന്ന് ഡല്‍യിലെത്തും. മഹാരാഷ്ട്രയിലെ ഡിസിസികള്‍ പുനസംഘടിപ്പിക്കുന്നതു സംബന്ധിച്ച് എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ യാത്ര. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിക്കാര്യവും ചര്‍ച്ചയാകും.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ വിതരണ വാട്സ്ആപ് ഗ്രൂപ്പിന്റെ പേരു മാറ്റി. 'സിഎംഒ മീഡിയ' എന്ന ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷന്‍ മീഡിയ' എന്നാക്കി. സാങ്കേതികമായി ഇനി മുഖ്യമന്ത്രിയല്ലാത്തതിനാല്‍ പഴയ പേരില്‍ തുടരാനാവാത്തതിനാലാണ് ഈ മാറ്റം.
◾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍. 'പൊതുമണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക' എന്നതാണ് പോസ്റ്ററുകളിലെ ആവശ്യം. 'മോറാഴ സഖാക്കള്‍' എന്ന പേരിലാണ് ധര്‍മ്മശാലയിലും ആന്തൂരിലും പാര്‍ട്ടി നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
◾ സിപിഎം തിരുത്തിയില്ലെങ്കില്‍ കേരളം ബംഗാള്‍ പോലെയാകുമെന്നും പാര്‍ട്ടി ഇല്ലാതാകുമെന്നും വി. കുഞ്ഞികൃഷ്ണന്‍. രക്തസാക്ഷി കുടുംബങ്ങള്‍ ഉള്‍പ്പെടെ തനിക്കു വോട്ട് ചെയ്തു. വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കള്‍ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാനായത് താന്‍ ഉന്നയിച്ച വിഷയം ശരിയാണെന്ന് ജനത്തിനു ബോധ്യപ്പെട്ടതിനാലാണെന്നും കുഞ്ഞികൃഷ്ണന്‍.
◾ സിപിഎം വന്‍തോതില്‍ വിദ്വേഷം പരത്തിയതിനാലാണ് മൂന്നിടങ്ങളില്‍ ബിജെപി ജയിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. സാമൂഹിക ധ്രുവീകരണം നടത്തി ഭരണത്തുടര്‍ച്ച നേടാനുള്ള എല്‍ഡിഎഫിന്റെ ശ്രമമാണ് കേരളം പരാജയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
◾ വീണ്ടും കൂടുതല്‍ ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പത്നി നിഷ ജോസ്. ജോസ് കെ. മാണി ഉള്‍പ്പെടെ മത്സരിച്ച 12 പേരും തോറ്റതിനു പിറകേയാണ് ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പ്. ഞാന്‍ ജോയുടെ കൂടെ ചേര്‍ന്നു നില്‍ക്കുന്നു. ഭാര്യ എന്ന നിലയില്ല, അദ്ദേഹത്തില്‍ വിശ്വാസമുള്ള ഒരാളായി. നിഷ കുറിച്ചു.
◾ സിപിഎം അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരന്റെ നീതിക്കും വേണ്ടി പോരാടണമെന്നു വി.എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. പഴയ കരുത്തിലേക്കു പാര്‍ട്ടി തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുവെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾ പാലക്കാട് മണ്ഡലത്തില്‍ ജയിക്കാമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. തോല്‍ക്കുമെന്ന് ആദ്യമേ പറയാനുമാകില്ലല്ലോ. എല്‍ഡിഎഫ് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ബിജെപി വരാതിരിക്കാനുള്ള ഒരു ജാഗ്രത പാലക്കാട് മണ്ഡലത്തില്‍ എടുത്തു എന്ന് വേണം കരുതാനെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
◾ അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ട് മുന്നണികളെ ഉണ്ടാകൂ. അത് എന്‍ഡിഎയും യുഡിഎഫുമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ഇടതു പക്ഷം പൂര്‍ണമായി ഇല്ലാതാകും. എന്‍ഡിഎയും ട്വന്റി ട്വന്റിയും ചേര്‍ന്നുള്ള വോട്ടുകളില്‍ കുറവ് ഉണ്ടായിയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
◾ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പി. ജയരാജനും എം. സ്വരാജും പാര്‍ട്ടിയെ നയിക്കണമെന്നാണു ബോര്‍ഡുകളിലെ ആവശ്യം. വിവാദമായതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഇവ നീക്കം ചെയ്തു.
◾ താനും ജി സുധാകരനും ഉള്‍പ്പെടെയുള്ളവര്‍ വിമതരല്ല, കമ്മ്യൂണിസ്റ്റുകളാണെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നും, എന്നാല്‍ സംസ്ഥാനത്തെ യുഡിഎഫിന്റെ വിജയം എല്‍ഡിഎഫിന്റെ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരായ ജനകീയ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
◾ നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്കു കാരണം മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിയോജിപ്പാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍. ജയസാധ്യത പരിഗണിക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചതും മുന്നണിക്കകത്തെ പ്രശ്നങ്ങളുമാണ് വലിയ തകര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
◾ ആശമാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി വിഭാഗങ്ങളോട് പിണറായി സര്‍ക്കാര്‍ കാട്ടിയ ജനാധിപത്യവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പിണറായി സര്‍ക്കാരിന് ലഭിച്ച തോല്‍വിയെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍. തൊഴിലാളി ദ്രോഹ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയതിന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍.
◾ കേന്ദ്ര അധികാരവും പണവും പി.ആര്‍ വര്‍ക്കും മാധ്യമ സ്വാധീനവും വര്‍ഗീയ കാര്‍ഡുകളും സൈബര്‍ ഗുണ്ടായിസവുമെല്ലാം ഉണ്ടായിട്ടും 10 കൊല്ലത്തിനിടയില്‍ കേരളത്തില്‍ എന്‍ഡിഎക്ക് ആറു ലക്ഷത്തോളം വോട്ടു കുറഞ്ഞെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍.
◾ തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ പൊലിസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലിസുകാര്‍ ചേര്‍ന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസില്‍ ആഘോഷിച്ചത്.
◾ ബെംഗളൂരുവില്‍ മലയാളിയില്‍ നിന്ന് മര്‍ദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47 കാരിയാണ് മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തെരുവുനായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയെ പോലീസ് തെരയുന്നു. ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടെ തല ചുമരിലിടിച്ചു കൊലപ്പെടുത്തിയതാണെന്നു പൊലീസ്.
◾ നെടുംകണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചു മൂടിയ കേസിലെ പ്രതിയായ സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്നു കണ്ടെത്താനാണ് പൊലീസ് നീക്കം. ഇടുക്കി നെടുംകണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയും കൊന്ന കേസിലാണ് ഇളയ മകന്‍ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്.
◾ കണ്ണൂര്‍ പൊയിലൂരില്‍ സ്ഫോടനകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
◾ ടിവികെ നിയമസഭ കക്ഷി നേതാവായി വിജയ്യെ തെരഞ്ഞെടുത്തു. നിയുക്ത എംഎല്‍എമാരുടെ യോഗത്തിലാണ് വിജയ്യെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചാല്‍ വിജയ്യെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ടിവികെ നേതാക്കളുടെ പ്രതീക്ഷ.
◾ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ വിജയിച്ച വിജയ്, ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവച്ചേക്കും. ഈ സീറ്റില്‍ നടി തൃഷ കൃഷ്ണ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 10 പേരുടെ പിന്തുണ കൂടി വേണ്ട ടിവികെ, മറ്റു പാര്‍ട്ടികളുടെ പിന്തുണ തേടിയിട്ടുണ്ട്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷന്‍ വിജയ്. രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിന്റെ ക്ഷേമത്തിനു മുന്‍ഗണന നല്‍കുമെന്നും തമിഴ്നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തുമെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വിജയ് പറഞ്ഞു.
◾ വിജയ്യുടെ തമിഴക വെട്രി കഴകത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതു വഞ്ചനയാണെന്നു സഖ്യകക്ഷിയായ ഡിഎംകെ . കോണ്‍ഗ്രസ് 'പിന്നില്‍ നിന്ന് കുത്തുന്ന' നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ ആരോപിച്ചു. ഡിഎംകെയുടെ വോട്ടു നേടിയാണ് കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാനായതെന്നു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
◾ പശ്ചിമ ബംഗാളിലും ആസാമിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ബിജെപി. ബംഗാളിലേക്കുള്ള കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി അമിത് ഷായെയും സഹ നിരീക്ഷകനായി ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയെയും നിയമിച്ചു. ആസാമിലേക്ക് കേന്ദ്രമന്ത്രി ജെപി നദ്ദയെ നിരീക്ഷകനായും ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെ സഹ നിരീക്ഷകനായും നിയോഗിച്ചു.
◾ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം മമത ബാനര്‍ജി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുഖന്ദ മജുംദാര്‍. ജനവിധി ചോദ്യംചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തിയ അതേ തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേരളത്തിലും തെരഞ്ഞെടുപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
◾ ബംഗാളിലെ വിജയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചരിത്രപരവും നിര്‍ണായകവുമായ തെരഞ്ഞെടുപ്പു വിജയമെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചു.
◾ കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മാര്‍ക്കറ്റ് യൂണിയന്റെ ഓഫീസ് കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. തിരക്കേറിയ ഈ പ്രദേശത്ത് ഇത് വന്‍ സംഘര്‍ഷത്തിനിടയാക്കി.
◾ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 നിന്ന് 38 ആക്കി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇതു സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
◾ പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ വില വര്‍ധനമൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കമ്പനികള്‍ക്കു സാമ്പത്തിക സഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
◾ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് അപകടം. ഭൗതിക ശരീരം ഇന്നു ചെന്നൈയിലേക്ക് കൊണ്ടുവരും. 1980 ല്‍ ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ സ്ഥാപകനാണ്.
◾ ഹൈദരാബാദ്-ഛണ്ഡീഗഡ് ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്കിന് തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഹൈദരാബാദില്‍ നിന്ന് ചണ്ഡീഗഡിലേക്കു പുറപ്പെട്ട ഇന്‍ഡിഗോയുടെ വിമാനത്തിലാണ് സംഭവം.
◾ പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളുടെ നിര്‍ബന്ധിത ഉപയോഗം നിര്‍ത്തലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പകരം പഴയ പോസ്റ്റ്‌പെയ്ഡ് ബില്ലിംഗ് സംവിധാനത്തിലേക്ക് മാറി. സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച 'ബ്രഹ്‌മോസ്' മിസൈലുകള്‍ വിയറ്റ്നാം ഇന്ത്യയില്‍നിന്നു വാങ്ങിയേക്കും. ആറായിരം കോടി രൂപയുടെ കരാറിനാണു സാധ്യത. വിയറ്റ്നാം പ്രസിഡന്റ് തോ ലാമിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ചു കരാറുണ്ടാകും.
◾ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും തങ്ങളുടെ അനുമതി നിര്‍ബന്ധണെന്ന് ഇറാന്‍. തങ്ങളുടെ നാവികസേനയുടെ അനുമതി നേടാത്ത കപ്പലുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക സിവിലിയന്‍ ചരക്ക് ബോട്ടുകളെയാണ് ആക്രമിച്ചതെന്നും ആക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ വ്യക്തമാക്കി.
◾ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള നെതര്‍ലന്‍ഡിന്റെ ക്രൂയിസ് കപ്പലില്‍ മറ്റൊരാള്‍ക്കു കൂടി ഹാന്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു. കപ്പലിലെ മൂന്നുപേര്‍ രോഗബാധിതരായി മരിക്കുകയും ഒരാളുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുകയും ചെയ്തിരുന്നു.
◾ ചൈനയുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ബീജിംഗില്‍. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ നിലവിലെ ഉപരോധങ്ങളെയും സൈനിക സമ്മര്‍ദ്ദങ്ങളെയും മറികടക്കാമെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്.
◾ ഇന്തോനേഷ്യയുടെ ചില ഭാഗങ്ങളില്‍ അപൂര്‍വവും മനോഹരവുമായ മഴവില്‍ മേഘങ്ങള്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നീലാകാശത്ത് ബഹുവര്‍ണ്ണങ്ങളില്‍ മേഘങ്ങള്‍ നിരന്നതു ദൃശ്യത്തില്‍ കാണാം.
◾ തായ്ലന്‍ഡില്‍ പാരാസെയിലിംഗിനിടെ ആകാശത്തുനിന്നു കടലിലേക്കു വീണ പാരാസെയിലിംഗ് ഗൈഡ് മരിച്ചു. ഫൂക്കറ്റിലെ കാരോണ്‍ ബീച്ചില്‍ വച്ച് ടൂറിസ്റ്റുമായി പാരാസെയിലിംഗ് നടത്തുന്നതിനിടെയാണ് ഗൈഡ് മരിച്ചത്. സംഭവത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
◾ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സടിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സഞ്ജു 52 പന്തില്‍ 87 റണ്‍സുമായി മുന്നേറിയപ്പോള്‍ യുവതാരം കാര്‍ത്തിക് ശര്‍മ 31 പന്തില്‍ 41 റണ്‍സെടുത്ത് വിജയലക്ഷ്യത്തിലെത്തിച്ചു.
◾ 2026ലെ ഇന്‍കം ടാക്സ് ചട്ടങ്ങള്‍ പ്രകാരം പോസ്റ്റ് ഓഫീസിലെ നിക്ഷേപം, പിന്‍വലിക്കല്‍, പുതിയ അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ എല്ലാ പ്രധാന ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ നിക്ഷേപങ്ങള്‍ക്കായി ഇനി മുതല്‍ ഫോം 97 പൂരിപ്പിച്ചു നല്‍കണം. അപേക്ഷകന്റെ പേര്, വിലാസം, ഇടപാടിന്റെ തുക, സ്വഭാവം എന്നിവ ഫോമില്‍ വ്യക്തമാക്കണം. കൂടാതെ തിരിച്ചറിയല്‍ രേഖകളും ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. പലിശ വരുമാനത്തിന് ടി.ഡി.എസ് പിടിക്കുന്നത് ഒഴിവാക്കാന്‍ ഇനി മുതല്‍ ഫോം 121 ആണ് ഉപയോഗിക്കേണ്ടത്. നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധിയിലുള്ളവര്‍ ഓരോ സാമ്പത്തിക വര്‍ഷവും ഈ ഫോം സമര്‍പ്പിക്കണം. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്സ് ചട്ടങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്.
◾ വാട്സാപ്പില്‍ മെസേജ് തിരയാന്‍ ഇനി നീണ്ട സ്‌ക്രോളിങ് വേണ്ട. വാട്സാപ്പില്‍ ചാറ്റുകള്‍ നിറയുമ്പോള്‍ ആവശ്യമുള്ള മെസേജ് കണ്ടു പിടിക്കുന്നതിന് ഏറെ നേരം സ്‌ക്രോള്‍ ചെയ്യേണ്ടിയും വരും. ഇതൊഴിവാക്കി ഫാമിലി ഗ്രൂപ്പ്, സ്‌കൂള്‍ ഗ്രൂപ്പ്, ജോലി സംബന്ധമായ ഗ്രൂപ്പുകള്‍ ഇങ്ങനെ സമാന സ്വഭാവമുള്ള വാട്സാപ്പ് ഗ്രൂപ്പുകള്‍ ഒരുമിച്ച് കാണാന്‍ വാട്സാപ്പില്‍ ഒരുക്കിയിരിക്കുന്ന ഫീച്ചറാണ് കസ്റ്റംസ് വാട്സാപ്പ്. ഇതിനായി വാട്സാപ്പ് ചാറ്റ് ടാബ് തുറക്കുക. ചാറ്റ് ലിസ്റ്റ് കാണുന്നതിന് താഴേക്ക് സ്വയ്പ് ചെയ്യുക. ഫാമിലി, സ്‌കൂള്‍, ജോലി സംബന്ധമായി ചാറ്റ് ലിസ്റ്റുകള്‍ തയാറാക്കുക. ഇനി ഓരോ ലിസ്റ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ ചാറ്റ് ലിസ്റ്റില്‍ ആഡ് ചെയ്യാം. ഇനി മെസേജുകള്‍ക്കായി വാട്സാപ്പില്‍ നീണ്ട സ്‌ക്രോളിങ് നടത്തേണ്ട. പകരം മെസേജിന്റെ സ്വഭാവം അനുസരിച്ച് അനുബന്ധ ചാറ്റ് ലിസ്റ്റില്‍ കയറിയാല്‍ മതി. കസ്റ്റംസ് വാട്സാപ്പ് വാട്സാപ്പിലെ മെസേജുകളുടെ എണ്ണം കുറക്കില്ല. പക്ഷേ മെസേജുകളുടെ നീണ്ട നിര ഒഴിവാക്കാന്‍ സഹായിക്കും.
◾ താരക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ നാരായണന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോള്‍വര്‍ റിങ്കോ' മെയ് എട്ടിന് തീയറ്ററുകളിലെത്തും. സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ മനസ്സില്‍ ആരാധിക്കുന്ന കുട്ടികള്‍ക്കൊപ്പം അവരുടെ സ്വപ്നങ്ങള്‍ സാധ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരനായ പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാന്‍, ധ്യാന്‍ നിരഞ്ജന്‍, ആദിശേഷ്, വിസാദ്, ആവണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കുട്ടിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്‌സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു, ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അന്‍ഷ മോഹന്‍, മറീന മൈക്കിള്‍, അഞ്ജലി നായര്‍, ഷൈനി സാറ, ആതിനാട് ശശി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
◾ ജോജു ജോര്‍ജിന്റെ മാസ്സ് ആക്ഷന്‍ ചിത്രം 'വരവ് ' ജൂണ്‍ 12ന് തിയേറ്ററുകളില്‍ എത്തും. ജോജു ജോര്‍ജ് - ഷാജി കൈലാസ് കോമ്പിനേഷന്‍ ആദ്യമായാണ് മലയാള സിനിമയില്‍. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ.കെ. സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആക്ഷന്‍ റാണി വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്‍, സാനിയ അയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
◾ മെയ് മാസത്തില്‍ വെര്‍ണ, എക്സ്റ്റര്‍, ഓറ എന്നിവയ്ക്ക് 55,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് ഹ്യുണ്ടായി. വെര്‍ണയ്ക്ക് 55,000 രൂപ വരെ കിഴിവുണ്ട്. ശക്തമായ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറിനും പേരുകേട്ടതാണ് ഈ സെഡാന്‍. വില 10.98 ലക്ഷം മുതല്‍ 18.25 ലക്ഷം വരെയാണ്. പഴയ സ്റ്റോക്കായ എക്സ്റ്ററിന് കമ്പനി 40,000 രൂപ വരെയാണ് കിഴിവുകള്‍. പുതിയ യൂണിറ്റുകള്‍ക്ക് 35,000 രൂപ വരെ കിഴിവുകള്‍ ലഭ്യമാണ്. ആഡംബരപൂര്‍ണ്ണമായ ക്യാബിന്‍, ശക്തമായ സവിശേഷതകള്‍, സുഗമവും പരിഷ്‌കൃതവുമായ പെട്രോള്‍ എഞ്ചിന്‍ എന്നിവ ഇതിന്റെ സവിശേഷതയാണ്. വില 5.80 ലക്ഷം മുതല്‍ 9.42 ലക്ഷം വരെ. ഓറയുടെ പെട്രോള്‍ വേരിയന്റിന് 15,000 രൂപ വരെയും സിഎന്‍ജി പതിപ്പിന് 10,000 വരെയും കിഴിവുകള്‍ ലഭ്യമാണ്. പരിഷ്‌കരിച്ച എഞ്ചിനും സുഖകരമായ ഡ്രൈവിംഗും ഈ സെഡാന്‍ വാഗ്ദാനം ചെയ്യുന്നു. ആറ് ലക്ഷം മുതല്‍ 8.54 ലക്ഷം വരെ വില.
◾ ആത്മകഥയെഴുത്തിന്റെ പരമ്പരാഗത, വ്യവസ്ഥാപിത രീതികള്‍ക്കു നേരേ കുലച്ച വില്ലാണ് 'ഇന്ദ്രധനുസ്സ്'. മാനകഭാഷയുടെയും സാഹിത്യഭാഷയുടെയും ഘടനാവിതാനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വാമൊഴിയിലാണ് ഇന്ദ്രന്‍സ് ആത്മകഥ എഴുതിയിരിക്കുന്നത്, തിരുവനന്തപുരം മലയാളത്തില്‍. ഇങ്ങനെ പൂര്‍ണ്ണമായും ഭാഷാഭേദത്തിലുള്ള ഒരു ആത്മകഥ മലയാളത്തില്‍ ഇന്നുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. താന്‍ വീട്ടില്‍ സംസാരിക്കുന്ന മലയാളത്തെ സാഹിത്യഭാഷകൊണ്ട് മെച്ചപ്പെടുത്താനോ അലങ്കരിക്കാനോ ഇന്ദ്രന്‍സ് ശ്രമിക്കുന്നേയില്ല...'ഇന്ദ്രധനുസ്സ്'. ഇന്ദ്രന്‍സ്. മാതൃഭൂമി. വില 490 രൂപ.
◾ കറി ഒഴിച്ചുകൂട്ടും പോലെ അച്ചാറുകള്‍ കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍. അച്ചാര്‍ അമിതമായി കഴിക്കുന്നതു മൂലം വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവയുള്ളവരില്‍ അവസ്ഥകള്‍ വഷളാകാം. പ്രത്യേകിച്ച്, കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍. ഇത് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാറില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മര്‍ദം വര്‍ധിക്കാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗം ആണ്. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍ ആരോഗ്യപ്രദമാണ്. ഇതില്‍ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും. അച്ചാറിലെ പുളിയില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നു. ഇതിനായി ലെമണ്‍ ജ്യൂസ്, നാച്ചുറല്‍ വിനിഗര്‍ എന്നിവ ഉപയോഗിക്കുക. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയില്‍ എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
വഴിവക്കില്‍ നിന്നിരുന്ന ആളോട് യുവാവ് ഓടിവന്നിട്ട് പറഞ്ഞു: സൂക്ഷിക്കണം, ഒരു കുരങ്ങ് കത്തിയുമായി ഇതുവഴി നടപ്പുണ്ട്. അയാള്‍ പറഞ്ഞു: പേടിക്കണ്ട, മനുഷ്യനല്ലല്ലോ.. അല്പം കഴിഞ്ഞ് യുവാവ് നോക്കിയപ്പോള്‍ കുരങ്ങ് കത്തിയും വലിച്ചെറിഞ്ഞ് മറ്റൊരുവഴിക്ക് പോകുന്നത് കണ്ടു. ഉപകരണങ്ങളല്ല, അവയുടെ ഉപയോഗങ്ങളാണ് ഉപകാരവും ഉപദ്രവവും തീരുമാനിക്കുന്നത്. ആര് ഉപയോഗിക്കുന്നു എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിലാണ് ശരിയും തെറ്റും. ഉപയോഗിക്കാന്‍ അറിഞ്ഞാല്‍ പോര, ശരിയായി ഉപയോഗിക്കാന്‍ കൂടി അറിയണം. ഉപയോഗിക്കാന്‍ അറിയാത്തവന്റെ കയ്യിലല്ല, അത് ദുരുപയോഗം ചെയ്യുന്നവന്റെ കയ്യില്‍ ലഭിക്കുമ്പോഴാണ് അത് അപകടകരമാകുന്നത്. നമുക്ക് ചുറ്റുമുള്ളതെല്ലാം ഒരാള്‍ക്ക് വേണ്ടിയോ അയാള്‍ക്ക് വേണ്ടിയുളളതോ അല്ല. എല്ലാം അതതിന്റെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളുമായി മുന്നോട്ട് പോകുന്നവയാണ്. ആരെക്കുറിച്ചും അനാവശ്യമായ പ്രതീക്ഷകളോ ആശങ്കകളോ വെച്ചുപുലര്‍ത്താതെ ജീവിച്ചാല്‍ അധികം വ്യാകുലതകളില്ലാതെ നമുക്ക് ജീവിക്കാം. ഓരോ പ്രവൃത്തിയും അത് ചെയ്യുന്നവരുടെ തിരഞ്ഞെടുപ്പാണ്. നമുക്ക് നമ്മുടെ തിരഞ്ഞെടുപ്പുകളെ നന്മയുമായി കൂട്ടുചേര്‍ക്കാം - ശുഭദിനം.
Tags:
KERALA